ADVERTISEMENT

കേരളത്തിന്റെ വടക്കൻ ജില്ലകളിലും കർണാടകയിലും കമുക് പ്രധാന കാർഷിക വിളയാണ്. ഉയരമേറിയ കമുകിൽനിന്ന് കുറിയ ഇനം കമുകുകളുടെ സ്വീകാര്യത കർഷകർക്കിടയിൽ ഏറെയിട്ടുമുണ്ട്. കണ്ണൂർ സ്വദേശിയും ഉളിക്കൽ അഗ്രോ ഫാംസ് ഉടമയുമായ ബിജു നാരായണൻ കർണാടകയിലെ കമുകിൻതോട്ടങ്ങളെക്കുറിച്ചും ഇന്റർ സെ മംഗള എന്ന കുള്ളൻ ഇനത്തെക്കുറിച്ചും വിവരിക്കുന്നു.

ഇപ്പോൾ അടക്കയുടെ വില ഉയർന്നപ്പോൾ എല്ലാവരും കമുക് കൃഷിയിലേക്ക് ശ്രദ്ധവച്ചിരിക്കുകയാണല്ലോ. ഉയരം കൂടിയ കമുകിൽനിന്ന് അടയ്ക്ക പറിച്ചെടുക്കാനുള്ള ഉയർന്ന കൂലിച്ചെലവും പ്രായോഗിക ബുദ്ധിമുട്ടും കാരണം എന്റെ കാർഷിക നഴ്സറിയിൽ എത്തുന്ന മിക്ക കൃഷിക്കാർക്കും ആവശ്യം കുള്ളൻ കമുകാണ്. ഉയരം കുറഞ്ഞ അത്തരം കമുകുകളിൽനിന്ന് അടയ്ക്ക പറിച്ചെടുക്കാൻ സാധിക്കും എന്ന് മാത്രമല്ല നേരത്തെ കായ്ക്കാൻ തുടങ്ങും എന്നതു കൂടി ഈ കുള്ളൻ കമുകിന്റെ പ്രത്യേകതയാണ്.

എന്നാൽ, കുള്ളൻ കമുക് എന്നു പറഞ്ഞു കിട്ടുന്നവയെല്ലാം കുള്ളൻ കമുക് ആണോ? കുള്ളൻ കമുക് എത്ര കാലം കൊണ്ട് കായ്ക്കും? എത്ര വർഷക്കാലം കുള്ളൻ കായ്ഫലം തരും? തുടർന്നുള്ള വർഷങ്ങളിൽ ഈ കമുക് ഉയരം വച്ച് പോകുമോ? നല്ല കായ്ഫലം ലഭിക്കുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഒന്നു പഠിക്കണം എന്ന് വിചാരിച്ചിട്ട് കുറച്ച് കാലമായി.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച അടയ്ക്ക ഗവേഷണ കേന്ദ്രമാണ് സിപിസിആർഐ. അവിടെനിന്നാണ് കുള്ളൻ കമുക് സൃഷ്ടിക്കപ്പെട്ടത്. ഇന്റർ സേ മംഗള, ഇന്റർ സെ മോഹിത് നഗർ തുടങ്ങി ഒട്ടേറെ കുറിയ ഇനങ്ങൾ സിപിസിആർഐ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ ചിലത് വിജയം ആയിട്ടുണ്ട്. ചിലത് പത്തുകൊല്ലം ആയിട്ടും കായ്ക്കാൻ തുടങ്ങിയിട്ടുമില്ല.

ഇപ്രാവശ്യത്തെ എന്റെ കാർഷിക അന്വേഷണ യാത്ര കേന്ദ്രീകരിച്ചത് കമുകിന്റ നാടായ ദക്ഷിണ കർണാടകയും കാസർകോടുമടങ്ങുന്ന അതിമനോഹരമായ കാർഷികഭൂമിയിലാണ്. യാത്ര തുടങ്ങിയത് സിപിസിആർഐയുടെ വിറ്റ്ല കേന്ദ്രം തൊട്ടാണ്. ഇവിടെ നിന്നും പുറത്തിറക്കിയ ഇൻറർ സെ മംഗള ഇനം കമുകാണ് ഏറ്റവും മികച്ച കുള്ളൻ കമുക് എന്നാണ് ഇവരുടെ പക്ഷം. മറ്റുചില കുള്ളൻ ഇനങ്ങളും പരിമിതമായ തോതിൽ ഇവിടെ ലഭ്യമാണെങ്കിലും അത്ര വിജയകരമല്ല എന്നാണ് കർഷകരുടെ അനുഭവത്തിൽ നിന്നുള്ള സാക്ഷ്യം. എന്തായാലും വിറ്റ്ലയിൽനിന്നും ലഭിച്ച വിവരം മനസിൽവച്ചുകൊണ്ട് പുറത്തിറങ്ങി. ഇനി വേണ്ടത് കമുക് കൃഷി ചെയ്ത കർഷകരുടെ അനുഭവമാണ് (അവരാണ് പരീക്ഷണശാലയിൽ ലഭിച്ച ഈ വിജയം കാർഷിക ഭൂമിയിൽ കിട്ടുമോയെന്ന് പറയാൻ കഴിവുള്ളവരും അർഹതയുള്ളവരും എന്നാണ് എന്റെ പക്ഷം).

നല്ല കർഷകരുടെ അനുഭവസമ്പത്തും കൃഷിരീതികളുമാണ് ഈ ഇനത്തിന്റെ വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത് എന്നാണ് എന്റെ തോന്നൽ.

ഏറ്റവും ഉയരം കുറഞ്ഞ ഏറ്റവും നേരത്തെ കായ്ഫലം തരുന്ന മംഗള ഇനത്തിൽനിന്നാണ് ഇന്റർ സെ മംഗള എന്ന കുള്ളൻ കമുക് ഉരുത്തിരിച്ചെടുത്തത് (മംഗള കമുകിലെ ഏറ്റവും ഉയരം കുറഞ്ഞ് കായ്ഫലം തന്ന കമുകുകൾ തമ്മിൽ കൃത്രിമമായി പരാഗണം നടത്തിയാണ് ആദ്യകാലത്ത് ഇൻഡർ സെ മംഗള കമുകുകൾ ഉണ്ടാക്കിയത് ). ചില കർഷകർ ആദ്യകാലത്തുതന്നെ ഇന്റർ സെ മംഗള കമുകുകൾ ധാരാളമായി വച്ചുപിടിപ്പിച്ചു. പലർക്കും മൂന്നുനാല് വർഷത്തിനുള്ളിൽത്തന്നെ ഏതാണ്ട് നാലടി ഉയരത്തിൽ തന്നെ കായ്ഫലം ലഭിക്കാനും തുടങ്ങി. നല്ല ജലസേചനവും വള പ്രയോഗങ്ങളും സസ്യ സംരക്ഷണ പ്രവർത്തനങ്ങളും പല നല്ല തോട്ടങ്ങളും ഞാൻ ഇവിടെ ദക്ഷിണ കന്നഡയിൽ കണ്ടെത്തി. 

ഇന്റർ സെ മംഗള ഇനത്തിൽ ഒരു വർഷം 11 കുലകൾ വരെ ലഭിച്ചവർ ഇവിടെ ഉണ്ട്. ഒരു കുലയിൽ 200 മുതൽ 350 വരെ അടയ്ക്ക ഉണ്ടായിരുന്നു. ആദ്യത്തെ മൂന്നു വർഷം നല്ല ജലസേചനവും വള പ്രയോഗങ്ങളും നടത്തിയാൽ മികച്ച റിസൾട്ട് ലഭിക്കുന്നവയാണ് ഇൻറർ സെ മംഗള എന്നാണ് ഇവരുടെ അഭിപ്രായം. 3 വർഷം കൊണ്ട് അടക്ക നൽകാൻ തുടങ്ങിയ തോട്ടം തൊട്ട് 17 വർഷമായി മികച്ച ആദായം ലഭിക്കുന്ന ഇൻഡർ സേ മംഗള തോട്ടങ്ങൾ വരെ ഞാൻ ഇവിടെ കണ്ടു. 17 വർഷം കൊണ്ട് കവുങ്ങ് ഏതാണ്ട് 18 അടി വരെ ഉയരം വച്ചിട്ടുണ്ട്.

ഇപ്പോൾ ഇന്റർ സെ മംഗള വിത്ത് അടയ്ക്കകൾ ശേഖരിക്കുന്നത് വലിയ ഇന്റർ സേ മംഗള തോട്ടങ്ങളുടെ (30 മുതൽ 50 വരെ ഏക്കർ) ഉൾഭാഗങ്ങളിൽനിന്നാണ്. കാരണം പരാഗണം നടക്കുന്നതു മൂലം പുറം ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്നവ പലതും ഇന്റർ സെ മംഗള ആകണമെന്നില്ല. പക്ഷേ, നമ്മുടെ നാട്ടിൽ ഇന്റർ സെ മംഗള എന്നു പറഞ്ഞു ലഭിക്കുന്നവ പലതും സാധാരണ മംഗള അടയ്ക്കയാണ്. കാരണം സാധാരണ ചെറിയ തോട്ടങ്ങളിൽ കുറച്ച് ഇന്റർ സെ മംഗള കമുകുകൾ ഉണ്ടെങ്കിലും അതിന്റെ ചുറ്റുമുള്ള മറ്റു കമുകിൽനിന്നും പരാഗണം നടക്കുന്നതു മൂലം അവ ഒരിക്കലും കുള്ളൻ കമുക് ആയി മാറില്ല എന്നത് ഉറപ്പാണ്.

രണ്ടുദിവസമായി ഞാൻ നടത്തിയ ഈ യാത്രയിൽനിന്ന് എനിക്ക് മനസിലായത് ദക്ഷിണ കന്നഡയുടെ പല ഭാഗങ്ങളിലും മികച്ച ആദായം തരുന്ന ഇൻറർ സെ മംഗള തോട്ടങ്ങളുണ്ട് എന്നാണ്. മറ്റു പല നല്ലയിനം കമുകിനങ്ങളും ഇവിടെയുണ്ട്. മംഗള, സുമംഗള, സൗത്ത് കാനറ, മോഹിത് നഗർ തുടങ്ങി പല ഇനങ്ങളും നല്ല ആദായം തരുന്ന കമുകിനങ്ങൾ ആണ്. പക്ഷേ, ഇവയിൽ പലതും നല്ല ഉയരം വയ്ക്കുന്നവയാണ്.

ശരിയായ ഇൻറർ സെ മംഗള വിത്ത് വാങ്ങി ഉപയോഗിച്ചാൽ മൂന്നുനാല് വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും എന്നുള്ള കാര്യം ഉറപ്പാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9447447694

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT