വേനല്‍മഴ ശക്തമായി, ഒപ്പം സജീവമായി സുഗന്ധവിള കൃഷിയും

HIGHLIGHTS
  • കരുത്തുള്ള വിത്തുകളെയാണ് അടുത്ത കൃഷിക്കായി മാറ്റിവയ്ക്കുന്നത്
  • നിലം ഉഴുത ശേഷം കരിയിലകള്‍ ഇട്ടു തീയിടുന്നതു നല്ലതാണ്
ginger
SHARE

വേനല്‍മഴ ശക്തമായതോടെ കേരളത്തില്‍ സുഗന്ധവിള കൃഷി സജീവമായി. മഞ്ഞള്‍, ഇഞ്ചി എന്നിവയ്ക്കു തടമെടുക്കുന്ന തിരക്കിലാണു കര്‍ഷകര്‍. മണ്‍സൂണ്‍ തുടങ്ങുന്നതിനു മുന്‍പേ മഞ്ഞളും ഇഞ്ചിയും കൂവയുമെല്ലാം മുളപൊട്ടിയിരിക്കണം. മേടം ആദ്യം മുതല്‍ തന്നെ ലഭിച്ച മഴ ഈ വര്‍ഷത്തെ കൃഷിക്കു നല്ല ഗുണം ചെയ്യുമെന്നാണു കര്‍ഷകര്‍ പറയുന്നത്. 

കേരളത്തില്‍ ഇടവിളയായിട്ടാണു മഞ്ഞള്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. തെങ്ങിന്‍തോപ്പുകളിലെ പ്രധാന ഇടവിളയാണിത്. അത്യുല്‍പാദനശേഷിയുള്ള ഐഐഎസ്ആര്‍ പ്രകൃതി, ആലപ്പി സുപ്രീം എന്നിവയ്ക്കും പ്രാധാന്യം കൂടിവരികയാണ്. വിളവെടുപ്പു കഴിഞ്ഞാല്‍ കരുത്തുള്ള വിത്തുകളെയാണ് അടുത്ത കൃഷിക്കായി മാറ്റിവയ്ക്കുന്നത്. 

മഞ്ഞളിനു വാരമെടുക്കുമ്പോള്‍ 1 മീറ്റര്‍ വീതിയും 30 സെന്റീമീറ്റര്‍ ഉയരവുമുള്ളതായിരിക്കണം. പറമ്പിന്റെ നീളത്തിനനുസരിച്ച് വാരത്തിന്റെ നീളം ക്രമീകരിക്കാം. വെള്ളമൊഴുക്കിനനുസരിച്ചായിരിക്കണം വാരം നിര്‍മിക്കേണ്ടത്. രണ്ടു വാരങ്ങള്‍ തമ്മില്‍ അര മീറ്റര്‍ അകലം വേണം. അടിവളമായി ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകപ്പൊടി ചേര്‍ത്തുകൊടുക്കാം. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ലഭിക്കുന്ന മഴയില്‍ മഞ്ഞള്‍ നടീല്‍ ആരംഭിക്കാം. വാരങ്ങളില്‍ 10 സെന്റീമീറ്റര്‍ ആഴത്തില്‍ കുഴികളെടുത്ത് അതില്‍ ചാണകപ്പൊടി നിറയ്ക്കുക. വിത്തിന്റെ മുകുളം മുകള്‍ ഭാഗത്തുവരുന്ന രീതിയില്‍ വേണം നടാന്‍. ചെടികള്‍ തമ്മില്‍ 25 സെന്റീമീറ്റര്‍ അകലം വേണം. ഒരു വാരത്തില്‍ രണ്ടു വരിയായി നടാം. നടീല്‍ കഴിഞ്ഞാല്‍ ഉണങ്ങിയ ഇലകള്‍ കൊണ്ടു പുതയിട്ടുകൊടുക്കണം. വിത്തു വേഗത്തില്‍ മുളയ്ക്കാനും കൂടുതല്‍ ചിനപ്പുകള്‍ വരാനും സഹായിക്കും. കടുത്ത വേനലിനെ അതിജീവിക്കാനും ഇതു സഹായിക്കും. ശീമക്കൊന്നയുടെ ഇലകള്‍ കൊണ്ടും പുതയിടാം. മഴ തുടങ്ങുന്നതോടെ ചെടികള്‍ വളര്‍ന്നുവരും. ജൂണ്‍ പകുതിയാകുമ്പോള്‍ ജൈവവളം ഏതെങ്കിലും ഉപയോഗിക്കാം. ചാകണവും ഗോമൂത്രവും ചേര്‍ത്ത ലായനി 15 ദിവസം കൂടുമ്പോള്‍ ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്. 

കേരളത്തിലെ കാലാവസ്ഥയില്‍ ഇഞ്ചി നന്നായി വിളയുമെങ്കിലും പെട്ടെന്ന് അസുഖം വരുമെന്നതാണു പ്രധാന പ്രശ്‌നം. മൂട് ചീയല്‍, ബാക്ടീരിയയുടെ ആക്രമണം വഴിയുള്ള വാട്ടം, ഇലപ്പുള്ളിരോഗം എന്നിവയാണു പ്രധാന രോഗങ്ങള്‍. ഐഐഎസ്ആര്‍ വരദയാണ് ഇപ്പോള്‍ കര്‍ഷകര്‍ കൂടുതലായി കൃഷി ചെയ്യുന്നത്. നിലം ഉഴുത ശേഷം കരിയിലകള്‍ ഇട്ടു തീയിടുന്നതു നല്ലതാണ്. ശേഷം കുമ്മായം വിതയ്ക്കാം.  

ഉയര്‍ന്ന പ്രദേശങ്ങളില്‍ വാരമെടുത്താണു കൃഷി ചെയ്യുന്നത്. ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകപ്പൊടി അടിവളമായി ചേര്‍ക്കണം. വേപ്പിന്‍പ്പിണ്ണാക്കും ചേര്‍ത്തുകൊടുക്കുന്നതു നല്ലതാണ്. സ്യൂഡോമോണാസ് ലായനിയില്‍ മുക്കിയ ശേഷം വിത്തുനടാം. വാരത്തില്‍ 10 സെന്റീമീറ്റര്‍ അകലത്തില്‍ ചെറു കുഴികളുണ്ടാക്കി അതില്‍ വേണം വിത്തിടാന്‍. മുള വന്ന് 10 ദിവസമാകുമ്പോള്‍ ചാണക ലായനി ഒഴിച്ചുകൊടുക്കാം. ഡിസംബറോടെ ഇഞ്ചി വിളവെടുക്കാം. 

പ്രോട്രേ തൈ ഉണ്ടാക്കുന്ന രീതി

ഇഞ്ചിയുടെ വിത്തു ലഭിക്കാനാണു കര്‍ഷകര്‍ ഏറെ പ്രയാസപ്പെടുന്നത്. സാധാരണയായി 25 ഗ്രാം തൂക്കമുള്ള വിത്തുകളാണു മുളപ്പിച്ചു നടുക. എന്നാല്‍ പ്രോട്രേയില്‍ തൈകള്‍ മുളപ്പിച്ചാല്‍ ഇപ്പോള്‍ ഉള്ളതിന്റെ അഞ്ചിരട്ടി തൈകള്‍ ഉണ്ടാക്കാം. കൃഷി ആരംഭിക്കുന്നതിനു ഒന്നരമാസം മുന്‍പുതന്നെ പ്രോട്രേയില്‍ തൈകള്‍ ഒരുക്കണം. ചകിരിച്ചോറും ചാണകപ്പൊടിയും നന്നായി യോജിപ്പിച്ച ശേഷം ട്രൈക്കോഡെര്‍മ ചേര്‍ത്ത് പ്രോട്രേയില്‍ നിറയ്ക്കുക. മുളപൊട്ടിയ വിത്ത് ഇഞ്ചി 5ഗ്രാം തൂക്കവും ഒരു മുളയുമുള്ള കഷണങ്ങളാക്കി മുറിക്കുക. സ്യൂഡോമോണാസ് ലായനിയില്‍ മുക്കിയ ശേഷം ട്രേയില്‍ നടാം. 

അധികം വെയിലേല്‍ക്കാത്ത സ്ഥലത്തുവേണം ട്രേ സൂക്ഷിക്കാന്‍. രോഗമില്ലാത്ത തൈകള്‍ നോക്കി നട്ടു കൂടുതല്‍ വിളവ് ഉറപ്പിക്കാം.  പ്രോട്രേയില്‍ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ക്കു ഭൂകാണ്ഡം കുറവായതിനാല്‍ കൃഷി ചെയ്യുമ്പോള്‍ വളം നന്നായി കൊടുക്കണം. മണ്ണില്‍ നിന്നു കൂടുതല്‍ വളം വലിച്ചെടുക്കുന്ന ചെടിയായതിനാല്‍ വ്യത്യസ്തയിനം വളമാണു നല്‍കേണ്ടത്. 

ഗ്രോബാഗില്‍ ഇഞ്ചിക്കൃഷി വന്‍ വിജയമായി കണ്ടിട്ടുണ്ട്. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 3:1:1 അനുപാതത്തില്‍ എടുത്താണ് ഗ്രോബാഗ് നിറയ്ക്കണ്ടത്. സ്യൂഡോമോണാസ് ലായനിയില്‍ മുക്കിയ വിത്ത് നട്ടുകൊടുക്കാം. ഒരു ബാഗില്‍ 2 തൈ നടാം. ട്രൈക്കോഡെര്‍മ ചേര്‍ത്തു സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഇടയ്ക്കു വളമായി നല്‍കുന്നതു ചെടി കരുത്തോടെ വളരാന്‍ സഹായിക്കും. ചാണവും ഗോമൂത്രവും പിണ്ണാക്കും യോജിപ്പിച്ച മിശ്രിതവും 15 ദിവസം കൂടുമ്പോള്‍ ഒഴിച്ചുകൊടുക്കാം. 8 മാസമാകുന്നതോടെ വിളവെടുക്കാം. ഒരു ചെടിയില്‍നിന്ന് 1 കിലോ വരെ ഇഞ്ചി ലഭിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. 

കൂവ

മഞ്ഞള്‍, ഇഞ്ചി എന്നിവപോലെ അധികം രോഗബാധയുണ്ടാകാത്ത വിളയാണു കൂവ. മഞ്ഞള്‍ പോലെ ഏറ്റവുമധികം ഔഷധഗുണവുമുള്ള കൂവ തെങ്ങ്, കമുങ്ങ്, റബര്‍ തോട്ടങ്ങളില്‍ ഇടവിളയായിട്ടാണു കൃഷി ചെയ്യുന്നത്. 

വയറിളക്കത്തിനും ക്ഷീണത്തിനും കുവപ്പൊടി തളപ്പിച്ചു കുടിച്ചാല്‍ മതി. കൂവയുടെ കിഴങ്ങില്‍ നിന്നെടുക്കുന്ന നീരുപയോഗിച്ചു മുറികളുടെ അണുബാധ തടയാം. പലതരം കൂവയുണ്ട്. നാടന്‍കൂവ, ബിലാത്തിക്കൂവ, ഔഷധക്കൂവ, മഞ്ഞക്കൂവ, നീലക്കൂവ. നാലും ഗുണമേന്മയും ഔഷധഗുണവും രോഗപ്രതിരോധശക്തിയുമുള്ളതാണ്. 

കൂവ ഇടവിളയായി കൃഷി ചെയ്യുന്നതുകൊണ്ട് പറമ്പിലെ കീടശല്യം കുറയ്ക്കാന്‍ സാധിക്കും. ചാലെടുത്തും തടമെടുത്തും കൃഷി ചെയ്യാം. അടിവളമായി ചാണകപ്പൊടി ചേര്‍ത്തുകൊടുക്കണം. രണ്ടുദിവസത്തിനു ശേഷം കുമ്മായം വിതറുക. കോഴിവളവും നല്ലതാണ്. മഴ തുടങ്ങുമ്പോഴേക്കും കൂവയുടെ വിത്തുമുളയ്ക്കാന്‍ തുടങ്ങും. 25 സെന്റീമീറ്റര്‍ വീതിയുള്ള തടമാണെങ്കില്‍ 2 വരിയായി നടാം. ചെടികള്‍ തമ്മില്‍ 10 സെന്റീമീറ്റര്‍ അകലം വേണം. 

കീടശല്യമുണ്ടാകാത്തതിനാല്‍ കീടനാശിനിയൊന്നും ഉപയോഗിക്കേണ്ടതില്ല. ചാണകവും പിണ്ണാക്കും ചേര്‍ത്ത ലായനി ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്. 10 മാസമാകുമ്പോഴേക്കും വിളവെടുപ്പിനു സമയമാകും.

English summary: Spice crops cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA