ADVERTISEMENT

കിലോയ്ക്ക് 300 രൂപ കടന്ന മുരിങ്ങക്കായ ആയിരുന്നു കഴിഞ്ഞയാഴ്ച പച്ചക്കറി വിപണിയിലെ താരം. മുരിങ്ങയുടെ പൂവ്, കായ്, വേര്, തൊലി എന്നിവയ്‌ക്കെല്ലാം മൂല്യമുണ്ട്. 

മുരിങ്ങ വടക്കുപടിഞ്ഞാറൻ ഇന്ത്യക്കാരനാണ്. ഉഷ്‌ണ–മിതോഷ്‌ണ കാലാവസ്ഥ ഇഷ്‌ടപ്പെടുന്നു. സമതലങ്ങളിലും ശൈത്യമിലാത്ത  മലമ്പ്രദേശങ്ങളിലും സാമാന്യം നല്ല വിളവു നൽകുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ ചെടിക്കു വളർച്ച  കൂടുതലാണ്.

സർവാംഗ സുന്ദരി

മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഔഷധ പ്രാധാന്യമുളളതും വിവിധ മരുന്നുകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നതുമാണ്. വ്യാവസായിക പ്രാധാന്യമുള്ള പശയും ഇതിന്റെ തൊലിയിൽനിന്നു നിർമിക്കുന്നു. 

പോഷകാഹാരക്കുറവിനു പ്രതിരോധ മരുന്നുകൂടിയാണ് മുരിങ്ങ. ധാരാളം അമിനോ ആസിഡുകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. ഇലയും കായും പൊടി രൂപത്തിലാക്കി ദീർഘനാൾ സൂക്ഷിച്ചു വയ്‌ക്കുന്ന സാങ്കേതിക വിദ്യയും നിലവിലുണ്ട്. ചർമകാന്തി വർധിപ്പിക്കുന്നതിനും ജല ശുദ്ധീകരണത്തിനുമുള്ള മുരിങ്ങയുടെ കഴിവു പ്രസിദ്ധമാണ്. 

മുരിങ്ങയില സത്ത് നേർപ്പിച്ചു പുഷ്‌പിക്കാറായ വിളകളിൽ തളിച്ചാൽ വിളവു വർധിക്കുമെന്നു നാട്ടറിവ്. വിത്തു മുളയ്‌ക്കൽ ത്വരിതപ്പെടുത്തുന്നതിനും മുരിങ്ങയില സത്തിനു കഴിവുണ്ട്. വളർത്തു മൃഗങ്ങൾക്കും മുരിങ്ങയില ഔഷധമാണ് പാലുൽപാദന വർധനയ്ക്കും ശരീരഭാരം കൂട്ടുന്നതിനും മാത്രമല്ല, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ കുറവു നികത്തുന്നതിനും മുരിങ്ങയില ഫലപ്രദമാണ്. മൃഗങ്ങൾക്കു നൽകുമ്പോൾ നേരിയ അളവിൽ പച്ച ഇലയോ വെയിലത്തുണക്കിയ ഇലയോ നൽകി ക്രമേണ അളവു വർധിപ്പിക്കാം. മുരിങ്ങക്കുരു എണ്ണയ്‌ക്ക് വിപണിയിൽ പൊന്നും വിലയാണ്. 

നടീൽ രീതി

ജൈവാംശം കൂടിയതും മണൽ കലർന്നതുമായ പശിമരാശി മണ്ണാണ് മുരിങ്ങക്കൃഷിക്ക് അനുയോജ്യം. മഴ കുറഞ്ഞ വരണ്ട  പ്രദേശങ്ങളിൽ നല്ല കായ്‌ഫലം കിട്ടും. 4 മീറ്റർ അകലത്തിൽ കുഴികളെടുത്തു കമ്പുകൾ നടാം. ഒന്നര മീറ്റർ നീളമുളള കമ്പുകളാണു നടേണ്ടത്. രണ്ടടി താഴ്ചയിൽ കുഴികളെടുത്തു  മേൽമണ്ണും അടിവളവും ചേർത്തു നിറച്ചശേഷം വേണം നടാൻ. വേരു പിടിച്ചുകിട്ടാൻ മാത്രം നന മതി. ഒരു മീറ്റർ  ഉയരമെത്തുമ്പോൾ അഗ്രഭാഗം നുളളി ശിഖരങ്ങൾ പൊട്ടാൻ അനുവദിച്ചാൽ അധികം ഉയരം വയ്‌ക്കാതെ വളർത്തിയെടുക്കാം. 

കാലവർഷാരംഭത്തിൽ തടമെടുത്ത് ജൈവവളം ചേർക്കുന്നതു നല്ലതാണ്. വളപ്രയോഗത്തിനു മുൻപു  മണ്ണിൽ ഡോളമൈറ്റ് ചേർത്തു കൊടുക്കുകയും വേണം. 

ഉയരം കുറഞ്ഞ ഒരാണ്ടൻ മുരിങ്ങകൾ സാധാരണ വിത്തുപാകിയാണ് മുളപ്പിക്കാറുള്ളത്. വിത്തുകൾ/തൈകൾ രണ്ടര മീറ്റർ അകലത്തിൽ വേണം നടാൻ. 6 മാസം മുതൽ 9 മാസത്തിനുള്ളിൽ  ഇവ വിളവു തരും. ജൂൺ മുതൽ ഡിസംബർ വരെയുളള സമയങ്ങളിൽ വിത്തുകൾ നടും. അഞ്ചു വർഷം വരെ ഇവ നല്ല വിളവു തരും. ഓരോ വിളവെടുപ്പിനു ശേഷവും കമ്പുകൾ കോതി വളപ്രയോഗം നടത്തുകയും വേണം.

സസ്യസംരക്ഷണം

കീടരോഗബാധ മുരിങ്ങയ്‌ക്കു പൊതുവേ കുറവാണ്. കീടരോഗ ബാധയേറ്റ ശിഖരങ്ങൾ മുറിച്ചു കളയുകയും നശിപ്പിക്കുകയും ചെയ്‌തു തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യ മാർഗം. മഞ്ഞ കാർഡുകളിൽ, ആവണക്കെണ്ണ പുരട്ടി ട്രാപ് ആയി സ്ഥാപിക്കാം. പുഷ്‌പ വിളകൾ, ചോളം എന്നിവ അതിർത്തികളിൽ വച്ചു പിടിപ്പിക്കുന്നതു മിത്രകീടങ്ങളെ  കൃഷിയിടത്തിലേക്ക് ആകർഷിക്കുന്നതിന്  ഇടയാക്കും. 

  • നാടൻ ഇനങ്ങൾ: പാൽമുരിങ്ങ, കൊടിക്കാൽ മുരിങ്ങ 
  • ഒരാണ്ടൻ മുരിങ്ങ: എഡി–4 (കേരള കാർഷിക സർവകലാശാല), പികെഎം–1 (പെരിയകുളം, തമിഴ്‌നാട്) വികസിപ്പിച്ചെടുത്തിട്ടുളളത്. 
  • മറ്റിനങ്ങൾ: അനുപമ (കേരള കാർഷിക സർവകലാശാല), രോഹിത്–1

തൈകൾ ലഭിക്കുന്നതിന്

  • നാടൻ മുരിങ്ങ തൈകൾ – മണ്ണുത്തി സെന്റർ, തൃശൂർ. 04872370540
  • ഒരാണ്ടൻ മുരിങ്ങ (PKM1) തൈകൾ – വിഎഫ്പിസികെ, തിരുവനന്തപുരം. 8281635530

മുൻകൂട്ടി ഓർഡർ ചെയ്താൽ കൃഷിവകുപ്പ് ഫാമുകളിൽ തയാറാക്കി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT