റൊളീനിയ– മഞ്ഞക്കുപ്പായമിട്ട ആത്തപ്പഴം

HIGHLIGHTS
  • പഴത്തിനു മഞ്ഞനിറമാകുന്നതോടെ വിളവെടുക്കാം
  • കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമുള്ള ഈ പഴം വൈറ്റമിൻ സി, ഇരുമ്പ് എന്നിവയാലും സമ്പന്നം
Rollinia
ഫോട്ടോ: വിഷ്ണു സനൽ
SHARE

ആത്തപ്പഴത്തിന്റെ കുടുംബക്കാരൻ, പഴുത്താല്‍ നല്ല മഞ്ഞനിറം. നല്ല മധുരവും മാർദവവുമുള്ള പഴം. ബിരിബാ എന്നു ബ്രസീലുകാർ വിളിക്കുന്ന റൊളീനിയപ്പഴം കാഴ്ചയ്ക്കും സുന്ദരിതന്നെ.  റൊളീനിയ മ്യൂക്കോസ, റൊളീനിയ  ഡെലിക്കോസ എന്നിങ്ങനെ രണ്ടിനങ്ങളാണ് നമ്മുടെ നാട്ടിൽ  കണ്ടുവരുന്നത്.  ഹൃദയാകൃതിയുള്ള പഴത്തെ പൊതിഞ്ഞ് മുള്ളുകളുടെ ആകൃതിയിൽ മൃദുവായ ഭാഗമുണ്ട്. പഴത്തിനു മഞ്ഞനിറമാകുന്നതോടെ വിളവെടുക്കാം. കൂടുതൽ പഴുത്താൽ  മുള്ളുകളുടെ അഗ്രഭാഗത്തിനു കറുപ്പു നിറമാകും. 

പഴം നേരിട്ടു കഴിക്കാൻ ഉത്തമം. വെളുത്ത നിറത്തിൽ, ചെറുസുഗന്ധമുള്ള  ഉൾഭാഗത്തെ പൾപ്  ചെറിയ സ്പൂണിലെടുത്തു കഴിക്കാം. ഒപ്പം കിട്ടുന്ന കുരു കളയണം. ചില ഷെഫുമാർ റൊളീനിയകൊണ്ടുള്ള വിഭവങ്ങൾ തയാറാക്കാറുണ്ട്. ബ്രസീലുകാർ വൈൻ നിർമാണത്തിന് ഉപയോഗിക്കാറുണ്ടത്രെ. കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമുള്ള ഈ പഴം വൈറ്റമിൻ സി, ഇരുമ്പ് എന്നിവയാലും സമ്പന്നമാണ്. മാംസ്യം, അന്നജം എന്നിവ വേണ്ടുവോളമുണ്ട്. കൂടാതെ ലൈസിൻ, മെതിയോണൈൻ, ത്രിയൊണൈൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. 20 സെ.മീ.  വ്യാസവും ഒന്നര കിലോ തൂക്കവുമുള്ള പഴങ്ങൾവരെ ഇതിൽനിന്നു ലഭിക്കാറുണ്ട്. ആമസോൺമേഖലയിൽനിന്ന് അമേരിക്ക, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ വഴിയെത്തിയ ഈ പഴം നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും.

വിത്തു കിളിർത്തുണ്ടാകുന്ന റൊളീനിയ, രണ്ടാം വർഷം പൂവിടുമെങ്കിലും പൊതുവെ മൂന്നാം വർഷം മുതലാണ് കൂടുതൽ ഫലം നൽകുക. പതിവായി പൂവിടാറുള്ളതിനാൽ വർഷത്തിൽ 4 തവണയെങ്കിലും പഴം കിട്ടുമെന്നതും റൊളീനിയയുടെ മെച്ചമാണ്. പൂവിട്ടു രണ്ടു മാസം കഴിയുമ്പോൾ വിളവെടുത്തുതുടങ്ങാം. വളർച്ചയെത്തിയ മരത്തിൽനിന്നും ഒരു തവണ ശരാശരി 30 കിലോവരെ പഴം പ്രതീക്ഷിക്കാം.  അതിവേഗം വളർന്ന് 13–49 അടി വരെ ഉയരം വയ്ക്കുന്ന ഫലവൃക്ഷമാണിത്. ഉരുണ്ടോ കോൺ ആകൃതിയിലോ കാണുന്ന വലിയ ഫലങ്ങൾക്ക്  പഴുക്കുന്നതുവരെ നല്ല പച്ചനിറമായിരിക്കും. പഴങ്ങൾ വിളവെടുത്താൽ കാലതാമസമില്ലാതെ ഉപയോഗിക്കേണ്ടതുണ്ട്. സൂക്ഷിപ്പുകാലം കുറവായതുകൊണ്ട് വാണിജ്യക്കൃഷിക്ക് പൊതുവെ ഉപയോഗിക്കാറില്ല. എന്നാൽ  ഇപ്പോൾ 3–7 ദിവസം സൂക്ഷിച്ചുവയ്ക്കാവുന്ന ഇനങ്ങൾ ലഭ്യമാണ്.  വീട്ടുവളപ്പുകളിലേക്ക് യോജിച്ച ഫലവൃക്ഷമാണിത്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഉഷ്ണ മേഖലാവൃക്ഷമാണെങ്കിലും തണലുള്ളിടങ്ങളിലും വളർത്താം.  പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള തിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വളർത്താനും യോജ്യം .

വിത്തു പാകിയും ബഡിങ്,  ഗ്രാഫ്റ്റിങ് എന്നിവ വഴിയും തൈകൾ സ്വന്തമാക്കാം.  റൊളീനിയയുടെ തടി വള്ളമുണ്ടാക്കാൻ ഉപയോഗിക്കാറുണ്ടത്രെ. 

കടപ്പാട്– ഐനറ്റ് ഫാം, അറുന്നൂറ്റിമംഗലം, ഫോൺ: 9846998625

English summary: Rollinia fruit information

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS