ADVERTISEMENT

നമുക്ക് ചീരക്കൃഷി ഒന്ന് ഹൈ ടെക് ആക്കിയാലോ. എട്ടും പത്തും ചീര വേണമല്ലോ നമുക്ക് ഒരു കറി വയ്ക്കാൻ. ഒരു ചീര കൊണ്ട് ചുരുങ്ങിയത് ഒരു കറി എങ്കിലുംവയ്ക്കാൻ കഴിയണം. അതിനു ചീരക്കൃഷി ലേശം പരിഷ്‌കരിച്ചാൽ മതി. അതിനുള്ള കുറച്ചു ടിപ്സ് പറഞ്ഞു തരാം. 

  • തൈ ഇളക്കിയെടുത്തു നടുമ്പോൾ ഗ്രോ ബാഗ് മൂന്നിൽ ഒരു ഭാഗം മാത്രമേ നിറയ്ക്കാവൂ. ചീര വളരുന്നതനുസരിച്ച് ഗ്രോ ബാഗ് നിറച്ചുകൊണ്ടേ ഇരിക്കുക. ചീരയ്ക്ക് ഒരു പ്രത്യേകതയുണ്ട് അതിന്റെ തണ്ട് (Stem) മണ്ണിൽ മുട്ടി നിൽക്കുന്ന ഭാഗത്തുനിന്നെല്ലാം ധാരാളം വേരിറങ്ങും. വേരിറങ്ങണമെങ്കിൽ തണ്ട് മണ്ണിനടിയിൽ പോകണം. അതിനാണ് നമ്മൾ താഴ്ത്തി നടുന്നത്. വേരു പടലത്തിനു മുകളിലോട്ട് തണ്ട് ഒരു 6-8 ഇ‍ഞ്ച് എങ്കിലും മണ്ണിനടിയിൽ പോകണം. നല്ല വേരുപടലമുള്ള സസ്യമാണ് ചീര. വേരുകളുടെ വ്യാപ്തി വർധിക്കുന്നതനുസരിച്ച് ചീരയുടെ വലുപ്പവും വർധിക്കും.
  • ചീര ഒരു Heavy feeder ആണ്. നല്ല‌വണ്ണം വളം നൽകിയാൽ ചീര പ്രതികരിക്കുന്നതുപോലെ മറ്റൊരു സസ്യവും പ്രതികരിച്ചു കാണാറില്ല. ചീര നടുന്ന പോട്ടിങ് മിക്സ്ചറിന്റെ 1/4 ഭാഗം കരിയിലപ്പൊടി ആവണം. ഒരു ഗ്രോ ബാഗിന് 100 ഗ്രാം. വേപ്പിൻ പിണ്ണാക്കും 100 ഗ്രാം വേണം. ആവിയിൽ പുഴുങ്ങിയ എല്ലുപൊടിയും ചേർക്കണം. മേൽമണ്ണ് അഥവാ ഒരിക്കൽ ഗ്രോ ബാഗിൽ ഉപയോഗിച്ച മണ്ണ് 8-10 ദിവസം ഒരു ഗ്രോ ബാഗിന് ഒരു ടേബിൾ സ്പൂൺ എന്ന തോതിൽ കുമ്മായം ചേർത്ത് നന്നായി കൂട്ടി യോജിപ്പിച്ച് ഈർപ്പം നിലനിർത്തി മൂടി ഇടണം. കുമ്മായത്തോടോപ്പം ഒരു വളവും ചേർക്കാൻ പാടില്ല. ഏറ്റവും നല്ല ജൈവ വളം മണ്ണിര കമ്പോസ്റ്റാണ്. അഴുകിപ്പൊടിഞ്ഞ കോഴിവളം ചീരയ്ക്ക് വളരെ നല്ലതാണ്‌. കുറച്ചേ ചേർക്കാവൂ എന്നു മാത്രം. കോഴിവളത്തിൽ പൊട്ടാഷ് കുറവാണ്. ചീരയ്ക്ക് പൊട്ടാഷ് കിട്ടിയാൽ വേഗം അരി വരും. ചീരയ്ക്ക് ചാരവും കൊടുക്കരുത്. ചാരത്തിലുള്ളത് പൊട്ടാഷ് ആണ്. അസോള  ഉത്തമ വളമാണ്. മീൻ വളവും വളരെ നല്ലതാണ്‌. ചീര നടുമ്പോൾ മിക്സിയിൽ പൊടിച്ച മുട്ടത്തോടിന്റെ പൊടി ഒരു ടേബിൾ സ്പൂൺ ചേർക്കണം. ചീരയ്ക്ക് ക്രമാനുഗതമായി കാത്സ്യം ലഭിക്കാനും മണ്ണിന്റെ കാർബൺ–നൈട്രജൻ അനുപാതം മെച്ചപ്പെടുത്താനും ഇത് അത്യാവശ്യമാണ്.
    ചീരയ്ക്ക് കൂടുതൽ കാത്സ്യം ആവശ്യമാണ്. കുമ്മായത്തിനു പകരമായല്ല മുട്ടത്തോടിന്റെ പൊടി ചേർക്കുന്നത്. കുമ്മായം കാത്സ്യം ഹൈഡ്രോക്‌സൈഡ് ആണ്. മുട്ടത്തോടിന്റെ പൊടി ആകട്ടെ 95% കാത്സ്യം കാർബണേറ്റ് ആണ്. ബാക്കി 5% മഗ്നീഷ്യം കാർബണേറ്റും കാത്സ്യം ഫോസ്‌ഫേറ്റുമാണ്. ഒരു ഗ്രോ ബാഗിന് 20 ഗ്രാം ട്രൈക്കോഡെർമ ഉറപ്പായിട്ടും ചേർക്കണം (ഇത് നേർപ്പിച്ച കഞ്ഞിവെള്ളത്തിൽ കലക്കി 3-4 മണിക്കൂർ കഴിഞു ഗ്രോ ബാഗിൽ ഒഴിച്ചുകൊടുത്താൽ കൂടുതൽ നന്ന്). ട്രൈക്കോഡെർമ ചേർത്താൽ ഇലപ്പുള്ളി രോഗം ഉണ്ടാവുന്നതല്ല. അൽപം മൈക്കോറൈസ വേരുമായി സമ്പർക്കം വരത്തക്ക വിധത്തിൽ ഇട്ടു വേണം ചീര നടേണ്ടത്. മൈക്കോറൈസ അതിജീവിക്കുന്നത് പേരുപടലത്തിലാണ്. വേരിനു ചുറ്റുമുള്ള മണ്ണിലാണ് ട്രൈക്കോഡെർമയുടെ അതിജീവനം. കരിയിലപ്പൊടി കൊണ്ട് പുത ഇടണം.
  • ഇനിയുള്ള പരിപാലനമാണ് ചീരയുടെ വളർച്ച വേഗത്തിലാക്കുന്നത്. അതിരാവിലെയോ വൈകുന്നേരമോ നേർപ്പിച്ച വേപ്പിൻ പിണ്ണാക്കിന്റെ വെള്ളം കൊണ്ട് ചീരയെ കുളിപ്പിക്കുക. ഇത് എല്ലാ ദിവസവും ചെയ്യണം. വേപ്പിൻ പിണ്ണാക്കിന്റെ വെള്ളം ഇലയിൽ എവിടെയെങ്കിലും തങ്ങി കിടക്കുന്നെങ്കിൽ അത് തട്ടിക്കളയുക. ഒരു ദിവസം രണ്ടു നേരം വേണമെങ്കിലും വേപ്പിൻ പിണ്ണാക്കിന്റെ വെള്ളം കൊടുക്കാം. ചുവട്ടിലും ഒഴിച്ചു കൊടുക്കാം. നട്ട്‌ രണ്ടാഴ്ച കഴിഞ്ഞാൽ നേർപ്പിച്ച ജൈവ സ്ലറിയോ ബയോ ഗ്യാസിനെ സ്ലറിയോ നേർപ്പിച്ച ജീവാമൃതമോ കപ്പലണ്ടി പിണ്ണാക്കിനെ വെള്ളമോ ആഴ്ചയിൽ ഒരിക്കൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ജലസേചനം ആവശ്യത്തിനു മാത്രം. അതായത് ഒരു തുള്ളി വെള്ളം പോലും പുറത്തു വരാൻ പാടില്ല. ഇപ്രകാരം കൃഷി ചെയ്യുന്ന ചീര 100% രോഗ കീട വിമുക്തമായിരിക്കും. 
  • വിത്ത് ഗുണം പത്തു ഗുണം. പട്ടു ചീരയോ രേണുശ്രീ ചീരയോ സുന്ദരി ചീരയോ തരുന്ന വിളവ് മറ്റു ഒരു ചീരയിൽനിന്നും ലഭിക്കില്ല. പട്ടു ചീര അതീവ സ്വാദിഷ്ടവുമാണ്. ഈ മൂന്നു ചീരകൾക്കും ഉള്ള പ്രത്യേകത അവയ്ക്ക് ധാരാളം ശാഖകൾ ഉണ്ടാകും എന്നതാണ്. നല്ല ശിഖരങ്ങളോടുകൂടി കരുത്തോടെ വളരാൻ ഒരു ഗ്രോ ബാഗിൽ ഒരു ചീര മാത്രം നടുക. ഒരു ഗ്രോ ബാഗിൽ ഒന്നു നട്ടാലും രണ്ടെണ്ണം നട്ടാലും മൂന്നെണ്ണം നട്ടാലും കിട്ടുന്ന വിളവ് ഏറെക്കുറെ ഒന്നു തന്നെ ആയിരിക്കും. കൂടുതൽ എണ്ണം നടുമ്പോൾ വളർച്ചയുടെ തോത് കുറയും ബ്രാഞ്ചുകളുടെ  വലുപ്പവും എണ്ണവും കുറയും.      
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT