ADVERTISEMENT

കേരളത്തിലെ കർഷകർ ഈയിടെയായി തെങ്ങിന്റെ കുറിയ ഇനങ്ങളോട് ഏറെ താൽപര്യമെടുക്കുന്നുണ്ട്. ഇതിനു പ്രധാന കാരണം തേങ്ങ വിളവെടുക്കുന്നതിനും മരുന്നു തളിക്കുന്നതിനും തെങ്ങുകയറ്റത്തൊഴിലാളികളെ കിട്ടാത്തതും ഉയർന്ന കൂലിനിരക്കുമാണ്. എന്നാല്‍ കുറിയ ഇനങ്ങളുടെ സവിശേഷതകളും പരിമിതികളും കൃത്യമായി അറിയാത്തതുകൊണ്ട് ഇവ നട്ടു വളർത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നൊരു തെറ്റിദ്ധാരണ കർഷകരിൽ വ്യാപകമാണ്.  

അതേസമയം ഇവയുടെ ഗുണമേന്മയുള്ള  തൈകൾ വേണ്ടത്ര കിട്ടാനില്ല. അതുകൊണ്ട് താൽപര്യമുണ്ടെങ്കിലും ഇവ നടാൻ പലർക്കും സാധിക്കുന്നില്ല.   ഈ സാഹചര്യം ചൂഷണം ചെയ്തുകൊണ്ട് ചില സ്വകാര്യ നഴ്സറികൾ ഒരു ഗുണ നിയന്ത്രണവും പാലിക്കാതെ പല പേരുകളിൽ തെങ്ങിൻതൈകൾ കുറിയ ഇനങ്ങളെന്ന പേരിൽ വിറ്റഴിക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ കുറിയ ഇനം തെങ്ങുകളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ചു കർഷകർ നിശ്ചയമായും അറിഞ്ഞിരിക്കണം. 

സവിശേഷതകൾ

പേരു സൂചിപ്പിക്കുന്നതുപോലെ കുറിയ ഇനം തെങ്ങുകൾക്ക് പൊക്കം കുറവാണ്; 20 വർഷം പ്രായമെത്തുമ്പോൾ ഏതാണ്ട് 8–10 മീറ്റർ വരെ മാത്രമേ ഉയരമുണ്ടാവുകയുള്ളൂ. ഇവ നട്ടുകഴിഞ്ഞ് 3–4 വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുന്നു. നെടിയ ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറിയ ഇനങ്ങൾക്ക് ആയുർദൈർഘ്യം കുറവാണ്; ശരാശരി 40–50 വർഷം വരെ മാത്രം. കുറിയ ഇനം തെങ്ങുകളിൽ പ്രധാനമായും സ്വയം പരാഗണമാണ് നടക്കുന്നത്. അതു കൊണ്ട് കുറിയ ഇനത്തിന്റെ തൈകൾ വളർത്തിയെടുക്കുന്ന തെങ്ങുകൾക്ക് പൊതുവേ ഐകരൂപ്യമുണ്ട്. കുറിയ ഇനത്തിന്റെ തേങ്ങകൾ ചെറുതോ ഇടത്തരം വലുപ്പമുള്ളതോ ആയിരിക്കും. തടിക്ക് വണ്ണം കുറവാണ്. നെടിയ ഇനങ്ങളെ പ്പോലെ ഇവയുടെ കടഭാഗത്തിന് വണ്ണക്കൂടുതൽ കാണാറില്ല. ഇവയുടെ ഓലയും ഓലക്കാലുകളും നീളം കുറഞ്ഞവയാണ്. ഓലയുടെ നീളം സാധാരണയായി 4 മീറ്ററിൽ കൂടാറില്ല. 

കുറിയ ഇനം തെങ്ങുകളുടെ ഇളനീർ വളരെ മധുരമുള്ളതാണ്. പക്ഷേ, ഇവയുടെ തേങ്ങയിൽ നിന്നുമുണ്ടാക്കുന്ന കൊപ്ര ഗുണമേന്മ കുറഞ്ഞതാണ്. കൊപ്ര ഏതാണ്ട് റബർ പോലെ വലിയുന്ന സ്വഭാവം കാണിക്കുന്നു. ചില കുറിയ ഇനങ്ങൾ ഇടവിട്ട വർഷങ്ങളിൽ കായ്ക്കുന്ന സ്വഭാവം കാണിക്കുന്നു. 

ഇളനീരിനും സങ്കരയിനം തെങ്ങിൻതൈകൾ ഉൽപാദിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും കുറിയ ഇനങ്ങൾ ഉപയോഗപ്പെടുത്താവുന്നത്. എന്നാൽ മലയൻഗ്രീൻ ഡ്വാർഫ് പോലെയുള്ള ഇനങ്ങൾ കൊപ്രയ്ക്കു വേണ്ടിയും നട്ടു വളർത്താം. നെടിയ ഇനം തെങ്ങുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ ഓലമടലുകൾക്ക് പൊതുവെ ബലം കുറവായതിനാൽ നീര ചെത്തുന്നതിന് കുറിയ ഇനം തെങ്ങുകൾ അത്രകണ്ട് യോജിച്ചവയല്ല. 

കുറിയ ഇനം തെങ്ങുകളിൽനിന്നു നല്ല വിളവ് ലഭിക്കണമെങ്കിൽ മെച്ചപ്പെട്ട രീതിയിലുള്ള വിളപരിപാലനം ഉറപ്പുവരുത്തണം. വിശേഷിച്ച് വേനൽ ക്കാലത്ത് ഇവ നനയ്ക്കേണ്ടത് അത്യാവശ്യമാണ്. ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ ഇവ  യോജ്യമല്ല. നാടൻ നെടി യ ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കീടബാധ കൂടുതലാണ്; അതുകൊണ്ട് സംയോജിത കീടനിയന്ത്രണം കൃത്യമായി നടത്തിയില്ലെങ്കിൽ കനത്ത വിളനഷ്ടമുണ്ടാകും. കേരളത്തിൽ കുറിയ ഇനം തെങ്ങുകൾ വാണിജ്യാടിസ്ഥാനത്തിൽ അധികമൊന്നും ഇപ്പോൾ കൃഷി ചെയ്യുന്നില്ല. പൊതുവെ വീട്ടുവളപ്പിൽ അലങ്കാരത്തിനോ, കരിക്ക് ഉൽപാദനത്തിനോ, വീട്ടാവശ്യത്തിനോ വേണ്ടിയാണ് കുറിയ ഇനങ്ങൾ നട്ടുവളർത്തുന്നത്. ഇന്ത്യയിൽനിന്നുള്ള തെങ്ങിന്റെ കുറിയ ഇനങ്ങൾ ചാവക്കാട് ഓറഞ്ച് ഡ്വാർഫ്, ചാവക്കാട് ഗ്രീൻ ഡ്വാർഫ്, ഗംഗാബൊണ്ടം എന്നിവയാണ്. മലയൻ യെല്ലോ ഡ്വാർഫ്, മലയൻ ഓറഞ്ച് ഡ്വാർഫ്, മലയൻ ഗ്രീൻ ഡ്വാർഫ് എന്നിവ വിദേശത്തുനിന്ന് എത്തിച്ച കുറിയ ഇനങ്ങളാണ്.

coconut-orange-dwarf

ചാവക്കാട് ഓറഞ്ച് ഡ്വാർഫ്

തൃശൂർ ജില്ലയിലെ ചാവക്കാട് പ്രദേശമാണ് ചാവക്കാട് ഓറഞ്ച് ഡ്വാർഫ് എന്ന കുറിയ ഇനത്തിന്റെ ഉത്ഭവസ്ഥലം. ചെന്തെങ്ങ്, ഗൗരീഗാത്രം എന്നൊക്കെ ഈ ഇനം കർഷകർക്കിടയിൽ അറിയപ്പെടുന്നു. ഇളനീരിന് ഏറ്റവും യോജിച്ച ഇനം. കാസർകോട് സിപിസിആർഐയിൽ 44 തെങ്ങിനങ്ങൾ ഉൾപ്പെടുത്തി നടത്തിയ താരതമ്യ പഠനത്തിൽ ഏറ്റവും ഗുണമേന്മയുള്ള കരിക്കിൻവെള്ളമുള്ള ഇനമായി കണ്ടെത്തിയത് ചാവക്കാട് ഓറഞ്ച് ഡ്വാർഫ് ആണ്. ഇതിന്റെ ഓലമടലുകൾക്കും തേങ്ങയ്ക്കും ആകർഷകമായ ഓറഞ്ച് നിറമാണ്. ഈ ഇനത്തിന്റെ കരിക്കിൽനിന്ന് ശരാശരി 350 മി.ലീ. വെള്ളം ലഭിക്കും. 100 മി.ലീ. കരിക്കിൻവെള്ളത്തിൽ 7 ഗ്രാം പഞ്ചസാര, 1.8 മില്ലിഗ്രാം അമിനോ ആസിഡുകൾ, 20 പിപിഎം സോഡിയം, 2000 പിപിഎം പൊട്ടാസ്യം എന്നിങ്ങനെയാണ് പോഷകമൂല്യം. ക്ഷീണമകറ്റാനുള്ള ഉത്തമപാനീയമാണിത്.

വീട്ടാവശ്യത്തിനും അലങ്കാരത്തിനുമായാണ് കേരളത്തിൽ ഈ ഇനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ, തമിഴ്നാട്ടിലെ പൊള്ളാച്ചിപോലുള്ള പ്രദേശങ്ങളിൽ ഇളനീരിനായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വലിയ തോട്ടങ്ങളുണ്ട്. നട്ടുകഴിഞ്ഞ് 3–4 വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. നന ഉൾപ്പെടെ നല്ല പരിചരണം ലഭിക്കുന്ന തോട്ടങ്ങളിൽ ഈ ഇനത്തിന്റെ വാർഷിക വിളവ് തെങ്ങൊന്നിന് 112 മുതൽ 192 വരെ തേങ്ങയാണ്. ഇതിന്റെ കൊപ്രയുടെ ഗുണനിലവാരം മോശമാണ്. ഇടത്തരം വലുപ്പമുള്ള ഉരുണ്ട നാളികേരമാണ് ഈ ഇനത്തിന്റേത്. ഇളനീർ ആവശ്യത്തിനു പുറമെ കേരസങ്കര, ചന്ദ്രസങ്കര തുടങ്ങിയ തെങ്ങിന്റെ സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കുന്നതിനും വീട്ടുവളപ്പിൽ അലങ്കാരത്തിനായും ഈ ഇനം പ്രയോജനപ്പെടുത്തുന്നു.

coconut-kalpa-sree

കൽപശ്രീ

കാറ്റുവീഴ്ച രോഗം വ്യാപകമായ കേരളത്തിന്റെ തെക്കൻ ജില്ലകളിലെ വീട്ടുവളപ്പുകളിൽ അനുയോജ്യമായ, രോഗപ്രതിരോധശേഷിയുള്ള കുറിയ ഇനമാണ് സിപിസിആർഐ കായംകുളം പ്രാദേശികകേന്ദ്രം പുറത്തിറക്കിയ കൽപശ്രീ. പതിനെട്ടാംപട്ട എന്ന് കർഷകർക്കിടയിൽ അറിയപ്പെടുന്ന ചാവക്കാട് ഗ്രീൻ ഡ്വാർഫ് എന്ന കുറിയ ഇനത്തിന്റെ സെലക്ഷനാണിത്. നേരത്തേ കായ്ച്ചു തുടങ്ങുന്ന കുറിയ ഇനമാണിത്. നട്ടുകഴിഞ്ഞ് രണ്ടര/മൂന്നു വർഷത്തിനുള്ളിൽ ഇവ കായ്ച്ചു തുടങ്ങും. ഈ ഇനത്തിന്റെ ഓലയും, ഓലമടലും, തേങ്ങയും കടുംപച്ച നിറത്തിലാണ് കാണപ്പെടുന്നത്. ദീർഘവൃത്താകൃതിയിലും ചെറുതുമാണ് ഈ ഇനത്തിന്റെ തേങ്ങ. ഗുണമേന്മയുള്ള വെളിച്ചെണ്ണ, മധുരമുള്ള കരിക്കിൻ വെള്ളം, കാറ്റുവീഴ്ച രോഗത്തിനെതിരെ പ്രതിരോധശേഷി എന്നിവ കൽപശ്രീ എന്ന ഇനത്തിന്റെ സവിശേഷതകള്‍.

20 വർഷം പ്രായമെത്തിയ തെങ്ങിന് 4 മീറ്റർ പൊക്കം മാത്രമേ ഉണ്ടാവുകയുള്ളൂ. നല്ല മധുരമുള്ള കരിക്കിൻവെള്ളമാണ് ഈ ഇനത്തിന്റേത്. ശരാശരി ഒരു കരിക്കിൽനിന്ന് 240 മി.ലീ. വെള്ളം ലഭിക്കും. 100 മി.ലീ. കരിക്കിൻ വെള്ളത്തിൽ 4.8 ഗ്രാം പഞ്ചസാര, 22.4 പിപിഎം. സോഡിയം, 2150 പിപിഎം പൊട്ടാസ്യം എന്നിങ്ങനെയാണ് പോഷകമൂല്യം. ഈ കുറിയ ഇനത്തിന്റെ നാളികേരത്തിൽനിന്നു തയാറാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഗുണമേന്മ കൂടും. ലിനോലീയിക് ആസിഡ് എന്ന അവശ്യ ഫാറ്റി ആസിഡ് കൂടുതൽ അളവിൽ ഈ ഇനത്തിന്റെ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്.  പ്രധാന പോരായ്മ ചെമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങളുടെ ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകും എന്നതാണ്. അതിനാല്‍ ഈ ഇനം കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ കീടനിയന്ത്രണം ഫലപ്രദമായി നടത്തണം.  കല്‍പ സങ്കര എന്ന സങ്കരയിനം തെങ്ങ് ഉൽപാദിപ്പിക്കുന്നതിനും ഈ കുറിയ ഇനം ഉപയോഗപ്പെടുത്തുന്നു.

coconut-kalpajyoti

കൽപജ്യോതി

മലയൻ യെല്ലോ ഡ്വാർഫ് എന്ന ഇനത്തിന്റെ സെലക്ഷനാണ് സിപിസിആർഐ പുറത്തിറക്കിയ കൽപജ്യോതി എന്ന ഇളനീരിനു യോജിച്ച കുറിയ തെങ്ങിനം. ഇതിന്റെ തേങ്ങ ഇടത്തരം വലുപ്പത്തിൽ മഞ്ഞ നിറത്തിൽ അണ്ഡാകൃതിയിലുള്ളതാണ്.

ഒരു കരിക്കിൽനിന്നു ശരാശരി 380 മി.ലീ. വെള്ളം ലഭിക്കും. 100 മി.ലീ. വെള്ളത്തിൽ 6.2 ഗ്രാം പഞ്ചസാര, 1.7 മി.ഗ്രാം അമിനോ ആസിഡ്, 36 പിപിഎം സോഡിയം, 1998 പിപിഎം പൊട്ടാസ്യം എന്നിങ്ങനെയാണ് പോഷകമൂല്യം. നട്ടുകഴിഞ്ഞ് മൂന്നു വർഷത്തിനകം കായ്ച്ചു തുടങ്ങും. നല്ല പരിചരണം നൽകുന്ന തോട്ടങ്ങളിൽ തെങ്ങൊന്നിന് ശരാശരി 114–169 വരെ പ്രതിവർഷം നാളികേരം ലഭിക്കും. കൽപസമൃദ്ധി, കൽപശ്രേഷ്ഠ തുടങ്ങിയ സങ്കരയിനങ്ങള്‍ ഉൽപാദിപ്പിക്കുന്നതിന് ഈ ഇനം ഉപയോഗപ്പെടുത്തുന്നു.

coconut-kalpa-surya

കൽപസൂര്യ 

മലയൻ ഓറഞ്ച് ഡ്വാർഫ് എന്ന മലേഷ്യയിൽനിന്നുള്ള തെങ്ങിനത്തിന്റെ  സെലക്്ഷനാണ് സിപിസിആർഐ പുറ ത്തിറക്കിയ ഇളനീരിന്  യോജ്യമായ ഇൗ  ഇനം. ഇടത്തരം വലുപ്പമുള്ള വളരെ ആകർഷകമായ ഓറഞ്ച് നിറത്തോടു കൂടിയ നാളികേരമാണ് സവിശേഷത. വീട്ടുവളപ്പിൽ അലങ്കാരത്തിനായും ഇൗ ഇനം നട്ടുവളർത്താം. ഇതിന്റെ ഒരു കരി ക്കിൽനിന്നു ശരാശരി 400 മി.ലീ. വെള്ളം ലഭിക്കും. 100 മി.ലീ. കരിക്കിൻവെള്ളത്തിൽ 6.7ഗ്രാം പഞ്ചസാര, 1.8ഗ്രാം അമിനോ ആസിഡുകൾ, 35 പിപിഎം സോഡിയം, 2142 പിപിഎം പൊട്ടാസ്യം എന്നിങ്ങനെയാണ് പോഷകമൂല്യം. വരൾച്ചയെ പ്രതിരോധിക്കാൻ തീരെ ശേഷിയില്ലാത്ത ഇനമാണിത്. അതുകൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ നന സൗകര്യം നിർബന്ധം. വിളവ് തെങ്ങൊന്നിന് പ്രതിവർഷം 123–182 നാളികേരം.

coconut-kalparaksha

കൽപരക്ഷ

കൊപ്രയ്ക്കും ഇളനീരിനും യോജിച്ചതും കാറ്റുവീഴ്ചയെ ചെറുക്കാൻ ശേഷിയുള്ളതുമായ ഇനം. ഇടത്തരം പൊക്കം. മലയൻഗ്രീൻ ഡ്വാർഫ് എന്ന മലേഷ്യൻ ഇനത്തിന്റെ സെലക്ഷനാണ് സിപിസിആർഐ പുറത്തിറക്കിയ ഈ ഇനം. 12 വർഷം പ്രായമാകുമ്പോഴേക്കും ഏതാണ്ട് നാലു മീറ്ററിലധികം പൊക്കം വയ്ക്കും. നട്ടു കഴിഞ്ഞ് 4–5 വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. ശരാശരി വിളവ് തെങ്ങൊന്നിന് പ്രതിവർഷം 88 നാളികേരവും, കൊപ്രയുടെ അളവ് നാളികേരമൊന്നിന് 185 ഗ്രാം എന്ന തോതിലുമാണ്. ഒരു കരിക്കിൽനിന്നു ശരാശരി 290 മി.ലീ. നല്ല മധുരമുള്ള കരിക്കിൻ വെള്ളം ലഭിക്കും. 100 മി.ലീ. കരിക്കിൻ വെള്ളത്തിൽ 4.92 ഗ്രാം പഞ്ചസാര, 19.5 പിപിഎം സോഡിയം, 2100 പിപിഎം പൊട്ടാസ്യം എന്ന തോതിലാണ് പോഷകമൂല്യം. കൽപസങ്കര എന്ന സങ്കരയിനം ഉൽപാദിപ്പിക്കുന്നതിനും ഈ ഇനം ഉപയോഗപ്പെടുത്തുന്നു. കേരള കാർഷിക സർവകലാശാല കേരമധുര എന്ന പേരിൽ മലയൻ ഗ്രീൻ ഡ്വാർഫിന്റെ സെലക്ഷൻ പുറത്തിറക്കിയിട്ടുണ്ട്.

ഗംഗാബൊണ്ടം

ആന്ധ്രാപ്രദേശിൽനിന്നുള്ളതും ഇളനീരിനു യോജിച്ചതുമായ കുറിയ ഇനമാണ് ഗംഗാബൊണ്ടം. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ തുടങ്ങിയ സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കാനുള്ള പിതൃവൃക്ഷമായി ഗംഗാബൊണ്ടം ഉപയോഗിക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് കാർഷിക സർവകലാശാല ‘ഗൗതമിഗംഗ’ എന്ന പേരിൽ ഈ ഇനം പുറത്തിറക്കിയിട്ടുണ്ട്.

തെങ്ങിൻതോപ്പുകളിൽ കുറിയ ഇനം തെങ്ങുകളും സങ്കരയിനം തെങ്ങുകളും കൂടി ഏകദേശം 25 ശതമാനവും ബാക്കി 75% നെടിയ ഇനം തെങ്ങുമാകുന്നതാണ് നല്ലത്. കേരളത്തിൽ ഇന്ന് 95 ശതമാനത്തിലധികം തെങ്ങുകളും നാടൻ നെടിയ ഇനങ്ങളാണ്. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ തെങ്ങിൻതോപ്പുകളിൽ കുറിയ ഇനങ്ങളുടെയും സങ്കരയിനങ്ങളുടെയും എണ്ണം കൂടേണ്ടതുണ്ട്. പക്ഷേ, ഈ ഇനങ്ങളുടെ ഗുണമേന്മയുള്ള തൈകൾ ആവശ്യത്തിനു ലഭ്യമാക്കാൻ വേണ്ടത്ര മാതൃവൃക്ഷങ്ങൾ ലഭ്യമല്ല എന്നതാണ് പ്രായോഗിക പ്രശ്നം. ഇവയുടെ പരിമിതമായ എണ്ണം തൈകൾ മാത്ര മേ സിപിസിആർഐ, കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ്, നാളികേര വികസന ബോർഡ് തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളിൽനിന്നു വിതരണം ചെയ്യാൻ സാധിക്കുന്നുള്ളൂ. ഈ സ്ഥാപനങ്ങളുടെ കീഴിലും തിരഞ്ഞെടുത്ത കർഷകരുടെ തോട്ടങ്ങളിലും കുറിയ ഇനങ്ങളുടെ മാതൃവൃക്ഷങ്ങൾ വളർത്തിയെടുത്തും പുതുതായി വിത്തു തോട്ടങ്ങൾ സ്ഥാപിച്ചും മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കാനാവുകയുള്ളൂ. കർഷകരുടെ തെങ്ങിൻതോട്ടങ്ങളിൽ ലഭ്യമായ കുറിയ ഇനം തെങ്ങുകളുടെ  യോജ്യമായ മാതൃവൃക്ഷങ്ങൾ പ്രയോജനപ്പെടുത്തി പ്രാദേശികമായി കേര കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ വികേന്ദ്രീകൃത നഴ്സറികൾ സ്ഥാപിച്ച് തൈകൾ ലഭ്യമാക്കുന്നതും പ്രാധാന്യമർഹിക്കുന്നു. കേരളത്തിനു പുറത്തുള്ള തോട്ടങ്ങളിൽനിന്നും സ്വകാര്യ നഴ്സറികളിൽനിന്നും തൈകൾ വാങ്ങുമ്പോൾ കർഷകർ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്.

ജനിതകശേഖരം

സിപിസിആർഐയുടെ കാസർകോട്, കിഡു തുടങ്ങിയ ഗവേഷണത്തോട്ടങ്ങളിൽ തെങ്ങിന്റെ വിപുലമായ ജനിതക ശേഖരം പരിപാലിച്ചു വരുന്നു. വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച 455 തെങ്ങിനങ്ങളുടെ ജനിതക വൈവിധ്യം ഇൗ ശേഖരത്തിലുണ്ട്. ഇവയിൽ 396 നെടിയ ഇനങ്ങളും 59 കുറിയ ഇനങ്ങളും ഉൾപ്പെടുന്നു. 

വിലാസം: കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം, കാസർകോട് 

English summary: Dwarf Coconut Varieties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT