ADVERTISEMENT

ഒരേക്കർ സ്ഥലത്ത് പച്ചമുളക് കൃഷി ചെയ്ത് മികച്ച വരുമാനം നേടുന്ന ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത് ദാസിന്റെ കൃഷി രീതികളും കീടനിയന്ത്രണ മാർഗങ്ങളും അറിയാം.

2017ൽ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുമ്പോൾ മനസിലുള്ള ഒരേയൊരു ലക്ഷ്യം സ്വന്തമായി ഒരു ബ്രാൻഡിൽ പച്ചക്കറി വിൽപ്പന നടത്തണം എന്നുള്ളതായിരുന്നു. അതുവരെ ഒരു തൂമ്പ കൈകൊണ്ട് എടുത്തിട്ടില്ലാത്ത ഞാൻ ഇന്ന് സാമാന്യം തെറ്റില്ലാത്തരീതിയിൽ കൃഷി ചെയ്യുകയും സ്വന്തം ബ്രാൻഡിൽ പച്ചക്കറികൾ വിൽക്കുകയും ചെയ്യുന്നു. അതിന് എന്നെ സഹായിച്ചത് പച്ചമുളക് കൃഷിയാണ്.

പച്ചമുളകിൽ ആദ്യം കൃഷി ചെയ്ത ഇനം നമ്ധാരി സീഡ്സിന്റെ 1101 എന്ന ഇനമാണ്. അതിനു ശേഷം ജ്വാല, ഉജ്ജ്വല തുടങ്ങിയ ഇനങ്ങളും ചെയ്ത് അവസാനമാണ് മഹിക്കോ സീഡ്സിന്റെ "സിറ" എന്ന ഇനത്തിൽ എത്തിപ്പെടുന്നത്. വീട്ടിൽ വയ്ക്കാനാഗ്രഹിക്കുന്നവർ മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കു വരെ ഗുണമുള്ള മുളകിനമായി ഞാൻ ഇതിനെ കാണുന്നു. ഒരു മുളകുചെടിയിൽനിന്ന് ഏതാണ്ട് 3 കിലോഗ്രാം മുളകു വരെ പറിക്കാം. വാണീജ്യാടിസ്ഥാനത്തിലാണെങ്കിലും 2 കിലോഗ്രാമിന് മുകളിൽ ലഭിക്കും. എരിവിന്റെ പഞ്ചൻസി(30,000)യിലും മുൻപന്തിയിൽ. അതിനാൽ തന്നെ വളരെ കുറച്ചു മതി കറികൾക്ക് എരിവും ടേസ്റ്റും കിട്ടാൻ.

മുളകിന്റെ എക്കണോമിക്സ് ആണ് ഏറ്റവും ആകർഷണീയം. ഒരു സെന്റിൽ 100 തൈകൾ വരെ നടാം (നാഷണൽ ആവറേജ് ). ചെടികൾ തമ്മിൽ 40 സെ.മി.യും വാരങ്ങൾ തമ്മിൽ 60 സെ.മി.യും ആകലം. ഒരു ചെടിയിൽനിന്ന് 2 കിലോഗ്രാം മുളകു കിട്ടിയാൽ ഒരു സെന്റിൽനിന്ന് 200 കിലോ. വളത്തിനും  കീടനാശിനിക്കുമായി ഒരു ചെടിക്ക് മാക്സിമം ചെലവാകുന്ന തുക 50 രൂപയിൽ താഴെ. 1 കിലോ മുളക് ഞാൻ വിൽക്കുന്നത് 100 രൂപയ്ക്ക്. ചെലവ് (ട്രാൻസ്പോട്ടേഷൻ) കഴിഞ്ഞാൽ ഒരു ചെടിയിൽനിന്നുള്ള ലാഭം എങ്ങിനെയും 130 രൂപ. ഈ കണക്കാണ് എന്നെ കൃഷിയിൽ പിടിച്ചു നിർത്തിയത് .

കൃഷിരീതി

നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഡോളമൈറ്റ് ഇട്ട് നിലം ഒരുക്കും. വാരങ്ങൾ കോരി കോഴിവളം ഇട്ട് നന്നായി നനയ്ക്കും. കൂടാതെ മണ്ണിന്റെ പിഎച്ച് കറക്ട് ചെയ്യാനും മണ്ണിനെ വായൂ സഞ്ചാരയോഗ്യമാക്കാനും സോയിൽ കണ്ടീഷ്ണർ ആയ ഭൂമി പവർ ഉപയോഗിക്കും. അടിവളമായി ഇത്രയും ഇട്ട് മൾച്ച് ചെയ്യും. പ്ലാസ്റ്റിക് മൾച്ച് ആണ് ഉപയോഗിക്കുന്നത് ഡ്രിപ്പ് ഇറിഗേഷൻ ആയതിനാൽ പ്ലാസ്റ്റിക് മൾച്ചാണ് ഉത്തമം. ബാഷ്പീകരണം തടയും, വെള്ളം വളരെ കുറവുമതി, സൂര്യപ്രകാരം തടത്തിൽ പതിക്കില്ല അതുമൂലമുള്ള മൂലകങ്ങളുടെ ബാഷ്പീകരണം തടയാം, മഴവെള്ളം ചുവട്ടിൽവീണ് വളം ഒഴുകിപ്പോകില്ല, കള പിടിക്കില്ല അങ്ങിനെയുള്ള ഗുണങ്ങൾ മൾച്ച് വഴി ലഭിക്കും. 

ട്രേയിൽ പാകി 5 ആഴ്ച പ്രായമായ തൈകളാണ് പറിച്ചു വയ്ക്കുന്നത്. വേരു പിടിച്ച് ആദ്യ ഇല വരാൻ 7 മുതൽ 10 ദിവസം വരെ എടുക്കാറുണ്ട്. അതിനു ശേഷം കൃത്യമായ ഇടവേളയിൽ വളം സ്പ്രേ ചെയ്തു നൽകും (രാസവളങ്ങൾ ഉപയോഗിക്കാറില്ല). 15 ദിവസത്തെ ഇടവേളയിൽ കീടനാശിനി സ്പ്രേ ചെയ്യും (രാസകീടനാശിനി ഉപയോഗിക്കില്ല). അങ്ങിനെ 30 ദിവസം പ്രായമാവുമ്പോൾ പൂവ് വരാൻ തുടങ്ങും. 45 ദിവസം മുതൽ മുളക് പറിച്ചു തുടങ്ങാം. നന്നായി നോക്കിയാൽ 120 ദിവസം വരെ മുളക് പറിക്കാം.

chilly

ഞാൻ പഠിച്ച പാഠങ്ങൾ

മുളക് നന്നായ് വളം വേണ്ടുന്ന ഒരു ചെടിയാണ്. കൃത്യമായ വളപ്രയോഗങ്ങളിലൂടെ മാത്രമെ മുളകിനെ സംരക്ഷിക്കാനാവൂ. അതിൽ ശ്രദ്ധിക്കേണ്ടത് സൂക്ഷ്മമൂലകങ്ങളുടെ കുറവാണ്. ഉദാഹരണമായി ബോറോണിന്റെ അഭാവം ചെടിയുടെ ഇലകളുടെയും കായ്കളുടെയും ആകൃതി നഷ്ടപ്പെടുത്തുന്നു. കാത്സ്യം കുറഞ്ഞാൽ ഇല കുരുടിക്കുന്നു. സൾഫർ കുറഞ്ഞാൽ കൂമ്പില മഞ്ഞയ്ക്കുന്നു. അയൺ കുറഞ്ഞാൽ കൂമ്പില വെള്ള നിറമാകും, മഗ്നീഷ്യത്തിന്റെ കുറവ് കലയുടെ ഞരമ്പ് പച്ചക്കളറും ബാക്കി ഭാഗം മഞ്ഞയായും വരും. മാഗനീസിന്റെ കുറവ് മഞ്ഞകുത്തുപാടുകളായും കാണാം. 

ഇത്രയും കാര്യങ്ങൾ ചെടി നോക്കി മനസിലാക്കിയാൽ പച്ചമുളക് കൃഷിയിൽ 80 % നമ്മൾ വിജയിച്ചു. ആരോഗ്യമുള്ള ചെടിയിൽ കീടങ്ങളുടെ ആക്രമണം കുറവായിരിക്കും. കീടങ്ങൾ കുറഞ്ഞാൽ രോഗങ്ങൾ കുറയും, പ്രത്യേകിച്ച് ചൂടുകാലത്തെ വൈറസ് രോഗം, ഇത് പരത്തുന്നത് നീരുറ്റിക്കുടിക്കുന്ന ജീവികളാണ്. ചെടി ആരോഗ്യമുണ്ടെങ്കിൽ അതിന്റെ ആക്രമണം കുറയ്ക്കാം.

വെള്ളിച്ച, നീരുറ്റിക്കുടിക്കുന്ന പേനുകൾ തുടങ്ങിയവയാണ് പ്രധാന കീടങ്ങൾ. വേപ്പെണ്ണ 15 ദിവസത്തെ ഇടവേളയിൽ സ്പ്രേ ചെയ്താൽ ഇതിനെ അകറ്റി നിർത്താം, കീടങ്ങൾ വന്നു കഴിഞ്ഞാൽ ഓർഗാനിക് സർട്ടിഫയ്ഡ് കീടനാശിനികൾ കിട്ടും (ഗ്രീൻ പ്ലാനറ്റ് ഓർഗോ മൈറ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത് ). അത് വാങ്ങി ഉപയോഗിക്കുക. മുളകിനെ ഏറ്റവും ബാധിക്കുന്ന രോഗം ബാക്ടീരിയൽ, ഫംഗൽ വാട്ടങ്ങളാണ്. അത് കൃത്യമായ കുമിൾ നാശിനികളിലൂടെ ഒരു പരിധി വരെ തടഞ്ഞു നിർത്താം, വന്നു കഴിഞ്ഞാൽ ചെടി പറിച്ചു കളഞ്ഞ് തടം വൃത്തിയാക്കിയിടണം.

ഇത്രയുമാണ് എന്റെ കഴിഞ്ഞ 3 വർഷക്കാലത്തെ മുളകു പOനം. ഇന്ന് 1 ഏക്കറിൽ മുളക് കൃഷി ചെയ്യുന്നു. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാത്തത് എന്റെ ബ്രാൻഡിന്റെ ലക്ഷ്യം Safe to eat ആയതും GAP സർട്ടിഫയ്ഡ് ആയതുകൊണ്ടും ഇടയ്ക്കിടയ്ക്ക് വെള്ളായണി കാർഷിക സർവകലാശാലയിൽ വിഷാംശ പരിശോധന നടത്തി വിഷം ഇല്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങുന്നതിനാലും സാമൂഹിക പ്രതിബദ്ധത കൊണ്ടുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 8139844988

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com