വരുമാനലഭ്യതയ്ക്ക് പച്ചക്കറിക്കൃഷിയിലും വേണം പരിഷ്കാരം

HIGHLIGHTS
  • വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് കൃത്യതാകൃഷി അനിവാര്യം
grafting
SHARE

വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിയിൽ സമൂലമാറ്റം കൊണ്ടുവന്ന സാങ്കേതികവിദ്യയാണ് കൃത്യതാകൃഷി. വാരമെടുത്ത്, സങ്കരഇനം തൈകൾ നട്ട്, പ്ലാസ്റ്റിക് പുത നൽകി, തുള്ളിനന സംവിധാനത്തിലൂടെ കൃത്യമായ വളവും വെള്ളവും നൽകുന്ന രീതി നാം പരിചയിച്ചിട്ട് ഒന്നോ ഒന്നരയോ ദശകം മാത്രം. പുത്തൻ സാങ്കേതികവിദ്യകൾ പലതും അവതരിക്കുന്നുണ്ടെങ്കിലും വീണ്ടുമൊരു ദശകം കൂടിയെങ്കിലും കൃത്യതാക്കൃഷി തന്നെയാവും വാണിജ്യകർഷർക്കു ശരണം. വെള്ളം, വളം എന്നിവയുടെ ഏറ്റവും ഫലപ്രദമായ ഉപയോഗമാണ് കൃത്യതാക്കൃഷിയുടെ മുഖ്യ ആകർഷണം. ഇതുവഴി ഉൽപാദനച്ചെലവ് കുറഞ്ഞ് ഉൽപാദനക്ഷമത മെച്ചപ്പെടുകയും പരിസ്ഥിതി മലിനീകരണം കുറയുകയും ചെയ്യുന്നു. പരിമിതമായ സ്ഥലത്തുപോലും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ പോളിഹൗസുകളിൽ വിജയകരമായി നടപ്പാക്കാൻ ഇനിയും കാർഷിക കേരളത്തിനു  ധൈര്യമില്ല. എന്നാൽ, യോജ്യമായ വിളകൾ ശരിയായും ശാസ്ത്രീയമായും കൃഷി ചെയ്താൽ പോളിഹൗസുകൾക്ക് ഇനിയും കേരളത്തിൽ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. 

ഗ്രാഫ്റ്റിങ്

വളരെയധികം സാധ്യതകളുള്ളതും വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലാത്തതുമായ സാങ്കേതികവിദ്യയാണ് പച്ചക്കറിതൈകളുടെ ഗ്രാഫ്റ്റിങ്. വഴുതന വർഗത്തിൽപ്പെട്ട പച്ചക്കറികളെ വാട്ടരോഗത്തിൽനിന്നു രക്ഷിക്കാനുള്ള മാർഗമെന്ന നിലയിലാണ് കേരളത്തിൽ ഈ സാങ്കേതികവിദ്യ എത്തിയത്. കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കാർഷികഗവേഷണകേന്ദ്രം ഗ്രാഫ്റ്റിങ്ങിലൂടെ രോഗഭീഷണി നീക്കിയ തക്കാളി, പച്ചമുളക്, വഴുതന തൈകൾ ഉൽപാദിപ്പിച്ചുനൽകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വളരുന്ന ബന്ധുവിളകളിൽ അത്യുൽപാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്തു ചേർത്ത് പൊരുത്തപ്പെടുത്തുകയാണ് ഇതിൽ ചെയ്യുന്നത്. അമ്ലസ്വഭാവം കൂടുതലുള്ള നമ്മുടെ മണ്ണിൽ വാട്ടരോഗത്തിനെതിരേ ഉപയോഗപ്പെടുത്തിയെങ്കിലും മറ്റു പ്രതികൂല സാഹചര്യങ്ങളെയും ഈ രീതിയിൽ തരണം ചെയ്യാനാകും. പച്ചക്കറി തൈകളുടെ ഗ്രാഫ്റ്റിങ് വരുമാനസാധ്യതയുള്ള ഒരു തൊഴിൽ സംരംഭമായി ഇനിയും വളരേണ്ടിയിരിക്കുന്നു. 

സങ്കരഇനങ്ങൾ

സർക്കാർ ഫാമുകളും കാർഷിക സർവകലാശാലയും പുറത്തിറക്കുന്ന പരമ്പരാഗത  വിത്തിനങ്ങൾക്കൊപ്പം വൻകിട സ്വകാര്യ വിത്തുകമ്പനികൾ പുറത്തിറക്കുന്ന സങ്കരവിത്തുകളും നമ്മുടെ കൃഷിക്കാർ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വിശേഷിച്ച് ചില ഇനങ്ങളിൽ. ഉയർന്ന ഉൽപാദനക്ഷമതയും പാചകഗുണവും ഷെൽഫ് ലൈഫുമൊക്കെയുള്ള സങ്കരവിത്തുകൾക്ക് വില കൂടുതലാണ്. എന്നാൽ ആനുപാതികമായ ആദായവർധനയുള്ളതിനാൽ ധാരാളം കൃഷിക്കാർ ഇത്തരം ഇനങ്ങളിലേക്കു ചുവട് മാറിക്കഴിഞ്ഞു. മായ(പാവൽ), ശിവം(തക്കാളി), സിയറ (പച്ചമുളക് ) തുടങ്ങിയ സങ്കരഇനങ്ങൾ അടുക്കളത്തോട്ടങ്ങളിൽപോലും കാണാം.

തൈ ഉൽപാദനം

വിത്തു പാകി കൃഷി ചെയ്യുന്ന രീതിക്ക് വാണിജ്യ പച്ചക്കറിക്കൃഷിയിലായാലും അടുക്കളത്തോട്ടത്തിലായാലും സ്വീകാര്യത കുറയുകയാണ്.  എല്ലാ പച്ചക്കറികളുടെയും തൈകൾ വിപണിയിൽ ലഭ്യമാണിന്ന്. തൈകൾ നടുന്ന കൃഷിരീതിക്കു പല നേട്ടങ്ങളുണ്ട്.  വലിയ വില കൊടുത്തു വാങ്ങുന്ന സങ്കരവിത്തുകളിൽ ഏതാനും എണ്ണം കിളിർക്കാതായാൽ പോലും കൃഷിക്കാരനുണ്ടാകുന്ന നഷ്ടം വലുതായിരിക്കും. വിത്ത് കിളിർക്കാത്തതുമൂലമുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാനും കൃഷിയിടപരിപാലനത്തിനുള്ള അധ്വാനം കുറയ്ക്കാനും സാധിക്കും. ‌എല്ലാ ചുവട്ടിലും ആരോഗ്യമുള്ള തൈകൾ  ഉറപ്പാക്കാവുന്നതോടൊപ്പം എല്ലാ തടങ്ങളിലും തുല്യവളർച്ചയുള്ള തൈകൾ വളർന്നുകിട്ടുന്നതും ഉൽപാദനക്ഷമത വർധിപ്പിക്കും.

English summary: Precision farming becoming more and more important in modern agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA