ADVERTISEMENT

പാലക്കാടിന്റെ കറുത്ത മണ്ണിൽ വീണ്ടും പരുത്തിപ്പൂ വിരിഞ്ഞു. വിളവെടുപ്പിനൊരുങ്ങി കര്‍ഷകർ. എരുത്തേമ്പതി പഞ്ചായത്തിലെ ആർവിപി പുതൂർ പത്താം നമ്പർ കളത്തിൽ എൻ. മുത്തുകുമാരസ്വാമിയാണ് തന്റെ ഒരേക്കർ കൃഷിയിടത്തിൽ പരുത്തിക്കൃഷി ചെയ്തത്. പരുത്തി വിളവെടുക്കുന്ന തിരക്കിലാണിപ്പോൾ മുത്തുകുമാരസ്വാമിയും കുടുംബവും. 2 പതിറ്റാണ്ടുകൾക്ക് ശേഷമാണ് കൃഷിയിടത്തിൽ വീണ്ടും പരുത്തി വിളയുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച വിളവ് ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു ഈ കര്‍ഷകന്. 

ഒരുകാലത്ത് പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയായ വടകരപ്പതി, എരുത്തേമ്പതി എന്നിവിടങ്ങളിലെ കറുത്ത മണ്ണിൽ വ്യാപകമായി ചെയ്തിരുന്ന പ്രധാന കൃഷികളിലൊന്നായിരുന്നു പരുത്തി. വെള്ളത്തിന്റെയും തൊഴിലാളികളുടെയും വിപണിയുടെയും ലഭ്യതക്കുറവ് കാരണം പ്രദേശത്തെ കര്‍ഷകർ ക്രമേണ പരുത്തിക്കൃഷി തന്നെ ഉപേക്ഷിച്ചു. ഇപ്പോൾ പ്രദേശത്ത് ജലക്ഷാമത്തിന് ശമനമായതോടെയാണ് ഉപേക്ഷിച്ച കൃഷികൾ ഓരോന്നായി തിരിച്ചെത്തിത്തുടങ്ങിയത്. അങ്കൂർ ബിജി–2 എന്നയിനം പരുത്തി വിത്താണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. 

ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ 200 ഗ്രാം വിത്താണ് ആവശ്യം. പൊള്ളാച്ചിയിലെ സ്വകാര്യ വിപണിയിൽനിന്നു വാങ്ങിയ വിത്തിന് 860 രൂപയാണ് വില. കൃത്യമായ അ‌കലം പാലിച്ചുവേണം ഓരോ പരുത്തിച്ചെടിയും നടാൻ. അല്ലാത്ത പക്ഷം അത് വിളവിനെ ബാധിക്കാനിടയുണ്ടെന്ന് കർഷകൻ പറയുന്നു.  കൃഷി ചെയ്ത് 130–ാം ദിവസം പരുത്തി വിളവെടുക്കാം. ഒരേക്കറിൽനിന്ന് 1200 മുതൽ 1800 കിലോഗ്രാം വരെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കിലോഗ്രാമിന് 70 രൂപ വരെ ഇപ്പോൾ ലഭിക്കുന്നുണ്ടത്രെ. വിളവെടുത്ത പരുത്തി തമിഴ്നാട്ടിലെ അവിനാശി, രാജപാളയം, അന്തിയൂർ, നന്തിയൂർ, സേവൂർ എന്നിവിടങ്ങളിലെ വിപണികളിലാണ് വിൽപനയ്ക്കായി കൊണ്ടുപോകുന്നത്. എരുത്തേമ്പതി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എൻ. അബ്ദുൽ ഖാദറിന്റെ ശാസ്ത്രീയമായ ഉപദേശങ്ങൾ പരുത്തിക്കൃഷിയുടെ വിളവ് വർധിക്കാൻ സഹായകമായെന്ന് മുത്തുകുമാരസ്വാമി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT