ADVERTISEMENT

ചെമ്പന്‍ചെല്ലിയുടെ ആക്രമണം മൂലം തൃശൂര്‍ ജില്ലയില്‍ തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. കൊടുങ്ങല്ലൂര്‍, കടവല്ലൂര്‍ മേഖലകളിലാണു രോഗബാധ കൂടുതല്‍. തെങ്ങുകളുടെ മണ്ടയോട് അടുത്ത ഭാഗങ്ങളിലാണു ചെല്ലിയുടെ ആക്രമണം. കുള്ളന്‍ തെങ്ങുകള്‍ക്കാണു കൂടുതല്‍ രോഗം. നീരൂറ്റി കുടിക്കുന്നതോടെ തലപ്പ് ചീഞ്ഞ് തെങ്ങ് നശിക്കുന്നു. തടിയുടെ ഉള്ളില്‍ പെരുകുന്ന ചെല്ലി മൃദു ഭാഗങ്ങള്‍ മുഴുവന്‍ തിന്നുന്നതും തെങ്ങ് നശിക്കാന്‍ കാരണമാകുന്നു. പുഴുക്കളുടെ ആക്രമണം പുറമേ ദൃശ്യമാകാത്തതിനാല്‍ പ്രതിരോധം എളുപ്പമല്ല. കീടനാശിനി, ഫെറമോണ്‍ കെണി തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാലും ഗുണം കുറവ്. രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടി തീയിട്ടു നശിപ്പിക്കുകയാണ് ഒരു പോംവഴി. വര്‍ഷങ്ങളോളം പരിപാലിച്ച തെങ്ങുകള്‍ നശിപ്പിച്ചു കളയുക പ്രയാസമുള്ള കാര്യമാണ്. 

തെങ്ങിന്റെ ഓലയില്‍ മഞ്ഞപ്പു പടരുന്നതും കൂടിയിട്ടുണ്ട്. മഞ്ഞപ്പ് ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പെട്ടെന്നു പടരുന്നതിനാല്‍ ഏക്കറുകണക്കിനു വിസ്തൃതിയുള്ള തെങ്ങിന്‍ പറമ്പിലെ തെങ്ങുകളെല്ലാം ചുരുങ്ങിയ ദിവസം കൊണ്ട് രോഗത്തിനു ഇരയാകും. കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും വവ്വാല്‍ ആക്രമണവും തെങ്ങുകള്‍ക്കു ഭീഷണിയായി. നാളികേരം കരിക്കിന്‍ പാകത്തിലായിരിക്കുമ്പോഴാണു വവ്വാലിന്റെ ആക്രമണം. 

ഒരു കുലയില്‍ 20-25 നാളികേരം ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ കിട്ടുന്നത് രണ്ടോ മൂന്നോ മാത്രമാണ്. ഇതിനാല്‍ നാളികേരം കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. വില വര്‍ധിക്കുകയും ചെയ്തു. ഒരു കിലോ നാളികേരത്തിന് 40 രൂപയാണു വില. പക്ഷേ, ഉല്‍പാദനം കുറവാകയാല്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്കു കിട്ടുന്നുമില്ല. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ മാത്രമാണ് ഇപ്പോള്‍ തേങ്ങയിടുന്നത്. തൃശൂര്‍ ജില്ലയുടെ സാമ്പത്തിക സ്ഥിതിയില്‍ തെങ്ങുകൃഷിക്കു വലിയ സ്ഥാനമാണുള്ളത്. നാളികേര ഉല്‍പാദനം കുത്തനെ കുറഞ്ഞതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. 

പ്രതിവിധി

ചെമ്പന്‍ചെല്ലിയുടെ ആക്രമണം ഉണ്ടാകും മുന്‍പ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഉത്തമമെന്നു  കൃഷി വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നു. ആക്രമണ സാധ്യതയുള്ള തോട്ടങ്ങളില്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് തുല്യ അളവ് മണലുമായി ചേര്‍ത്ത് കൂമ്പിലകളുടെ കവിളുകളില്‍ ഇട്ടു കൊടുക്കുകയോ 12 ഗ്രാം വീതമുള്ള പാറ്റ ഗുളിക ഒരു തെങ്ങിന് 4 എണ്ണം എന്ന കണക്കില്‍ കൂമ്പിലകള്‍ക്കു ചുറ്റും വച്ച് മണല്‍ കൊണ്ടു മൂടുകയോ ചെയ്യണമെന്നും അധികൃതര്‍ പറയുന്നു. ഒരു മില്ലി ഗ്രാം ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി ഒരു ലീറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി, പുഴു തിന്ന ഭാഗം ചെത്തി വൃത്തിയാക്കി കീടം ബാധിച്ച തെങ്ങിന്റെ അകത്തേക്ക് ഒഴിച്ചു കൊടുക്കുന്നതും പ്രതിവിധിയാണ്.

English summary: Management of Red Palm Weevil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT