ADVERTISEMENT

തെങ്ങുകൃഷിക്കിറങ്ങുന്ന കർഷകരെ തളർത്തിക്കളയുന്നത് അവയ്ക്കുണ്ടാകുന്ന രോഗങ്ങളാണ്. കീടങ്ങളുടെയും വണ്ടുകളുടെയും ഉപദ്രവം വേറെയും. നാൽപതും അൻപതും വർഷം കായ്ഫലം നൽകി കർഷകർക്ക് അനുഗ്രഹമാകേണ്ട വൃക്ഷങ്ങൾ രോഗബാധ വന്ന് നശിച്ചാൽ നഷ്ടം വലുതാണ്. എത്രനാളത്തെ അധ്വാനം കൂടിയാണ് വൃഥാവിലാകുന്നത്. വീണ്ടും തുടങ്ങുകയോ പുതിയ ഇനങ്ങൾ പരീക്ഷിക്കുകയോ മറ്റൊരു കൃഷിയിലേക്ക് മാറുകയോ അല്ലാതെ വഴിയൊന്നും ഇല്ല. ശ്രദ്ധയോടെയും ജാഗ്രതയോടെയുമുള്ള പ്രതിരോധ പ്രവൃത്തികൾ വഴി കീടാക്രമണങ്ങളെ നിയന്ത്രിക്കാനാകുമെന്ന് കേരള അഗ്രികൾചർ യൂണിവേഴ്സിറ്റിയിലെ അഗ്രകൾചർ എന്റമോളജി അസിസ്റ്റൻ പ്രഫസർ ഡോ. ആനീസ് പറയുന്നു. കർഷകർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്ന ചില രോഗങ്ങളെയും അവയ്ക്ക് കാരണമാകുന്ന കീടങ്ങളെയും പരിചയപ്പെടാം.

chemban-chelli

ചെമ്പൻ ചെല്ലി

റിങ്കോഫോറസ് ഫെറുജീനിയസ് എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന നേരിയ കറുപ്പു കലർന്ന ചുവന്ന നിറവും തലഭാഗത്തു കറുത്ത പൊട്ടുകളുമുള്ള ഷഡ്‌പദമാണ് ചെമ്പൻചെല്ലി. ചെമ്പൻചെല്ലിയുടെ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കളിൽ നിന്നാണ് ചെല്ലികൾ ഉണ്ടാകുന്നത്.

എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ചെല്ലി ബാധിക്കുമെങ്കിലും 20 വർഷത്തിനു താഴെയുള്ളവയിലും. കുറിയതരം തെങ്ങുകളിലും ആക്രമണം കൂടുതലായി കാണുന്നു. ഇത്തരം തെങ്ങുകളുടെ ഉയരക്കുറവും മധുരക്കൂടുതലും തടിയുടെയും മടലുകളുടെയും മൃദുലതയും കാരണങ്ങളായി കരുതാം. തെങ്ങിന്റെ മണ്ടയിലൂടെയും ഓലമടലിന്റെ ചുവട്ടിലൂടെയും ഇളം തടിയിലൂടെയും ചെല്ലി ആക്രമിക്കുന്നു.

മണ്ടയിലൂടെയാണ് ആക്രമണമെങ്കിൽ തെങ്ങിന്റെ നാമ്പോല വാടി നിൽക്കുന്നതായും ഇടയോലകളിൽ ചിലതു വാടിപ്പഴുത്തും കാണപ്പെടും. ചെമ്പൻചെല്ലി തെങ്ങിന്റെ കവിളോലകൾക്കിടയിൽക്കൂടി ആക്രമിക്കാറുണ്ട്. ചെല്ലിയുടെ പുഴുക്കൾ തുരന്നുതിന്ന ഭാഗത്ത് ചെറിയ ദ്വാരങ്ങൾ കാണാം. 

  • ഇവയാണ് ലക്ഷണങ്ങൾ

തടിയിലാണ് ആക്രമണമെങ്കിൽ ആ ഭാഗത്തുനിന്നു തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതു കാണാം. മാത്രമല്ല, പുഴു ഉണ്ടാക്കിയ ദ്വാരങ്ങളിൽനിന്നു നാരുകൾ പുറത്തേക്കു തള്ളിയിരിക്കുന്നതായും കാണാം. തെങ്ങുകളിലുണ്ടാക്കുന്ന മുറിവുകൾ, കവിളോലയിലെ പൊട്ടലുകൾ, ചീയൽ ബാധിച്ച നാമ്പുകളിൽനിന്നുള്ള പ്രത്യേക ഗന്ധം എന്നിവ അനുകൂല ഘടകങ്ങളാണ്.

  • നിയന്ത്രണവഴികൾ

പുഴു തിന്ന ഭാഗം ചെത്തി മാറ്റി അവിടെ കീടനാശിനി മിശ്രിതം ഒഴിച്ചുകൊടുക്കണം. ഓലക്കവിളുകളുടെ ഭാഗത്തുകൂടിയുണ്ടാകുന്ന ആക്രമണം പലപ്പോഴും മാരകമായിരിക്കും. ഇങ്ങനെ വന്നാൽ ചോർപ്പ് ഉപയോഗിച്ചു കീടനാശിനി മിശ്രിതം തെങ്ങിന്റെ മണ്ടയ്‌ക്കുള്ളിലേക്കും കവിളുകളിലും ഒഴിച്ചുകൊടുക്കണം. പുഴുക്കൾ തടിയിലുണ്ടാക്കിയ ദ്വാരങ്ങൾ സിമന്റോ ചെളിയോ ഉപയോഗിച്ച് അടച്ചതിനുശേഷം അതിന്റെ അൽപം മുകളിൽനിന്നു താഴേക്ക് തമിർ ഉപയോഗിച്ച് ഒരു ദ്വാരം ഉണ്ടാക്കി കീടനാശിനി ലായനി ഒഴിച്ചുകൊടുക്കണം.

കീടത്തിന്റെ എല്ലാ ജീവിതദശകളും തെങ്ങിന്റെയുള്ളിൽത്തന്നെ ആയതിനാൽ ഫലപ്രദമായ ഒരു ജൈവിക നിയന്ത്രണമാർഗം വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ആയതിനാൽ കീടനിയന്ത്രണത്തിന് രാസ കീടനാശിനിയെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

തെങ്ങിൻതടിയിലും ഓലക്കവിളുകളിലും മുറിവുകൾ ഉണ്ടാകാതെ നോക്കുക. തെങ്ങിൽ ഏതെങ്കിലും തരത്തിൽ മുറിവുകൾ ഉണ്ടായാൽ മുറിവേറ്റഭാഗത്ത് നിർദേശിക്കപ്പെട്ട കീടനാശിനി മിശ്രിതം പുരട്ടുക. തെങ്ങിൻമണ്ട വർഷത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക. ഓല വെട്ടുമ്പോൾ തെങ്ങിൻതടിയിൽനിന്ന് ഒരു മീറ്ററെങ്കിലും നീട്ടി വെട്ടുക.  ചെല്ലിബാധ വന്നു നശിച്ച തെങ്ങുകൾ വെട്ടി മാറ്റി തീയിട്ടു നശിപ്പിക്കുക. ഇതിൽ ചെല്ലിയും അവയുടെ മറ്റു ദശകളും കാണാം. അവ പെരുകാതെ നശിച്ചുകൊള്ളും. വെട്ടിമാറ്റാൻ കാലതാമസമുള്ളപക്ഷം മണ്ടമറിഞ്ഞ് നശിച്ച ഭാഗത്തുകൂടി 200 മില്ലി മണ്ണെണ്ണ ഒഴിച്ചുകൊടുത്താൽ അതിനകത്തുള്ള ചെല്ലിയെയും പുഴുക്കളെയും നശിപ്പിക്കാം. കാലവർഷാരംഭത്തിലും മഴയ്‌ക്കുശേഷവും 250 ഗ്രാം പൊടിച്ച വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക്, രണ്ടോ മൂന്നോ പാറ്റഗുളിക എന്നിവ അതേ അളവ് മണലുമായി ചേർത്ത് ഓലയുടെ കവിളുകളിൽ ഇടുക. 

കൊമ്പൻചെല്ലി

ചാണകത്തിൽ വളരുന്ന പുഴുക്കളിൽ നിന്നാണ് കൊമ്പൻ ചെല്ലികളുണ്ടാകുന്നത്. കൊമ്പൻ ചെല്ലികൾ ചാണകക്കുഴിയിൽ മുട്ടയിടുകയും അവ വിരിഞ്ഞ് ചാണകപ്പുഴുക്കൾ ഉണ്ടാകുകയുമാണ് ചെയ്യുന്നത്. കൊമ്പൻ ചെല്ലി  തെങ്ങിന്റെ കൂമ്പ് ഭാഗമാണ് ആദ്യം ആക്രമിക്കുന്നത്. വിടർന്നു വരുന്ന ഓലകളിൽ വി ആകൃതിയിൽ അരിഞ്ഞു മാറ്റിയതു പോലെ കാണുന്നതാണ് ചെല്ലിയുടെ ആക്രമണത്തിന്റെ ലക്ഷണം. കൂടാതെ ഓലമടലുകളിൽ ദ്വാരങ്ങളും കാണാം. വിടരാത്ത ഓലകളും കൂമ്പും തിന്നു നശിപ്പിക്കുകയും തെങ്ങിന്റെ മണ്ടയിലെ മധുരമുള്ള ഭാഗത്ത് തുളച്ചു കയറി അവിടം നശിപ്പിക്കുകയും ചെയ്യും.കൂമ്പ് ചീയലും ഇതിനു പിന്നാലെ ഉണ്ടാകും.

komban-chelli

നാമ്പിനു ചുറ്റുമുള്ള രണ്ട് ഓലകൾക്കിടയിലേക്ക് തരിരൂപത്തിലുള്ള കീടനാശിനി പായ്‌ക്കറ്റുകളോ പാറ്റഗുളികയോ, വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ (200 ഗ്രാം തുല്യഅളവ് മണലുമായി ചേർത്തത്) വയ്‌ക്കേണ്ടതാണ്. 

കൂമ്പ് ചീയൽ

എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും രോഗം ബാധിക്കുമെങ്കിലും പ്രായം കുറഞ്ഞ തെങ്ങുകളിൽ, പ്രത്യേകിച്ചു മഴക്കാലത്താണ് ഈ രോഗം സാധാരണ കാണുന്നത്.

  • നിയന്ത്രണ മാർഗങ്ങൾ

തോട്ടങ്ങൾ പതിവായി നിരീക്ഷിക്കുകയും പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. രോഗബാധ രൂക്ഷമായതും രോഗം ബാധിച്ചു പൂർണമായി നശിച്ചതുമായ തെങ്ങുകളുടെ മണ്ട വെട്ടി മാറ്റി തീയിട്ട് നശിപ്പിക്കുക.

തോട്ടം ശുചിയായി സൂക്ഷിക്കുകയും ശുപാർശ ചെയ്ത അളവിൽ വളപ്രയോഗം നടത്തുകയും ചെയ്യുക.

തെങ്ങിൻ തോട്ടത്തിൽ വെള്ളം കെട്ടി നിൽക്കാത്ത വിധം നീർവാർച്ച സൗകര്യം ഏർപ്പെടുത്താൻ ശ്രദ്ധിക്കുക. കൂടാതെ രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ ശരിയായ നടീൽ അകലം പാലിക്കുകയും ചെയ്യണം.

പതിവായി കൂമ്പ് ചീയൽ രോഗം കാണപ്പെടാറുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടിയായി മഴക്കാലാരംഭത്തിൽ തന്നെ തെങ്ങിന്റെ മണ്ട വൃത്തിയാക്കിയതിനു ശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം നാമ്പോലയിലും അതിനു ചുറ്റുമായി തളിക്കുക. 45 ദിവസത്തിന് ശേഷം മരുന്ന് തളി ആവർത്തിക്കുക.

തെങ്ങോലപ്പുഴു

ഫെബ്രുവരി, മേയ് മാസങ്ങളിൽ തെങ്ങുകളിൽ ഈ പുഴുവിന്റെ ആക്രമണം കൂടുതലായി കാണാറുണ്ട്. അന്തരീക്ഷ ആർദ്രതയിലുള്ള വർധനയ്ക്കനുസരിച്ച് ആക്രമണം രൂക്ഷമാകാനാണ് സാധ്യത. ‘ഒപീസിന അരിനോസെല്ല’ എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന ഈ കീടത്തിന്റെ പുഴുക്കളുടെ ആക്രമണഫലമായി തെങ്ങോലകൾക്കു തവിട്ടുനിറം ബാധിച്ചു ക്രമേണ ഉണങ്ങും. ഇത്തരം ഓലകൾ വെട്ടിമാറ്റി കത്തിച്ചുകളയുകയോ ജൈവിക കീടനിയന്ത്രണത്തിനായി ‘ബ്രാക്കോൺ ബ്രെവികോണിസ്, ഗോണിയോസിസ് നെഫാന്റിഡിസ്’ എന്നീ പരാദങ്ങളെ തോട്ടത്തിൽ വിടുകയോ ചെയ്യാവുന്നതാണ്. ഒരു തെങ്ങിന് 10 എണ്ണം എന്ന തോതിൽ നാലു മുതൽ ആറു തവണ വരെ ഇത് തുടർന്നാൽ കീടനാശിനികൾ ഉപയോഗിക്കാതെ തന്നെ ആക്രമണം വരുതിയിലാക്കാം. കാസർകോട് സിപിസിആർഐ, എസ്എസ്എഫ് കാസർകോട്, പരപ്പനങ്ങാടി പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പരാദങ്ങൾ സൗജന്യമായി ലഭിക്കും. 

വെള്ളീച്ച

വിദേശത്തുനിന്ന് എത്തിയ ഒരു കീടമാണ് വെള്ളീച്ച. അവ ഓലകളുടെ അടിയിൽ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരുന്ന് ഓലകളിലെ ഹരിതകം നശിപ്പിക്കുകയാണ് ചെയ്യുക. കൂടാതെ ഓലകളുടെ മുകൾ ഭാഗം  ഓലകൾ ചാരം പൂശിയതു പോലെയാകും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാ ഓലയിലും കറുത്ത പൂപ്പൽ ബാധിക്കും. രാത്രി പ്രകാശം തട്ടുമ്പോൾ വെട്ടിത്തിളങ്ങും. കറുത്ത പൊടി തൊട്ടെടുക്കാം.

വെള്ളീച്ച ശല്യം കൂടുതലുള്ള തെങ്ങുകളിലെ മച്ചിങ്ങ പൊഴിയുന്നുണ്ട്. തൈത്തെങ്ങുകൾ ശോഷിക്കുകയും ചെയ്യും. ഏതാനും വർഷം മുൻപാണു വെള്ളീച്ചയെ സംസ്ഥാനത്തു കാണാൻ തുടങ്ങിയത്. ഇറക്കുമതി ചെയ്ത ഫലവൃക്ഷത്തൈകളിൽ നിന്നാവാം ഇതെന്നാണു നിഗമനം. ‘റുഗോസ് സ്പൈറലിങ് വൈറ്റ് ഫ്ലൈ’ എന്ന ഈച്ചയാണിത്.

vellicha

ആദ്യം കണ്ടെത്തിയതു പൊള്ളാച്ചി, പാലക്കാട്, തുടങ്ങിയ സ്ഥലങ്ങളിലാണ്. മിത്രകീടത്തെ ഉപയോഗിച്ച് വെള്ളീച്ചയെ ഇല്ലാതാക്കാൻ കഴിയൂ. കീടനാശിനി ഉപയോഗിക്കരുതെന്നാണു കൃഷി വിദഗ്ധർ പറയുന്നത്. ഉപയോഗിച്ചാൽ മിത്രകീടങ്ങൾ നശിക്കും.

English summary: Pest Management of Coconut 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com