കുറഞ്ഞ കാലംകൊണ്ട് കായ്ക്കുന്ന, കുറിയ ഇനം തെങ്ങിൻതൈകൾക്ക് ഇപ്പോൾ കേരളത്തിൽ ഏറെ പ്രചാരമുണ്ട്. എന്നാൽ, കൃത്യമായ പരിചരണമുണ്ടെങ്കിൽ മാത്രമേ തെങ്ങ് കുറഞ്ഞ കാലത്തിനുള്ളിൽ വിളവ് തരൂ എന്ന് നാളികേര വികസന ബോർഡിന്റെ അംഗീകൃത തെങ്ങിൻതൈയുൽപാദന കേന്ദ്രമായ മാതാ നഴ്സറിയുടെ അമരക്കാരൻ മുരിങ്ങയിൽ ജോസഫ് പറയുന്നു.
തെങ്ങിൻതൈകൾക്ക് എന്തൊക്കെ ശ്രദ്ധിക്കണം?
- തെങ്ങിൻതൈകൾ നടുമ്പോഴും വേണം ശ്രദ്ധ. തൈകൾ തമ്മിൽ കുറഞ്ഞത് 25 അടിയെങ്കിലും അകലമുണ്ടായിരിക്കണം. വളരുമ്പോൾ ഓലകൾ തമ്മിൽ കൂട്ടിമുട്ടാൻ പാടില്ല.
- കുള്ളൻ തെങ്ങുകളിൽ ചെള്ളിന്റെ ശല്യം കൂടുതലാണ്. ചെള്ളു ശല്യം പ്രതിരോധിക്കാൻ തെങ്ങിന്റെ ഏറ്റവും മുകളിലെ മൂന്നു മടലിന്റെ കവിളിനുള്ളിൽ രണ്ടു പാറ്റാ ഗുളികവീതം നിക്ഷേപിച്ച് മണൽ ഉപയോഗിച്ച് മൂടണം.
- വേപ്പിൻപിണ്ണാക്കും മണലും യോജിപ്പിച്ച് മടൽ കവിളുകളിൽ ഇടുന്നതും ചെള്ളിനെ പ്രതിരോധിക്കും.
- ചുവട്ടിൽ ചപ്പും ചവറും കൂട്ടുന്നത് നന്നല്ല. വണ്ട് ഉണ്ടാകാനുള്ള സാഹചര്യമൊരുക്കുന്നതിന് തുല്യമാണത്.
- തെങ്ങിൻതോപ്പിന് സമീപം കാലിത്തൊഴുത്തുണ്ടെങ്കിൽ വണ്ടാക്രമണമുണ്ടാകാൻ സാധ്യതയുണ്ട്.
- മണ്ട പോയ തെങ്ങുകൾ വെട്ടിമാറ്റുക.
- ബോറോണിന്റെ അഭാവമുണ്ടായാൽ മച്ചിങ്ങ പൊഴിയും.
- തെങ്ങിന്റെ പച്ചപ്പിന് മഗ്നീഷ്യം ആവശ്യമാണ്.
- വളമായി കോഴിവളവും ചാണകവും നൽകാം. പച്ചച്ചാണകം പാടില്ല.
- നന അത്യാവശ്യം.
തെങ്ങുകൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ വിഡിയോ കാണാം.