വിത്തു മുളപ്പിച്ച് കറിവേപ്പ് കൃഷി തുടങ്ങാം, വീട്ടിലേക്കും വിൽപനയ്ക്കും

HIGHLIGHTS
  • പറിച്ചുനട്ട് 70-80 ദിവസമാകുമ്പോൾ കറിവേപ്പ് മുറിച്ച് തുടങ്ങാം
  • 25 - 30 വർഷം വരെ വേപ്പു നിലനിൽക്കും
curry-leaves
SHARE

കറിവേപ്പിലയുടെ വാണിജ്യകൃഷിക്ക് തുടക്കം കുറിക്കുകയാണ്. 5 സെന്റിൽ 500 വേപ്പ് ചെയ്താണ് തുടക്കംകുറിക്കുന്നത്. ഒന്നാം ഘട്ടം 20 തൈകളിൽ കഴിഞ്ഞ 160 ദിവസത്തെ പരീക്ഷണമാണ് ഇതിലേക്കെത്തിച്ചത്. ഉൽപാദനത്തിൽ വിജയം കണ്ടാൽ ഒരേക്കറിലേക്ക് കൃഷി വ്യാപിപ്പിക്കണം.

വിത്ത്

നമ്മുടെ നാട്ടിൽ സാധാരണ വലിയ കറിവേപ്പിന് ചുവട്ടിൽ കിളിർത്തു നിൽക്കുന്ന തൈകളാണ് പറിച്ചുനടുന്നത്. എന്നാൽ, വാണിജ്യകൃഷിയിൽ വിത്തു പാകി മുളപ്പിക്കുകയാണ് ചെയ്യുക. ആന്ധ്രപ്രദേശിൽനിന്നാണ് വിത്തുകൾ ശേഖരിച്ചത്. ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്ക് കയറ്റുമതി അനുമതി ലഭിച്ച വിത്തിനമാണ്. വിഷരഹിതമായി കൃഷി ചെയ്യുന്ന ഗോത്രവർഗക്കാരുടെ പക്കൽനിന്നു വേൾഡ് സ്പൈസസ് ഓർഗനൈസേഷൻ കൺസൾട്ടന്റായ ശ്രീകണ്ഠൻ തമ്പിയാണ് വിത്ത് ലഭ്യമാക്കിയത്. പച്ച നിറമുള്ള പച്ച വിത്താണ് പാകി മുളപ്പിക്കുന്നതു. 60 - 70 ദിവസമെടുക്കും പറിച്ചുനടാൻ.

നടീൽ

കേരളത്തിൽ ആരും കറിവേപ്പു നടാൻ സാധ്യതയില്ലാത്ത രീതിയിലാണ് നടുന്നത്. 30 cm x 30 cm ചെടികൾ തമ്മിലും തടങ്ങൾ തമ്മിൽ 60 cm അകലത്തിലുമാണ് നടുക. ചെടികൾ പെട്ടെന്നു വളരുന്നു (മിയോവാക്കി മോഡൽ) എന്നതാണ് ഇങ്ങനെ നടുന്നതു കൊണ്ടുള്ള പ്രയോജനം. തടം റെഡിയാക്കുന്നതും സാധാരണ പോലെ തന്നെ. വേരു പിടിച്ചു കിട്ടാൻ മാത്രമാണ് അൽപം ബുദ്ധിമുട്ട്. പിടിച്ചു കഴിഞ്ഞാൽ വളർച്ച വേഗത്തിലാണ്.

പരിചരണം

പറിച്ചുനട്ട് 70-80 ദിവസമാകുമ്പോൾ കറിവേപ്പ് മുറിച്ച് തുടങ്ങാം. നിലത്തുനിന്ന് ഒരടി ഉയരത്തിൽവച്ച് മുറിച്ചെടുക്കണം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ. 3 - 4 ശിഖരങ്ങൾ പൊട്ടും. അത് അടുത്ത 45 - 60 ദിവസത്തിനുള്ളിൽ മുറിച്ചെടുക്കാം. ഒരു വർഷം കൊണ്ടു തന്നെ വേപ്പ് കുറ്റിച്ചെടിയായി നിറയെ ശിഖരങ്ങളായി മാറും. ഓരോ വർഷം കഴിയുന്നതനുസരിച്ച് ഉൽപാദനം കൂടുന്നു.

കീട, രോഗ പരിചരണം

നിരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് കറിവേപ്പിന്റെ പ്രധാന ശത്രുക്കൾ. ഇതു വരാതെ സൂക്ഷിക്കണം. ഉറുമ്പുകൾ കയറാതെ നോക്കണം. ഇതിനു രണ്ടിനും ഞങ്ങൾ ഉപയോഗിക്കുന്നത് ഓർഗോ മൈറ്റ് എന്ന ജൈവ കീടനാശിനയാണ്. പുഴുക്കളും വണ്ടുകളും ഇതുവരെ ആക്രമിച്ചിട്ടില്ല. വൈറസ് രോഗബാധയും ഫംഗൽ അണുബാധയും വരാതെ നോക്കണം. കീടനിയന്ത്രണത്തിലൂടെ ഇതു സാധ്യമാണ്. കൂടാതെ സ്യൂഡോമോണാസ് ഇടയ്ക്ക് ഉപയോഗിക്കണം.

സാധ്യത

വിഷത്തിൽ കുളിച്ചാണ് കറിവേപ്പില മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ എത്തുന്നത് (ഓർഗാനിക് വേപ്പില മറ്റുരാജ്യങ്ങളിലേക്ക് കയറിപ്പോകുന്നു ). കേരളത്തിൽ വിഷരഹിതമായി ഇതു കൃഷി ചെയ്യാനായാൽ വിപണനം ഇവിടെ തന്നെ നടക്കും. 25 - 30 വർഷം വരെ വേപ്പു നിലനിൽക്കും. അതാണ് വേപ്പിന്റെ ഏറ്റവും വലിയ സാധ്യതയും. വേപ്പില ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കി കയറ്റുമതിയും ചെയ്യുന്നുണ്ട്. സ്വന്തമായി ഏക്കർ കണക്കിനു ഭൂമിയുള്ള ഭൂ ഉടമകൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റിയ കൃഷിയാണ്. കറിവേപ്പില ഉണക്കിപ്പൊടിച്ച് നൽകാനായാൽ വിപണനസാധ്യത ഏറെയും യൂറോപ്പിലാണ്. നാട്ടിൽ 40 രൂപ മുതൽ കിലോഗ്രാമിന് വില ലഭിക്കുന്നുണ്ട്.

ഫോൺ: 8139844988

English summary: Curry leaves

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA