ADVERTISEMENT

മണ്ണിൽ കൃഷിചെയ്യുന്ന ഓരോ കർഷകനും ഒരു പ്രതീക്ഷയുണ്ട്, തന്റെ അധ്വാനത്തിന്റെ നാളെ വിളവിലൂടെ തിരികെ ലഭിക്കുമെന്ന്. എന്നാൽ, സമീപകാലത്ത് കർഷകർ പ്രതിസന്ധിയിലാണ്. പ്രകൃതിയും, വന്യജീവികളുമെല്ലാം കർഷകന്റെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും പ്രതീക്ഷയുടെയും മുകളിൽ കരിനിഴലായി നിൽക്കുകയാണ്. കഴിഞ്ഞ വർഷം തന്റെ അരയേക്കർ സ്ഥലത്ത് വെണ്ടക്കൃഷി ചെയ്ത പാലക്കാട് സ്വദേശി ഗോഗുൽ പട്ടിവരമ്പത്തിനുണ്ടായ അനുഭവം സമാന രീതിയിൽത്തന്നെയാണ്. പ്രളയത്തിൽ കൃഷിസ്ഥലം വെള്ളത്തിൽ മൂടിപ്പോയി. അദ്ദേഹത്തിന്റെ കുറിപ്പ് ചുവടെ,

ഒറ്റ നോട്ടത്തിൽ കണ്ടാൽ തീറ്റപുല്ല് വളർത്തിയതാണ് എന്നേ കരുതൂ. കഴിഞ്ഞ വർഷം മേയിൽ വിഎഫ്‌പിസികെയിൽനിന്നു ഫീൽഡ് ഓഫീസർ മീറ്റിങിന് ഇടയിൽ പറഞ്ഞു ഹൈബ്രിഡ് പച്ചക്കറി പദ്ധതി പ്രകാരമുള്ള സ്കീം ഉണ്ട്, ഹെക്ടറിന് 60,000 രൂപയോ മറ്റോ ധനസഹായനമുണ്ട്. പന്തലുള്ള കൃഷി ആണെങ്കിൽ പിന്നെയും കൂടുതലുണ്ടെന്ന്. 

പാവൽ കൃഷിക്കുള്ള സമയം വൈകിയതിനാലും പന്തൽ ഉണ്ടാക്കാനുള്ള സമയക്കുറവും കണക്കിലെടുത്ത് ഹൈബ്രിഡ് വെണ്ടക്കൃഷി നടത്താം എന്നുറപ്പിച്ചു. അന്നുതന്നെ ടൗണിൽ പോയി വിത്ത് വാങ്ങി. പിറ്റേന്നു തന്നെ ജോലിയും തുടങ്ങി. അര ഏക്കർ സ്ഥലമായിരുന്നു ഉദേശിച്ചത്. 10,000 രൂപയോളം ധനസഹായം കിട്ടും. ആ സംഖ്യയ്ക്കുള്ളിൽ ചെലവുകൾ ഒതുക്കിയാൽ പിന്നെ ഞാൻ ചെയ്യുന്ന ജോലിക്ക് ഒരു ദിവസം 100 രൂപ കിട്ടിയാൽ പോലും 60 ദിവസത്തോളം രാവിലെയും വൈകുന്നേരവും ഞാൻ ചെയ്യുന്ന വിളവെടുപ്പും കള നീക്കലും ഒക്കെ തനിയെ ചെയ്താലും ജോലിക്ക് ഇടയിൽ ഒരു അധിക വരുമാനം ആകും എന്നായിരുന്നു കണക്കുകൂട്ടൽ.

പാലക്കാട്‌ അതിർത്തി ഗ്രാമമായ കൊഴിഞ്ഞമ്പാറയിലോ മറ്റോ വർഷങ്ങളായി വെണ്ടക്കൃഷി മാത്രം ചെയ്യുന്ന ഒരാളുടെ അടുത്തുനിന്നു കാര്യങ്ങൾ ഫോണിലും നേരിട്ടും ചോദിച്ചറിഞ്ഞു. അദ്ദേഹം പരമാവധി കാര്യങ്ങൾ പറഞ്ഞു തന്നു. അദ്ദേഹവും കൃഷി ഓഫീസറുമൊക്കെ പറഞ്ഞ പ്രകാരം ശക്തി എന്നയിനം ഹൈബ്രിഡ് വിത്ത് വാങ്ങിച്ചതിന് 1500 രൂപയോളമായി. പിന്നീട് അടിവളമായി കോഴിക്കാഷ്ഠം ചേർത്തു. 15 ചാക്ക് 2250 രൂപ ആയി എന്നാണ് ഓർമ. രണ്ടു വർഷം തരിശു കിടന്ന ഭൂമി കളനാശിനി അടിക്കാൻ നിന്നില്ല ബ്രഷ് കട്ടർ ഉപയോഗിച്ച് കാട് വെട്ടി. എനിക്ക് ഓഫീസിൽനിന്നു ലീവ് കിട്ടാത്തതിന്നാലും, എത്രയും പെട്ടെന്ന് തോട്ടം ഒരുക്കി ഫോട്ടോ എടുത്ത് അപേക്ഷ സമർപ്പിക്കാനും വേണ്ടി ജോലിക്കാരന് കാടു കളയാൻ വേണ്ടി 5-6 ലീറ്റർ പെട്രോൾ വാങ്ങിക്കൊടുത്തു കാട് വെട്ടിക്കോളാൻ പറഞ്ഞു. രണ്ട് ദിവസം കൂലി 1200 പെട്രോൾ 400 രൂപ. 

ഒരാൾ പൊക്കം ഉണ്ടായിരുന്ന പുല്ലും കാടും കളഞ്ഞപ്പോൾ കിളയ്ക്കാൻ പറ്റാത്ത അവസ്ഥ. പുല്ലിന്റെ തണ്ടും മറ്റും തടഞ്ഞിട്ട് പിന്നീട് ടയർ കുട്ടയിൽ കൈക്കോട്ട് കൊണ്ട് ഇതെല്ലാം വാരി നീക്കലായി പണി. രണ്ടര ദിവസം എടുത്തു മൊത്തം മാറ്റാൻ. പിന്നീട് വെണ്ട പാകി മുളപ്പിച്ചത് നടാൻ തുടങ്ങി. ഒന്നര അടി അകലം പാലിച്ചാരുന്നു നടീൽ. പകുതി ആയപ്പോഴേക്കും മുളപ്പിച്ച തൈകൾ തീർന്നു. പിന്നെ നേരിട്ട് വിത്ത് കുത്തി. 

3500ൽപ്പരം വെണ്ടച്ചെടികൾ ഉണ്ടാകും എന്നായിരുന്നു കണക്ക്. കുറച്ചു ദിവസങ്ങൾ പിന്നിട്ടു മയിലിന്റെ ഉപദ്രവം ഉണ്ടായി. പണിക്കു വന്നിരുന്ന സുഹൃത്ത് മൊബൈൽഫോണിൽ ഗെയിം കളിച്ച് ഒരാഴ്ച കാവൽ ഇരുന്നു (കൂലിക്ക് അല്ല അത്രയും ജോലി ചെയ്തിട്ട് അത് മയിൽ കേടാക്കുന്നു എന്നു കണ്ടപ്പോൾ ആളു ആരും പറയാതെ വന്ന് ഇരുന്നതാണ്). എന്തായാലും ഞങ്ങൾക്ക് സന്തോഷവും ചിലർക്ക് മനസിൽ ചെറിയ ഒരു വിഷമവും സമ്മാനിച്ചു കൊണ്ട് വെണ്ടച്ചെടികൾ വലുതായി. രണ്ടു തവണ വളപ്രയോഗവും ചെയ്തു. 

പതിയെ പ്രളയത്തിന്റെ വരവായി മൂന്നാം തവണ വളം കയറ്റുമ്പോൾ മണ്ണ് കൂട്ടിക്കൊടുക്കാൻ കാത്തിരുന്ന ഞങ്ങൾക്ക് അങ്ങോട്ട്‌ ഇറങ്ങാൻ പോലും പറ്റിയില്ല. 45ആം ദിവസം ഫോട്ടോ എടുത്ത് ഫീൽഡ് ഓഫീസറെ കാണിച്ചു അപേക്ഷ സമർപ്പിക്കാനിരുന്ന ഇടയ്ക്ക് ഒന്നാംതരം പ്രളയം. കൃഷിയുടെ സൈഡിലുള്ള വീട്ടുകാരുടെ സ്റ്റെപ്, സ്ലാബ്, ഗേറ്റ് എല്ലാം കൂടെ കാലപ്പഴക്കവും പ്രളയവും കൂടെ തകർത്തു തോട്ടിൽ വീഴ്ത്തി. തോട് അടഞ്ഞു. വെള്ളം വഴി മാറി ഒഴുകി നേരെ കൃഷി സ്ഥലം മൂടിപ്പോയി. ഒറ്റ രാത്രികൊണ്ട് എല്ലാം വെള്ളം മൂടി. തുടർച്ചയായ നാലഞ്ചു ദിവസത്തിനു ശേഷം വെള്ളം ഇറങ്ങിത്തുടങ്ങി. പക്ഷേ തോട് ആരും നന്നാക്കി യില്ല. വെള്ളം പോകുന്നത് ഇതിന്റെ ഇടയിൽ കൂടെ ആയി. 

പിന്നീട് പണം ചെലവാക്കുന്നത് മണ്ടത്തരമാകും എന്നു തോന്നിയപ്പോൾ പരിചരണം ഒഴിവാക്കി. പക്ഷേ എന്നിട്ടും വിത്തിന്റെയും മണ്ണിന്റെയും വളത്തിന്റെയും ഗുണം മൂലം കേടു വരാത്ത ചെടികൾ നല്ലവണ്ണം കായ പിടിച്ചു. സ്വയം അറുത്തു കടയിൽ കൊടുത്തു. 20-25 കിലോ വീതം ആഴ്ചയിൽ രണ്ടു മൂന്നു തവണ കിട്ടിയിരുന്നു. 13 രൂപ വച്ചാണ് വില കിട്ടിയത്. വളം ചെയ്യാത്തതു കൊണ്ട് അധിക ദിവസം കിട്ടിയില്ല. 

അതിനിടെ അപേക്ഷ സമർപ്പിക്കേണ്ട സമയം കടന്നു പോയി. സമീപത്തൊക്കെ കൃഷിനാശം വിലയിരുത്താൻ വന്ന കൃഷി അസിസ്റ്റന്റ് ഇത് കാണിച്ചപ്പോ ‘ഹായ് ഇതിൽ വെണ്ടയ്ക്ക ഒക്കെ നിൽക്കുന്നുണ്ടല്ലോ എന്താ ഇതിൽ നാശ നഷ്ടം?’ എന്ന്. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല രണ്ടു മാസത്തോളം കറിക്കും തോരനും കൊണ്ടാട്ടത്തിനും ഒക്കെ വീട്ടിൽ വെണ്ട മാത്രം. പലപ്പോഴും തോന്നി ഈ വെണ്ടയ്ക്കയ്ക്ക് എന്നോട് എന്താ ഇത്ര ശത്രുത എന്ന്.

പിന്നീട് കായ കുറഞ്ഞപ്പോൾ അമ്മ വീട്ടിൽ ഇല്ലാത്ത നേരം നോക്കി ബ്രഷ് കട്ടർ എടുത്ത് മുഴുവനും വെട്ടിക്കളഞ്ഞു. അമ്മ ഒരാഴ്ച മുഖം വീർപ്പിച്ചിരുന്നു. പിറ്റേ ആഴ്ച മരച്ചീനിക്ക് സ്ഥലം ഒരുക്കിത്തുടങ്ങി.

English summary: Okra Cultivation and Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT