നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന ആപ്തവാക്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ജീവനി. ജൈവകൃഷി ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കോവിഡ്–19 കാലത്ത് കൂടുതൽ പ്രചാരം ലഭിച്ചുവരുന്നുമുണ്ട്. അടുക്കളക്കൃഷി മലയാളികൾ കൂടുതൽ പ്രാധാന്യം കൊടുത്തുതുടങ്ങി എന്നതാണ് പ്രധാന കാര്യം.
അടുക്കളത്തോട്ടങ്ങളിലെ പ്രധാനികളാണ് വഴുതനവർഗ വിളകളായ വഴുതന, തക്കാളി, മുളക് എന്നിവ. വിത്തു പാകി മുളപ്പിച്ചശേഷം തൈയായി നടുന്നതാണ് ഉത്തമം. തക്കാളി, വഴുതന എന്നിവയുടെ തൈകൾ നടുമ്പോൾ തൈകൾ തമ്മിലും വരികൾ തമ്മിലും രണ്ടടി വീതം അകലം ഉണ്ടായിരിക്കണം. മുളകാണെങ്കിൽ ഒന്നര അടി വീതം അകലം മതി.
വഴുതനവർഗ വിളകളിൽ കണ്ടുവരുന്ന പ്രധാന രോഗമാണ് ബാക്ടീരിയൽ വാട്ട രോഗം. തൈകൾ മുതൽ പ്രായംചെന്ന ചെടികൾക്കു വരെ ഈ രോഗം ബാധിക്കാം. ചെടികൾ പച്ചനിറത്തിൽത്തന്നെ പെട്ടെന്ന് വാടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം.
പ്രതിരോധശേഷിയുള്ള ഇനങ്ങളെ നടുക എന്നതാണ് പോംവഴി. ഇതിനായി വഴുതനയിൽ ഹരിത, സൂര്യ, ശ്വേത, നീലിമ എന്നീ ഇനങ്ങളും മുളകിൽ ഉജ്ജ്വല, അനുഗ്രഹ, മഞ്ജരി എന്നീ ഇനങ്ങളും തക്കാളിയിൽ ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നീ ഇനങ്ങളും ഉപയോഗിക്കാം.
ഒരേ ഇനം വിള ഒരേ സ്ഥലത്ത് നടാതെ വിളപരിക്രമണ രീതി പിന്തുടരുന്നത് നല്ലതാണ്. കൂടാതെ ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ ചേർത്ത് അണുനശീകരണം നടത്തുന്നതും വാട്ടരോഗത്തെ തടയും. നടുന്നതിനുമുമ്പ് സ്യൂഡൊമോണാസ് ലായനിയിൽ തൈകൾ മുക്കിവയ്ക്കുന്നതും നല്ലതാണ്.
വീട്ടിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തത് മുൻനിർത്തി വഴുതന, മുളക്, തക്കാളി എന്നിവ നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഉൾപ്പെടുത്തി കേരള കാർഷിക സർവകലാശാല വിഡിയോ തയാറാക്കിയിട്ടുണ്ട്. കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വിഡിയോ കാണാം.