ADVERTISEMENT

കേരളത്തിലെ കാലാവസ്ഥയിൽ മുന്തിരി വളരാൻ ബുദ്ധിമുട്ടാണെങ്കിലും ചുരുക്കം ചില വ്യക്തികളുടെ വീട്ടുമുറ്റത്ത് വളരെ നന്നായി മുന്തിരി വിളയുന്നുണ്ട്. വീട്ടുമുറ്റത്ത് മുന്തിരി നട്ടതും അതിൽ കായ്കൾ ഉണ്ടായതുമായ വിശേഷങ്ങൾ കോതമംഗലം സ്വദേശിയായ സുദീപ് മരങ്ങാട്ട് ഇല്ലം പങ്കുവച്ച കുറിപ്പ് ചുവടെ.

പച്ചക്കറി മാത്രം ഉപയോഗിക്കുന്നവർ ആയതുകൊണ്ടുതന്നെ കുറച്ചു പറമ്പ് ഉള്ളതിൽ അച്ഛൻ അത്യാവശ്യം കൃഷി ചെയ്യും. വിൽക്കാനല്ല അടുക്കളയിൽ ആവിശ്യത്തിന്. നെൽകൃഷി ഉള്ളപ്പോൾ കന്നിനെ പൂട്ടാനും അത്യാവശ്യം തെങ്ങിൽ കയറാനും വരെ അറിയാം അച്ഛന്. വ്യത്യസ്തമായ കൃഷി പരീക്ഷിക്കുന്നത് അച്ഛന്റെ ഹോബി ആയിരുന്നു. ഇപ്പോൾ ഞാനും കൂടുന്നുണ്ട്. 

ഇനി കഥയിലേക്ക്, രണ്ടു വർഷം മുമ്പ് ഒരു കൗതുകം തോന്നി റോഡ് സൈഡിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്നത് കണ്ടു മുന്തിരി തൈ അച്ഛൻ കൊണ്ടുവന്നു. നമ്മുടെ ഇവിടെ നട്ടാൽ പിടിക്കില്ല എന്ന് ഞാൻ ഉൾപ്പെടെ പറഞ്ഞു. പക്ഷേ, തോൽക്കാൻ തയാറല്ലാത്ത അച്ഛൻ വിട്ടില്ല. ടൈൽ പാകിയ മുറ്റത്ത് ചെറിയ ഒരു ചാക്കിൽ അച്ഛൻ അതു വച്ചു. ആദ്യമൊക്കെ തീരെ വളർച്ചയില്ലായിരുന്നു. എങ്കിലും ഉപേക്ഷിച്ചില്ല. തണുത്ത വെള്ളം, ചിലപ്പോൾ ഐസ് ക്യൂബ് വരെ ചുവട്ടിൽ ഇടും. പടർന്നു തുടങ്ങിയപ്പോഴും കായ്ക്കും എന്നു പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ, എന്നെ നോക്കിയതിനേക്കാൾ സ്നേഹത്തോടെ അതിനെ പരിചരിച്ചു. ചാണകപ്പൊടി, പച്ചക്കറി വേസ്റ്റ് ഒക്കെ ഇട്ട് ഇടയ്ക്കു മണ്ണും ഇട്ട് തടത്തിന്റെ വലുപ്പം കൂട്ടി. 

കഴിഞ്ഞ ഡിസംബറിൽ അച്ഛൻ എന്നെയും അമ്മയെയും ഒക്കെ വിളിച്ചു പറഞ്ഞു മുന്തിരി ഉണ്ടാകുന്നുണ്ടെന്ന്. ചെറിയ ഒരു കുല പരമാവധി 20 എണ്ണം കാണും. ആദ്യമായി ഉണ്ടായ സന്തോഷത്തിൽ അയൽപക്കത്തെ വീടുകളിൽ വരെ ഓരോന്നു കൊടുത്തു. പിന്നെ വിഷുവിനു കണിയിൽ വയ്ക്കാനും കിട്ടി. പക്ഷേ, അതൊരു തുടക്കമായിരുന്നു. കുലകൾ പഴുത്തു കിട്ടാൻ 50-60 ദിവസം എടുത്തു. പിന്നെ ആയിരുന്നു കൂടുതൽ കുലകൾ ഉണ്ടായത്. എല്ലാ ദിവസവും കൂമ്പ് നുള്ളി കൊടുത്തും മുന്തിരി കണ്ടു കൊതിച്ചും ഞാനും കൂടെ കൂടി. 

മുന്തിരി കായ്ക്കില്ല എന്നു കരുതി ആ പന്തലിൽ തന്നെ പാഷൻ ഫ്രൂട്ട്, കോവൽ, പാവൽ ഒക്കെ കേറിയതും കളഞ്ഞില്ല. ഇപ്പോ ഒരു പന്തലിൽനിന്നും മുന്തിരിയും കോവയ്ക്കയും പറിക്കും. പാഷൻ ഫ്രൂട്ട് ഉണ്ടായിട്ടുണ്ട്, പാവൽ കളഞ്ഞു വേറെ പിടിപ്പിച്ചു. അടുത്ത വർഷമാകുമ്പോൾ പാഷൻ ഫ്രൂട്ടും, കോവലും മാറ്റി മുന്തിരിക്ക് പടർന്നു പന്തലിക്കാൻ സ്ഥലം ആക്കണം. 

English Summary: Growing grapes in the Home Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT