ADVERTISEMENT

കായ്കൾ മൂപ്പെത്താറാകുമ്പോൾ വാഴയില്‍ ഉണ്ടാകുന്ന കീട, രോഗാക്രമണങ്ങൾ ഏറെ അപകടകരമാണ്. മൂപ്പെത്തി വിളവെടുക്കാറായ കുലകളെ ബാധിക്കുന്ന കീടങ്ങളിൽ കായീച്ച, പഴയീച്ച, മീലിമൂട്ട, കായ്‌തുരപ്പൻപുഴു എന്നിവയെയാണ് കർഷകർ ഇതുവരെ ഭയപ്പെട്ടിരുന്നത്. ഇവയുടെ ആക്രമണം കുലകളിലെ തൊലി വിണ്ടുകീറിയ പഴങ്ങളിലോ അല്ലെങ്കിൽ തോട്ടത്തിലെ ചില കുലകളിലോ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നു. എന്നാൽ 2015 മുതൽ മധ്യ കേരളത്തിലെ വിവിധ തോട്ടങ്ങളിലുംവിപണികളിലും കായ്കളുടെ തൊലിപ്പുറത്തു തുരുമ്പ് ബാധിച്ചതുപോലുള്ള ലക്ഷണങ്ങൾ കണ്ടു. പിന്നീടത് കാലാവസ്ഥാവ്യതിയാന ഘടകങ്ങൾ കാരണം കൂടിവരുന്നതായും കായ്‌പേനുകള്‍ (റസ്റ്റ് ത്രിപ്‌സ്) ആണ് കാരണമെന്നും കാണുകയുണ്ടായി.  

ജീവിതചക്രം: വാഴക്കുലകളിൽ നിക്ഷേപിക്കുന്ന മുട്ടകളിൽനിന്നു വിരിഞ്ഞിറങ്ങുന്ന ഇളംദശയിലെ പ്രാണികൾ മഞ്ഞനിറമുള്ളവയാണ്. ഇവ വദനഭാഗങ്ങൾ ഉപയോഗിച്ചു കായ്കളുടെ പുറംതൊലി കരണ്ട്, ഊറി വരുന്ന സസ്യദ്രവങ്ങൾ കുടിച്ചു വലുതാവുകയും പിന്നീട് മണ്ണിലേക്കിറങ്ങി സമാധിയാവുകയും ചെയ്യുന്നു. അതിനുശേഷം മുതിർന്ന പേനുകളായി പുറത്തുവന്ന് വാഴയെ ആക്രമിക്കുന്നു. 25 ദിവസംകൊണ്ട് ഇവയുടെ ജീവിതചക്രം പൂർത്തിയാകും.  

വിളകൾ: കായ്‌പേനുകൾ പ്രധാനമായും വാഴ, ആന്തൂറിയം, ഡ്രസീന എന്നീ വിളകളെയാണ് ബാധിക്കുന്നതെങ്കിലും ഓറഞ്ച്, തക്കാളി, പട്ടാണിപ്പയർ എന്നിവയെയും, കളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കാറുണ്ട്.  

ഇനങ്ങൾ: പൂവൻ, മൊന്തൻ , ഗ്രാന്റ് നെയ്‌ൻ, സബാ, രസകദളി എന്നീ വാഴയിനങ്ങളെ ഇവ ആക്രമിക്കുന്നു. നേന്ത്രൻ ഇനങ്ങളിലും ഇതിന്റെ ആക്രമണം കണ്ടുതുടങ്ങി.  

BANANA-1

ലക്ഷണങ്ങൾ: വാഴയുടെ തുരുമ്പ് ഈ കീടങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണമാണ്. വാഴയുടെ മൂപ്പെത്തിയ കായ്കളിൽ കാണുന്ന ഇളംദശയിലെ കായ്‌പേനുകളും അവയുടെ മുതിർന്ന കീടങ്ങളും പൂങ്കുലയിൽ ഒളിച്ചിരുന്നാണ് ആക്രമണം തുടങ്ങുന്നത്. കരണ്ടുതിന്നുന്ന വദനഭാഗങ്ങൾ ഉപയോഗിച്ച് ഇവ കായയുടെ തൊലിയില്‍ മുറിവുകളുണ്ടാക്കുകയും അതിൽനിന്ന് ഊറിവരുന്ന സ്രവങ്ങൾ തിന്നു പെറ്റുപെരുകുകയും ചെയ്യുന്നു. കായ്കളുടെ പുറംതൊലിയിൽ ഇവയുണ്ടാക്കുന്ന മുറിവുകൾ തുടക്കത്തിൽ നീണ്ട മുറിവുകളായി കാണുകയും, പിന്നീട് ഈ മുറിവുകൾ പരുപരുത്ത പാടുകളായി മാറി തുരുമ്പിച്ച് വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു (ചിത്രം). കായ്കളുടെ പുറത്ത് വ്യാപകമായി കാണുന്ന ഈ ആക്രമണ ലക്ഷണങ്ങൾ കാരണം കായ്കളുടെ ഭംഗി നഷ്‌ടപ്പെടുകയും കുലകൾക്കു പ്രതീക്ഷിച്ച വില ലഭിക്കാതെ പോവുകയും ചെയ്യുന്നു. കണ്ണിലെ കൃഷ്‌ണമണിപോലെ സൂക്ഷിച്ചവാഴക്കുലകളിൽ അവസാന നിമിഷങ്ങളിൽ ഉണ്ടാകുന്ന അഭംഗി തൊലിപ്പുറത്തു മാത്രം ഒതുങ്ങുന്നതാണെങ്കിലും വിപണനത്തെയും വിലയെയും ബാധിക്കുന്നു.

ആക്രമണ തീവ്രത: വാഴയില്‍നിന്നു വാഴയിലേക്കു പടര്‍ന്നാണ് ഈ കീടാക്രമണം രൂക്ഷമാകുന്നത്. തോട്ടത്തിൽ ഇവയുടെ ആക്രമണം ചില വാഴകളിൽ ഒതുങ്ങിനിൽക്കുമെങ്കിലും, അനുകൂല സാഹചര്യങ്ങളിൽ വളരെ വേഗം ജീവിതചക്രം പൂർത്തീകരിച്ച് പെറ്റുപെരുകി, തോട്ടത്തിലെ മുഴുവൻ വാഴകളെയും ആക്രമിച്ചേക്കാം. മധ്യ കേരളത്തിലെ, വിശേഷിച്ച് തൃശൂരിലെ ചില തോട്ടങ്ങളിൽ65% വാഴക്കുലകളിലും ഇവ രൂക്ഷമായി ബാധിച്ചതായി കണ്ടു (ചിത്രം).

നിയന്ത്രണം

മൂപ്പെത്തിയ കുലകളിൽ അവസാനഘട്ടങ്ങളിലോ ആക്രമണം രൂക്ഷമായിട്ടോ കീടനാശിനി പ്രയോഗിച്ചാല്‍ ആക്രമണ ലക്ഷണങ്ങൾ കുറയ്‌ക്കാനാവില്ല. എന്നാല്‍ താഴെപ്പറയുന്ന മാർഗങ്ങൾ ഫലപ്രദമാണ്.

  • തോട്ടങ്ങൾ നിരന്തരം നിരീക്ഷിച്ച് ആക്രമണം തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കുക.
  • കളനിയന്ത്രണം കൃത്യസമയത്തു ചെയ്യുക.
  • കുല വിരിഞ്ഞു തുടങ്ങുന്ന സമയത്തു നേർപ്പിച്ച കഞ്ഞിവെളളം തളിച്ചുകൊടുക്കുക.
  • വെർട്ടിസീലിയം ലെക്കാനി(ലെക്കാനിസീലിയം ലെക്കാനി) എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിലെന്ന തോതിൽ കുലകളിൽ 20 ദിവസത്തെ ഇടവേളകളിൽ മൂന്നു തവണ തളിച്ചുകൊടുക്കുക.
  • കുല വിരിഞ്ഞു തുടങ്ങുമ്പോൾ പോളി എത്തിലീൻ കവര്‍കൊണ്ട് പൊതിയുന്നതു കീടാക്രമണം തടയാൻ സഹായിക്കും. (ചിത്രം).
  • ഫലവർഗങ്ങളുടെ അഖിലേന്ത്യാ ഏകോപന ഗവേഷണപദ്ധതിയുടെ ഭാഗമായി ഉരുത്തിരിച്ചെടുത്ത, താഴെപ്പറയുന്ന നിയന്ത്രണമാർഗങ്ങൾ വഴി കായ്പേനുകളെ പൂർണമായും നിയന്ത്രിക്കാം.
  • കുല വിരിഞ്ഞിറങ്ങുമ്പോൾതന്നെ ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി 0.3 മില്ലി അര ലീറ്റർ വെള്ളത്തില്‍(0.001% വീര്യത്തിൽ) എന്ന തോതിൽ തയാറാക്കിയ ലായനി ഒരു മില്ലി ഒരു പൂങ്കുലയ്‌ക്ക് എന്ന തോതിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുക. 
  • വേപ്പെണ്ണ 5 മില്ലി ഒരു ലീറ്റർ വെളളത്തില്‍ എന്ന തോതിൽ തയാറാക്കിയ ലായനിയുടെ 2 മില്ലി ഒരു പൂങ്കുലയ്‌ക്ക് എന്ന തോതിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുക.
  • ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലീറ്റർ വെള്ളത്തില്‍(0.05% വീര്യത്തിൽ) എന്ന തോതിൽ തയാറാക്കിയ ലായനി ആദ്യപടല വിരിഞ്ഞിറങ്ങുന്ന സമയത്തും എല്ലാ പടലകളും വിരിഞ്ഞുക ഴിഞ്ഞും തളിക്കുന്നതു കായ്‌പേനുകളെ നിയന്ത്രിക്കും.  
  • ക്ലോർപൈറിഫോസ് 2.5 മില്ലി ഒരു ലീറ്റർ വെള്ളത്തില്‍ (0.05% വീര്യത്തിൽ) എന്ന തോതിൽ തയാറാക്കിയ ലായനി വാഴയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് പേനിന്റെ സമാധിദശകളെ ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി കായ്‌പേനുകൾ പരക്കുന്നതു തടയാനും കഴിയും.  
  • തൈയാമെതോക്സാം 2 ഗ്രാം 10 ലീറ്റർ വെള്ളത്തിലെന്ന തോതിൽ ആദ്യപടല വിരിഞ്ഞിറങ്ങുമ്പോൾ തളിക്കുന്നതും കൊള്ളാം.  
  • മിത്രകുമിളായ ബ്യൂവേറിയ ബാസിയാന20 ഗ്രാം ഒരു ലീറ്റർ വെളളത്തിലെന്ന തോതിൽ വാഴച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് പേനിന്റെ സമാധിദശ ഒഴിവാക്കാൻ സഹായിക്കും.

മേൽ സൂചിപ്പിച്ച കീടനാശിനികൾ ശുപാർശപ്രകാരമുള്ള സമയങ്ങളിലും അളവിലും കൃത്യതയോടെ പ്രയോഗിച്ചാല്‍ പഴങ്ങളിൽ കീടനാശിനിയുടെ അവശിഷ്‌ടങ്ങൾ കാണില്ലെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.  

BANANA-2
കുല പൊതിഞ്ഞുസൂക്ഷിച്ചിരിക്കുന്നു

വിലാസം: അഖിലേന്ത്യാ ഫലവർഗ ഏകോപന ഗവേഷണപദ്ധതി, വാഴ ഗവേഷണകേന്ദ്രം, കണ്ണാറ, തൃശൂർ. ഫോണ്‍: 0487 2699087

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT