പയർ കൃഷി ചെയ്യാം, രോഗകീടനിയന്ത്രണത്തിന് നാട്ടറിവുകളും

pea
SHARE
 • പയറിനു കുമിൾരോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാൻ കഞ്ഞിവെള്ളത്തിൽ ചാരം ചേർത്തു തളിക്കണം. പച്ചമുളകിനും ഇതു ഫലപ്രദം.
 • പയറിലെ ചിത്രകീടത്തെ നിയന്ത്രിക്കാൻ ഒരു ലീറ്റർ കരിങ്ങോട്ടയെണ്ണയിൽ 50 ഗ്രാം സോപ്പ് ചേർത്തു പതപ്പിച്ച ലായനി എട്ടിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് ചെടികൾക്കു തളിക്കുക.
 • പയറിന്റെ കടചീയലിനു ചാണകത്തിന്റെ തെളിവെള്ളം കടയ്ക്കൽ ഒഴിക്കുന്നതു നന്ന്.
 • പയറിലെ മുഞ്ഞയ്ക്കെതിരെ രാവിലെ ചാരം തൂവുന്നതു ഫലപ്രദം.
 • കഞ്ഞിവെള്ളം തളിച്ചു പയറിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നശിപ്പിക്കാം
 • അമരത്തടത്തിൽ പഴയ  കഞ്ഞിവെള്ളം നിറച്ചു നിർത്തുന്നതു നന്നായി പൂക്കുന്നതിനും കായ്ക്കു ന്നതിനും സഹായിക്കും  
 • പയർ നട്ട് 35 ദിവസം പ്രായമാകുമ്പോൾ അടുപ്പുചാരം 100 ചുവടിന് 25 കിലോ  എന്ന തോതിൽ ചുവട്ടിൽ വിതറിയാൽ പൂപൊഴിച്ചിൽ നിയന്ത്രിക്കാം.
 • പയറിലെ പൂവിലുണ്ടാകുന്ന പുഴുവിനെ തുരത്താൻ 20 ഗ്രാം കായം 10 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കാം.
 • പയറിലെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ അകറ്റുന്നതിന് 250 ഗ്രാം കൂവളത്തില ഒരു ലീറ്റർ വെള്ളത്തി ൽ തിളപ്പിച്ച് തണുത്തശേഷം അതിലേക്ക് 250 മില്ലി പുതിയ ഗോമൂത്രം ചേർത്തു 10 ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു പയറിൽ തളിക്കുക.
 • പയറിലെ ചാഴിയെ അകറ്റുന്നതിന് പനവർഗത്തിൽപ്പെട്ട ഈന്ത് എന്ന ചെടിയുടെ (ആൺവർഗം) കായ് മുറിച്ചു ചെറിയ കഷണങ്ങളാക്കി തോട്ടത്തിൽ പല സ്ഥലത്തു വയ്ക്കുക.
 • പയറിലെ ചാഴി നിയന്ത്രണത്തിനു കാന്താരിമുളക് 100 ഗ്രാം, വെളുത്തുള്ളി 50 ഗ്രാം ഇവ ഇടിച്ചു പിഴിഞ്ഞു നീര് എടുത്തു 10 ലീറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക.
 • പയറിലെ ചാഴി, മുഞ്ഞ ഇവ തടയാൻ 150 ഗ്രാം കാന്താരിമുളക് പത്തു ലീറ്റർ വെള്ളത്തിൽ അരച്ചു കലക്കി അരിച്ചെടുത്തു തളിച്ചാൽ മതി 
 • പയറിലെ റോക്കറ്റുപുഴുവിനു കാഞ്ഞിരത്തിന്റെ തൊലിയുംകൂടി ഇടിച്ചുപിഴിഞ്ഞ നീര് രണ്ടു ലീറ്റർ അടുപ്പത്തുവച്ചു വറ്റിച്ച് ഒരു ലീറ്റർ ആക്കുക. തണുത്ത ശേഷം  10ലീറ്റർ വെളളത്തിന് ഒരു ലീറ്റർ കണക്കി ൽ തളിച്ചുകൊടുക്കുക.
 • പയർ പൂവിടുന്നതിനു മുൻപ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിർത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക, കായ്പിടിത്തം കൂടും.
 • പയർകൃഷിയിൽ എരിപന്തൻ വലിക്കുന്നതാണ് ആദായകരവും വിളവ് കൂടുതൽ നൽകുന്നതും. നിര എടുത്ത്, തടം ശരിയാക്കുമ്പോൾ സൂര്യനഭിമുഖമായി കൃഷി ചെയ്യുന്നത് വിളവു കൂട്ടുന്നതായി കാണുന്നു.
 • പയറിൽ മുപ്പതു ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടുകൊടുത്താൽ കരിമ്പിൻകേട് കുറയും.
 • നെൽപ്പാടത്തു കാണുന്ന അടയ്ക്കാണിയൻ ചെടി സമൂലം ഇടിച്ചു പിഴിഞ്ഞ്, വെള്ളത്തിൽ സോപ്പു ചേർത്തു നേർപ്പിച്ച ലായനി പച്ചക്കറികളിൽ തളിച്ചാൽ പല കീടങ്ങളും കുറയും. ചീര, പയർ എന്നിവയ്ക്ക് ഈ മരുന്ന് നന്ന്.
 • തണുത്ത ചാരമോ അറക്കപ്പൊടിയോ പയറിൽ വിതറിയാൽ മുഞ്ഞ ശല്യം കുറയും
 • കാഞ്ഞിരയില ഇടിച്ചുപിഴിഞ്ഞ നീരിൽ പച്ചവെളളവും സോപ്പും ചേർത്തു നേർപ്പിച്ചതു പയറിൽ തളി ച്ചാൽ ഇലയിൽ വരുന്ന കീടങ്ങൾ കുറയും
 • എരുമച്ചാണകം പച്ചവെള്ളത്തിൽ കലക്കി അമര, പയർ ഇവയ്കൊഴിച്ചാൽ നല്ല വിളവു കിട്ടും              
 • അമര, ചതുരപ്പയർ തുടങ്ങി ഇനങ്ങൾ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളൂ. ഒരിക്കൽ നട്ടുവളർത്തി യാൽ മൂപ്പെത്തിയ കായ്കൾ രണ്ടു മൂന്നെണ്ണം പറിക്കാതെ നിർത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണിൽ വീഴും. മീനമാസത്തിൽ പെയ്യുന്ന മഴയ്ക്കു താനേ കിളിർക്കും. പടർന്നു പന്തലിക്കും. 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA