ദാഹശമനത്തിന് കൊടുങ്ങല്ലൂരിന്റെ സ്വന്തം പൊട്ടുവെള്ളരി

HIGHLIGHTS
  • അദ്ഭുത കനി എന്ന വിശേഷണം
  • പാളയിൽ പിള്ള എന്ന പേരും
pottuvellari
SHARE

കൊടുങ്ങല്ലൂരിന്റെ സ്വകാര്യ അഹങ്കാരമാണ് പൊട്ടുവെള്ളരി. കനത്ത ചൂടിൽ നാടു തിളയ്ക്കുന്ന സമയത്ത് ദാഹവും തളർച്ചയും തീണ്ടാതിരിക്കാൻ പ്രകൃതി കനിഞ്ഞു നൽകിയ അദ്ഭുത കനി. കഴിച്ചാൽ ഉടൻ ക്ഷീണവും ദാഹവുമകലുന്നതുകൊണ്ട് അദ്ഭുത കനി എന്ന വിശേഷണം പൊട്ടുവെള്ളരിക്ക് ഇണങ്ങും. 

കൊടുങ്ങല്ലൂരിനു പുറമേ തൃശൂർ ജില്ലയിൽ തന്നെയുള്ള കയ്പമംഗലം, മതിലകം, മാള, വെള്ളാങ്ങല്ലൂർ എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു. 

ജലസമൃദ്ധമായ പൾപ്പാണ് കായുടെ ഉള്ളിൽ. ഇതിനു തനതായ രുചി ഇല്ല എന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ട് ഏതു രുചിയും ഗന്ധവും കലർത്തി ഉപയോഗിക്കാം. നാളികേരപ്പാലും പഞ്ചസാരയും അല്ലെങ്കിൽ ശർക്കര മാത്രമായോ ചേർത്തുപയോഗിക്കുന്ന രീതിയാണ് പ്രചാരത്തിൽ. വെള്ളം ചേർക്കാതെയാണ് മാംസളമായ ഭാഗം ഉടച്ചെടുക്കുന്നത്. അതിനാൽ ജ്യൂസ് കടകളിൽ മലിനജലം ചേർക്കും എന്ന പേടി വേണ്ട. പോഷക സമ്പന്നമായ പൊട്ടുവെള്ളരിയിൽ തണ്ണിമത്തനേക്കാൾ കൂടുതൽ നാരിന്റെ അംശവുമുണ്ട്. 

കേരളത്തിനു പുറത്ത് ഗോവ– മഹാരാഷ്‌ട്ര അതിർത്തികളിലും കൃഷി ചെയ്യുന്നുണ്ട്. അവിടെ പച്ചക്കറിയായാണ് ഉപയോഗിക്കുന്നത്. 

pottuvellari-2

കക്കരി, പാളയിൽ പിള്ള എന്നീ പേരുകളിലും അറിയപ്പെടുന്ന പൊട്ടുവെള്ളരിയുടെ ശാസ്ത്രീയ നാമം കുക്കുമിസ് മെലോ.

വലിയ മുതൽമുടക്ക് വേണ്ടാത്ത കൃഷിയാണ് പൊട്ടുവെള്ളരിയുടേത്. വിത്തിട്ടാൽ 22–ാം ദിവസം കായ വിരിഞ്ഞു തുടങ്ങും. 47 ദിവസം കഴിഞ്ഞാൽ വിളവെടുപ്പു തുടങ്ങാം.  65–ാം ദിവസം വിളവ് പൂർണമായും തീർന്നിട്ടുണ്ടാവും. പറിച്ചെടുത്ത ചില കായകൾ പൊട്ടാനിടയുണ്ട്. അതുവഴി ഉള്ളിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ പാള കൊണ്ടു പൊതിഞ്ഞിരിക്കും. അതിനാലാണ് പാളയിൽ പിള്ള എന്ന പേരുവന്നത്. 

വർഷത്തിൽ രണ്ടുവിള കൃഷിചെയ്യാം. വിളവെടുപ്പു സീസണാണ് ഇപ്പോൾ. ഒരേക്കറിൽ 8 മുതൽ 12 ടൺ വരെ വിളവു ലഭിക്കും.  

ജൈവ വളം ഉപയോഗിച്ചാണ്  കൃഷി. പ്രദേശത്തെ കർഷകരെ സംഘടിപ്പിച്ച പൊട്ടുവെള്ളരിയിൽ നിന്നു മൂല്യവർധിത  ഉൽപന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കർഷകനായ ശിവദാസൻ പോളശേരി പറഞ്ഞു. 48 വർഷമായി ശിവദാസന് കൃഷിയുണ്ട്. 

ഫോൺ: 9447441317

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA