നിത്യോപയോഗത്തിന് വീട്ടിൽ നടാം അഞ്ചോ ആറോ ചുവട് വള്ളിപ്പയർ

HIGHLIGHTS
  • അടിവളമായി കംപോസ്റ്റ്
pea
SHARE

മണ്ണിനും മനുഷ്യനും ഗുണപ്രദമാണ് പയർ കൃഷി. വീട്ടുവളപ്പിലും മട്ടുപ്പാവിലും എല്ലാ സീസണിലും കൃഷി ചെയ്യാം. വള്ളിപ്പയർ, കുറ്റിപ്പയർ എന്നിങ്ങനെ പ്രധാനമായി രണ്ടു തരം  ഉണ്ടെങ്കിലും അടുക്കളത്തോട്ടത്തിൽ പ്രിയതാരം വള്ളിപ്പയർ തന്നെ. അഞ്ചോ ആറോ ചുവട് വള്ളിപ്പയർ വീട്ടിൽ ഉണ്ടെങ്കിൽ എന്നും വിളവെടുപ്പു നടത്താം.

കൃഷി രീതി

വിത്ത് നേരിട്ട് തടത്തിലോ നടീൽ  മിശ്രിതം നിറച്ച ഗ്രോബാഗിലോ പാകി പയർ കൃഷി ചെയ്യാം. നടുന്നതിനു മുമ്പ് വിത്തുകൾ സ്യൂഡോമൊണാസ് കൾചറിൽ പുരട്ടുക. വിത്തിടുന്നതിനു മുമ്പ് ജീവാണുവളമായ ‘വാം കൾചർ’ ഒരു നുള്ള് മണ്ണിൽ ചേർക്കുന്നതു നല്ലതാണ്. വിത്ത് ഇടുമ്പോൾ മണ്ണിൽ നല്ല ഈർപ്പം വേണം. ആദ്യ രണ്ടാഴ്ച തണൽ ക്രമീകരണവും അനിവാര്യം. ടെറസിലെ കൃഷിയിൽ ഒരുവശത്ത് വേലി പോലെ പന്തൽ നാട്ടി വള്ളികൾ കയറ്റി വിടാം. പന്തലിനു മുകളിൽ എത്തിയാൽ തലപ്പ് നുള്ളി കൂടുതൽ ശിഖരങ്ങൾ വരുത്തണം. ഇലകളുടെ വളർച്ച കൂടുതലാണെങ്കിൽ താഴത്തെ കുറച്ച് ഇലകൾ നുള്ളിക്കളയാം. ഇളം തണ്ടുകളും ഇലകളും ഉപയോഗിച്ച് സ്വാദിഷ്ടമായ കറികളും ഉണ്ടാക്കാം.

വളപ്രയോഗം

അടിവളമായി ഓരോ തടത്തിലും 10 കിലോ കംപോസ്റ്റ് ചേർക്കണം. തടത്തിലും  ഗ്രോ ബാഗുകളിലും വിത്ത് ഇടുന്നതിന്റെ ഒരാഴ്‌ച മുമ്പ് കുമ്മായം നിർബന്ധം. 10 ദിവസത്തിലൊരിക്കൽ ഒരു കൈപ്പിടി ജൈവ വളക്കൂട്ട് ചുവട്ടിൽ ചേർക്കാം. ഓരോ വള പ്രയോഗത്തിനു മുമ്പും കുമ്മായം ചേർക്കണം. നന കുറച്ചു മതിയെങ്കിലും പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ആവശ്യത്തിന് നന വേണം. വളപ്രയോഗവും ഈ സമയം നൽകണം .

സസ്യ സംരക്ഷണ മാർഗങ്ങൾ

ചാഴിയും മുഞ്ഞയുമാണ് പയറിന്റെ പ്രധാന ശത്രുക്കൾ. സന്ധ്യസമയത്തു പന്തം കത്തിച്ചുവച്ചും ജൈവകീടനാശിനിയായ ബ്യൂവേറിയ ( 2% വീര്യത്തിൽ) തളിച്ചും ചാഴിയെ നിയന്ത്രിക്കാം. മുഞ്ഞയ്ക്കെതിരെ ആവണക്കെണ്ണ – വേപ്പെണ്ണ മിശ്രിതവും തുടർന്ന് ബ്യൂവേറിയയും പ്രയോഗിക്കാം .

പ്രധാന ഇനങ്ങൾ

  • ഗീതിക: അര മീറ്റർ നീളം വരുന്ന ഇളം പച്ച നിറമുള്ള കായ്കൾ
  • വൈജയന്തി: വയലറ്റ് നിറമുള്ള കായ്കൾ
  • ലോല: ഇളം പച്ച നിറം, 3 മാസം വരെ വിളവ്
  • ജ്യോതി: നല്ല പച്ചനിറമുള്ള നീളമുള്ള കായ്കൾ
  • നാടൻ ഇനങ്ങൾ: കേളു പയർ , കഞ്ഞിക്കുഴി പയർ
  • സങ്കര ഇനങ്ങൾ: റീനു , സുമന്ത്, സൂപ്പർലേറ്റ്.

വിത്തു ലഭിക്കാൻ

കേരള കാർഷിക സർവകലാശാലാ, കൃഷിവകുപ്പ് ഫാമുകൾ, കാർഷിക കോളജ് വെള്ളായണി, വിഎഫ്‌പിസികെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും.

തയാറാക്കിയത്: എസ്.പി വിഷ്‌ണു, കൃഷി ഓഫിസർ. ഫാം ഇൻഫർമേഷൻ ബ്യൂറോ. ഫോൺ: 9744444279

English summary: Pea Plant Cultivation Practices

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA