തീറ്റപ്പുല്ല് കൃഷി ചെയ്യാം, മണ്ണില്ലാതെ

HIGHLIGHTS
  • വളരെക്കുറച്ചു വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാനുള്ള സാങ്കേതികവിദ്യ
  • ഒരു കിലോ പച്ചപ്പുൽ ഉണ്ടാക്കുന്നതിന് 60 മുതൽ 80 ലീറ്റർ വരെ ജലം വേണം
fodder-1
SHARE

കേരളത്തിൽ പുൽക്കൃഷിക്കു സ്ഥലലഭ്യതക്കുറവും തൊഴിലാളിക്ഷാമവും കൂടിയ ചെലവുമൊക്കെ പ്രതികൂല ഘടകങ്ങളാണ്. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പുൽക്കൃഷി കുറഞ്ഞ ചെലവിൽ അനായാസം സാധ്യമാക്കാം, ഹൈഡ്രോപോണിക്സ് എന്ന സാങ്കേതികവിദ്യയിലൂടെ.

ഹൈഡ്രോപോണിക്സ്

മണ്ണും വളവുമില്ലാതെ വളരെക്കുറച്ചു വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാനുള്ള സാങ്കേതികവിദ്യയാണ് ഹൈഡ്രോപോണിക്സ്. വിത്തിട്ട് ഏഴാം ദിവസം മുതൽ ഗുണമേൻമയുള്ള പച്ചപ്പുൽ ലഭ്യമാക്കുന്നു ഈ സാങ്കേതികവിദ്യ.  

മേൻമകൾ

  • കുറഞ്ഞ ചെലവിൽ വർഷം മുഴുവൻ തീറ്റപ്പുല്‍ ലഭ്യത ഉറപ്പാക്കാം.  
  • നിയന്ത്രിത അന്തരീക്ഷത്തിൽ വളർത്തുന്നതിനാൽ കാലാവസ്ഥ പ്രശ്നമാകില്ല.
  • സാധാരണ 45 മുതൽ 60 ദിവസംവരെ വേണ്ടിവരും തീറ്റപ്പുൽക്കൃഷി വിളവെടുക്കാന്‍. എന്നാൽ ഹൈഡ്രോപോണിക്സില്‍ ഏഴാം ദിവസം മുതൽ വിളവെടുക്കാം.  
  • തീറ്റപ്പുല്ലിനു താരതമ്യേന കൂടുതൽ വെള്ളം ആവശ്യമാണ്. ഒരു കിലോ പച്ചപ്പുൽ ഉണ്ടാക്കുന്നതിന് 60 മുതൽ 80 ലീറ്റർ വരെ ജലം വേണം. ഇതു ജലലഭ്യത കുറഞ്ഞിടങ്ങളിൽ പുൽക്കൃഷി അസാധ്യമാക്കുന്നുണ്ട്. എന്നാൽ ഹൈഡ്രോപോണിക്സ് കൃഷിക്ക് 2 – 3 ലീറ്റർ വെള്ളം മതി.  
  • ഹൈ‍ഡ്രോപോണിക്സ് വഴി ഉൽപാദിപ്പിക്കുന്ന തീറ്റപ്പുല്ലിൽ നാരുകളും പ്രോട്ടീനും ധാതുക്കളും കൂടുതലാണെന്നു പഠനങ്ങൾ.

‌കൃഷിരീതി

മക്കച്ചോളം, ബാർലി, ചാമ, ഗോതമ്പ്, മണിച്ചോളം, പയർ തുടങ്ങി പല തീറ്റവിളകളും ഹൈഡ്രോപോണിക്സ് രീതിയിൽ കൃഷി ചെയ്യാം. വിത്ത് പന്ത്രണ്ടു മണിക്കൂറോളം കുതിർക്കാൻ വച്ചതിനുശേഷം 24 മണിക്കൂർ ചണച്ചാക്കിൽ കെട്ടിവയ്ക്കുന്നു. തുടർന്ന് ഓരോ ട്രേയിലായി വിത്തിടുന്നു. ഏഴാം ദിവസം മുതൽ തിങ്ങിനിറഞ്ഞു വളർന്ന പച്ചപ്പുല്ല് തയാറാകും. ശരാശരി 20 മുതൽ 25 സെ.മീ. വരെ നീളം ഉണ്ടാകും. തയാറായ തീറ്റപ്പുല്ല് ട്രേകളിൽനിന്ന് പുറത്തെടു ത്ത് നേരേ കാലികൾക്കു നൽകാം.

മണ്ണില്ലാപ്പുൽക്കൃഷിക്കുള്ള യന്ത്രം ആധുനിക ഇലക്ട്രോണിക് ഓട്ടോമാറ്റിക് സംവിധാനമടങ്ങിയതാണ്. 100 ചതുരശ്ര അടി മാത്രം സ്ഥലം ആവശ്യമുള്ള ഈ യന്ത്രം, തുറസ്സായ സ്ഥലങ്ങളിൽ സ്ഥാപിക്കാം. സാധാരണയായി 9 അടി നീളം, 5 അടി വീതി, 10 അടി ഉയരമുള്ള യന്ത്രത്തിൽ പ്രതിദിനം 120 കിലോ വരെ ഉൽപാദനശേഷിയുണ്ട്. ട്രേകൾ വച്ചിരിക്കുന്ന തട്ടുകളോടു കൂടിയ പെട്ടി, ഹ്യുമിഡിഫയർ, കൺട്രോൾ പാനൽ എന്നിവയാണു പ്രധാന ഭാഗങ്ങൾ. ‌പെട്ടിക്കുള്ളിൽ പുല്ല് നനയ്ക്കാനുള്ള മിസ്റ്റ് സംവിധാനവും അന്തരീക്ഷ ആർദ്രത, പ്രകാശം, ഊഷ്മാവ് എന്നിവ ക്രമീകരിക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. ഇപ്പോൾ ഇതു വിപണിയിൽ ലഭ്യ മാണ്.

വെള്ളായണി കാർഷിക കോളജിൽ 2018–19 കാലയളവിൽ ചെലവു കുറഞ്ഞ ഹൈഡ്രോപോണിക്സ് കൃഷിരീതി വിജയകരമായി പരീക്ഷിച്ചിരുന്നു. കരമന സംയോജിത കൃഷി ഗവേഷണകേന്ദ്രത്തിലാണു പരീക്ഷണം നടത്തിയത്. പിവിസി പൈപ്പുകൾ (2.മീ. നീളം x 1.3 മീ. വീതി x 1.8 മീ. ഉയരം) ഉപയോഗിച്ചാണ് മിതമായ ചെലവിൽ യന്ത്രം നിർമിച്ചിട്ടുള്ളത്. ഇതിൽ വിത്തുകൾ ക്രമീകരിക്കുന്നതിനായി ട്രേകൾ അടങ്ങിയ നാലു തട്ടുകളും, തുള്ളിനന സൗകര്യവുമുണ്ട്. 15,000 രൂപ മുതൽ 50,000 രൂപവരെ വിലയുള്ള പല വലുപ്പത്തിലുള്ള യന്ത്രങ്ങൾ ലഭ്യമാണ്.  

നെല്ല്, യവം, ചോളം, ഗോതമ്പ്, മണിചോളം, ചാമ, കൂവരക്, പയർ, കാണം, ചെറുപയർ എന്നിവ ഈ യന്ത്ര ത്തിൽ കൃഷി ചെയ്തപ്പോൾ ഏറ്റവും ലാഭകരമായി കണ്ടത് ചോളമാണ്. അതേസമയം ഏറ്റവും കൂടുതൽ വിളവും ഗുണവുമുള്ളതായി കണ്ടത് ചെറുപയറും.

ചോളം: ഹൈഡ്രോപോണിക്സ് സംവിധാനത്തിൽ ലോകമെമ്പാടും ഏറ്റവും അധികം കൃഷി ചെയ്യുന്ന തീറ്റവിള ചോളമാണ്. ഒരു ചതുരശ്ര അടിക്ക് 200 ഗ്രാം വിത്താണ് ആവശ്യം. 11–ാം ദിവസം വിളവെടുക്കാം. ഒരു കിലോ വിത്തിടുമ്പോൾ 6 കിലോ പച്ചപ്പുല്ല് ലഭിക്കും. ഇതിൽ 15 ശതമാനം മാംസ്യം അടങ്ങിയിട്ടുണ്ട്.

ചെറുപയർ: ചെറുപയറോ മുതിരയോ ഹൈഡ്രോപോണിക്സ് രീതിയിൽ കൃഷി ചെയ്യുമ്പോൾ വിത്തുനിരക്ക് ഒരു ചതുരശ്ര അടിക്ക് 200 ഗ്രാം ആണ്. ഏഴാം ദിവസം വിളവെടുക്കാമെന്നതാണ് മെച്ചം. ഒരു കിലോ വിത്തിടു മ്പോൾ 10 കിലോ പച്ചപ്പുല്ല് ലഭിക്കും. ഇതിൽ 20 ശതമാനം മാംസ്യം അടങ്ങിയിട്ടുണ്ട്. ഹൈഡ്രോപോണിക്സ് രീതിയിൽ സാധാരണയായി വളപ്രയോഗം ആവശ്യമില്ല. എന്നാൽ പയറുവർഗങ്ങളിൽ 19:19:19 ലായനി (0.5 ശതമാനം) തളിച്ചപ്പോൾ വിളവു വർധിക്കുന്നതായി കണ്ടെത്തി.

ഫോണ്‍: 0471 2388085(രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ)

വിലാസം: അഖിലേന്ത്യാ തീറ്റപ്പുൽ ഗവേഷണ പദ്ധതി, കാര്‍ഷിക കോളജ്, വെള്ളായണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA