വീട്ടിലേക്കുള്ള കുരുമുളകിനുവേണ്ടി കുറഞ്ഞ സ്ഥലത്ത് വളർത്താം കുട്ടിക്കുരുമുളക്

HIGHLIGHTS
  • മൂന്നുമുതൽ നാലു മുട്ട് വരെ നീളമുള്ള കമ്പു വേണം
  • പോളിത്തീൻ ബാഗിലാണു ചെടി നടേണ്ടത്
bush-pepper
SHARE

മുറ്റത്തു ചട്ടിയിൽ നിറഞ്ഞുകായ്ച്ചു നിൽക്കുന്ന കുറ്റിക്കുരുമുളക് (bush pepper) ആനന്ദം മാത്രമല്ല നല്ല വരുമാനവും തരും. ‌ തിരിയിടാൻ തുടങ്ങിയാൽ ഏതു സമയത്തും കുരുമുളക് ലഭിക്കുമെന്നതാണ് കുറ്റിക്കുരുമുളകിന്റെ പ്രത്യേകത. നട്ട് ആറു മാസം കൊണ്ട് തിരിയിടാൻ തുടങ്ങും. ഒരു ചെടിയിൽനിന്ന് വർഷത്തിൽ 1 കിലോഗ്രാം കുരുമുളകു വരെ ലഭിക്കും. 

തൈകൾ ഉൽപാദിപ്പിക്കുന്ന വിധം 

നന്നായി കായ്ക്കുന്ന നല്ല മാതൃവള്ളിയിൽനിന്നു വേണം കമ്പ് എടുക്കാൻ. പുതിയ തൈകൾ ഉണ്ടാക്കാൻ മൂന്നു വിധം കമ്പുകളാണ് എടുക്കുക. കണ്ണിത്തല, ചെന്തല, കേറുതല. ഇതിൽ കണ്ണിത്തലയാണ് കുറ്റിക്കുരുമുളകിനു വേണ്ടത്. കണ്ണിത്തല എന്നാൽ തിരിയുള്ള ശാഖ. ഇതിനെ മണ്ണിൽ നട്ടു വേരുപിടിപ്പിച്ചാൽ കുറ്റിക്കുരുമുളക് ആയി. 

ചെന്തലയും കേറുതലയും വേരു പിടിക്കുന്നതുപോലെ എളുപ്പത്തിൽ കണ്ണിത്തലയ്ക്കു വേരു പിടിക്കില്ല. വളരെയധികം ശ്രദ്ധവേണം. നല്ല വിളവു തരുന്ന പന്നിയൂർ, കരിമുണ്ട, പാലംകോട്ട, വയനാടൻ, തെക്കൻ, അഗളി തുടങ്ങിയ ചെടികളിൽ നിന്നൊക്കെ കണ്ണിത്തലയെടുക്കാം. 

രോഗം 

ദ്രുതവാട്ടം, തണ്ടുചീയൽ എന്നിവയാണ് പ്രധാന രോഗങ്ങൾ. മഴക്കാലത്ത് ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കരുത്. വെയിലുള്ള സ്ഥലത്താണെങ്കിൽ  കറുത്ത പുള്ളികൾ ഉണ്ടായി ഇല കൊഴിഞ്ഞുപോകും. ചെടിയൊന്നിന് 10 ഗ്രാം ട്രൈക്കോഡെർമ മണ്ണിൽ ചേർത്തുകൊടുക്കാം. സ്യൂഡോമോണാസ് ലായനി ഇലകളിൽ തെളിക്കുന്നതും ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. 

വരുമാനം 

4 മാസം പ്രായമായ തൈകൾക്ക് 135 രൂപയാണു കുറഞ്ഞ വില. ഗ്രാഫ്റ്റ് ചെയ്ത തൈകൾക്കാണെങ്കിൽ 6 മാസം പ്രായമായതിന് 300 രൂപയാണു വില. 

തൈ പിടിപ്പിക്കുന്നതിന് കോഴിക്കോട് കൃഷി വി‍ജ്ഞാനകേന്ദ്രം മൂന്നു രീതിയാണു നിർദേശിക്കുന്നത്. 

കമ്പു നട്ട പോളിത്തീൻ ബാഗ് അതേ വലുപ്പമുള്ള മറ്റൊരു ബാഗു കൊണ്ടു മൂടുക. സൂര്യപ്രകാശം കടത്തിവിടുന്നതായിരിക്കണം പോളിത്തീൻ ബാഗ്. ഈർപ്പം കുറയുമ്പോൾ മാത്രമേ നനയ്ക്കേണ്ടതുള്ളൂ. ഇതിലേക്ക് ഒരിക്കലും സൂര്യപ്രകാശം നേരിട്ടുപതിക്കരുത്. 

മറ്റൊന്ന് കുഴിയിൽ വയ്ക്കുന്ന രീതിയാണ്. 25 സെന്റീമീറ്റ്‍ ആഴവും 1 മീറ്റർ വീതിയും 2 മീറ്റർ നീളവുമുള്ള കുഴിയെടുക്കുക. ഇതിൽ കമ്പു നട്ട ബാഗുകൾ നിരത്തിവയ്ക്കുക. ശേഷം നന്നായി നനയ്ക്കുക. അതിനു മുകളിൽ നീളമുള്ള പോളിത്തീൻ ഷീറ്റുകൊണ്ട് മൂടുക. ഈർപ്പം കുറയുമ്പോൾ മാത്രം നനയ്ക്കുക. ആദ്യത്തെ രീതിയിൽ ഓരോ ചെടിയും മൂടുകയാണെങ്കിൽ ഇവിടെ എല്ലാം കൂടി ഒന്നിച്ചാണു മൂടുന്നത്. ഇതിനു മുകളിലും സൂര്യപ്രകാശം നേരിട്ടു പതിക്കരുത്. 

പോളി ടെന്റിൽ ചെടി വളർത്തുന്നതാണ് മൂന്നാമത്തെ രീതി. പോളിത്തീൻ ഷീറ്റുകൊണ്ടുണ്ടാക്കിയ ടെന്റ്. പിവിസി പൈപ്പ് ‘റ’ ആകൃതിയിൽ വളച്ച് അതിനെ ഷീറ്റു കൊണ്ടു മൂടുന്നതാണ് ടെന്റ്. ഇതിനുള്ളിലാണു ചെടികൾ വയ്ക്കേണ്ടത്. ഇതിൽ ഒരിക്കലും സൂര്യപ്രകാശം നേരിട്ട് പതിക്കരുത്. ഷെഡിന് അകത്തായിരിക്കണം ടെന്റ് സ്ഥാപിക്കേണ്ടത്. 

പുതിയ ഇലകൾ വരുന്നതോടെ കുറച്ചുകൂടി വെളിച്ചം കിട്ടുന്ന സ്ഥലത്തേക്കു മാറ്റാം. 

ഗ്രാഫ്റ്റ് തൈ 

ബ്രസീലിയൻ തിപ്പലി (കൊളബ്രീന) എന്ന ചെടിയിലാണു പ്രധാനമായും ഗ്രാഫ്റ്റ് ചെയ്യുന്നത്.  2 മാസം പ്രായമായാൽ അതിൽ ഗ്രാഫ്റ്റ് ചെയ്യാം. ഈ ചെടിക്ക് 10 സെന്റീമീറ്റർ ഉയരം വേണം. ബ്ലേഡുകൊണ്ട് ഇതിന്റെ നടുവിൽ നീളത്തിൽ ചീന്തുക.  ഒട്ടിക്കാനുള്ള കണ്ണിത്തലയുടെ അടിഭാഗം വി ആകൃതിയിൽ ചെത്തിയെടുക്കണം. ഇതിനെ മൂലകാണ്ഡത്തിൽ ഇറക്കിവയ്ക്കുക. . ഇതിനെ പോളിത്തീൻ ബാഗുകൊണ്ടു മൂടി വെയിലേൽക്കാത്ത സ്ഥലത്തു വയ്ക്കാം. 4 ആഴ്ച കൊണ്ട് ഇലകൾ വരും. 

കണ്ണിത്തല എടുക്കുമ്പോൾ 

  • നല്ല മൂത്ത കമ്പ് എടുക്കരുത്. 
  • ഒരു വർഷം പ്രായമായ ചെടിയിൽനിന്നു വേണം കമ്പ് എടുക്കാൻ. 
  • മൂന്നുമുതൽ നാലു മുട്ട് വരെ നീളമുള്ള കമ്പു വേണം. 
  • തളിരില്ലാത്ത സമയത്തു വേണം മുറിച്ചെടുക്കാൻ. മഴക്കാലമാണ് ഏറ്റവും ഉചിതം. അന്തരീക്ഷത്തിൽ ഈർപ്പമുണ്ടെങ്കിൽ ചെടികൾക്കു വേഗം വേരു വരും. 
  • മുറിച്ച കമ്പിനു ചെറിയതോതിൽപോലും വാട്ടം വരരുത്. കണ്ണിത്തല മുറിച്ചെടുത്ത ഉടൻ തന്നെ ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ ഇട്ടുവയ്ക്കണം. തിരിയുള്ള സമയത്താണു കമ്പെടുക്കുന്നതെങ്കിൽ അതെല്ലാം വെട്ടിനീക്കണം. കൂടുതൽ ഇലകൾ ഉണ്ടെങ്കിൽ അവയെല്ലാം പകുതിയായി മുറിക്കണം. 
  • കമ്പുകൾ അടിഭാഗം കത്തികൊണ്ടു ചരിച്ചു മുറിക്കുക. കുമിൾ രോഗമുണ്ടാകാതിരിക്കാൻ സ്യൂഡോമോണാസ് ലായനിയിൽ മുക്കിവയ്ക്കുക. 1 ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ആണു കലർത്തേണ്ടത്. നടുന്നതിനു മുൻപ് റൂട്ടെക്സ് പോലുള്ള ഹോർമോൺ ലായനിയിൽ 1 മിനിറ്റ് മുക്കിവയ്ക്കുന്നത് പെട്ടെന്നു വേരു പിടിക്കാൻ നല്ലതാണ്. 
  • പോളിത്തീൻ ബാഗിലാണു ചെടി നടേണ്ടത്. 25 സെന്റീമീറ്റർ നീളവും15 സെന്റീമീറ്റർ വീതിയുള്ള പോളിത്തീൻ ബാഗിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവയുടെ മിശ്രിതം നിറയ്ക്കുക. മണൽ ഇല്ലെങ്കിൽ ചകിരിച്ചോറ് മതി. 

English summary: Growing Bush pepper in Home Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA