ADVERTISEMENT

നമ്മുടെ നാട്ടില്‍ സവാള കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം നവംബര്‍ മുതല്‍ നാലു മാസത്തോളമാണ്. ഇവയ്ക്കു നടുമ്പോള്‍ തണുപ്പും വിളവെടുക്കാറാകുമ്പോള്‍ ചൂടുമാണ് ആവശ്യം. സവാളയുടെ വിത്ത്‌ പാകി പറിച്ചു നടുന്നതാണ്‌ അഭികാമ്യം. ഉത്തരേന്ത്യയില്‍ കൃഷി ചെയ്യുന്ന ‘അഗ്രിഫൗണ്ട് ഡാർക്ക് റെഡ്’ എന്ന ഇനമാണ് നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യം. വിത്തുകള്‍ മിക്ക കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളിലും ലഭിക്കും. വിത്ത്‌ പാകി 10 സെന്റീ മീറ്റർ ഉയരമാകുമ്പോഴേക്കും തൈകൾ പറിച്ചു നടാൻ പാകമാകും. നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വേണം സവാളത്തൈകള്‍ നടാന്‍. ചാണകപ്പൊടി, കോഴിക്കാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയ അടിവളമായി നൽകണം. ഒരടി അകലത്തിൽ വരമ്പെടുത്ത്‌ 10 സെന്റീമീറ്റർ അകലത്തിൽ ചെടികൾ നടാം.

ഗ്രോ ബാഗുകളില്‍ ടെറസിലോ അടുക്കളമുറ്റത്തോ ഇത് നടാവുന്നതാണ്. ബാഗില്‍ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. നല്ല നീർവാർച്ചയുള്ള മണ്ണില്‍ സവാള കൃഷി ചെയ്യണം. അല്ലെങ്കില്‍ അഴുകല്‍ ഉണ്ടാവും. ഇളക്കമുള്ള മണ്ണാണ് കൂടുതല്‍ അനുയോജ്യം. സാധാരണ ഗ്രോ ബാഗില്‍ രണ്ടു മൂന്ന് തൈകള്‍ ആവാം.

വളരെ നേരിയ വേരുപടലമായതിനാൽ നനയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം. ഉള്ളിയാകുന്ന സമയത്ത്‌ നനവ്‌ അത്യാവശ്യമാണ്‌. നനകുറഞ്ഞാൽ വിളവിനെ ബാധിക്കും. കൂടിയാൽ അഴുക്കൽ രോഗത്തിനുള്ള സാധ്യത കൂടുകയും ചെയ്യും. വിളവെടുപ്പിന്‌ മുമ്പായി നന കുറയ്ക്കാവുന്നതാണ്‌.

മണ്ണിരക്കമ്പോസ്റ്റോ പുളിപ്പിച്ച പിണ്ണാക്കോ കാലിവളമോ മറ്റേതെങ്കിലും ജൈവവളമോ സമൃദ്ധമായി നൽകാം. ആഴ്ചയിൽ രണ്ടു തവണ പുളിപ്പിച്ച്‌ നേർപ്പിച്ച പിണ്ണാക്ക്‌ ലായനി ഒഴിച്ചുകൊടുക്കാം. മഗ്നീഷ്യം, ബോറോണ്‍, സൾഫര്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയ സൂക്ഷ്മവളക്കൂട്ടുകള്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. അഴുകലാണ് പ്രധാന രോഗം. അതിനാല്‍ത്തന്നെ വെള്ളം നനയ്ക്കുന്നത് ശ്രദ്ധിച്ചു ചെയ്യുക. ഇലകരിച്ചില്‍, കട അഴുകല്‍ എന്നിവയൊഴികെ കാര്യമായ കേടുകളൊന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കൈറ്റിൻ സ്യൂഡോമോണാസ്‌ 10 ദിവസം ഇടവിട്ട്‌ 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ തളിച്ച്‌ കൊടുത്താൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റിനിർത്താം.

തൈകൾ നട്ട്‌ മൂന്നര നാലു മാസം പ്രായമാകുമ്പോൾ വിളവെടുക്കാം. ഇലകൾ വാടി കരിയുമ്പോഴേക്കും പറിച്ചെടുത്ത്‌ തണലിൽ ഉണക്കുക. അതിനുശേഷം തണ്ട്‌ മുറിച്ചുമാറ്റി ഉണക്കി ഉപയോഗിക്കാം. ഒരു സെന്റിൽനിന്ന്‌ ഏകദേശം 25-30 കിലോഗ്രാം വിളവ്‌ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT