ADVERTISEMENT

പട്ടമരപ്പ് വരാതിരിക്കാനും, വന്നത് ചികിത്സിച്ച് ഭേദമാക്കുവാനും ചികിത്സ ബൊറാക്സ് (Borax) എന്ന മൈക്രോ ന്യൂട്രിയന്റ് വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച്.

ബ്രൗൺ ബാസ്റ്റ് (പട്ടമരപ്പ്) എന്നത് റബര്‍ മരങ്ങളിലുണ്ടാകുന്ന ശാരീരിക തകരാറാണ്. ഇതുവരെ ഈ അസുഖത്തിന് ‌ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല. ടാപ്പിങ് ആരംഭിക്കുന്ന ഭാഗത്ത് ചുറ്റിനും വളയരൂപത്തില്‍ കറയില്ലാത്ത പട്ട ദൃശ്യമാകുന്നത് പട്ടമരപ്പിന്റെ തുടക്കമാണ്. പുതുപ്പട്ടയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ ചുറ്റും നിന്ന് വലിച്ചെടുക്കുന്നതു കാരണം റബര്‍ മരങ്ങളില്‍ ടാപ്പിങ് തുടരുമ്പോള്‍ പട്ടമരപ്പും ദൃശ്യമാകുന്നു. പട്ടമരപ്പിന്റെ വളര്‍ച്ച വെട്ടിത്തുടങ്ങിയ ഭാഗത്തിനു താഴേക്ക് വളരുന്ന കറയില്ലാത്ത ദൃഢപട്ട രൂപപ്പെടുന്ന അസുഖമാണ്. പട്ടമരപ്പ് ടാപ്പിങ് പാനലില്‍ (Taping Pannel Dryness) ദൃശ്യമാകുമ്പോള്‍ ഒരടിയോളം താഴ്ത്തി ടാപ്പ് ചെയ്താല്‍ കറ ലഭിക്കാന്‍ തുടങ്ങും. എന്നാല്‍, അത് പട്ടമരപ്പിനു പരിഹാരമല്ല. കടുപ്പമുള്ള ടാപ്പിങ്, ഉത്തേജക ഔഷധപ്രയോഗം, രാസവളങ്ങളുടെ അമിത പ്രയോഗം മുതലായവയിലൂടെ പട്ട മരപ്പ് വന്ന മരങ്ങളുടെ എണ്ണവും കൂടും. 

rubber-2
പട്ടമരപ്പുള്ള വൃക്ഷം (ഇൻസെറ്റിൽ)

പട്ടമരപ്പ് വന്ന മരങ്ങളില്‍ വെട്ടിത്തുടങ്ങിയ ഭാഗത്തിനു താഴെ മുന്‍കാനയോ, പിന്‍കാനയോ ടാപ്പിങ് കത്തികൊണ്ട് ആഴത്തില്‍ മാര്‍ക്ക് ചെയ്താല്‍ കറയുടെ അംശം പോലും കാണില്ല. ഇത്തരം മരങ്ങളില്‍ ടാപ്പിങ് ആരംഭിച്ച ഭാഗത്തിനു മുകളില്‍ കറയുണ്ടായിരിക്കുകയും അത് താഴേക്ക് വരാതിരിക്കുകയും ചെയ്യും. കാരണം പ്രസ്തുത കറയ്ക്ക് മുകളിലേക്കൊഴുകാന്‍ മാത്രമെ കഴിയൂ. മണ്ണിലെ ജലവും മൂലകങ്ങളും വേരിലൂടെ വലിച്ചെടുത്ത് തടിയിലെ സൈലം എന്ന  ഭാഗത്തുകൂടി ഇലയിലെത്തുകയും പ്രകാശ സംശ്ലേഷണത്തിലൂടെ അന്നജം തുടങ്ങിയ സംയുക്തങ്ങളായി  രൂപപ്പെടുകയും തടിയെയും തൊലിയെയും വളര്‍ത്തുന്ന അതിലോലമായ കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയം എന്ന ഭാഗത്തുകൂടി താഴേക്കൊഴുകുകയും ചെയ്യുന്നു. അതിനായി മഗ്നീഷ്യം എന്ന ലോഹമൂലകമാണ് ഫോസ്‌ഫറസിനെയും വഹിച്ചുകൊണ്ട് വേരിലെത്തി വേരുകളെ വളരാന്‍ സഹായിക്കുന്നത്. വേരിന്റെ വളര്‍ച്ചയ്ക്കു ശേഷം ഫ്ലോയത്തിനു മുകളിലൂടെ ഇലകള്‍വരെ എത്തിച്ചേരുന്ന ഫുഡ് സ്റ്റോറേജ് രൂപപ്പെടേണ്ടതാണ്. എന്നാല്‍, പട്ടമരപ്പ് വന്ന മരങ്ങളില്‍ തടിയുടെ വണ്ണം വർധിക്കുകയും പാല്‍പട്ട ഇല്ലാത്ത അവസ്ഥ തുടരുകയും ചെയ്യും. 

ടാപ്പിങ് ആരംഭിക്കുന്ന ഭാഗത്തുനിന്ന് താഴേക്കുള്ള പുതുപ്പട്ട വളരാനാവശ്യമായ മൂലകങ്ങള്‍ ചുറ്റിലും നിന്ന് വലിച്ചെടുക്കുന്നു. അതിനാല്‍ മരത്തിന്റെ സ്വരക്ഷക്കായി കോര്‍ക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേക്ക് ജീവനുള്ള കോശങ്ങള്‍ ഉണ്ടാക്കാതെ ഫ്ലോയത്തെ അമര്‍ത്തി  താഴേക്കൊഴുകുന്ന ഒഴുക്കിനെ തടയുന്നു. അതാണ് വെട്ടിത്തുടങ്ങിയ ഭാഗത്തിന് ചുറ്റും കറയില്ലാത്ത ബാര്‍ക്ക് ഐലന്റ് രൂപപ്പെടാന്‍ കാരണം.  അത്തരത്തില്‍ താഴേക്ക് കറയില്ലാത്ത പട്ട കേമ്പിയത്തിന് മുകളില്‍ രൂപപ്പെടുകയും പട്ടമരപ്പിന് കാരണമാകുകയും ചെയ്യുന്നു.  ദൃഢപട്ട വിഭജിച്ച് ഉള്ളിലേക്ക് ജീവനുള്ള കോശങ്ങള്‍ ഉണ്ടാവുകയും ഫ്ലോയത്തിന് മുകളില്‍ ഫെലോ‍ഡേം എന്ന പ്രസ്തുത ഭാഗത്തുണ്ടാകുന്ന ഫുഡ് സ്റ്റോറേജാണ് ലാറ്റെക്സിന്റെ ലഭ്യത ഉറപ്പാക്കുന്നത്. അതിന്റെ ഒഴുക്ക് താഴെനിന്ന് മുകളിലേക്കാണ്. 

ടാപ്പ് ചെയ്തു തുടങ്ങുന്നതു മുതല്‍ വെട്ടുപട്ട താഴേക്ക് താഴുമ്പോള്‍ പുതുപ്പട്ടക്ക് വളരാനുള്ള ഘടകങ്ങളില്‍  പ്രധാനം ബോറോണ്‍ ആണ്. ബോറോണിന്റെ അഭാവമാണ് ബാര്‍ക്ക് ഐലന്റ് ഉണ്ടാകന്‍ കാരണം. പുതുപ്പട്ട ചുരണ്ടി ഒരിഞ്ച് വീതിയില്‍ വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച ബോറാക്സ് പുരട്ടിയാല്‍ പട്ടമരപ്പൊഴിവാക്കാം എന്ന് അനുഭവത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.  ഇത്തരത്തിലൊരു പരീക്ഷണത്തിന് വഴികാട്ടിയായത് കാര്‍ഷിക സര്‍വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവിയായിരുന്ന പരേതനായ ഡോ. തോമസ് വര്‍ഗീസാണ്. അമിതമായ പാലൊഴുക്ക് നിയന്ത്രിക്കാന്‍ സിങ്കിന് കഴിയും. എന്നാല്‍, അത് പട്ടമരപ്പിനു കാരണമാകും. ടാപ്പിങ് ഇടവേള വര്‍ധിപ്പിച്ച് ഡ്രിപ്പിങ് നിയന്ത്രിക്കാം.

rubber-1
പട്ടമരപ്പുള്ള റബർ മരത്തിന്റെ പുറത്തെ മൊരി ബോറാക്സ്–വെളിച്ചെണ്ണ മിശ്രിതം പുരട്ടുന്നതിനായി നീക്കം ചെയ്തിരിക്കുന്നു

പട്ടമരപ്പ് വരാത്ത മരങ്ങളില്‍ 10 gram ബൊറാക്സ് 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച് വള്ളിപ്പാൽ എടുത്തുമാറ്റിയ ശേഷം ഒരിഞ്ച് വീതിയില്‍ കറ പൊടിയാത്ത രീതിയില്‍ മൊരി ചുരണ്ടിയ ശേഷം ബ്രഷ് കൊണ്ട് പുരട്ടിയാല്‍ മതി. പുതുപ്പട്ടയുടെ വളര്‍ച്ചയ്ക്കും, പാല്‍ക്കുഴലുകളുടെ സംരക്ഷണത്തിനും സഹായകമാകുകയും പട്ടമരപ്പ് വരാതെ സംരക്ഷിക്കുകയും ചെയ്യാം. വെട്ടിത്തുടങ്ങിയ ഭാഗത്തിനോട് ചേര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള ബാര്‍ക്ക് ഐലന്റും ഇല്ലാതാക്കാം. ടാപ്പ് ചെയ്യുമ്പോള്‍ നഷ്ടമാകുന്ന മൂലകങ്ങളെ എത്തിക്കാനും പുതുപ്പട്ടയുടെ വളര്‍ച്ചയ്ക്കും പട്ടമരപ്പൊഴിവാക്കാനും ബോറാക്സിന് കഴിയും. ഒരു ഭാഗത്ത് പുരട്ടിയാല്‍ മതി റബര്‍ മരത്തിന്റെ വേരുമുതല്‍ ഇലവരെ എത്തിച്ചേര്‍ന്ന് മരത്തിന് പൂര്‍ണ സംരക്ഷണം നല്‍കുന്നത് പ്രകടമാകുകയും ചെയ്യും.

പട്ടമരപ്പ് വന്ന മരങ്ങളില്‍ വെട്ടിത്തുടങ്ങിയ ഭാഗത്തോട് ചേര്‍ന്ന് താഴേക്ക് മൊരി ചുരണ്ടി പത്ത് വര്‍ഷത്തില്‍ താഴെ പ്രായമുള്ള മരമാണെങ്കില്‍ ആറിഞ്ച് വീതിയിലും, പ്രായം കൂടിയ മരമാണെങ്കില്‍ ഒരടി വീതിയിലും പത്ത് ഗ്രാം ബോറാക്സ് ഒരു കിലോ വെളിച്ചെണ്ണയില്‍ ലയിപ്പിച്ചത് പുരട്ടുക. ഒരാഴ്ചക്കുള്ളില്‍ പാല്‍ക്കുഴലുകള്‍ രൂപപ്പെടുമെങ്കിലും ഒരു മാസത്തിന് ശേഷം ടാപ്പ് ചെയ്യുന്നതാണ് ഉത്തമം. കട്ടിയുള്ള ലാറ്റെക്സ് ലഭ്യത ഉറപ്പാക്കി 30 DRC ക്ക് താഴേക്ക് പോകാത്ത രീതിയില്‍ ടാപ്പിങ് ദിനങ്ങള്‍ തമ്മിലുള്ള അകലം നിയന്ത്രിക്കുന്നത്  നല്ലതാണ്. പഴയ മരങ്ങള്‍ വെട്ടിമാറ്റാതെ റീപ്ലാന്റ് ചെയ്യാതെ ഉൽപാദന വര്‍ധനയും ഉൽപാദനക്ഷമതയും നിലനിർത്താം. വണ്ണവും പൊക്കവും ഇലപ്പടര്‍പ്പും ഉള്ള മരങ്ങളില്‍ ഡിആര്‍സി കൂടിയ കൂടുതല്‍ കറ ലഭിക്കും. 

മുന്‍പ് ടാപ്പ് ചെയ്ത ഭാഗത്ത് മുഴകളുണ്ടെങ്കില്‍ നേര്‍പ്പിച്ച ബോറാക്സ് പ്രയോഗിക്കുന്നതിന് മുന്‍പ് അവ വെട്ടി മാറ്റി കറ നഷ്ടപ്പെടാതെ മറുവശം ടാപ്പിങ് തുടരാം.  

കൂടുതൽ വിവരങ്ങൾക്ക്

എസ്. ചന്ദ്രശേഖരന്‍ നായര്‍ 09447183033

Email: chandrasekharan.nair@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com