മഞ്ഞൾ നന്നായി വളരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • മഞ്ഞളിന് വളം ധാരാളം വേണം
  • മഞ്ഞളിനു കൂടുതലായി വേണ്ട മൂലകം പൊട്ടാഷ്
turmeric
SHARE

മഞ്ഞളിന്റെ ഉൽപാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്. പക്ഷേ, നല്ല മഞ്ഞൾ കഴിക്കാൻ ഒരു പോംവഴിയേ ഉള്ളൂ. വീട്ടിൽ നട്ടു വളർത്തുക. 

മഞ്ഞളും ഇഞ്ചിയും നടാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ–മേയ് മാസങ്ങളാണ്. തടയും വിത്തുകളും നടീൽ വസ്തുക്കളാണ്. തടയിൽനിന്നു മുള പൊട്ടാൻ കൂടുതൽ സമയം എടുക്കും. മഞ്ഞൾ മുളപ്പിച്ചു തൈ ആക്കിയും നേരിട്ടും നടാം. മുളപ്പിച്ചു തൈ ആക്കി നടുന്നതാണ് കൂടുതൽ സൗകര്യപ്രദം. കുറച്ചു ചകിരിച്ചോർ കമ്പോസ്റ്റ് ഒരു ട്രേയിലെടുത്ത് അതിൽ വിത്തുമഞ്ഞൾ പാകി ഈർപ്പം നിലനിർത്തിയാൽ തനിയെ മുള പൊട്ടും. കരുത്തുള്ള മുളകളോടു കൂടിയ നടീൽ വസ്തു തിരഞ്ഞെടുക്കാം. മുളയ്ക്കാൻ ഒന്നൊന്നര മാസം എടുക്കും. ഗ്രോ ബാഗിൽ തൈ നടുമ്പോൾ അഥവാ വിത്തുമഞ്ഞൾ നേരിട്ട് ഗ്രോ ബാഗിൽ പാകുമ്പോൾ താഴ്ത്തി നടരുത്. കിഴങ്ങു ഇറങ്ങാൻ താഴോട്ട് പരമാവധി സ്ഥലം ലഭ്യമാക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്.

പോട്ടിങ് മിശ്രിതം

മഞ്ഞളിന് വളം ധാരാളം വേണം. നല്ല നീർവാർച്ചയുള്ള ഏതു മണ്ണിലും കൃഷി ചെയ്യാം. ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ പോട്ടിങ് മിശ്രിതം സമ്പുഷ്ടമായിരിക്കണം. ഗ്രോ ബാഗ് നിറയ്ക്കാനുള്ള പോട്ടിങ് മിശ്രിതത്തിൽ  20% ഉമിയും അത്രയും തന്നെ നല്ല വെയിലത്ത് ഉണക്കിപ്പൊടിച്ച കരിയിലയും ചേർത്താൽ നന്ന്. 

ഉമി ഒരു സോയിൽ കണ്ടീഷണറും വളവും ഒപ്പം തന്നെ കീട നാശിനിയുമാണ്. ഉമി വേരുകളെ ആക്രമിക്കുന്ന നിമാ വിരകളെ പ്രതിരോധിക്കും. ഈ കഴിവ് വേപ്പിൻ പിണ്ണാക്കിനുമുണ്ട്. മഴക്കാലമല്ലേ, കരിയില നനഞ്ഞതായാലും മഞ്ഞളിന്റെ കാര്യത്തിൽ കുഴപ്പമില്ല. ബാക്കി 60 ശതമാനത്തിൽ ഒരു ഭാഗം വെർമി കമ്പോസ്റ്റ്/അഴുകിപ്പൊടിഞ്ഞ ചാണകം/ചാണകപ്പൊടി/ആട്ടിൻ കാഷ്ഠം/ കോഴിക്കാഷ്ഠം/ കമ്പോസ്റ്റ് അങ്ങനെ ലഭ്യമായ ജൈവവളവും ഒരു ഭാഗം ചകിരിച്ചോർ കമ്പോസ്റ്റും, ഒരു ഭാഗം മേൽ മണ്ണും (ഒരിക്കൽ ഗ്രോ ബാഗിൽ ഉപയോഗിച്ച മണ്ണും ആകാം) 80-100 ഗ്രാം എല്ലുപൊടി, കുറച്ചു വേപ്പിൻ പിണ്ണാക്ക് രണ്ടു പിടി ചാരം (കരിയിലച്ചാരമാണ് നല്ലത്), അസോള ഉണ്ടെങ്കിൽ ഒന്നുരണ്ടു പിടി അസോള/30 ഗ്രാം മൈക്രോ ന്യൂട്രിയന്റ് എന്നിവ ചേർത്ത് നന്നായി കൂട്ടിയോജിപ്പിച്ച് ഈർപ്പം നിലനിർത്തി ഒരാഴ്ച നനഞ്ഞ ചണചാക്ക് കൊണ്ട് മൂടി ഇടുക. ഒരാഴ്ച കഴിഞ്ഞാൽ ഗ്രോ ബാഗു നിറച്ചു വിത്ത് പാകുകയോ തൈ നടുകയോ ആവാം. വിത്താണ് പാകുന്നതെങ്കിൽ കഷ്ടിച്ച് ഈർപ്പം നിലനിർത്താൻ മാത്രം വെള്ളം തളിച്ചു കൊടുത്താൽ മതി. ഗ്രോബാഗ് പുതയിട്ടു തണലത്തു വയ്ക്കുക.

പരിപാലനം

മണ്ണിനടിയിൽ ഉണ്ടാകുന്ന, കപ്പ, കാച്ചിൽ, ചേന പോലുള്ള വിളകളെപ്പോലെ മഞ്ഞളിനും കൂടുതലായി വേണ്ട മൂലകം പൊട്ടാഷ് ആണ്. 1:1:2 ആണ് മഞ്ഞളിന് വേണ്ട NPK അനുപാതം. ഇതിൽ മുഴുവൻ ഭാവകവും (P) പകുതി പൊട്ടാഷും (K) അടിവളമായി കൊടുക്കണം. മുഴുവൻ ഭാവകം ലഭിക്കാനാണ് 100 ഗ്രാം എല്ലുപൊടി ചേർത്തത്. പകുതി പൊട്ടാഷ് ലഭിക്കാനാണ് ചാരവും കരിയിലയും ചേർത്തത്. കരിയില ചേർക്കുന്നതുകൊണ്ട് 4 പ്രധാന പ്രയോജനങ്ങൾ വേറെയുണ്ട്. 1) ചാരത്തിന്റെ ദൂഷ്യ ഫലങ്ങൾ ഒന്നും കരിയിലയ്ക്കില്ല. ചാരം മണ്ണിലെ സൂക്ഷ്മാണുക്കൾക്കു ഹിതകരമല്ല. 2) കരിയിലയിലെ പൊട്ടാഷും മറ്റു മൂലകങ്ങളും സാവധാനത്തിൽ മണ്ണിൽ ലയിച്ചു ചെടിക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നു. 3) കരിയില മണ്ണിൽ ലയിച്ചുചേരുന്ന മുറയ്ക്ക് മഞ്ഞളിന്റെ കിഴങ്ങുകൾക്കു വളർന്നിറങ്ങാനുള്ള സ്ഥലം മണ്ണിൽ ലഭ്യമാകുന്നു. 4) കരിയില മണ്ണിലെ ഈർപ്പം നിലനിർത്തുന്നു.

തൈ നട്ട് 3-4 ദിവസം തണലത്തുവച്ച ശേഷം 30-40% വെയില്‍ ലഭിക്കുന്ന സ്ഥലത്തേക്കു മാറ്റിവയ്ക്കുക. വെയിൽ അധികമായാലും പ്രശ്നമില്ല. ഒരാഴ്ച ചെടിക്കു റെസ്റ്റ് ആയിക്കോട്ടെ. അത് കഴിഞ്ഞാൽ പാക്യജനകം ക്രമാനുഗതമായി ലഭ്യമാക്കണം. നല്ല കായിക വളർച്ച ഉറപ്പാക്കാനാണിത്. ധാരാളം തണ്ടുകളും ഇലകളും ഉണ്ടായെങ്കിലേ നല്ല വിളവ് ലഭിക്കുകയുള്ളൂ. 

പാക്യജനകം (Nitrogen) പത്രപോഷണം വഴി നൽകുന്നതാണ് ഏറ്റവും നല്ലത്. വളത്തിന്റെ അളവ് കുറച്ചു മതി. ആകിരണം വേര് വഴി നടക്കുന്നതിനേക്കാൾ പത്തിരട്ടി കാര്യക്ഷമമായി നടക്കും. ചെടി തഴച്ചു വളരും. നല്ല വലിപ്പമുള്ള ധാരാളം ഇലകൾ പ്രത്യക്ഷപ്പെടും.

ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ലൂസായി ഒരു തുണിസഞ്ചിയിൽ കെട്ടി ഒരു പ്ലാസ്റ്റിക് ബക്കറ്റിലെ 8-10 ലീറ്റർ വെള്ളത്തിൽ ഇട്ട് അടച്ചുവയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞു ഈ വെള്ളം എടുത്തു ഒരു നേരിയ തവിട്ടു നിറം ആകുന്നതു വരെ നേർപ്പിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഇലകളുടെ അടിയിലും മുകളിലും അതി രാവിലെ/വൈകുന്നേരം ഒരു സ്പ്രേയർ ഉപയോഗിച്ച് തളിച്ച് കൊടുക്കുക. ലേശം ചുവട്ടിലും ഓഴിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ചെടിയുടെ ആവശ്യാനുസരണം കാര്യക്ഷമമായി പാക്യജനകം ലഭിച്ചുകൊണ്ടിരിക്കും. ഈ പ്രവൃത്തി തുടർന്നുകൊണ്ടിരിക്കുക. വേപ്പിൻ പിണ്ണാക്കിന്റെ വെള്ളം ഒരു നല്ല കീടനാശിനി കൂടിയാണ് ഇനി നൽകാനുള്ളത് പകുതി പൊട്ടാഷ് ആണ്. തൈ നട്ട് ഒരു മാസത്തിനു ശേഷം ആഴ്ചയിൽ ഒരു തവണ ഒരു സ്പൂൺ വീതം ചാരം ഇട്ട് കൊടുക്കുക. അൽപ്പം അസിഡിറ്റി ഇഷ്ടപ്പെടുന്ന ചെടിയാണ് മഞ്ഞൾ. PH 6 to 6.4 ആണ് അഭികാമ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA