ചട്ടിയിൽ നടാം ഒട്ടുപുളി, മട്ടുപ്പാവിൽ വളർത്താൻ അനുയോജ്യം

HIGHLIGHTS
  • തൈകൾ വികസിപ്പിക്കാൻ വെഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യ
  • കൊമ്പു കോതിക്കൊടുക്കുന്നത് പൊക്കം ക്രമീകരിക്കാൻ സഹായിക്കും
tamarind
SHARE

വാളൻപുളി നാട്ടിൻപുറങ്ങളിലെന്നതുപോലെ നഗരപ്രദേശത്തും പ്രചരിപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാല നടത്തിയ പരീക്ഷണം വിജയത്തിലേക്ക്. കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിലെ അസി. പ്രഫസൽ ഡോ. ബി. ബിന്ദു, പ്രഫസർ ആൻഡ് ഹെഡ് ഡോ. എം.ആർ. ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണമാണ് വാളൻപുളിയിൽ വിജയകരമായി ഒട്ടുരീതി വികസിപ്പിച്ചെടുത്തത്.

സാധാരണ കുരു നട്ടുണ്ടാകുന്ന തൈകൾ കായ്പിടിക്കുന്നതിന് 8–9 വർഷം വേണ്ടിവരും. എന്നാൽ, ഒട്ടുതൈകൾ 3–4 വർഷംകൊണ്ട് കായ്ഫലം തരും. വലിയ ചട്ടികളിലും നട്ടുപിടിപ്പിക്കാം. ഇങ്ങനെ നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതിയുള്ളിടങ്ങളിലും മട്ടുപ്പാവിലും ഈ വൻമരം അനായാസം വളർത്തിയെടുക്കാം.

വെഡ്ജ് ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യയിലൂടെയാണ് ഒട്ടുതൈകൾ വികസിപ്പിച്ചെടുക്കുന്നത്. 6 മാസം പ്രായമായ ഒട്ടുകമ്പാണ് ഇതിനാായി തിരഞ്ഞെടുക്കേണ്ടത്. പച്ച നിറം മാറി ഇറം തവിട്ടുനിറമാകുന്ന പരുവം ഒട്ടുകമ്പുകൾ നല്ലയിനം മാതൃവൃക്ഷത്തിൽനിന്നു തിരഞ്ഞെടുക്കണം. ഈ ഒട്ടുകമ്പ് ആപ്പിന്റെ രൂപത്തിൽ വെട്ടി രൂപപ്പെടുത്തുന്നു.

tree-for-garden
കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിലെ ഒട്ടുപുളി നഴ്‌സറി

പുളിങ്കുരു കിളിർപ്പിച്ച് 8–9 മാസം പ്രായമായ റൂട്ട് സ്റ്റോക്ക് /മൂലകാണ്ഡത്തിൽ 1.5 ഇഞ്ച് താഴ്ചയിൽ ‘വി’ ആകൃതിയിൽ ഉണ്ടാക്കുന്ന വിടവിൽ ഒട്ടുകമ്പിൽ ഉണ്ടാക്കിയ ആപ്പ് ഭാഗം ഇറക്കിവച്ച് പൊതിഞ്ഞുകെട്ടുക. ഗ്രാഫ്റ്റിങ് വിജയകരമാകുകയാണെങ്കിൽ 20 ദിവസമാകുമ്പോൾ മുള വരും. ഒട്ടു കെട്ട് 2 മാസം കഴിഞ്ഞേ അഴിക്കാൻ പാടുള്ളൂ. തൊലിക്ക് കട്ടിയില്ലാത്തതിനാൽ അഴുകിപ്പോകാൻ സാധ്യതയുണ്ട്.

ഗ്രാഫ്റ്റ് തൈകൾ 4 മാസം കഴിയുമ്പോൾ ചട്ടിയിലോ നിലത്തോ മാറ്റി നടാം. ആദ്യമാസങ്ങളിൽ വെയിലിൽനിന്നു സംരക്ഷണം നൽകണം. മൂലകാണ്ഡത്തിൽനിന്നും മുള പൊട്ടുന്നുണ്ടെങ്കിൽ അത് അടർത്തിക്കളയണം. ജൈവവളപ്രയോഗം മാത്രം മതിയാകും. ചട്ടിയിൽ നടുന്ന തൈകൾക്ക് കൊമ്പു കോതിക്കൊടുക്കുന്നത് പൊക്കം ക്രമീകരിക്കാൻ സഹായിക്കും. 

സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ ഗ്രാഫ്റ്റ് ചെയ്ത പികെഎം–1 ഇനം പുളിയുടെ തൈകൾ 50 രൂപ നിരക്കിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് തൈകൾ മുൻകൂർ ബുക്ക് ചെയ്യാം.

ഫോൺ: 0474 2663535

English summary: Tamarind Grafted Plant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA