പ്രോട്രേകളിൽ തൈ രൂപത്തിൽ ഇഞ്ചി ഒരുക്കാം: ഗുണവും നേട്ടവും ഏറെ

Mail This Article
ഇഞ്ചിയുടെയും മഞ്ഞളിന്റെയുമൊക്കെ നടീൽ കാലമാണിത്. ഇവയുടെ നടീൽ വസ്തുക്കൾ ഇന്ന് വിപണിയിൽ തരാതരം ലഭിക്കും. വിത്തു ചന്തകളും പലയിടത്തും സജീവമാണ്. പണ്ടു കാലത്ത് ഇങ്ങനെയായിരുന്നില്ല. വിളവെടുപ്പു കഴിഞ്ഞാൽ അടുത്ത വർഷത്തേക്കുള്ള വിത്ത് തയാറാക്കി വയ്ക്കുന്നതും ശ്രദ്ധാപൂർവം ചെയ്യുന്ന ജോലിയായിരുന്നു. വിത്തിനുള്ള ഇഞ്ചി മാസങ്ങൾക്കു മുമ്പേ മാറ്റി വച്ച് പാണൽ പോലുള്ള ഇലകൾ കൊണ്ട് പുതയിട്ട് ആണ് സൂക്ഷിക്കുക. ചാണകപ്പാലിൽ മുക്കി സൂക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഇന്ന് പയറും വെണ്ടയും പാവലുമൊക്കെ വളർത്തും പോലെ ഇഞ്ചിയെയും ട്രേകളിൽ തൈ രൂപത്തിൽ വളർത്തിയെടുക്കുന്ന രീതി പ്രചാരത്തിലാകുന്നു. വിത്തിന്റെ അളവ് കുറയ്ക്കാമെന്നതാണ് ഈ രീതിയുടെ പ്ലസ്. അൽപം മനസ്സും നാടൻ രീതികളും ശാസ്ത്രീയ പരിചരണവും സംയോജിപ്പിച്ചാൽ നാട്ടിൻപുറങ്ങളിലും ഇത് പ്രയോഗിച്ചു നോക്കാവുന്നതാണ്.
ശാസ്ത്രീയമായി ത്തന്നെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തതാണ് ഈ രീതി. വിത്ത് പാകുന്നതിനു പകരം ഇഞ്ചിയെയും മഞ്ഞളിനെയും തൈ രൂപത്തിലാക്കിയും കൃഷിക്ക് ഉപയോഗിക്കുന്നതാണ് രീതി. വിത്തുകൾ പാകുന്ന ട്രേകളിൽ നട്ടു വളർത്തിയ ഇഞ്ചിച്ചെടികൾ നേരത്തെ തയാറാക്കിയ കണ്ടത്തിൽ നട്ടാൽ മാത്രം മതി.
സാധാരണ വിത്തിഞ്ചിയുടെ മൂന്നിലൊന്ന് വലുപ്പം മതി ട്രേ രീതിക്ക്. നാല്– അഞ്ച് ഗ്രാം തൂക്കം വരുന്ന ചെറുകഷണങ്ങളാക്കി മുറിച്ച ഇഞ്ചി വിത്തിനെ ഒരു രാത്രി സൂക്ഷിച്ചു വയ്ക്കണം. പിന്നീട് മുളപൊട്ടാൻ സഹായിക്കുന്ന സ്യൂഡോമോണസ്, ട്രൈക്കോഡർമ പോലുള്ള മിശ്രിതലായനിയിൽ മുക്കിയതിനു ശേഷം ചകിരിച്ചോർ മിശ്രിതത്തിനുള്ളിൽ സൂക്ഷിച്ച് വയ്ക്കാം.
ഒരാഴ്ചക്കുള്ളിൽ ഇവ മുള പൊട്ടും. പിന്നീട് പച്ചക്കറി വിത്തുകൾ പാകുന്ന പോട്രേകളിൽ ചകിരിച്ചോർ, ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ് എന്നിവ ചേർത്ത മിശ്രിതം നിറച്ച് ഇഞ്ചിവിത്തുകൾ നടാം. 30–35 ദിവസം കഴിഞ്ഞാൽ ഇവ പറിച്ച് ഇഞ്ചിക്കണ്ടത്തിൽ നടാം. കൃത്യമായ പരിചരണവും വളപ്രയോഗവും നടത്തണം. ഒട്ടേറെ ഗുണങ്ങൾ ഈ രീതിക്ക് ഉണ്ട്. വിത്തിന്റെ അളവ് കുറയ്ക്കാം. കൂടുതൽ മികച്ച വിളവ് ലഭിക്കുകയും ചെയ്യും. ആദ്യഘട്ട വളർച്ച പൂർണമായും നഴ്സറിയിലുള്ള പരിചരണമായതിനാൽ തുടക്കത്തിൽ തന്നെ കരുത്തോടെ വളരും. രോഗങ്ങൾ ബാധിച്ചവയെ തുടക്കത്തിൽ തന്നെ കണ്ടെത്തി നശിപ്പിക്കാനാകുമെന്നതിനാൽ മികച്ച വിളവ് ലഭിക്കുകയും ചെയ്യും.
കൈ വിടേണ്ട, പരമ്പരാഗത രീതി
പരീക്ഷണങ്ങൾക്ക് താൽപര്യമില്ലാത്തവർക്ക് പരമ്പരാഗത രീതിയിലും ഇഞ്ചിയും മഞ്ഞളും നടാവുന്നതാണ്. സാധാരണ ഏപ്രിൽ രണ്ടാമത്തെ ആഴ്‌ചയിലാണ് ഇഞ്ചി നടാറുള്ളത്. അപ്പോഴേക്കും ഇപ്പോൾ ശേഖരിച്ച വച്ച വിത്തുകളിൽ നന്നായി മുളപൊട്ടിയിട്ടുണ്ടാവും. ഒരോ മുള ഒരു കഷ്‌ണത്തിൽ ഉണ്ടാവുന്ന വിധം ഇഞ്ചി മുറിച്ചു ചെറിയ കഷ്‌ണങ്ങളാക്കി നടുകയാണ് വേണ്ടത്. മഴ ലഭിക്കുന്നില്ലെങ്കിൽ നനച്ചു കൊടുത്തില്ലെങ്കിൽ ചൂടുകൂടി ഇഞ്ചി നശിക്കാൻ സാധ്യതയുണ്ട്.
ഇഞ്ചി നടാൻ പറ്റിയ സ്‌ഥലം നന്നായി കിളച്ചു ഇളക്കി വലിപ്പമുള്ള കണ്ടങ്ങൾ തയാറാക്കുക. കണ്ടങ്ങളിൽ ചെറിയ കുഴികളുണ്ടാക്കി അതിൽ ഇഞ്ചി പാകുക. മുകളിൽ ചാണകപ്പൊടി നന്നായി ഇട്ടുകൊടുക്കണം. പച്ചിലകൊണ്ട് പുതയിടുകയും വേണം. മൂന്ന്, ആറ് മാസങ്ങളിൽ പച്ചിലവളം നൽകുന്നത് ഉത്തമമാണ്. കളയെടുപ്പും മണ്ണ് അടുപ്പിക്കലും ആവശ്യാനുസരണം നടത്തണം. നട്ട് ആറാം മാസം മുതൽ വിളവെടുക്കാം.
ചാണകപ്പൊടി, മൈക്കോഡെർമ എന്നിവ ചേർത്തു സൗകര്യപ്രദമായ നീളത്തിലും ഒരടി വീതിയിലും തടങ്ങളെടുത്താണ് നടേണ്ടത്. നിരപ്പാക്കിയ തടങ്ങളിൽ 25 സെ.മീ. അകലത്തിൽ ചെറുകുഴികൾ എടുത്തു വിത്തുനടാം. പുതയിടണം.
ഇഞ്ചിവിത്ത് സ്യൂഡോമോണാസ് ലായനിയിൽ (അഞ്ച് മില്ലി/ ഒരു ലീറ്റർ) അര മണിക്കൂർ ഇട്ടുവച്ചു നടുന്നതു മൂടുചീയൽ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. നട്ടശേഷം സെന്റ് ഒന്നിന് 100 കിലോ ചാണകം ചേർത്തു കൊടുക്കണം. ഏകദേശം 15 ഗ്രാം തൂക്കമുള്ള ചെറുകഷണങ്ങളാണ് നടീലിന് ഉപയോഗിക്കുന്നത്. ഒരു സെന്റ് നടുന്നതിന് 2.5 കിലോ (ഇഞ്ചി) വിത്തും നാലു കിലോ മഞ്ഞൾ വിത്തും ആവശ്യമാണ്.
വിത്ത് ഇനങ്ങൾ
1. ചുക്ക്/ഉണങ്ങിയ ഇഞ്ചി ആവശ്യത്തിനു വേണ്ട ഇനങ്ങൾ : ഹിമാചൽ, കുറുപ്പംപടി, മാരൻ
2. പച്ച ഇഞ്ചി: ചൈന, റിയോഡി ജനീറോ, അശ്വതി
3. ഉണങ്ങിയ ഇഞ്ചിക്കും പച്ചയ്ക്കും ഒരുപോലെ ഉപയോഗിക്കാവുന്നത്: ആതിര, മഹിമ, രജത, വരദ
മഞ്ഞൾ ഇനങ്ങൾ: പ്രതിഭ, പ്രഭ, വർണ്ണ, സുവർണ്ണ, ശോഭ
വിത്ത് സൂക്ഷിക്കുന്ന വിധം
നല്ല കരുത്തുള്ള കേടില്ലാത്ത ഇഞ്ചി വിത്തിനായി എടുക്കാം. വിത്തുകൾ ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഇട്ടു തോർത്തിയെടുക്കുക. ഒരുപാടു വിത്തുകൾ ഉണ്ടെങ്കിൽ ഒരു കുഴിയെടുത്ത് അറക്കപ്പൊടിയോ പച്ചിലകളോ അടിയിൽ വിതറി അതിനുമുകളിൽ ഇഞ്ചി ഇട്ടു മുകളിൽ വീണ്ടും പച്ചിലച്ചപ്പിട്ടു നന്നായി മൂടണം. കുഴിയിൽ വായു സഞ്ചാരം ഉറപ്പാക്കണം. ഇടയ്‌ക്കു വിത്തുകൾ പരിശോധിച്ചുചീഞ്ഞതുണ്ടെങ്കിൽ മാറ്റണം.
ഇഞ്ചി മാഹാത്മ്യം
ഇഞ്ചിയിൽ 81 ശതമാനത്തോളം ജലം അടങ്ങിയിരിക്കുന്നു. രണ്ടര ശതമാനത്തോളം പോട്ടീൻ, ഒരു ശതമാനം കൊഴുപ്പ്, രണ്ടര ശതമാനം നാര്, 12% കാർബോഹൈഡേറ്റ്, കൂടാതെ ഫോസ്‌ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിൽ ജിൻജെറോൾ എന്ന സുഗന്ധവും ബാഷ്‌പീകരണ സ്വഭാവമുള്ളതുമായ തൈലം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, ബി, സി എന്നിവയും അയഡിൻ, ക്ലോറിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ദഹനശക്‌തി വർധിപ്പിക്കുന്നു. വിവരങ്ങൾക്ക്: aicrpspices@gmail.com