ADVERTISEMENT

വെള്ളരിയും കുമ്പളവും മത്തനും തുടങ്ങി ചേന, ചേമ്പ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, കൂവക്കിഴങ്ങ് എന്നിങ്ങനെ നിത്യാഹാരത്തിൽ ഇടംപിടിക്കുന്ന ഒട്ടേറെ ഇനങ്ങളുണ്ടായിരുന്നു നമ്മുടെ തൊടിയിൽ മുൻപ്. ഏഴെട്ട് പതിറ്റാണ്ടുകൾക്കു മുമ്പുള്ള കേരളത്തിന്റെ അടുക്കള സംസ്കാരം അത്രമേൽ ആരോഗ്യപ്രദവുമായിരുന്നു. 

സ്വന്തം വീട്ടുവളപ്പുകളിലെ പച്ചക്കറികൾകൊണ്ടാണ് അന്നു വീട്ടമ്മമാർ രുചികരവും പോഷകസമ്പ ന്നവുമായ വിഭവങ്ങൾ വിളമ്പിയിരുന്നത്. അന്നു നമ്മുടെ വിപണികളിൽ പുറമെനിന്നു വന്നിരുന്നത് തക്കാളിയും ഉരുളക്കിഴങ്ങും മാത്രം. സാമ്പാറിലെ അവിഭാജ്യ ഘടകമായിരുന്ന അമരയ്ക്കായും അക്കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം. 

വെണ്ടയും വഴുതനയും ചീര(കീര)യും എല്ലാ വളപ്പുകളിലും പതിവായി വളർത്തിയിരുന്നു. ഇവയു ടെ വിത്ത് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, എന്നും രാവിലെ അടുപ്പിൽനിന്നു കോരി മാറ്റുന്ന ചാരത്തിനൊപ്പം തൊഴുത്തിനോടു ചേർന്ന ചാണകപ്പുരയിൽ നിക്ഷേപിച്ചിരുന്നു. ഇടവപ്പാതി തുട ങ്ങുമ്പോൾ തെങ്ങിന് തടം തുറന്ന് ഈ ചാരവും ചാണകവും തടങ്ങളിൽ വിതറിയിടും. അതിലുള്ള മത്തന്റെയും കുമ്പളത്തിന്റെയും വെള്ളരിയുടെയും വിത്തുകൾ തനിയേ കിളിർത്തു വള്ളി വീശി, തൊഴുത്തിന്റെയും വിറകുപുരയുടെയും ഓല മേഞ്ഞ മേൽപ്പുരകൾ‌ക്കു മേൽ പടർന്നു പന്തലിച്ചു വളർന്ന് ധാരാളം കായ്ഫലം തന്നിരുന്നു. 

അന്നൊക്കെ, ആദ്യ മഴയ്ക്കൊപ്പം പറമ്പിൽ വൻപയർ വിത്തു വിതയ്ക്കുന്നതുകൊണ്ട് ചിങ്ങത്തിലെ ഓണസദ്യയ്ക്ക് അച്ചിങ്ങാപ്പയർ തേടി അങ്ങാടിയിൽ പോകേണ്ടതില്ലായിരുന്നു. അതിന്റെ വിളവെടുപ്പ് കന്നി ഒടുവിൽ പൂർത്തിയാകുമ്പോൾ അതേ കൃഷിയിടത്തിൽ മുതിരവിത്തു വിതയ്ക്കും. വൃശ്ചികത്തിൽ മുതിരച്ചെടി പിഴുതുണക്കി പായിലടിച്ച് മുതിര ശേഖരിക്കുന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നു. 

നല്ല പുഴുക്കലരിച്ചോറും വീട്ടിൽ വിളയിച്ച പെരുമ്പയറും മുതിരയും പിന്നെ പലതരം നാടൻ പച്ചക്ക റികൾകൊണ്ടുള്ള വിഭവങ്ങളും ചേരുമ്പോൾ ആരോഗ്യകരമായ ജീവിതത്തിനുതകുന്ന അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങൾ എന്നിവയും അറിയപ്പെടാത്ത അനേകം മാംസ്യ തന്മാത്രകൾ അട ങ്ങിയ പോഷക വസ്തുക്കളും  ഭക്ഷണത്തിന്റെ ഭാഗമായി മാറി.

ഇടവപ്പാതിക്കൊപ്പം പറമ്പിലാകെ തനിയെ വളർന്നുപൊങ്ങുന്ന ഭക്ഷ്യയോഗ്യമായ ചെടികളിൽ മുൻനിരക്കാർ കുപ്പക്കീര, മണിത്തക്കാളി, തഴുതാമ എന്നിവയായിരുന്നു. ഇവയ്ക്കു പുറമെ ചേമ്പി ലയും ചേനത്തണ്ടും. ചേനത്തണ്ട് പച്ചക്കറിക്കായി കിട്ടിയിരുന്നത് കുംഭത്തിൽ തടമെടുത്ത് നടുന്ന ചേനയിൽ നിന്നായിരുന്നില്ല! ചെറു ചേനത്തൈകൾ പറമ്പിലെമ്പാടും തനിയെ കിളിർത്തുയരുന്നു ണ്ടാകും! അവയുടെ തണ്ടാണ് കറിവയ്ക്കാന്‍ മുറിച്ചെടുത്തിരുന്നത്.  

മണത്തക്കാളിയും തഴുതാമയും

മനുഷ്യനുണ്ടാകുന്ന രോഗങ്ങളുടെ മൂലകാരണം അവന്റെ ദഹനവ്യവസ്ഥയിൽ അമ്ലാംശം കൂടുന്നതുകൊണ്ടാണെന്ന് ആയുർവേദം പണ്ടേക്കു പണ്ടേ പറഞ്ഞിട്ടുണ്ട്. പുളിച്ചുതികട്ടലും വായുക്ഷോഭവും അതിന്റെ തെളിവാണ്. ഈ അടിസ്ഥാന ദൂഷ്യം ചെറുക്കാൻ ഏറ്റവും നല്ല മാർഗം ആഹാരക്രമത്തിൽ മണത്തക്കാളിയിലയും തഴുതാമയിലയും ഉള്‍പ്പെടുത്തുകയാണ്.   

രണ്ടും ക്ഷാര രസമുള്ള ഇലകള്‍. ഇവ കറിവച്ചും അരച്ച് വെള്ളത്തിലോ മോരിലോ കലക്കിക്കുടിച്ചും (രാവിലെ വെറും വയറ്റിൽ) ശീലിച്ചാൽ  മിക്ക രോഗങ്ങളെയും  ചെറുക്കാനാവും. ഈ രണ്ട് ചെടികളും ഒരിക്കൽ നമ്മുടെ പറമ്പിൽ വേരുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ അത് നശിക്കില്ല! എല്ലാ വർഷവും ഇടവപ്പാതിയോടെ ഇവ തനിയേ കിളിർത്ത് വളർന്നുകൊള്ളും.

സ്ഥിരമായി വളർത്താവുന്ന പോഷകസമൃദ്ധമായ രണ്ട് വള്ളിച്ചെടികളാണ് കോവലും ചതുരപ്പയറും. ആദ്യത്തേത് കമ്പു മുറിച്ചു നട്ടും രണ്ടാമത്തേത് വിത്ത് പാകിയുമാണ് വളർത്തേണ്ടത്. പാലിൽ ഉള്ളതിന്റെ പത്തിരട്ടി മാംസ്യം ചതുരപ്പയറിന്റെ വിത്തിലുണ്ട്. ചതുരപ്പയറിന്റെ ഇലയും പൂവും കിഴങ്ങും ആഹാരയോഗ്യമാണ്. കോവൽ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന പച്ചക്കറിവിളയാണ്. 

ഇവയ്ക്കെല്ലാം പുറമെ നമ്മുടെ വീട്ടുവളപ്പിൽ അവശ്യം ഉണ്ടായിരിക്കേണ്ട ചെറുവൃക്ഷങ്ങളാണ് കറിവേപ്പും മുരിങ്ങയും അഗത്തിയും കൂവളവും. വൈറ്റമിൻ എ എന്ന ജീവകത്തിന്റെ കലവറയാണ് കറിവേപ്പിലയും മുരിങ്ങയിലയും. പക്ഷേ, നാം കറിവേപ്പില ഉപയോഗിക്കുന്നത് കറികൾക്ക് സുഗന്ധം പകരാനാണ്. എന്നാൽ തിളയ്ക്കുകയോ വറുക്കുകയോ ചെയ്യുമ്പോൾ കറിവേപ്പിലയിലെ  വൈറ്റമിൻ എ തന്മാത്രകൾ വിഘടിച്ച് നഷ്ടപ്പെടാറാണ് പതിവ്. അതേസമയം രണ്ട് നെടുപ്പ് കറിവേപ്പില വെണ്ണപാകത്തിൽ അരച്ച് ഒരു ഗ്ലാസ് മോരി ൽ കലർത്തി ആഴ്ചയിൽ ഒരിക്കൽ കഴി ച്ചാൽതന്നെ നമ്മുടെ ശരീരത്തിനാവശ്യമായ മുഴുവൻ വൈറ്റമിൻ എയും ലഭിച്ചിരിക്കും! പാലിലും നെയ്യിലും ഉള്ളതിന്റെ ആയിരം ഇരട്ടിയാണ് കറിവേപ്പിലയിലെ വൈറ്റമിൻ  എയു ടെ അളവെന്നോ ർക്കുക! ഇതേ ഫലം ആഴ്ചയിലൊരിക്കൽ മുരിങ്ങയിലത്തോരൻ ഉണ്ടാക്കിക്കഴിച്ചാലും നമുക്കു ലഭിക്കും.

കൂവളത്തിന്റെ ഇലയിലും അഗത്തിയുടെ പൂവിലും നമുക്ക് രോഗപ്രതിരോധശക്തി നൽകുന്ന അനേകം തന്മാത്രാഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റിൽ ഇവയുടെ ചാറ് ഒരു ഗ്ലാസ് വാഴപ്പിണ്ടി അല്ലെങ്കിൽ കുമ്പളങ്ങാച്ചാറിൽ കലർത്തിക്കുടിക്കുന്നത് ശീലമാക്കിയാൽ പല രോഗങ്ങളിൽനിന്നും നമുക്ക് രക്ഷ നേടാം. 

ലേഖകന്റെ വിലാസം: റിട്ട. പ്രഫസർ,  കേരള കാർഷിക സർവകലാശാല. ഫോൺ: 94470 20075.

English summary:  Traditional  Crops for Better Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT