ADVERTISEMENT

വഴുതനവർഗ പച്ചക്കറികളായ തക്കാളി, മുളക്, വഴുതന എന്നിവയെ ബാധിക്കുന്ന പ്രധാന രോഗമാണ് ബാക്ടീരിയൽ വാട്ടം. ഇതു ബാധിച്ചാല്‍ ചെടികൾ പൂർണമായും നശിക്കുകയോ വിളവ് ഗണ്യമായി കുറയുകയോ ചെയ്യും.  

അമ്ലത കൂടിയ നമ്മുടെ മണ്ണിൽ ഈ രോഗം വ്യാപകമായി കാണപ്പെടുന്നുണ്ട്. രോഗം വന്നതിനുശേഷം നിയന്ത്രിക്കുന്നതു ക്ലേശകരമായതിനാൽ വരാതെനോക്കുകയാണ് ഉത്തമം. രോഗം ചെറുക്കാന്‍  ശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുകയാണ് ഏറ്റവും  നല്ല പ്രതിരോധമാർഗം.

കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ തക്കാളിയിനങ്ങളായ ശക്തി, മുക്തി, അനഘ, മനുലക്ഷ്മി, മനുപ്രഭ, വഴുതന ഇനങ്ങളായ സൂര്യ, ശ്വേത, ഹരിത, നീലിമ, പൊന്നി, മുളക് ഇനങ്ങളായ ഉജ്ജ്വല, അനുഗ്രഹ എന്നിവ ഈ രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്.  വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കു നമ്മുടെ കർഷകർ ആ ശ്രയിക്കുന്ന അത്യുൽപാദനശേഷിയുള്ള മിക്കവാറും സങ്കരയിന (ഹൈബ്രിഡ്) വിത്തുകളും കേരളത്തിലെ കാലാവ സ്ഥയിലും മണ്ണിലും ഈ രോഗത്തിന് അടിമയാകുന്നുണ്ട്. 

ചെടികളുടെ ഇളം ഇലകൾ വാടി തൂങ്ങുന്നതാണു പ്രാരംഭലക്ഷണം. രോഗം കൂടുന്നതോടെ ചെടികൾ പച്ചയ്ക്കുതന്നെ വാടിപ്പോകുന്നു. രോഗം ബാധിച്ചാൽ ഒരാഴ്ചകൊണ്ടുതന്നെ ചെടി ഉണങ്ങി നശിക്കും. ചിലപ്പോള്‍  ഇല താഴോട്ടു ചുരുളുകയും ധാരാളം വേരുകൾ തണ്ടിൽ രൂപപ്പെടുകയും ചെയ്യുന്നു. രോഗമുള്ള ചെടികളുടെ തണ്ട് പിളർന്നു നോക്കിയാൽ ഉൾഭാഗം കറുത്തിരിക്കും.

ചെടിയുടെ വളർച്ചയുടെ ഏതു ഘട്ടത്തിലും ബാധിക്കാവുന്ന ഈ രോഗത്തിനു കാരണം ‘റാൾസ്റ്റോണിയ സോളാനേ സിയറം’ എന്ന ബാക്ടീരിയയാണ്. മണ്ണിൽകൂടിയും വെള്ളത്തിൽകൂടിയുമാണ് ഈ രോഗം പടരുന്നത്.   ചെടിയിൽ രോഗാണു പ്രവേശിക്കുന്നത്  വേരിലോ തണ്ടിലോ ഉള്ള മുറിവുകളിലൂടെയോ നിമാവിരകൾ ഉണ്ടാക്കുന്ന മുറിവുകളി ലൂടെയോ ആകാം. നിയന്ത്രണമാർ‌ഗങ്ങൾ സ്വീകരിക്കാത്തപക്ഷം അടുത്തടുത്തു നിൽക്കുന്ന ചെടികളിലേക്കു മണ്ണി ലൂടെത്തന്നെ വളരെ വേഗം ഈ രോഗം പടരുന്നു. എന്നാൽ നാടന്‍ ഇനങ്ങൾ ഈ രോഗത്തെ ചെറുക്കുന്നതായാണു കാണുന്നത്.

അത്യുൽപാദനശേഷിയുള്ള, എന്നാല്‍ വാട്ടത്തെ  പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ഇനങ്ങളെ പ്രതിരോധശേഷിയുള്ളതാക്കാന്‍  നാട്ടിനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്യുന്നതിലൂടെ സാധിക്കും.  ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം  2017–18 കാലയളവിൽ  ആറാട്ടുപുഴ, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലെ  കൃഷിയിടങ്ങളില്‍ ഇതു പരീക്ഷിക്കുകയുണ്ടായി. അത്യുൽപാദനശേഷിയുള്ള ‘അർക്ക രക്ഷക്’ എന്ന തക്കാളിയിനമാണ് ഇതിനു തിരഞ്ഞെടുത്തത്. വാട്ടരോഗത്തിനെതിരെ പ്രതിരോധശേഷിയുള്ളതാണെങ്കിലും ഈയിനം കേരളത്തില്‍ രോഗത്തിനു കീഴ്പ്പെടുന്നുണ്ട്. അത്യുല്‍പാദനശേഷിയുള്ളതിനാല്‍ ഇതിനോടു കര്‍ഷകര്‍ക്ക് ഏറെ താല്‍പര്യമാണുതാനും. 

കാട്ടുവഴുതനയിൽ ഗ്രാഫ്റ്റ് ചെയ്ത തൈകളാണു തിരഞ്ഞെടുത്ത 25 കർഷകർക്കു പരീക്ഷണത്തിനായി നൽകിയത്.  കെവികെയിലെ വിദഗ്ധര്‍ അവർക്കു  മാർഗനിർദേശങ്ങൾ യഥാസമയം നൽകി. പറിച്ചു നട്ട് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ  ചെടിക്കു രണ്ടടിയോളം പൊക്കം വച്ചതായി കർഷകർക്കു നൽകിയ നിരീക്ഷണ പുസ്തകത്തിൽ അവർ രേഖ പ്പെടുത്തി. ഒന്നര മാസം ആയപ്പോൾ പൂക്കാൻ തുടങ്ങി. രണ്ടര മാസം കഴിഞ്ഞപ്പോൾ നാലഞ്ച് അടി പൊക്കം വച്ചു. ഒട്ടേറെ  ശാഖകളും പൊട്ടി. കായ്കൾ പഴുത്തു വിളവെടുപ്പും തുടങ്ങി. കൃഷി ചെയ്തു വരുന്ന ഇനങ്ങളെ അപേക്ഷിച്ച് ഇവയ്ക്കു കായ്കളുടെ വലുപ്പവും ഉൽപാദനവും കൂടുതലായിരുന്നു. ചില ചെടികളുടെ കായ്കളുടെ അടിഭാഗം കറു ത്തു ചീയുന്നതായി കാണപ്പെട്ടു. കാത്സ്യത്തിന്റെ അഭാവംമൂലം കാണപ്പെട്ട ഈ ലക്ഷണങ്ങൾ പരിഹരിക്കാൻ കുമ്മായം മണ്ണിൽ ചേർക്കുക വഴി സാധിച്ചു. 

കർഷകർ സാധാരണയായി കൃഷിചെയ്യുന്ന തക്കാളിയിനങ്ങളുടെ 45.2% ചെടികളിലും ബാക്ടീരിയൽ വാട്ടം കാണപ്പെട്ടപ്പോൾ കാട്ടുവഴുതനയിൽ ഗ്രാഫ്റ്റ് ചെയ്ത ‘അർക്ക രക്ഷക്’ തീർത്തും രോഗവിമുക്തമായിരുന്നു. ഒരു ചെടിയിൽനിന്നു ശരാശരി ആറര കിലോ തക്കാളിയും കായ്കൾക്കു ശരാശരി 90 ഗ്രാം തൂക്കവും ലഭിച്ചെന്നാണ് കർഷകരുടെ റിപ്പോർട്ട്. 

കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലും  കഴക്കൂട്ടം കൃഷിഭവനിലും തക്കാളി തൈകൾ ഗ്രാഫ്റ്റ് ചെയ്തു നൽകുകയും പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.

English summary: Tomato grafting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT