ഒരു കിലോ പച്ചയിൽനിന്ന് അര കിലോ ഉണങ്ങിയ കുരുമുളക്; അറിയാം അഗളി പെപ്പറിനെക്കുറിച്ച്

HIGHLIGHTS
  • മികച്ച രോഗപ്രതിരോധശേഷി
  • മാതൃസസ്യം കോട്ടയം ജില്ലയിൽനിന്ന്
agali-pepper
SHARE

ധ്രുതവാട്ടത്തെയും ഇല ചുരുളിച്ചയെയും ചെറുക്കാൻ കഴിയുന്ന ഇനം. അതാണ് അഗളി പെപ്പർ. രോഗപ്രതിരോധശേഷി മാത്രമല്ല ഈ ഇനം കുരുമുളകിന്റെ പ്രത്യേകത. ഒരു കിലോ പച്ചക്കുരുമുളക് ഉണങ്ങിയാൽ ശരാശരി അര കിലോയോളം ഉണക്ക ലഭിക്കും. അതുകൊണ്ടുതന്നെ കർഷകർക്ക് മികച്ച നേട്ടമുണ്ടാക്കിക്കൊടുക്കാൻ അഗളി കുരുമുളകിനു കഴിയും.

പാലക്കാട് സ്വദേശി ജോർജ് കല്ലുവേലിന്റെ കൃഷിയിടത്തിൽനിന്നാണ് അഗളി പെപ്പറിന്റെ ജനനം. വർഷങ്ങൾക്കു മുമ്പ് രോഗബാധയേറ്റ് അദ്ദേഹത്തിന്റെ കുരുമുളകെല്ലാം നശിച്ചപ്പോൾ ഒരിനം മാത്രം കേടുകൂടാതെ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചുമായി ബന്ധപ്പെട്ടപ്പോൾ ഇതൊരു പ്രത്യേക ഇനമാണെന്ന് തിരിച്ചറിയുകയായിരുന്നു. മികച്ച രോഗപ്രതിരോധശേഷിയും മികച്ച ഉൽപാദനവുമുള്ള ഈ ഇനം പാലക്കാട് മാത്രമല്ല കേരളത്തിൽ എവിടെവേണമെങ്കിലും കൃഷിചെയ്യാൻ കഴിയുമെന്ന് ജോർജ് പറയുന്നു. ഇതിന്റെ മാതൃസസ്യം കോട്ടയത്തുനിന്നാണ് അദ്ദേഹം തന്റെ കൃഷിയിടത്തിലെത്തിച്ചത്.

കുരുമുളക് പഴുക്കുമ്പോൾ പക്ഷികൾ വന്ന് കൊത്തിത്തിന്നില്ല എന്നതാണ് ഈ ഇനത്തിന്റെ മറ്റൊരു പ്രത്യേകത. കാരണം, കുരുമുളകു മണിയുടെ പുറത്തെ മാംസളമായ ഭാഗം വളരെ നേർത്തതായതിനാൽ പക്ഷികൾ കഴിക്കില്ല. ഉണങ്ങുമ്പോൾ കൂടുതൽ തൂക്കം ലഭിക്കാനുള്ള കാരണവും ഇതുതന്നെ. 

വെള്ളക്കുരുമുളകിന്റെ ഉൽപാദനവും മറ്റിനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഒരു കിലോയിൽനിന്ന് ഏകദേശം 370 ഗ്രാം വെള്ളക്കുരുമുളക് ലഭിക്കുമെന്ന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിലെ ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ബി. ശശികുമാർ പറയുന്നു. നാരായക്കൊടി എന്ന ഇനമാണ് അഗളി പെപ്പറിന്റെ മാതൃസസ്യം. മികച്ച രോഗപ്രതിരോധശേഷിയുള്ള ആ ഇനത്തിന്റെ ഗുണം അഗളി പെപ്പറിനും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

വർഷാവർഷം കമ്മായം ചേർത്ത ചാണക്കപ്പൊടിയാണ് വളമായി നൽകുന്നത്. കൂടാതെ ഡിസംബർ–ജനുവരി കാലയളവിൽ ചുവട് ചെത്തിക്കൂട്ടി പുതയിടുകയും ചെയ്യുന്നു. അതോടൊപ്പം വൈനൽക്കാലത്ത് താങ്ങുമരത്തിന്റെ ചോലയിറക്കുകയും കൊടിയുടെ തലപ്പ് കെട്ടിവയ്ക്കുകയും ചെയ്യും.

ഒരടി നീളവും വീതിയുമുള്ള കുഴിയെടുത്താണ് തൈ നടുക. കുഴിയിലേക്ക് വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവ സംയോജിപ്പിച്ച് നിക്ഷേപിച്ച് മണ്ണുമായി ചേർത്തശേഷമാണ് തൈ നടുക. തൈയുടെ തലപ്പ് താങ്ങുമരത്തിൽ കെട്ടിവയ്ക്കുകയും ചെയ്യും. ഒപ്പം ചുവട്ടിൽ പുതയിടുന്നതും നല്ലതാണ്. 

കൊന്ന, മുരിക്ക്, പ്ലാവ്, ആഞ്ഞിലി, റബർ തുടങ്ങിയ മരങ്ങളിലാണ് ജോർജ് തന്റെ കുരുമുളകുവള്ളികൾ പടർത്തിയിരിക്കുന്നത്. നന്നായി പരിചരിച്ചാൽ ഒന്നര വർഷത്തിനുള്ളിൽ തിരിയിടാൻ തുടങ്ങുമെന്നു ജോർജ്. 10 വർഷം പ്രായമുള്ള ഒരു ചെടിയിൽനിന്ന് ഏകദേശം 6 കിലോ ഉണങ്ങിയ കുരുമുളക് ലഭിക്കുമെന്ന് അനുഭവം.

മികച്ച ഉൽപാദനം, രോഗപ്രതിരോധശേഷി, ഉണക്കഗുണം തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് അഗളി പെപ്പറിന്റെ കൂടുതൽ തൈകൾ ഉൽപാദിപ്പിക്കാൻ ഐഐഎസ്‌ആർ ജോർജിന് നിർദേശം നൽകിയിട്ടുണ്ട്.

അഗളി പെപ്പറിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വിഡിയോ കാണുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA