ADVERTISEMENT

പാവം ഉള്ളിയാണ് ഇന്നു വാർത്തകളിലെ താരം. ഇന്ത്യൻ കുടുംബങ്ങളുടെ ബജറ്റിൽ കണ്ണീർ വീഴ്ത്തി ഉള്ളിവില കുതിച്ചതു കയറ്റുമതി നിയന്ത്രണത്തിന് ഇടയാക്കിയപ്പോൾ അത് ബംഗ്ലദേശ് പോലുള്ള അയൽ രാജ്യങ്ങളുടെയും കണ്ണു നിറയ്ക്കാൻ ഇടയാക്കി. മോശം കാലാവസ്ഥയാണ് ഉള്ളി ഉൽപാദനത്തെയും വിലയെയും ബാധിച്ചത്.

ഉൽപാദനത്തിൽ ചൈന 

ഉള്ളി ഉൽപാദനത്തിൽ ഇന്ത്യയല്ല, ചൈനയാണ് ലോകത്ത് ഒന്നാമത്. ചൈനയിൽ പ്രതിവർഷം 2 കോടി മെട്രിക് ടൺ ഉള്ളി (ചെറിയ–വലിയ ഉള്ളികളും വെളുത്തുള്ളിയും മറ്റും ഉൾപ്പെടെ) ഉൽപാദിപ്പിക്കുമ്പോൾ ഇന്ത്യയുടേത് 1.3 കോടി ടൺ മാത്രം. എന്നാൽ, വീര്യമുള്ള ഇന്ത്യന്‍ ഉള്ളിക്കാണ് ദക്ഷിണേഷ്യയിൽ ആവശ്യക്കാരേറെ.  ഇവിടെ ഉപഭോക്താക്കൾ ഏറെയായതിനാൽ മികച്ച ഉൽപാദനമുള്ള വർഷങ്ങളിൽപോലും  ഉൽപാദിപ്പിക്കുന്നതിന്റെ ചെറിയൊരളവു മാത്രമേ നമുക്ക് കയറ്റുമതി ചെയ്യാനാവൂ(2018ൽ കയറ്റുമതി 362 കോടി രൂപയുടെ). 

കയറ്റുമതിയിൽ നെതർലൻഡ്‌സ്

ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയോ ചൈനയോ അല്ല  ഉള്ളി കയറ്റുമതിയിൽ ഒന്നാമത്. കേരളത്തിന്റെ അത്ര വലുപ്പമില്ലാത്ത നെതർലൻഡ്‌സ് എന്ന കൊച്ചുരാജ്യത്തിനാണ് ഈ ബഹുമതി. 2018ൽ ലോകത്തെ ഉള്ളിവ്യാപാരത്തിന്റെ 20% അവർക്കായിരുന്നു. 6.76 കോടി ഡോളറിന്റെ (476 കോടിയോളം രൂപ) ഉള്ളി അവര്‍ കയറ്റുമതി ചെയ്തു. 

നെതർലൻഡ്‌സ് വീരഗാഥ

കൃഷിയിൽ പുതിയ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലെ കാര്യക്ഷമതയാണ്  നെതർലൻഡ്‌സിനെ ലോകത്തെ മികച്ച കയറ്റുമതിക്കാരാക്കുന്നത്. പുഷ്പ കയറ്റുമതിയിൽ അവരെ വെല്ലാനാരുമില്ല. ലോക പൂ വിപണിയുടെ 50% അവർക്കു സ്വന്തം. കട്ട്ഫ്ലവർ, ബുക്കെ വ്യാപാരത്തിൽനിന്ന് അവർ 450 കോടി ഡോളർ (32,000 കോടിയോളം രൂപ) ഓരോ വർഷവും നേടുന്നു. തക്കാളി 190 കോടി ഡോളർ (13,400 കോടി രൂപ), കുരുമുളക്, മുളക്108 കോടി ഡോളർ (7,614 കോടി രൂപ), വെള്ളരി 5.65 കോടി ഡോളർ (398 കോടി രൂപ), പൈനാപ്പിൾ 2.65 കോടി ഡോളർ (187 കോടി രൂപ) എന്നിങ്ങനെ പോകുന്നു അവരുടെ കയറ്റുമതി വരുമാനം. പാല്‍, പാലുൽപന്ന, ബീയർ കയറ്റുമതിയിലും അവർ മുൻനിരയിൽ ഉണ്ട്. ഇന്ത്യയുടെ പേരുകേട്ട സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനം അവരുടെ ബീയർ കയറ്റുമതി വരുമാനത്തോളമില്ല. നെതർലൻഡ്‌സ് തേയില–കാപ്പി കയറ്റുമതിയിലൂടെ നേടിയ തുക 2018ൽ ഇന്ത്യയ്ക്കു നേടാ‌നായില്ല. പ്രമുഖ കാർഷികരാജ്യമായ ഇന്ത്യ കഴി‍ഞ്ഞ വർഷം അരിയെക്കാൾ കൂടുതൽ തുകയുടെ സമു ദ്രോൽപന്നങ്ങളും ഇറച്ചിയും കയറ്റുമതി ചെയ്തു. 

നെതർലൻഡ്‌സിന്റെ മുന്നേറ്റത്തിൽ ഒട്ടേറെ പാഠങ്ങളുണ്ട്. ദരിദ്ര, വികസനോന്മുഖ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഏറെ തടസ്സങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങളാണ് ആഗോളവൽക്കരണത്തിന്റെ ഒന്നാന്തരം ഉദാഹരണം. പ്രധാന ഉൽപാദകരോ, കയറ്റുമതിക്കാരോ ആകുന്നതിനു വലിയ രാജ്യം ആകേണ്ടതില്ല. നെതർലൻഡ്‌സ്, ബൽജിയം, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ ഉയർന്ന കാര്യക്ഷമതയും വളർച്ചയും അദ്ഭുതാവഹം. ഉൽപാദിപ്പിക്കുന്നതു മുഴുവൻ തിന്നുതീർക്കുന്ന ഇന്ത്യയുടെ വളർച്ച ദയനീയ നിലയിലാണ്. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾ കാര്യക്ഷമമായി വിൽക്കാൻ ഇന്ത്യയ്ക്കാവുന്നില്ല. ഒരു കാലത്ത് നമ്മുടെ കുത്തകയായിരുന്ന കുരുമുളക് കയറ്റുമതിയിൽനിന്ന് 2018ൽ നമുക്കു ലഭിച്ചത് 7.72 കോ ടി ഡോളർ (524 കോടി രൂപ) മാത്രം. നെതർലൻഡ്‌‌സ് ഉരുളക്കിഴങ്ങ് കയറ്റുമതിയിലൂടെ ഇതിലധികം 8.07 കോടി ഡോളർ (569 കോടി രൂപ) നേടിയിരുന്നു. 

കാര്യക്ഷമത കൂടിയേ തീരൂ

ഭക്ഷ്യ, കാർഷിക ഉൽപാദനത്തിൽ ചൈന, ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങളാണ് ലോകത്തു മുൻനിരയിൽ. വിസ്തൃതമായ കൃഷിയിടങ്ങളും കാര്യക്ഷമമായ ഉൽപാദനവും, ചെറിയ ജനസംഖ്യയുമുള്ള യുഎസാണ് കയറ്റുമതിയിൽ ഒന്നാമത്. ചൈനയും ഇന്ത്യയെക്കാൾ കൂടുതൽ കയറ്റുമതി ചെയ്യുന്നു.  ഇന്ത്യ ഉൽപാ ദിപ്പിക്കുന്നതിന്റെ ഇരട്ടി കാര്യക്ഷമമായ  മാർഗങ്ങളിലൂടെ അവർ ഉൽപാദിപ്പിക്കുന്നു. എന്നാൽ, നെതർലൻഡ്സ്പോലുള്ള ചെറു രാജ്യങ്ങളാണ് ഭക്ഷ്യ, കാർഷിക കയറ്റുമതിരംഗത്തെ വൻശക്തികൾ. 2018ലെ അവരുടെ കയറ്റുമതി 72,330 കോടി ഡോളർ(50,99,265 കോടി രൂപ). 1.7 കോടി ജനങ്ങളുള്ള നെതർലൻ ഡ്‌സിലെ പ്രതിവർഷ ആളോഹരി വരുമാനം 42,100 ഡോളർ (29,68,050 രൂപ). യുഎസ്പോലും ഇതിലും ഏറെ പിന്നിലാണ്. ഇന്ത്യയുടെ സ്ഥിതി നോക്കാം. നമ്മുടെ കയറ്റുമതി വരുമാനം 33,100 കോടി ഡോളർ (23,33,550 കോടി രൂപ). 130 കോടി ജനങ്ങളുള്ള നമ്മുടെ ആളോഹരി വരുമാനം 300 ഡോളർ(21,150 രൂപ). ഗുരുതരമായ സാമൂഹിക അസമത്വമുള്ള ഇവിടുത്തെ പാവപ്പെട്ടവരുടെ വരുമാനം 10 ഡോളർപോലും ഇല്ലെന്നതാണ് യാഥാർഥ്യം. 

പാശ്ചാത്യ രാജ്യങ്ങൾക്കുള്ള സാങ്കേതിക വൈദഗ്ധ്യവും നിർവഹണശേഷിയും വിപണനതന്ത്രങ്ങളുമൊന്നും ഇന്ത്യയ്ക്കില്ല. ആപ്പിളും ബദാമും ഇഷ്ടംപോലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള അവകാശം പിടിച്ചെടുത്ത യുഎസ്, ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾകൊണ്ടു നമ്മളെ മോഹിപ്പിച്ച് കോഴിക്കാൽ ഇറക്കുമതിയുടെ കുത്തക നേടാനുള്ള നീക്കത്തിലാണ്. ഇത്തരം മോഹവലയങ്ങളിൽ കുടുങ്ങി എന്തു വിട്ടുവീഴ്ചയ്ക്കും നാം തയാറാകുമ്പോൾ പാവപ്പെട്ട കർഷകർ ഒട്ടേറെ പരിമിതികളിൽ നിന്നുകൊണ്ട്  ഉൽപാദിപ്പിക്കുന്ന വസ്തുക്കൾക്കു ന്യായവില കിട്ടാൻ പാടുപെടുന്നു. കർഷകരുടെ പേരിൽ മുതലക്കണ്ണീർ പൊഴിക്കാതെ അവരെ രാജ്യാന്തരതലത്തിൽ ന്യായമായ മത്സരത്തിനു പ്രാപ്തമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT