ADVERTISEMENT

കേരളത്തിന്റെ തനത് വിളകൾ സംരക്ഷിക്കുന്നവർ നിരവധിയുണ്ട്. ഓരോ പ്രദേശത്തും ഭൂപ്രകൃതിക്കനുസരിച്ച് വ്യത്യസ്തമായ തനത് വിളകളുമുണ്ടാകും. അത്തരത്തിൽ കേരളത്തിന്റെ സ്വന്തം വിളകൾ അന്വേഷിക്കുകയാണ് കണ്ണൂർ സ്വദേശി ബിജു നാരായണൻ. തന്റെ തനത് വിളകളുടെ ശേഖരത്തിലേക്ക് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. നല്ലയിനം നാടൻ പ്ലാവുകളും മാവുകളും തേടി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

മലയാളിയുടെ ഭക്ഷണമേശയിൽ പുതിയ ചില വിഭവങ്ങൾ കൂടി സ്ഥാനം പിടിക്കുന്നു. കഴിഞ്ഞ 4 - 5 വർഷമായി മലയാളികളുടെ ഭക്ഷണത്തിൽ പഴവർഗ്ഗങ്ങളുടെ സ്ഥാനം വർധിച്ചു വരികയാണ്. നാട്ടിൽ എമ്പാടും പുതിയതായി തുടങ്ങുന്ന പഴകടകളിലും ആ പഴകടകളിൽ നിറയുന്ന അനവധി വിദേശവും സ്വദേശിയും ആയ പഴങ്ങളിലും നാമിത് കണ്ടറിയുകയാണ്. നല്ല പഴങ്ങൾ നല്ല വില കൊടുത്തായാലും മേടിച്ച് കഴിക്കാം എന്ന നിലപാടിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുന്നു... നല്ല കാര്യം തന്നെ... പക്ഷേ ഇത്തരം പഴങ്ങൾ അവ വിദേശിയായാലും സ്വദേശിയായാലും നമ്മുടെ പുരയിടത്തിൽ കൃഷി ചെയ്താൽ വിജയിക്കില്ലേ?

ഈ ചോദ്യം കഴിഞ്ഞ 3 - 4 കൊല്ലമായി എന്നെ പ്രചോദിപ്പിക്കുന്ന കാര്യമാണ്, കുറേയധികം വിദേശപഴങ്ങൾ (വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ കേരള കാലാവസ്ഥയോട് സാമ്യമുള്ള വിദേശ‍രാജ്യങ്ങളിൽനിന്നുള്ളവ) നട്ടുവളർത്തി നോക്കുന്നുണ്ട്. പലതും കായ്‌ഫലം തരാൻ തുടങ്ങി.

കൂടാതെ നമ്മുടെ നാടൻ പഴങ്ങൾ (ഉദ: നാട്ടുമാങ്ങകൾ) നല്ല മണവും രുചിയും ഉള്ള ചെറുമാമ്പഴങ്ങൾ – വ്യത്യസ്ത തരത്തിൽ പെട്ടവ – വളരെ അപൂർവ്വമായി മാത്രമേ കാണാൻ കിട്ടാറുള്ളു. എത്ര പേർക്ക് ആ നാട്ടുമാങ്ങകളുടെ രുചിയും മണവും ആസ്വദിക്കാൻ കിട്ടാറുണ്ട്? എന്നാൽ ഇവ കിട്ടാനുണ്ടെങ്കിൽ എത്ര പണം കൊടുത്താലും അവ വാങ്ങി മലയാളികൾ കഴിക്കാറില്ലേ?

എന്റെ ഒരു അനുഭവം പറയാം... മലയാള മനോരമ 2019 മേയ് 17ന് കണ്ണൂർ ചേംബർ ഹാളിൽ നടത്തിയ കാർഷിക പ്രദർശത്തിൽ എന്റെ ഫാമായ ഉളിക്കൽ അഗ്രോ ഫാമിന്റെ സ്റ്റാളിലെ പ്രധാന ആകർഷണം കുരുമുളകോ മറ്റുള്ളവയോ ഒന്നും അല്ലായിരുന്നു. 2 ദിവസമായി മാവിൻ ചുവട്ടിൽനിന്ന് പെറുക്കിയ നാട്ടുമാങ്ങ മുഴുവൻ (ഏകദേശം 50kg) കിലോഗ്രാമിന് 100 രൂപ തോതിൽ ഒരു മണിക്കൂർ കൊണ്ട് വിറ്റുപോയി. സത്യത്തിൽ എന്നെയും അദ്ഭുതപെടുത്തിയ ഒരു കച്ചവടമായിരുന്നു അത്.

ഇതുപോലെ പല വ്യത്യസ്ത രുചിഭേദങ്ങളുള്ള പ്ലാവിനങ്ങൾ (വരിക്കയും കൂഴയും) നമുക്കു ചുറ്റും ഉണ്ടായിരുന്നില്ലേ? അവയിൽ പലതും ഇന്ന് നാമാവശേഷമായില്ലേ?

ഈ പഴവർഗ്ഗങ്ങൾക്ക് ഒരു സ്ഥാനം എന്റെ കൃഷിയിടത്തിൽ കൊടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. 40ൽപ്പരം ഇനം മാവുകൾ, 60ൽപ്പരം ഇനം പ്ലാവുകൾ, മറ്റു പല തരം നാടൻ പഴങ്ങൾ, വിദേശപഴങ്ങളിൽ റമ്പൂട്ടാൻ, മാംഗോസ്റ്റീൻ, അനാർ, അബിയു തുടങ്ങി ജംബാട്ടിക്കാ വരെ കൃഷിയിടത്തിൽ എത്തിച്ചു. പലതും കായ്ച്ചു തുടങ്ങി. പക്ഷേ, ഇതൊക്കെ ആയിട്ടും വിദേശപഴങ്ങളിൽ പലതും ഇന്നും എനിക്ക് കിട്ടിയിട്ടില്ല. നാടൻ മാവുകളും പ്ലാവുകളും ഒക്കെയായി പല പ്രദേശങ്ങളായി നിലനിൽക്കുന്നവയുടെ വിത്തുകൾ ശേഖരിക്കേണ്ടതുണ്ട്. പരിചിതമല്ലാത്ത ഫലവൃക്ഷങ്ങളുടെ കൃഷിരീതികൾ കർഷകരിൽനിന്ന് നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടതുണ്ട്. ഇതിനൊക്കെ ആയിട്ടായിരുന്നു ഇപ്രാവശ്യത്തെ എന്റെ യാത്ര.

ഹൈറേഞ്ച്, വയനാട്, മധ്യതിരുവിതാംകൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് ദിവസത്തെ യാത്ര. പല കർഷകരേയും കണ്ടു. അവരുടെ അനുഭവങ്ങൾ ജയപരാജയങ്ങളൊക്കെ നേരിട്ട് കേട്ടു. കണ്ടു. ചില കർഷകർ ഒന്നോ രണ്ടോ ഇനങ്ങൾ മാത്രം കൃഷി ചെയ്യുന്നു. ചിലർ കൂടുതൽ സ്ഥലത്ത് കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യുന്നു. ചിലർ പരമ്പരാഗതമായി കിട്ടിയ നാടൻ ഫലവൃക്ഷങ്ങൾ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നു. തീർച്ചയായും ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വങ്ങൾ. പലരിൽനിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. പലരും സൂക്ഷിച്ചുവച്ച പഴങ്ങൾ (ചിലത് ഉണക്കിവച്ചത് ) കഴിക്കാൻ തന്നു. അവയുടെ മാധുര്യം ഇന്നും നാവിൻതുമ്പിൽ ഉണ്ട്. അവരുടെ സ്നേഹം ഇന്നും മനസിൽ തങ്ങി‌നിൽക്കുന്നു. ഒരു കാലത്ത് ഞാനും ഇതുപോലെ നിങ്ങൾ തന്ന സ്നേഹവും പഴങ്ങളും തൈകളും ഒക്കെ എന്നെ തേടി വരുന്നവർക്കും നൽകും എന്ന പ്രതിജ്ഞയോടെ നാട്ടിലേക്ക് മടങ്ങി. തൈകൾ നിറഞ്ഞ വണ്ടിയോടെ.

നല്ലയിനം നാടൻ പ്ലാവുകൾ, മാവുകൾ എന്നിവ കൈവശമുള്ളവർ, അവ ഭാവിതലമുറകൾക്ക് കാത്തുസൂക്ഷിക്കണം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വിളിക്കുക. ഫോൺ: 9447447694

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT