അഞ്ചാം വർഷം കുലച്ചു, ഇതാണ് മുഖ്യമന്ത്രിയെ അദ്ഭുതപ്പെടുത്തിയ ഇനം തെങ്ങിൻതൈ

HIGHLIGHTS
  • 1991ല്‍ വികസിപ്പിച്ചെടുത്ത ഏഴോളം സങ്കരയിനങ്ങളില്‍ ഒന്നാണ് കേരശ്രീ
  • തെങ്ങിന്‍ തൈ എങ്ങനെ കിട്ടും?
kerasree-coconut
SHARE

അഞ്ചു വര്‍ഷം മുന്‍പ് താന്‍ നട്ട തെങ്ങ് ഇത്ര വേഗം കുലച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒന്നു ഞെട്ടി. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെത്തിയ ആ തെങ്ങ് കേരളത്തിന്റെ വടക്കേ അറ്റത്ത് കാസര്‍കോടുകാരനാണ്. പിലിക്കോടിന്റെ സ്വന്തം കേരശ്രീ.

എന്താണ് കേരശ്രീ?

പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം 1991ല്‍ വികസിപ്പിച്ചെടുത്ത ഏഴോളം സങ്കരയിനങ്ങളില്‍ ഒന്നാണ് കേരശ്രീ. പശ്ചിമ നെടിയ ഇനവും മലയന്‍ യെല്ലോ ഡ്വാര്‍ഫ് എന്ന കുറിയ ഇനവും ക്രോസ് ചെയ്താണ് കേരശ്രീ വികസിപ്പിച്ചെടുത്തത്. ടിxഡി എന്ന നാമത്തിലാണ് ഈ തെങ്ങ് അറിയപ്പെടുന്നത്. മലനാട്, ഇടനാട്, തീരപ്രദേശങ്ങള്‍ക്ക് ഒരുപോലെ യോജിച്ച ഇനം. 5-6 വര്‍ഷത്തിനുള്ളില്‍ ആദ്യ വിളവെടുപ്പ് നടത്താം.

വാര്‍ഷിക വിളവ് തെങ്ങൊന്നിന് 140 എണ്ണം. കൊപ്ര അളവ് ഒരു തേങ്ങയില്‍നിന്ന് 206 ഗ്രാം. എണ്ണയുടെ തോത് 66 ശതമാനമാണെന്ന് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ഉത്തരമേഖലാ അസോസിയറ്റ് ഡയറക്ടര്‍ പ്രഫ. ടി. വനജ പറഞ്ഞു.

2016 സെപ്റ്റംബര്‍ 8നാണ് സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ തെങ്ങിന്‍ തൈ നട്ടത്. കഴിഞ്ഞ ദിവസം ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഇതേ കോംപൗണ്ടിലെത്തിയപ്പോഴാണ് താന്‍ മുന്‍പു നട്ട തൈ എവിടെയെന്നു മുഖ്യമന്ത്രി ചോദിച്ചത്. അതു കുലച്ചിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ സ്ഥലത്തെത്തി തെങ്ങു കാണുകയായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആ ഫോട്ടോ പ്രചരിച്ചതോടെ കാസര്‍കോടിന്റെ ഈ തെങ്ങിനവും പ്രശസ്തിയിലെത്തി.

കേരശ്രീ തിരുവനന്തപുരത്തെത്തിയ കഥ

2016ല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ 100-ാം വര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ഹെഡ് ക്വാര്‍ട്ടേഴ്‌സുകളിലും വില്ലേജ് ഓഫിസുകളിലും കേരശ്രീയുടെ തൈകള്‍ നടാന്‍ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായിട്ടാണ് 2016ല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് വളപ്പില്‍ കേരശ്രീയുടെ 3 തൈകള്‍ നട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനില്‍ കുമാര്‍, റവന്യു മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു തൈകള്‍ നട്ടത്. ഈ തൈകളാണ് ഇപ്പോള്‍ കുലച്ച് നില്‍ക്കുന്നത്.

തെങ്ങിന്‍ തൈ എങ്ങനെ കിട്ടും?

ഓരോ വര്‍ഷവും പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ചാണ് നേരത്തേ കര്‍ഷകര്‍ക്ക് കേരശ്രീയുടെ തൈകള്‍ വിതരണം ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് നൂറുകണക്കിന് കര്‍ഷകര്‍ കേരശ്രീയുടെ തൈകള്‍ വാങ്ങാന്‍ പിലിക്കോട്ടെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് മുന്‍പില്‍ കാത്ത് കിടക്കുന്നത് വലിയ കാഴ്ചയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കേരശ്രീ തൈകളുടെ വിതരണം കൃഷി വകുപ്പ് മുഖേനയാക്കി. ഇങ്ങനെ വിതരണം ചെയ്തതില്‍ ബാക്കി വരുന്ന തൈകള്‍ മാത്രമാണ് ഗവേഷണ കേന്ദ്രത്തില്‍നിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ജൂണ്‍ അവസാനത്തോടെ കൃഷി ഭവനില്‍നിന്ന് തൈ വിതരണം സംബന്ധിച്ച് അറിയിപ്പു വരും. ആ സമയത്ത് കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണം. തെങ്ങൊന്നിന് 250 രൂപയാണ് വില. ഇത്തവണ കോവിഡ് കാരണം ഇതുവരെ കൃഷി വകുപ്പ് അധികൃതര്‍ പിലിക്കോട് കേന്ദ്രത്തില്‍ നിന്നു തൈകള്‍ ശേഖരിച്ചിട്ടില്ല.

English summary: Kerasree Coconut Tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA