ADVERTISEMENT

കേരളത്തിലെ കാലാവസ്ഥയിൽ കുരുമുളക് നന്നായി വളരുമെങ്കിലും 10°C - 40°C ചൂടും, ചെടിയുടെ വിവിധ വളർച്ചാ ഘട്ടത്തിൽ ലഭിക്കണ്ട മഴയുമാണ് കുരുമുളക് ചെടിക്ക് അഭികാമ്യം. അടുത്തകാലത്ത് അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കുരുമുളകുകൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

നാടൻ ഇനങ്ങൾ മുതൽ കർഷകരുടെ കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും, ഗവേഷണ കേന്ദ്രങ്ങളുടെ കണ്ടുപിടിത്തങ്ങളുമടക്കം നിരവധി ഇനങ്ങൾ കേരളത്തിൽ കൃഷിചെയ്ത് വരുന്നുണ്ട്. നല്ല നീർവാഴ്ചയുള്ളതും, ജൈവാംശമുള്ളതുമായ മണ്ണിൽ കുരുമുളക് തഴച്ച് വളരും. സൂര്യാഘാതം തടയുന്നതിനായി തെക്കൻ ചരിവുള്ള പ്രദേശങ്ങൾ ഒഴിവാക്കുന്നത് നല്ലത്.

നടേണ്ട രീതി

നിരപ്പായ സ്ഥലങ്ങളിൽ 10 X 10 അടി അകലത്തിലും, ചെരിവുള്ള സ്ഥലങ്ങളിൽ വരികൾ തമ്മിൽ 12 അടിയും നിരകൾ തമ്മിൽ 8 അടിയും അകലം കിട്ടത്തക്കവിധത്തിൽ കൊടികൾ നടാം. കൊടികൾ എത്ര ഉയരത്തിൽ കയറ്റിവിടാൻ പറ്റുമോ അത്രയും ഉയരത്തിൽ കയറ്റി വിടണം. ചില കുരുമുളക് ഇനങ്ങൾ ഷെയ്‍ഡിൽ മാത്രം / തെളിഞ്ഞ സ്ഥലത്ത് / ഷെയ്‍ഡിലും തെളിഞ്ഞ സ്ഥലത്തും മാത്രം വളരുന്നതും ഉൽപാദനം തരുന്നതുമാണ്. എങ്ങനെയാണെങ്കിലും ഷെയ്‍ഡിൽ മാത്രം ഉൽപാദനമുള്ള ഇനങ്ങളെ മാറ്റിനിർത്തിയാൽ മറ്റുള്ളവയ്ക്ക് നല്ല തെളിഞ്ഞ സ്ഥലത്താണ് ശരിയായ ഉൽപാദനം ലഭിക്കുക. ഏതു ചെടിയാണെങ്കിലും വെയിൽ നേരിട്ട് പതിച്ചെങ്കിൽ മാത്രമേ അതിന്റെ വേരുഘടന ശരിയായി വളർച്ചയിൽ എത്തുകയുള്ളൂ. അതുപോലെ ശരിയായ ഉൽപാദനം നടക്കുകയുള്ളൂ.

black-pepper-3
താങ്ങുകാലിനോട് ചേർത്തു കെട്ടണം

താങ്ങുകാലുകളുടെ വടക്കു വശത്തായി മരത്തിൽനിന്ന് ഏകദേശം 30 സെന്റീമീറ്റർ അകലത്തിൽ 50 cm x 50 cm x 50 cm വലുപ്പമുള്ള കുഴികൾ എടുക്കണം. ഈ കുഴികളിൽ അടിവളമായി കാലിവളം ചേർത്ത് കുഴി മൂടുക. അതിൽ ചെറിയ പിള്ളക്കുഴി എടുത്ത് താങ്ങു കാലിന്റെ വലുപ്പമനുസരിച്ച് 2-3 വേര് പിടിപ്പിച്ച തലകൾ നടണം. നട്ട ശേഷം ചുവട്ടിൽ വെള്ളം കെട്ടി നില്ക്കാത്ത വിധത്തിൽ താങ്ങുകാലിന്റെ ചുവട്ടിൽനിന്നും താഴോട്ട് ചരിവുവരത്തക്കവിധം മണ്ണിട്ട് ഉറപ്പിക്കണം. മുകളിലേക്ക് വളർന്ന് വരുന്ന തലകൾ താങ്ങുകാലിനോട് ചേർത്ത് കെട്ടിവയ്ക്കണം. ചുവട്ടിൽ നന്നായി പുതയിടണം. മാത്രമല്ല ചൂടിൽനിന്ന് സംരക്ഷിക്കാൻ ഇലപൊഴിയാത്ത മരച്ചില്ലകൾ, തെങ്ങോല, കവുങ്ങിന്റെ പട്ട തുടങ്ങിയവ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടണം.

ചെടി വളരുന്നതിനനുസരിച്ച് കെട്ടി കയറ്റി വിടണം. തോട്ടത്തിലെ കളകൾ യഥാസമയം നീക്കം ചെയ്യണം. ചെറിയ ഇളംകൊടികൾ വേനൽക്കാലത്ത് നനയ്ക്കുന്നത് വേനലിനെ അതിജീവിക്കുന്നതിനും വളർച്ചയ്ക്കും നല്ലതാണ്. കായ്‍ഫലമുള്ള ചെടികൾ ഡിസംബർ മുതൽ മാർച്ച് അവസാനം വരെ 10-12 ദിവസം ഇടവേളയിൽ നനയ്ക്കുന്നത് വിളവർദ്ധനയ്ക്ക് നല്ലതാണ് (എന്നും നനയ്ക്കരുത് കൊടി തളിർത്ത് തിരിയിടും. അത് പ്രധാന വിളവിനെ സാരമായി ബാധിക്കും). വേനൽമഴ തുടച്ചയായി ലഭിക്കുന്ന സ്ഥലങ്ങളിൽ ഇങ്ങനെ നനയ്ക്കുന്നതുകൊണ്ട് മെച്ചമുണ്ടാകില്ല. മഴക്കാലത്തിന്റെ തുടക്കത്തിൽ കൊടിത്തോട്ടത്തിലെ തണൽ ക്രമീകരിക്കണം. മരത്തിന്റെ ചപ്പ് കൊടിക്കു പുതയിടാൻ ഉപയോഗിക്കാം.

black-pepper-1
പുതയിടീൽ ആവശ്യം

താങ്ങുകാൽ

തൊലി ഇളകിപ്പോകാത്ത ഏതു മരവും കുരുമുളക് പടർത്താൻ യോജിച്ചതാണ്. മിശ്രവിളത്തോട്ടങ്ങളിൽ തെങ്ങ്, കവുങ്ങ്, ഫലവൃക്ഷങ്ങൾ എന്നിവയിലും കുരുമുളക് പടർത്താം. സിമന്റ് തൂണുകളും കൊടി വളർത്താൻ ഉപയോഗിക്കുന്നുണ്ട്. ചെന്തല ( റണ്ണിംഗ് ഷൂട്ട്) പ്രധാനമായും തൈ ഉൽപാദനത്തിന് ഉപയോഗിക്കുന്നു. കേറുതല (ടോപ്പ് ഷൂട്ട്) ഉപയോഗിച്ചും തൈ ഉൽപാദിപ്പിക്കാറുണ്ട്. 

black-pepper-2
സിമന്റ് തൂണുകളിലും പടർത്താം

ഞാറ്റുവേല

കുരുമുളക് കൃഷിക്ക് ഉത്തമം തിരുവാതിര ഞാറ്റുവേലയാണ്. തിരുവാതിര ഞാറ്റുവേലയിലെ ഇടവിട്ടുള്ള മഴയും വെയിലും കൊടിത്തലകൾ പിടിച്ചുകിട്ടാൻ ഏറ്റവും അനുയോജ്യമാണ് (മാതൃ ചെടിയിൽനിന്ന് തലകൾ ശേഖരിച്ച് നേരെ താങ്ങുകാലിന്റെ ചുവട്ടിൽ നടുന്ന രീതി). കൂടത്തൈകളാണ് നടുന്നതെങ്കിൽ നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ 365 ദിസവും നടാവുന്നതാണ്.

വളപ്രയോഗം

ധാരാളം പോഷകമൂലകങ്ങൾ ആവശ്യമുള്ള വിളയാണ് കുരുമുളക്. മഴക്കാലത്തിന്റെ തുടക്കത്തത്തിൽ (ഏപ്രിൽ - മേയ് ) മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ കൊടിച്ചുവട്ടിൽ കുമ്മായം ചേർത്തുകൊടുക്കണം. കൊടിയുടെ വലുപ്പമനുസരിച്ച് ആവശ്യത്തിന് കാലിവളം/കോഴിവളം, വേപ്പിൻ പിണ്ണാക്ക് എന്നിവ നൽകണം. തുലാവർഷത്തിന്റെ തുടക്കത്തിലും ജൈവവളത്തോടൊപ്പം വേപ്പിൻ പിണ്ണാക്കും നൽകുക. കൊടിച്ചുവട്ടിൽനിന്ന് ഒന്നര അടിയെങ്കിലും അകലത്തിൽ ചെറിയ ചാലുകൾ എടുത്ത് അതിൽ വളം ചേർത്ത് മണ്ണിട്ടു മൂടണം. ചാലുകൾ എടുക്കുമ്പോൾ വേരുകൾക്ക് ക്ഷതമേൽക്കരുത്. ജൈവവളങ്ങൾക്ക് പുറമേ കൊടിയുടെ വലുപ്പമനുസരിച്ച് നാലു തവണകളായി ഒന്നേകാൽ കിലോ രാസവളം (NPK) നൽകണം (25 അടിയിൽ കുറയാതെ വലുപ്പം ഉള്ളതും, 5 കിലോഗ്രാമിൽ കുറയാതെ ഉണക്കമുളക് ലഭിക്കുന്നതുമായ കൊടികൾക്ക് )

black-pepper-4
കുരുമുളക് തിരി

ഉൽപാദനം

കാലവർഷത്തിന്റെ തുടക്കത്തോടെയാണ് (ജൂൺ) കുരുമുളകുചെടികൾ തളിർത്ത് തിരിയിടുന്നത്. മഴയില്ലാത്ത പ്രദേശങ്ങളിൽ എല്ലാ ദിവസവും നന്നായി വെള്ളം ചുവട്ടിൽ നൽകി തിരിയിടാൻ അവസരമുണ്ടാക്കിയാൽ ഉൽപാദനം കൂടുതലുണ്ടാകും (തിരിയിടാനും, മണി പിടിക്കാനും മഴയുടെ ആവശ്യമില്ല. ചുവട്ടിൽ വെള്ളം കിട്ടിയാൽ മതി). ചെടികളിൽ പരാഗണം നടക്കുന്നത് പെൺപൂക്കളുടെ ഇരുവശത്തു മായി കാണുന്ന ആൺപൂക്കൾ പൊട്ടി പൂമ്പൊടി താഴേക്ക് (ഗ്രാവിറ്റി) വീഴുമ്പോഴാണ്. കാറ്റിലൂടെ, ജലത്തിലൂടെ ഏത് തരത്തിൽ വേണമെങ്കിലും പരാഗണം സാധ്യമാകും. തിരികൾ നീളണമെങ്കിൽ എല്ലാ ദിവസവും ചുവട്ടിൽ ജലം ലഭ്യമാക്കണം. മഴയില്ലാത്ത കാലാവസ്ഥയിലാണ് ഏറ്റവും നന്നായി കായ് പിടുത്തം ഉണ്ടാകുന്നത്.

രോഗ/കീട ബാധ

ഊരൻ, നിമാവിരയുടെ ആക്രമണ ലക്ഷണം കാണുന്ന മാത്രയിൽ മണ്ണിൽ നനവില്ലങ്കിൽ ചെടിച്ചുവട് നനയ്ക്കണം. ശേഷം, കാർബോസൾഫാൻ കലക്കി ചുവട്ടിൽ ഒഴിക്കുക. 8-10 ദിവസം കഴിഞ്ഞ് ക്ലോർപെയറിഫോസ് 2 ml/ലിറ്റർ കലക്കി ചെടിച്ചുവട് കുതിർത്ത് ഒഴിച്ചുകൊടുക്കുക. ശേഷം മഴ ഇല്ലാത്ത കാലാവസ്ഥയാണെങ്കിൽ തുടർദിവസങ്ങളിൽ ചെടിച്ചുവട്ടിൽ ജലസേചനം നൽകുക. 10 ദിവസം കഴിയുമ്പോൾ പൊട്ടാഷ് / ചകിരി കത്തിച്ച ചാരം ചെടിയുടെ വലുപ്പം അനുസരിച്ച് കുറച്ച് ചുവട്ടിൽ ഇട്ട് പുതയും അത് ദിവസവും നനച്ചും കൊടുത്താൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ വേരിറങ്ങി ചെടി പച്ചപ്പാകും. (ഒരിക്കൽ മഞ്ഞപ്പ് വന്ന ചെടി പച്ചപ്പ് ആയാലും ഒരിക്കലും നന്നാകില്ല. രണ്ട് വർഷം ഒക്കെ പിടിച്ച് നില്ക്കും. എന്നിട്ട് നശിച്ച് പോകും )

രോഗങ്ങൾ ഇല്ലാത്ത തോട്ടത്തിൽ സ്യൂഡോമോണാസ്, ട്രൈക്കോടർമ ഇതൊക്കെ താൽക്കാലിക ഗുണം ചെയ്യുമെങ്കിലും രോഗം വന്നുപോയാൽ ഒരിക്കലും ഇതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.

മഴക്കാലത്തിന്റെ തുടക്കത്തിലും തുലാമഴയ്ക്ക് മുമ്പും 1% വീര്യത്തിൽ ബോർഡോ മിശ്രിതം ചെടികളിൽ തളിക്കുന്നതും, ചുവട്ടിൽ കോപ്പർ ഓക്സി ക്ലോറൈഡ് (2 ഗ്രാം/ ലിറ്റർ) ഒഴിക്കുന്നതും അല്ലെങ്കിൽ പൊട്ടാസ്യം ഫോസ്ഫോണേറ്റ് 0.3% വീര്യത്തിൽ ചെടികളിൽ തളിക്കുകയും, ചുവട്ടിൽ ഒഴിക്കുകയും ചെയ്താൽ ഒരു പരിധി വരെ ചെടികളെ രോഗങ്ങളിൽനിന്ന് സംരക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT