ഒരേക്കറിൽ കുമ്പളക്കൃഷി ചെയ്യാൻ 400 ഗ്രാം വിത്ത് മതി

HIGHLIGHTS
  • ഒരു തടത്തിൽ നല്ല മൂന്നു തൈകൾ വീതം നിർത്തിയാൽ മതി
kumbalam
SHARE

ഇനം: കെഎയു ലോക്കൽ

വിത്തിന്റെ അളവ്: ഏക്കറിന് 400 – 500 ഗ്രാം

അകലം: 4.5 x 2 മീറ്റർ

സവിശേഷതകൾ: അത്യുൽപാദനശേഷിയുള്ള ഇനം, ഇടത്തരം വലുപ്പമുള്ള കായ്കൾ, ശരാശരി തൂക്കം അഞ്ച് കിലോ.  ഇളംപ്രായത്തിൽ കായ്കൾക്കു പച്ചനിറം, മൂക്കുമ്പോൾ ചാരനിറമായി മാറുന്നു.

കാലാവധി: 140 –150 ദിവസം

ശരാശരി വിളവ്: 10–12 ടൺ/ഏക്കർ

നടീൽ, വളപ്രയോഗം

രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കിലോ ചാണകം / കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. നാലഞ്ചു വിത്ത് വീതം ഒരു കുഴിയിൽ പാകുക. മുളച്ച് രണ്ടാഴ്ചയ്ക്കു ശേഷം ഒരു തടത്തിൽ നല്ല മൂന്നു തൈകൾ വീതം നിർത്തിയാൽ മതി.

മേൽവളമായി ചാണകമോ കമ്പോസ്റ്റോ 30 കിലോ വീതം  അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് 15 കിലോ രണ്ടു തവണയായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക.  രണ്ടാഴ്ചയിലൊരിക്കൽ ഒരു കിലോ  ചാണകം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പൂവിടുമ്പോൾ കൊടുക്കുക. വള്ളി വീശുമ്പോൾ തറയിൽ പടരുന്നതിനു സൌകര്യമൊരുക്കുക, മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.

സസ്യസംരക്ഷണം(കീടങ്ങൾ)

കായീച്ച : കീടബാധയേറ്റ കായ്കൾ ശേഖരിച്ചു നശിപ്പിക്കുക. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിക്ക് 100 ഗ്രാം  എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ഇടുക. പഴക്കെണികളോ ഫിറമോൺ കെണികളോ ഉപയോഗിച്ച് കായീച്ചകളെ നശിപ്പിക്കാം.

നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ: മഞ്ഞക്കെണി ഒരു സെന്റിന് ഒന്ന് എന്ന തോതിൽ കെട്ടുക, രണ്ടു ശതമാനം  വീര്യമുള്ള വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം തളിക്കുക. മഞ്ഞളിപ്പിനെ അതിജീവിക്കാൻ 10 ഗ്രാം മഗ്നീഷ്യം  സൾഫേറ്റ് /ഒരു ലീറ്റർ വെള്ളം എന്ന തോതിൽ തളിക്കുക.

ഇലതീനിപ്പുഴുക്കൾ: പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക, അഞ്ചു ശതമാനം വേപ്പിൻകുരുസത്ത് (50 ഗ്രാം ഉണക്കിപ്പൊടിച്ച വേപ്പിൻകുരു ഒരു ലീറ്റർ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത സത്ത്) തളിക്കുക, ഗോമൂത്രം ഒരു ലീറ്റർ + കാന്താരി 10 ഗ്രാം മിശ്രിതം തയാറാക്കി ഒൻപതു ലീറ്റർ വെള്ളം ചേർത്തു തളിക്കുക, ബിവേറിയ ബാസിയാന എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുക.

എപ്പിലാക്ന വണ്ട്: തവിട്ടുനിറത്തിൽ കറുത്ത പുള്ളികളുള്ള, അർധവൃത്താകൃതിയിലുള്ള വണ്ടുകളും മഞ്ഞനിറത്തിലുള്ള പുഴുക്കളും ഇലയിലെ ഹരിതകം കാർന്നു  തിന്ന് ഇലകൾ ഉണങ്ങിക്കരിയുന്നു. വേപ്പിൻകുരു അഞ്ചു ശതമാനം , വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം  എന്നിവയിൽ ഏതെങ്കിലും ഒന്നു തളിച്ച്  ഇവയെ നിയന്ത്രിക്കുക.

രോഗങ്ങൾ

മൊസേക്ക് രോഗം: ഇലകളിൽ പച്ചയും മഞ്ഞയും കലർന്ന നിറങ്ങൾ കാണുന്നു, ഇലകൾ മുരടിക്കുന്നു. പുതുതായി വരുന്ന ഇലകൾ ചെറുതാകുകയും മുരടിക്കുകയും ചെയ്യുന്നു, കായ്പിടിത്തം തീരെ കുറയുന്നു.

  • നിയന്ത്രണം: രോഗം ബാധിച്ച ചെടികൾ നശിപ്പിച്ചു കളയുക, രോഗവാഹകരായ കീടങ്ങളെ നശിപ്പിക്കാൻ വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ രണ്ടു ശതമാനം വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി എന്നിവ ഉപയോഗിക്കുക.

ഇലപ്പുള്ളിരോഗം: ഇലയുടെ അടിഭാഗത്തു വെള്ളം വീണു നനഞ്ഞതുപോലുള്ള പാടുകൾ ഉണ്ടാവുകയും തുടർന്ന് ഇലയുടെ മുകൾഭാഗത്ത് മഞ്ഞപ്പുള്ളികൾ കാണുകയും ചെയ്യുന്നു. ക്രമേണ പുള്ളികൾ വലുതായി ഒന്നിച്ചു ചേർന്ന് ഇലകൾ കരിഞ്ഞുണങ്ങുന്നു.

  • നിയന്ത്രണം: രോഗലക്ഷണമുള്ള ഇലകൾ നശിപ്പിക്കുക, സ്യൂഡോമോണാസ് ലായനി രണ്ടു ശതമാനം (20 ഗ്രാം – ഒരു ലീറ്റർ വെള്ളം എന്ന തോതിൽ) ഇലയുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം തളിക്കുക.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA