ADVERTISEMENT

കേരളത്തിൽ മുളകിന്റെ വാണിജ്യക്കൃഷി അത്ര പ്രചാരത്തിലില്ലെങ്കിലും നാടൻ മുളകിനങ്ങളാൽ സമൃദ്ധമാണ് നമ്മുടെ പുരയിടങ്ങൾ. എന്നാൽ ഇവയ്ക്കു  പലപ്പോഴും തീരെ വില ലഭിക്കാറില്ല. ബേഡ്സ് ചില്ലി എന്നറിയപ്പെടുന്ന കാന്താരിമുളക്, കാരിമുളക് എന്നു വിളിക്കുന്ന നീളമുള്ള പച്ചമുളക്, പാൽമുളക്, തൈരുമുളക് എന്നൊക്കെ പറയുന്ന കൊണ്ടാട്ടം മുളക്, നല്ല എരിവും സുഗന്ധവുമുള്ള കരണംപൊട്ടി മുളക്, എരിവ് തീരെയില്ലാത്ത സാമ്പാർ മുളക് അഥവാ തൊണ്ടൻ മുളക് (തിരുവനന്തപുരം ജില്ലയിൽ വ്യാപകം), ബജിമുളക്, ക്യാപ്സിക്കം എന്നിവ നമുക്കുണ്ട്.

പോഷകസമ്പന്നവും ഔഷധഗുണവുമുള്ള പച്ചക്കറികൂടിയാണ് പച്ചമുളക്. കാന്താരിമുളകിന് കൊളസ്ട്രോൾ നില കുറയ്ക്കാനുള്ള  ശേഷിയുണ്ടെന്ന കണ്ടെത്തൽ അതിന്റെ തലവര തന്നെ മാറ്റി.   കാന്താരിമുളക് ഉപയോഗിച്ച്  ഫുഡ് സപ്ലിമെന്റുകൾ തയാറാക്കി വിപണനം ചെയ്യുന്നതിന് ചില പരിമിതികൾ ഉള്ളതിനാൽ FSSAI റജിസ്ട്രേഷന്റെ പിൻബലത്തോടെ വിപണനം ചെയ്യാവുന്ന ഉൽപന്നങ്ങൾ തയാറാക്കുന്നതാണ് ഉചിതം. വിപണിയിൽ എക്കാലത്തും സാധ്യതയുള്ളതാണ് മുളകു കൊണ്ടാട്ടം, ചില്ലി സോസ്. കാന്താരി–തേൻ സിറപ്പ്, കാന്താരി–നെല്ലിക്ക ശീതളപാനീയം, കാന്താരി ഉപ്പിലിട്ടത് എന്നീ ഉൽപന്നങ്ങൾ.

തേൻ–കാന്താരി സിറപ്പ്

നന്നായി വിളഞ്ഞ കാന്താരിമുളകാണ് ഇതിനു യോജ്യം. വൃത്തിയാക്കിയ പച്ചമുളക് ഞെടുപ്പ് അടർന്നു പോകാതെ കഴുകി 2–3 മിനിറ്റ് ആവിയിൽ വേവിക്കുക, ഇതിന്റെ ഈർപ്പം മാറ്റുക. ജലാംശം തീരെയില്ലാത്ത  ഗ്യാസ്ബോട്ടിലുകളിൽ പകുതി ഭാഗത്തോളം കാന്താരിമുളക് നിറയ്ക്കുക. തുടർന്ന് കാന്താരി മുങ്ങിക്കിടക്കത്തക്ക വിധം തേൻ നിറയ്ക്കുക. ഇത് നന്നായി അടച്ചു സൂക്ഷിക്കുക. രണ്ട് ആഴ്ചയ്ക്കുശേഷം ഇത് ഉപയോഗിച്ചു തുടങ്ങാം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമെന്നു കരുതാവുന്ന ഈ ഉല്‍പന്നം തേനിനും വിപണിെയാരുക്കും. 

chilly-1

ഉപ്പിലിട്ട കാന്താരി

മുക്കാൽ ഭാഗം വിളഞ്ഞ കാന്താരിയാണ് യോജ്യം. വിളവെടുത്ത കാന്താരിയിൽനിന്ന് ഇലകളും ചെറു ശിഖരങ്ങളും മാറ്റിയതിനുശേഷം കഴുകി വൃത്തിയുള്ള തുണിയിൽ/നെറ്റിൽ കിഴിപോലെ കെട്ടി തിളച്ച വെള്ളത്തിൽ 2–3 മിനിറ്റ് മുക്കിവയ്ക്കുക. ഇത് ഉടൻ തന്നെ തണുത്ത വെള്ളത്തിലും മുക്കി തണുപ്പിക്കുക. ഒരു കിലോ കാന്താരിക്ക് 750 മില്ലി വെള്ളം തിളപ്പിച്ച് 250 മില്ലി വിനാഗിരിയും 80 ഗ്രാം ഉപ്പും ചേർത്ത് സംരക്ഷക ലായനി  തയാറാക്കുക. ചൂടുവെള്ളത്തിൽ മുക്കിയെടുത്ത കാന്താരി, ഗ്ലാസ്ബോട്ടിൽ/പ്ലാസ്റ്റിക് പൗച്ചുകളിൽ പകുതിയോളം നിറച്ച ശേഷം അതിലേക്ക് ലായനി പകരുക. ഇതിന് സൂക്ഷിപ്പുഗുണം കൂട്ടാന്‍ ഒരു ലീറ്റർ ലായനിയിൽ 750 മില്ലിഗ്രാം പൊട്ടാസ്യം മെറ്റാബൈസൾഫൈറ്റ് സംരക്ഷകവസ്തുവായി ചേർക്കാം. ചൂടു വെള്ളത്തിൽ മുക്കി പരുവപ്പെടുത്തിയ ശേഷം പച്ചമുളക് ഡ്രയറിലോ, വെയിലത്തോ വച്ച് ഉണക്കി  ഇത് ദീർഘകാലം പച്ചക്കാന്താരിപോലെ ഉപയോഗിക്കാം.

മുളകു കൊണ്ടാട്ടം

നേരിയ ഗന്ധമുള്ള പാൽ‌മുളക് / തൈര് മുളക്, തോടിനു കട്ടിയുള്ളതും എരിവു കുറവുള്ളതുമായ പച്ചമുളക് എന്നിവ  കൊണ്ടാട്ടം ഉണ്ടാക്കാൻ യോജ്യം. മുക്കാൽ ഭാഗം വിളഞ്ഞ മുളക് വൃത്തിയായി കഴുകി, ഞെടുപ്പ് അടർന്നു പോകാതെ സ്റ്റീൽ കത്തിയുപയോഗിച്ച് വരയുക. വെള്ളം തിളപ്പിച്ച് ലീറ്ററിന് 80 ഗ്രാം എ ന്ന തോതിൽ  ഉപ്പു ചേർത്ത് ലയിപ്പിച്ച്, വരഞ്ഞുവച്ച മുളക് 5–6 മിനിറ്റ് മുക്കിവയ്ക്കുക. തുടർന്ന് ഇത് ഉപ്പും ചേർന്ന മിശ്രിതത്തിൽ 12 മണിക്കൂർ (ഒരു രാത്രി) ഇടുക. ഒരു കിലോ മുളകിന് അര ലീറ്റർ തൈരും 150 ഗ്രാം ഉപ്പും എന്ന തോതിലാണ് മിശ്രിതം തയാറാക്കേണ്ടത്. പിറ്റേന്ന് മോരിൽനിന്നെടുത്ത മുളക് വെയി ലത്തോ ഡ്രയറിലോ 6–7 മണിക്കൂർ ഉണക്കുക. വീണ്ടും ബാക്കിയുള്ള മോരിൽ ഇത് 10–12 മണിക്കൂർ ഇടുക. പിറ്റേന്നു വീണ്ടും ഉണക്കുക. മോര് മുഴുവൻ മുളകിലേക്ക് ആഗിരണം ചെയ്യുന്നതുവരെ ഇതു തുടരുക. ജലാംശം പൂർണമായും മാറിയ ശേഷം നന്നായി ഉണക്കുക. യോജ്യമായ പായ്ക്കിങ്ങില്‍ നൽകി വിപണിയിലിറക്കാം. ദീർഘകാലം സൂക്ഷിപ്പുഗുണമുള്ള ഉൽപന്നമായതിനാൽ നല്ല വെയിലുള്ള  ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ കൂടുതൽ അളവിൽ ഇത് തയാറാക്കി ഉണക്കി സൂക്ഷിക്കാം.

ചില്ലി സോസ്

ചൈനീസ് വിഭവങ്ങളുടെ അകമ്പടിക്കാരനായാണ് ചില്ലി സോസ് എത്തിയതെങ്കിലും ഇന്ന് ബിരിയാണി, സാലഡ്, കട്‌ലറ്റ്, പാത്‍സ എന്നിവയുടെയും തോഴനാണ്. തോടിനു കട്ടിയും  എരിവു കുറവുമുള്ള മുളകിനങ്ങൾ ഉപയോഗിച്ച്  തയാറാക്കാം. കീടനാശിനിയുടെ അവശിഷ്ടവും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനു മുളക് 2–3 തവണ ശുദ്ധജലത്തില്‍ കഴുകിയതിനുശേഷം 2–3 കഷണങ്ങളായി മുറിച്ച് നന്നായി മൃദുവാകുന്നതുവരെ വേവിക്കുക. തണുക്കുമ്പോൾ പൾപ്പറോ ഫ്രൂട്ട് മില്ലോ ഉപയോഗിച്ച് അരച്ചെടുക്കുക. മുളകിന്റെ അരി, നാരുകൾ എന്നിവ പ്ലാസ്റ്റിക് നെറ്റോ അരിപ്പയോ ഉപയോഗിച്ച് അരിച്ചു മാറ്റുക. ഒരു ലീറ്റർ പൾപ്പിന് 100 ഗ്രാം ഉപ്പു ചേർത്ത്  വറ്റിച്ചെടുക്കുക. സോസ് പെട്ടെന്ന് കട്ടിയാകുന്നതിനും ഗുണം മെച്ചപ്പെടുത്തുന്നതിനും അൽപം കോൺഫ്ലവർ ചേർക്കാം.  മുളകു പൾപ്പിന്റെ അളവ് മുക്കാൽ ഭാഗമാകുമ്പോൾ ( ഒരു ലീറ്റർ 750 ഗ്രാം) ലീറ്ററിന് 250 മില്ലി എന്ന തോതിൽ വിനാഗിരിയും എരിയും പുളിയും ക്രമീകരിക്കുന്നതിന് 50 ഗ്രാം പഞ്ചസാരയും 1.5 ഗ്രാം സോഡിയം ബെൻസോയേറ്റും (സംരക്ഷകവസ്തു) ചേർക്കണം. 

കാന്താരി–നെല്ലിക്ക, കാന്താരി–ചെറുനാരങ്ങ എന്നിവ പ്രധാന ചേരുവയായ ശീതളപാനീയങ്ങൾക്കും വിപണന സാധ്യതയേറെ. അരിമാവിനൊപ്പം കാന്താരി / പച്ചമുളക് അരച്ചു ചേർത്ത് തയാറാക്കാവുന്ന പപ്പടം വറ്റലുകളും വിപണിയിൽ പ്രിയമുള്ള ഉൽപന്നങ്ങൾ. തിരുവനന്തപുരം ജില്ലയിലെ സാമ്പാർമുളക് / തൊണ്ടൻ മുളക് അച്ചാറിനും  യോജ്യമാണ്. മുളകുപുളി എന്ന പേരിൽ ഇതു  വിപണിയിൽ ലഭ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT