നിത്യവും കറിവയ്ക്കാൻ നിത്യവഴുതന

HIGHLIGHTS
  • വയലറ്റ്, ഇളം പച്ച നിറങ്ങളില്‍ കാണപ്പെടുന്നു
  • ഫൈബര്‍, വിറ്റാമിൻ സി, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുണ്ട്
clove-beans
SHARE

പേര് സൂചിപ്പിക്കും പോലെ നിത്യവും വിളവെടുക്കാവുന്ന പച്ചക്കറി. ഒരിക്കല്‍ നട്ടുവളർത്തിയാല്‍ ദീർഘകാലം നിത്യേന വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് 'നിത്യവഴുതന' എന്ന പേര് ലഭിച്ചത്. നമ്മുടെ നാട്ടില്‍ വയലറ്റ്, ഇളം പച്ച നിറങ്ങളില്‍ കാണപ്പെടുന്നു. 

അധികം പരിചരണം ആവശ്യമില്ലാതെ തന്നെ കനം കുറഞ്ഞ വള്ളികളില്‍ പടർന്നു വളരുന്നതരം പച്ചക്കറിയാണിത്. വള്ളിയില്‍ ചെറിയ മുള്ളുകള്‍ കാണാം. ഇവയുടെ വള്ളികളില്‍ കൂട്ടമായുണ്ടാകുന്ന കായ്കള്‍ നീളൻ ഞെട്ടുപോലെ തോന്നും. ഇവയുടെ തലപ്പത്തുളള കായ് നീക്കി നീളത്തിലുളള ഭാഗമാണ് കറിക്കായി ഉപയോഗിക്കുന്നത്. ഇളം പ്രായത്തിൽ കുരുവും ഉപയോഗിക്കാം. കായ്കളില്‍ ഫൈബര്‍, വിറ്റാമിൻ സി, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുണ്ട്.

എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന നിത്യവഴുതനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങള്‍ നല്‍കിയാല്‍ സമൃദ്ധമായി കായ്ക്കും. വേനലിനെ അതിജീവിക്കാന്‍ ഇതിനു കഴിവുണ്ട്. നന്നായി കിളച്ചൊരുക്കിയ തടത്തിൽ വിത്തുകൾ നേരിട്ട് നടുകയാണ്‌ ചെയ്യുന്നത്. സൂര്യപ്രകാശം ലഭിക്കുന്ന, പന്തലൊരുക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി വിത്തുകള്‍ നടാം. തടമൊരുക്കുമ്പോൾ കുറച്ച് ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും കൂടി അടിവളമായി ചേർത്തു കൊടുക്കാം. മട്ടുപ്പാവിൽ ഗ്രോ ബാഗിലും വളർത്താൻ കഴിയും. പന്തലിട്ട് കൊടുത്തോ സൈഡിൽ വല കെട്ടിക്കൊടുത്തോ പടർത്തി വിടാം. രണ്ടാഴ്ചയിലൊരിക്കല്‍ ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയവ നൽകിയാല്‍ വിളവു കൂടും. നട്ടുവളർത്തു ന്ന സ്ഥലങ്ങളില്‍ വിത്തുകള്‍ വീണ് എല്ലാ കാലവും ഇവ നിലനിൽക്കുകയും ചെയ്യും.

തോരൻ, മെഴുക്കുപുരട്ടി എന്നിവയാണ് നിത്യ വഴുതന കായ്കൾ കൊണ്ടുണ്ടാക്കുന്ന പ്രധാന വിഭവങ്ങൾ. ‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA