ഓണമിങ്ങെത്തി, അടുത്ത ഓണത്തിനുള്ള വാഴക്കൃഷി ചെയ്യേണ്ട സമയവും

HIGHLIGHTS
  • വാഴക്കന്ന് ഒരെ വലുപ്പത്തിലുള്ളത്‌ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം
  • നടുന്നതിനു മുന്നേ കുഴികളിൽ ഒരുപിടി കുമ്മായം ചേർക്കണം
banana-farming-kerala
SHARE

അടുത്ത ഓണക്കാലത്തേക്ക് വിളവെടുപ്പിനുള്ള നേന്ത്രവാഴ കൃഷി ചെയ്യേണ്ട സമയവും അടുത്തു. ഒന്നുകൂടെ കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ മാസത്തിൽ വരുന്ന അത്തം ഞാറ്റുവേലയിലാണ് ഓണവാഴ നടാനുള്ള സമയം. വാണിജ്യാടിസ്‌ഥാനത്തിൽ വാഴകൃഷി ചെയ്യുമ്പോൾ ചെലവ് കുറച്ചും ഉൽപാദനം വർധിപ്പിച്ചും വേണം ചെയ്യാൻ. 

കൃഷിഭൂമി തിരഞ്ഞെടുക്കുമ്പോൾ ഗതാഗത സൗകര്യവും നല്ല നീർവാർച്ചയും ജലസേചന സൗകര്യവുമെല്ലാം ആദ്യമേ ഉറപ്പു വരുത്തണം. ഒരു സ്ഥലത്തു മൂന്നു വർഷമെങ്കിലും കൃഷി ചെയ്യാൻ ശ്രമിക്കണം. ആദ്യവർഷത്തെ സ്ഥലം ഒരുക്കാനുള്ള ചെലവ് പിന്നീട് വരില്ല എന്നതുകൊണ്ടാണ് മൂന്നു വർഷമെങ്കിലും കൃഷി ചെയ്യണമെന്നു പറയുന്നത്. 

10 അടി അകലത്തിൽ കുഴികൾ എടുത്തോ വെള്ളമുള്ള സ്ഥലമാണെങ്കിൽ വരമ്പ് കോരിയൊ കൃഷി ചെയ്യാം. ഹിറ്റാച്ചി, ട്രാക്ടറിൽ ഘടിപ്പിച്ച ബണ്ട് ഫോർമെർ എന്നീ യന്ത്ര സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച് മനുഷ്യപ്രയത്നം പരമാവധി ഒഴിവാക്കുകയും അതുവഴി കൂലിച്ചെലവ് കുറയ്ക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. 

വാഴക്കന്ന് ഒരെ വലുപ്പത്തിലുള്ളത്‌ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചെറിയ കന്നുകൾ നട്ടാൽ കായകളുടെ എണ്ണം കൂടുകയും വിളവെടുപ്പ് വൈകുകയും ചെയ്യും. വലിയ കന്നാണെങ്കിൽ നേരെ തിരിച്ചും. അടുത്ത കാര്യം ഏതു തരം വാഴക്കന്നു വച്ചാലും വിള ഇൻഷുറൻസ് എടുക്കുന്ന കാര്യം മറക്കരുത്. മൂന്നു രൂപ ഒക്കെയാണ് പ്രീമിയം. പ്രകൃതിക്ഷോഭങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവയ്ക്കെതിരായുള്ള കരുതൽ കൂടിയേ തീരൂ. അടുത്തുള്ള കൃഷിഭവൻ, vfpck മുതലായ സർക്കാർ സംവിധാനങ്ങളെ നമുക്ക് ഇതിനായി ആശ്രയിക്കാം.

വാഴക്കന്നുകൾ നടുന്നതിനു മുന്നേ കുഴികളിൽ ഒരുപിടി വീതം കുമ്മായം ചേർക്കണം. അതു പോലെ നടുമ്പോൾ ചെരിച്ചിടാനും ശ്രദ്ധിക്കണം. രണ്ടാഴ്ച കൊണ്ട് മുള വന്നു തുടങ്ങും. ആ സമയത്ത് ജൈവവളം ചേർത്തു കൊടുക്കണം. ചെലവ് കുറഞ്ഞതും കൂടുതൽ ഗുണം ചെയ്യുന്നതും ബ്രോയിലർ കോഴിവളമാണ്. ഒരു വലിയ ചാക്ക് കോഴി വളം 20 വാഴയ്ക്കു വരെ ഇടാം. ആട്ടിന്കാഷ്ഠം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഉണക്കച്ചാണകം എന്നിവ നല്ല വളങ്ങളാണ്. പക്ഷേ, ചെലവ് കൂടും.

അടുത്തതായി രാസവളപ്രയോഗമാണ്. രാസവളമോ! ചോദിച്ചു നെറ്റിചുളിക്കുന്നവരോട് രാസവളമില്ലാതെ ആയിരക്കണക്കിന് വാഴകൾ കൃഷി ചെയ്യൽ നടക്കില്ല എന്നതാണ് സത്യം. പല കർഷകരും തങ്ങൾ ചെയ്തു വിജയിച്ച വളപ്രയോഗരീതി ആരോടും പങ്കുവയ്ക്കാറില്ല. വെറും സ്വാർഥത മാത്രം. രാസവള കച്ചവടക്കാരൻ ആണെങ്കിൽ അയാൾക്ക് കൂടുതൽ ലാഭം കിട്ടുന്ന വളം ഏറ്റവും നല്ലതാണെന്ന് പറഞ്ഞു കൃഷിക്കാരന് നൽകും. അനവസരത്തിൽ അമിതമായി നൽകുന്ന വളം വെള്ളത്തിലും വായുവിലും പോകും എന്നല്ലാതെ ഒരു ഗുണവും ഇല്ല.

ആദ്യമായി വേരുപടലങ്ങൾ ശക്തി പ്രാപിക്കാനും വളർച്ചയ്ക്കും വേണ്ടി ഒരു പിടി ഫാക്ടംഫോസ് വിതറി കുറച്ചു മണ്ണിട്ടുമൂടുക. വാഴ കൂടുതൽ പ്രതികരിക്കുന്നത് ചെറിയ അളവിലും കുറഞ്ഞ അളവിലുമുള്ള വളപ്രയോഗത്തോടാണ്. എല്ലാം ഹൈടെക് ആയ കാലത്തു വളപ്രയോഗവും കുറച്ചു ഹൈടെക് ആകട്ടെ അതിനായി 18-18-18 വാട്ടർ സോല്യൂബിൾ ഫെർട്ടിലൈസർ വാങ്ങി 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി രാവിലെയോ വൈകിട്ടോ ഇലകളിൽ രണ്ടു വശത്തും തെളിക്കുക. ആ സമയത്തു നിറയെ കളകൾ നിറഞ്ഞിട്ടുണ്ടാകും വാഴയ്ക്ക്‌ ചുറ്റും. അതൊക്കെ പറിച്ച് ചുവട്ടിൽ ഇട്ടാൽ വാഴയ്ക്ക് നല്ല വളമായി. അതിനു പറ്റിയില്ലെങ്കിൽ ബ്രഷ് കട്ടർ ഉപയോഗിച്ച് വൃത്തിയാക്കുക. കള പെരുകിയാൽ വിളവ് പറ്റെ കുറയും. ഇടയിളക്കിയാൽ ചെലവ് കൂടും. ഇടവിളയായി പയർ ചെയ്യുന്നത് ചെറിയൊരു പരിഹാര മാർഗമാണ്. സ്പ്രേ കഴിഞ്ഞ് ഇരുപത് ദിവസത്തിനു ശേഷം രണ്ടു ഭാഗം ഫാക്ടംഫോസിന് ഒരുഭാഗം പൊട്ടാഷ് ചേർത്ത് 150 ഗ്രാമിനടുത്തു ചുറ്റും ഇട്ട് കുറച്ചു മണ്ണു കൂട്ടുക. വീണ്ടും ഇരുപതാം ദിവസം 8-8-16 ഫെർട്ടിലൈസർ 5 ഗ്രാം വെള്ളത്തിൽ കലക്കി തളിക്കുക. മുൻപത്തേക്കാൾ ഇല ഉള്ളതിനാൽ മിശ്രിതം കൂടുതൽ വേണ്ടിവരും. അടുത്ത ഇരുപതാം ദിവസം ഒരു ഭാഗം യൂറിയ രണ്ട് ഭാഗം പൊട്ടാഷ് എന്ന കണക്കിൽ കലർത്തി 150 ഗ്രാം വീതം ചുറ്റും ഇട്ട് കുറച്ചു മണ്ണിടുക. മഴക്കാലം കഴിഞ്ഞെങ്കിൽ മണ്ണിൽ നനവ് ഉണ്ടെന്ന് ഉറപ്പാക്കണം. പിന്നെ 20 ദിവസത്തിനു ശേഷം  8-8-16 ഫെർട്ടിലൈസർ 5 ഗ്രാം വെള്ളത്തിൽ കലക്കി ഒരിക്കൽ കൂടി പ്രയോഗിക്കാം. 

ഏകദേശം അഞ്ചു മാസം കഴിയാറായപ്പോളേക്ക് ചില വാഴകൾ കുല കാണിക്കാറായിട്ടുണ്ടാകും. കാറ്റു വിരുന്നു വരണ കാലമായി. അപ്പോൾ ഇനി നല്ല ഊന്നു കൊടുത്തു തുടങ്ങാം. അതിനു തീരെ മാർഗമില്ലെങ്കിൽ മാത്രം പ്ലാസ്റ്റിക് റിബ്ബൺ കൊണ്ട് വാഴയെ അടുത്ത വാഴയുടെ ചുവട്ടിൽ കെട്ടിക്കൊടുക്കാം. ഒരു പരിധി  വരെ കാറ്റിനെ ചെറുക്കാൻ അതു മതി. സ്പ്രേ ചെയ്ത് 20 ദിവസം കഴിഞ്ഞാൽ 100 ഗ്രാം പൊട്ടാഷ് കൂടെ ചേർക്കാറായി. വാഴയുടെ ചുവട്ടിൽ വരുന്ന കന്നു മുഴുവൻ നശിപ്പിക്കാൻ മറക്കരുത്. 

വാഴക്കുല മുഴുവനും വിരിഞ്ഞു വന്നാൽ ചെറിയ കന്നാണ് വച്ചതെങ്കിൽ അഞ്ചിലധികം പടലകൾ ഉണ്ടാകും. അവസാനത്തെ പടല തീരെ ചെറുതാകും. അത് മുറിച്ചുകളഞ്ഞാൽ കൂടുതൽ മുഴുപ്പ് ബാക്കി കായ്കൾക്കുണ്ടാകും. വിരിഞ്ഞ ഉടനെ വേണമെന്ന് മാത്രം. അതിനുശേഷം പൊട്ടാഷ് യൂറിയ ഒരേ അളവിൽ മിക്സ് ചെയ്തത് വാഴയ്ക്ക് വിതറി കൊടുക്കുക. 

ഇത് വായിച്ചു രാസവള പ്രയോഗത്തെ വിമർശിക്കുന്നവർ ഒന്ന് ഓർക്കുക. സാധാരണ ശുപാർശ ചെയ്ത വളത്തിന്റെ 60 ശതമാനമാണ് ഈ രീതിയിൽ ചെയ്തത്. ഇടുന്ന തവണകൾ കൂട്ടി എന്നു മാത്രം. മൈക്രോന്യൂട്രിഷൻസ് എന്ന പേരിൽ അംഗീകാരം ഇല്ലാത്ത പല ഉൽപന്നങ്ങളും ഇന്ന് വിപണിയിൽ കിട്ടും. ഗുണത്തേക്കാളേറെ ദോഷമാണ് പതിവ്. രോഗകീടബാധ ശ്രദ്ധയിൽപ്പെട്ടാലുടനെ കൃഷി ഓഫിസർ, കാർഷിക ഗവേഷണ സർവകലാശാല പോലെയുള്ളവരുടെ കൃത്യമായ ഉപദേശ പ്രകാരം അനുയോജ്യമായ കാര്യങ്ങൾ ചെയ്യുക. വളപ്രയോഗം 5 മാസത്തിനുള്ളിൽ തീർക്കാൻ ശ്രദ്ധിക്കുക.

കര ഭൂമിയിൽ ഇപ്രകാരം ചെയ്ത നേന്ത്രവാഴ കുലകൾ 15-20 കിലോ വരെ തൂക്കം വന്നപ്പോൾ വയലിൽ സാധാരണ രീതിയിൽ കൃഷി ചെയ്ത വാഴകൾ പരമാവധി കിട്ടിയ തൂക്കം 11 കിലോ ആയിരുന്നു. 

വാഴയിൽ വിളവ് കൂട്ടാനും ചെലവ് കുറയ്ക്കാനും അതിസാന്ദ്രത കൃഷി, കൃത്യത കൃഷി എന്നിങ്ങനെയുള്ള ഒട്ടേറെ കൃഷിരീതികളുണ്ട്. അവയൊക്കെ പ്രാവർത്തികമാക്കിയാലേ നമുക്ക് വേണ്ടവ നമ്മുടെ മണ്ണിൽ വിളയിക്കാൻ കഴിയൂ.

English summary: Banana Cultivation Practices

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA