ശീതകാല പച്ചക്കറികളുടെ നടീൽ കാലം അടുക്കുന്നു, എന്തൊക്കെ ശ്രദ്ധിക്കണം?

HIGHLIGHTS
  • നടീൽ മിശ്രിതം നിറയ്ക്കുന്നതിനു മുമ്പ് അടിയിൽ കരിയില വയ്ക്കണം
cabbage-2
SHARE

ശീതകാല പച്ചക്കറികളുടെ നടീൽകാലം അടുക്കുന്നു. സെപ്റ്റംബർ അവസാനം മുതൽ ശീതകാല വിളകളായ കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയുടെ വിത്തുകൾ പാകി തൈകൾ തയാറാക്കാം. ഒക്ടോബറിലെങ്കിലും തൈകൾ പറിച്ചുനട്ടെങ്കിൽ മാത്രമേ കൃത്യമായ വിളവെടുപ്പ് സാധ്യമാകൂ. അതുകൊണ്ടുതന്നെ ശീതകാല വിളകൾ കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർ ഇപ്പോൾത്തന്നെ അതിനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങണം.

വിത്തു പാകൽ

വിപണിയിൽ ഒട്ടേറെ കമ്പനികളുടെ വിത്തുകൾ ലഭ്യമാണ്. നല്ല വിത്തുകൾ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. പ്രോ ട്രേയിലോ മറ്റോ പാകി മുളപ്പിച്ചശേഷം പറിച്ചുനടുന്നതാണ് അഭികാമ്യം. ഇത് കരുത്തുള്ള തൈകൾ നോക്കി നടാൻ സഹായിക്കും. മണ്ണ്, ചാണകപ്പൊടി (കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ യോജിപ്പിച്ച് നടീൽ മിശ്രിതം തയാറാക്കാം. വിത്തു പാകാനും പിന്നീട് ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ നടാനും ഈ രീതിയിൽ തയാറാക്കിയ നടീൽ മിശ്രിതം ഉപയോഗിക്കാം. ഡിസ്പോസിബിൾ ഗ്ലാസിലും പാകി മുളപ്പിച്ചെടുക്കാൻ കഴിയും. രാവിലെയും വൈകുന്നേരവും നന നൽകാം.

ഗ്രോ ബാഗ് എങ്ങനെ നിറയ്ക്കാം?

നടീൽ മിശ്രിതം നിറയ്ക്കുന്നതിനു മുമ്പ് അടിയിൽ കരിയില വയ്ക്കണം. ഇതിനു മുകളിലായി നടീൽ മിശ്രിതം നിറയ്ക്കാം. ഗ്രോബാഗിന് മുകൾഭാഗം രണ്ടായി മടക്കി വയ്ക്കുന്നത് പിന്നീട് ചുവട്ടിൽ മണ്ണുകൂട്ടിക്കൊടുക്കുമ്പോൾ മണ്ണ് പുറത്തേക്കു പോകാതെ സഹായിക്കും. ചട്ടികളിൽ നടുമ്പോൾ മുക്കാൽ ഭാഗം മാത്രം നടീൽ മിശ്രിതം നിറച്ചാൽ മതി. തൈ വളരുന്നതിനനുസരിച്ച് ചുവട്ടിൽ മണ്ണു കൂട്ടിക്കൊടുക്കണം. 

രണ്ടില പരുവമായ തൈകളായിരിക്കണം പറിച്ചുനടേണ്ടത്. ഒരു ചുവട്ടിൽ ഒരു തൈ എന്ന രീതിയിലായിരിക്കണം നടേണ്ടത്. കൂടുതൽ തൈകൾ നട്ടാൽ ഒന്നിനും വളർച്ചയുണ്ടാവില്ല. നല്ല വെയിലുള്ള സ്ഥലങ്ങളിൽവേണം ഗ്രോബാഗോ ചട്ടിയോ വയ്ക്കണ്ടത്. തണലിൽ വച്ചാൽ വളർച്ച കുറയും. നിലത്തു നടുകയാണെങ്കിൽ വെയിലുള്ളതും നീർവാർച്ചയുള്ളതുമായ സ്ഥലമായിരിക്കണം.

വളപ്രയോഗം

കാബേജിന്റെയും കോളിഫ്ലവറിന്റെയും വളപ്രയോഗ രീതികൾ ഒരുപോലെയാണ്. 

cabage

ഓരോ തവണ വളപ്രയോഗം നടത്തുന്നതിനൊപ്പം മണ്ണ് കയറ്റിക്കൊടുക്കേണ്ടതാണ്. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. മഴ തീരെയില്ലെങ്കിൽ ദിവസവും നനയ്ക്കേണ്ടി വരും.

വിളവെടുപ്പ്

തൈകൾ മാറ്റി നട്ട് 60–70 ദിവസത്തിനുള്ളിൽ കാബേജ് ഹെഡുകൾ ഉണ്ടായിത്തുടങ്ങും. കോളിഫ്ലവർ പാകമാകാൻ 55–60 ദിവസം മതി. പൂവുണ്ടായിത്തുടങ്ങി 10–15 ദിവസത്തിനകം ഇവ വിളവെടുക്കാൻ തയാറാകും. വിളവെടുപ്പ് വൈകിയാൽ വിരിഞ്ഞുപോകും. കോളിഫ്ലവറിന് നല്ല നിറം കിട്ടുന്നതിന് അവ ഉണ്ടായിത്തുടങ്ങുമ്പോൾ ചുറ്റുമുള്ള ഇലകൾകൊണ്ട് പൊതിഞ്ഞുകൊടുക്കാം.

ക്യാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയുടെ കൃഷിരീതികൾ മനസിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Vegetables to Grow in Winter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA