ADVERTISEMENT

ലോക്ഡൗൺ കാലത്ത് ചേനക്കൃഷി നടത്തിയ പലരും ഓണത്തിനു വിളവെടുത്തു തുടങ്ങിയിട്ടുണ്ടാവും. എന്നാൽ, ഓണക്കാലം കഴിയുന്നതോടെ ചേനവിപണിയിലെ ആവേശം കുറയുന്നതായാണ് അനുഭവം. അതുകൊണ്ടുതന്നെ മിതമായ തോതിൽ മാത്രമാണ് പലരും നടാറുള്ളത്. ഏറിയാൽ നൂറോ ഇരുനൂറോ മൂട് ചേന–അതിലപ്പുറം കൃഷി ചെയ്യുന്നവർ ചുരുക്കമായിരിക്കും.

എന്നാൽ കോട്ടയം കൂരോപ്പടയിലെ പ്രമുഖ കർഷകനായ ജോയി വാക്കയിൽ ഇത്തവണ നട്ടത് നൂറോ ആയിരമോ അല്ല പതിനായിരം മൂട് ചേനയാണ്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ട് കൃഷിയിടങ്ങളിലുമൊക്കെയായി ലോക് ഡൗൺ തുടങ്ങിയ സമയത്തായിരുന്നു തുടക്കം. കൂരോപ്പടയിലെ സ്വന്തം കൃഷിയിടത്തിൽ വിവിധ ഭക്ഷ്യവിളകൾ ഉൽപാദിപ്പിച്ച് നാട്ടിലും വിദേശത്തുമൊക്കെ  വിപണനം നടത്തിവരുന്ന അദ്ദേഹം പള്ളിക്കത്തോട്ടിലെ പാട്ടഭൂമിയിൽ പൂർണമായും കിഴങ്ങുവിളകളാക്കി. ജലദൗർലഭ്യം മൂലം തരിശ് കിടക്കുകയായിരുന്ന ഈ സ്ഥലത്തിനു യോജിച്ചത് ചേനയും കാച്ചിലുമൊക്കെയാണെന്ന തിരിച്ചറിവിലായിരുന്നു ഇത്.

ഇത്രയധികം ചേന കൃഷി ചെയ്താൽ എങ്ങനെ വിറ്റഴിക്കുമെന്നു ചോദിക്കുന്നവരോട് പകുതിയിലധികം വിറ്റുകഴിഞ്ഞെന്നാണ് ജോയിമോന്റെ മറുപടി. വിളവെടുക്കും മുൻപേ വിറ്റുകഴിയുന്നതെങ്ങനെയെന്നല്ലേ? ചേനയുടെ വിത്തിന് ഏറെ ആവശ്യക്കാരുണ്ട്. നല്ലയിനം ചേനയായിരിക്കണമെന്നു മാത്രം. അതുകൊണ്ടുതന്നെ വിത്തുൽപാദനത്തിനായുള്ള ചേനക്കൃഷിയാണ് ജോയി നടത്തുന്നത്–വിപണിയുടെ ആവശ്യമനുസരിച്ചുള്ള കൃഷി. ചൊറിച്ചിലുണ്ടാകാത്തതും മികച്ച പാചകഗുണവുമുള്ള ഗജേന്ദ്ര ഇനം ചേനയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. വിവിധ കൃഷിഭവനുകളിൽ വിതരണം ചെയ്യുന്നതിനായി കിഴങ്ങുവിളകളുടെ വിത്ത് ഉൽപാദിപ്പിക്കാൻ കൃഷിവകുപ്പുമായി ഇദ്ദേഹം ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച് ചേന, കാച്ചിൽ, ചെറുകിഴങ്ങ്  തുടങ്ങിയവയുടെ നടീൽവസ്തുക്കൾ ഒരു കിറ്റായി എത്തിച്ചു നൽകണം. 

ചേനയ്ക്ക് കൂടുതൽ വില കിട്ടുന്ന ഓണക്കാലത്ത് ചെറിയ തോതിൽ ചേന വിളവെടുത്തിരുന്നു. ഒരു ചുവട്ടിൽ നിന്ന് ശരാശരി 5 കിലോ വീതം വിളവ് കിട്ടി. കിലോയ്ക്ക് 25 രൂപ നിരക്കിലാണ്  ഓണവിപണിയിൽ വിറ്റത്. ഓണം കഴിഞ്ഞതോടെ ഈ വിളവെടുപ്പ് നിർത്തി. തണ്ട് പഴുത്തുതുടങ്ങാത്തതിനാൽ ഒരു വളം കൂടി നൽകി വളർച്ച ഉഷാറാക്കുകയാണ് ജോയിമോൻ. മഴ മുടങ്ങാതെ കിട്ടുന്ന അനുകൂല സാഹചര്യവുമുണ്ട്. ഇനി ഡിസംബറിലേ വിളവെടുക്കൂ. തുടർന്ന് മുളകുത്തി വിത്താക്കി കൃഷിവകുപ്പിനു കൈമാറും.

അടിവളമായി രാജ്ഫോസും ചാണകപ്പൊടിയും നൽകുന്നതിനു പുറമെ  രണ്ടു തവണ എൻപികെ മിശ്രിതവും ചുവട്ടിൽ ചേർത്തു നൽകുന്നതാണ് ജോയിയുടെ കൃഷിരീതി. നടീൽക്കൂലിയും വളച്ചെലവുമൊക്കെയായി തീരെ കുറഞ്ഞ പണച്ചെലവേ വേണ്ടിവരൂ. ശരാശരി 5 കിലോ വീതം വിളവ് ലഭിച്ചാൽപോലും ഓരോ ചേനയും 125 രൂപ വരുമാനം നൽകും. നനസൗകര്യമില്ലാത്ത പറമ്പുകളിൽ കിഴങ്ങുവിളക്കൃഷി വ്യാപിപ്പിക്കുന്നതു വഴി ഭക്ഷ്യ– വരുമാന സുരക്ഷ ഉറപ്പാക്കാനാവുമെന്ന് ജോയി ചൂണ്ടിക്കാട്ടുന്നു.  തീർത്തും വിഷരഹിതമായി ഉൽപാദിപ്പിക്കുന്ന കിഴങ്ങുവിളകൾ പ്രാദേശികമായി സംഭരിച്ച് സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ ഭക്ഷ്യ– പോഷക സുരക്ഷയ്ക്കൊപ്പം നാട്ടിൻപുറങ്ങളിലെ കൃഷിക്കാരുടെ വരുമാനസുരക്ഷയും ഇതുവഴി ഉറപ്പാക്കാം. കിഴങ്ങുവിളകൾ ‌കുട്ടികളുടെ ഭക്ഷണശീലത്തിന്റെ ഭാഗമായി മാറാനും ഇതു സഹായിക്കും. 

ഫോൺ: 9744681731

English summary: Elephant Foot Yam Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT