ADVERTISEMENT

കേരളത്തിലെ കാലാവസ്ഥയിൽ തണ്ണിമത്തൻ വൻതോതിൽ കൃഷി ചെയ്യാമോ എന്ന ചോദ്യം അവസാനിക്കും മലപ്പുറം കുറുവ പഞ്ചായത്തിലെ വട്ടല്ലൂർ കരിഞ്ചപ്പാടിയിലെത്തുമ്പോൾ. കരുവാളി വീട്ടിൽ മുഹമ്മദ് അമീർ ബാബു(43)വിന്റെ 9 ഏക്കർ വയലിൽ തണ്ണിമത്തൻ വിളവെടുപ്പു നടക്കുകയാണ്. 

തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നും മലയാളിയുടെ മനസിനെ കുളിർപ്പിക്കാനെത്തുന്ന തണ്ണിമത്തൻ ഇവിടുത്തെ കാലാവസ്ഥയിൽ നന്നായി വിളയുമെന്നു ബാബു തിരിച്ചറിഞ്ഞിട്ട് 7 വർഷമായി. കൊയ്ത്തുകഴിയുന്ന പാടത്തു പച്ചക്കറി കൃഷി ചെയ്തിരുന്ന ബാബു പരീക്ഷണാടിസ്ഥാനത്തിലാണു തണ്ണിമത്തൻ കൃഷി ചെയ്തുനോക്കിയത്. മണൽ ചേർന്ന ചെളിമണ്ണുള്ള വയലിലാണു ബാബു കൃഷി ചെയ്യുന്നത്. തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യം ഇതാണ്. 

ഫെബ്രുവരിയിലാണു മണ്ണൊരുക്കം. കൊയ്ത്തുകഴിയുന്നതോടെ ട്രാക്ടർ കൊണ്ടു വയൽ പൂട്ടും. കോഴിവളമാണു തടത്തിൽ അടിവളമായി ചേർക്കുക. 30 സെന്റീമീറ്റർ അകലത്തിൽ തൈകൾ നടും. വിത്തു നേരിട്ടു പാകിയും തൈകൾ പറിച്ചുനട്ടും കൃഷി ചെയ്യാം. ഇക്കുറി മൂന്നുതരം ഹൈബ്രിഡ് വിത്തുകളാണു കൃഷി ചെയ്തത്. പച്ച പുറത്തും ചുവപ്പ് അകത്തുമുള്ള സുപ്രീത്, പച്ച പുറത്തും മഞ്ഞ അകത്തുമുള്ള അനിമോൾ, മഞ്ഞ പുറത്തും ചുവപ്പ് അകത്തുമുള്ള വിശാൽ. 3 മുതൽ 15 കിലോ വരെ തൂക്കം വരും സുപ്രീതിന്റെ ഒരു തണ്ണിമത്തന്. അനിമോൾക്ക് 4 കിലോയും വിശാൽ 5 കിലോയും തൂക്കം ലഭിക്കും.

തുള്ളിനനയാണു ബാബു സ്വീകരിച്ചിരിക്കുന്നത്. ഫെർട്ടിഗേഷൻ വഴി പൊട്ടാഷ് നൽകും.

30 ദിവസം കൊണ്ടു കായ്ക്കാൻ തുടങ്ങും. 40 ദിവസമാണു മൂപ്പെത്താൻ വേണ്ടത്. ഒരു ചെടിയിൽ രണ്ടു കായ മാത്രമേ നിലനിൽത്തുകയുള്ളൂ. എങ്കിലേ തണ്ണിമത്തൻ നല്ല വലുപ്പമുണ്ടാകുകയുള്ളൂ.

ഒരു ഏക്കറിൽനിന്ന് 7 ടൺ വിളവു ലഭിക്കും. തണ്ണിമത്തന് ഏക്കാലവും നല്ല വില ലഭിക്കുന്നതിനാൽ കൃഷി ലാഭം തന്നെയാണ്. 40 രൂപയാണ് അനിമോൾ ഇനത്തിന് ഒരു കിലോയുടെ വില. 

തണ്ണിമത്തനൊപ്പം മറ്റു പച്ചക്കറികളും ബാബു കൃഷി ചെയ്യാറുണ്ട്. കണിവെള്ളരിയാണ് കൂടുതൽ കൃഷി ചെയ്യുക. എല്ലാ കാലത്തും നല്ല വില ലഭിക്കാറുണ്ടെങ്കിലും ഇക്കുറി കോവിഡ് കാരണം പ്രതീക്ഷിച്ച വില ലഭിച്ചില്ല. തക്കാളി, വെണ്ട, മുളക്, ചീര, കുമ്പളം, ചിരങ്ങ എന്നിവയെല്ലാം ബാബുവിന്റെ വയലിലുണ്ട്. മഴക്കാലത്ത് പറമ്പിൽ പച്ചമുളകും തക്കാളിയും കൃഷി ചെയ്യും. തണ്ണിമത്തൻ സീസൺ കഴിയുമ്പോഴേക്കും നെൽക്കൃഷി തുടങ്ങാറാകും. 

എല്ലാ സീസണിലും കൃഷിയുള്ളതിനാൽ ബാബു തിരക്കുള്ള കർഷകൻ തന്നെയാണ്. ശീതകാലപച്ചക്കറിയും സവാളയുമെല്ലാം കൃഷി ചെയ്യാറുണ്ട്.

ഫോൺ: 9447077531

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT