ADVERTISEMENT

ഏതു തെങ്ങിനമാണ് ഏറ്റവും മെച്ചം എന്ന സംശയം പൊതുവെ എല്ലാ കർഷകർക്കുമുണ്ട്. അടിസ്ഥാനപരമായി തെങ്ങിൽ രണ്ടു വിഭാഗങ്ങളാണുള്ളത്; നെടിയ ഇനങ്ങളും കുറിയ ഇനങ്ങളും. ഇവ തമ്മിലുള്ള വർഗസങ്കരണത്തിലൂടെ വികസിപ്പിച്ചെടുക്കുന്ന സങ്കരയിനങ്ങളുമുണ്ട്. ഈ 3 വിഭാഗങ്ങളിൽനിന്ന് വിവിധ ഘടകങ്ങൾ പരിഗണിച്ച് യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാം. അതായത്, എന്താവശ്യത്തിനു കൃഷി ചെയ്യാനുദ്ദേശിക്കുന്നു, എത്രമാത്രം പരിചരണം നൽകാൻ സാധിക്കും എന്നിവ പരിഗണിച്ചാവണം തിരഞ്ഞെടുപ്പ്.

നെടിയ ഇനങ്ങൾ

നെടിയ ഇനങ്ങൾ കായ്ക്കാൻ നട്ട് 5–7 വർഷങ്ങളെടുക്കും. 80–90 വർഷം ആയുസ്സും 60–65 വർഷം വരെ നല്ല വിളവും നൽകാൻ കഴിവുള്ള ഇനം. 18–20 മീറ്റർ വരെ ഉയരം വയ്ക്കും. നെടിയ ഇനത്തിന്റെ നാളികേര കാമ്പിന് മികച്ച ഗുണമേന്മയുണ്ട്. ഭക്ഷ്യാവശ്യത്തിനും കൊപ്രയ്ക്കും മികച്ചത്. ഈ ഇനം തെങ്ങിന്റെ പ്രാദേശിക വകഭേദങ്ങളാണ് കുറ്റ്യാടിയും കോമാടനും മറ്റും. നാടൻ നെടിയ ഇനങ്ങളിൽനിന്നും വിദേശത്തു നിന്നുള്ള നെടിയ ഇനങ്ങളിൽനിന്നും സെലക്‌ഷൻ വഴി വികസിപ്പിച്ചെടുത്ത മെച്ചപ്പെട്ട നെടിയ തെങ്ങിനങ്ങൾ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം (സിപിസിആർഐ) പുറത്തിറക്കിയിട്ടുണ്ട്. ചന്ദ്ര, കൽപ, കേരചന്ദ്ര, കൽപപ്രതിഭ, കൽപധേനു, കൽപമിത്ര, കൽപതരു, കൽപഹരിത, കൽപ ശതാബ്ദി, കേരകേരളം, കൽപരത്ന എന്നീ സിപിസിആർഐ ഇനങ്ങളെല്ലാം കേരളത്തിൽ കൃഷി ചെയ്യാൻ യോജ്യം. 

coconut-tree-1

കുറിയ ഇനങ്ങൾ

കുറിയ ഇനങ്ങളുടെ ആയുർദൈർഘ്യം ശരാശരി 40 വർഷത്തിലൊതുങ്ങും. പേരുപോലെതന്നെ ഉയരം കുറവ്. 20 വർഷം പ്രായമെത്തുമ്പോഴും 8–10 മീറ്റർ മാത്രമേ ഉയരമുണ്ടാവൂ. നട്ട് 3–4 വർഷംകൊണ്ട് കായ്ക്കും. തേങ്ങ ചെറുതോ ഇടത്തരം വലുപ്പമുള്ളതോ ആണ്. മിക്ക കുറിയ ഇനങ്ങളുടെയും കൊപ്രയ്ക്കു ഗുണമേന്മ കുറവാണ്. അതുകൊണ്ടുതന്നെ വെളിച്ചെണ്ണയ്ക്ക് ഉപയോഗിക്കാറുമില്ല. ഇളനീരിന് യോജ്യം എന്നതാണ് കുറിയ ഇനങ്ങളുടെ ആകർഷണം. ചാവക്കാട് ഓറഞ്ച്, കൽപശ്രീ, കൽപ ജ്യോതി, കൽപ സൂര്യ, കൽപ രക്ഷ തുടങ്ങിയവയാണ് സിപിസിആർഐ പുറത്തിറക്കിയ, കേരളത്തിലേക്കു യോജിച്ച കുറിയ തെങ്ങിനങ്ങൾ. തെങ്ങുകയറ്റക്കാരുടെ ദൗർലഭ്യം വർധിച്ച സാഹചര്യത്തിൽ നമ്മുടെ കർഷകർ‍ക്കിടയിൽ കുറിയ ഇനം തെങ്ങുകളോട് താൽപര്യം വർധിച്ചിട്ടുണ്ട്. ഇളനീർ വിൽപനയാണ് ലക്ഷ്യമെങ്കിൽ കുറിയ ഇനം യോജിച്ചതു തന്നെ. അതേസമയം കൊപ്രയ്ക്ക് മികച്ചതല്ലെന്ന് ഒാർക്കുക. കറികൾക്ക് അരയ്ക്കാനും അത്ര മെച്ചമല്ല. കീട,രോഗബാധകളും കൂടുതൽ. അതുകൊണ്ടുതന്നെ നല്ല പരിചരണം നൽകാനും സമയം കണ്ടെത്തണം. 

ഗംഗാബോണ്ടം എന്ന കുറിയ ഇനത്തെക്കുറിച്ച് ഇന്ന് ഒട്ടേറെ കർഷകർ അന്വേഷിക്കാറുണ്ട്. ഈയിനത്തിന്റെ ഗുണഗണങ്ങൾ നിരത്തി പലരും കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതും തൈകൾ അമിത വിലയ്ക്കു വി ൽക്കുന്നതും പതിവായിരിക്കുന്നു. ഗംഗാബോണ്ടം ആന്ധ്രാപ്രദേശിൽനിന്നുള്ള കുറിയ ഇനമാണ്. കരിക്കിനുവേണ്ടിയാണ് ആന്ധ്രയിൽ ഈ ഇനം കൃഷി ചെയ്യുന്നത്. ഈ ഇനത്തിന്റെ തേങ്ങയും കൊപ്രയ്ക്ക് യോജ്യമല്ല.

സങ്കരയിനങ്ങൾ

നെടിയ ഇനങ്ങളും കുറിയ ഇനങ്ങളും തമ്മിലുള്ള വർഗസങ്കരണത്തിലൂടെ ഉരുത്തിരിച്ചെടുത്തവ.  ഉയർന്ന ഉൽപാദനക്ഷമത. നട്ട് 3–4 വർഷത്തിനുള്ളിൽ ഫലം നൽകും. മികച്ച ഗുണമേന്മയുള്ള കൊപ്ര ലഭിക്കും. പരിപാലനമുറകൾ നന്നായി അനുവർത്തിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽ നല്ല വിളവും തരും. കേരസ ങ്കര, ചന്ദ്രസങ്കര, ചന്ദ്രലക്ഷ, കൽപസമൃദ്ധി, കൽപസങ്കര, കൽപശ്രേഷ്ഠ എന്നിവ സിപിസിആർഐ പുറ ത്തിറക്കിയ സങ്കരയിനങ്ങളാണ്. ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരസൗഭാഗ്യ  എന്നിവ കേരള കാർഷിക സർവകലാശാലയിൽനിന്നുള്ളവയും.

തൈകൾ സ്വയം തയാറാക്കാം

നല്ല സ്വഭാവഗുണമുള്ള മാതൃവൃക്ഷങ്ങളിൽനിന്നു മാത്രം വിത്തുതേങ്ങ ശേഖരിക്കുക. വിളവിൽ സ്ഥിരത കാണിക്കുന്നതും 20 വർഷത്തിനുമേൽ പ്രായമുള്ളതുമാവണം മാതൃവൃക്ഷം. നന നൽകാത്ത തോട്ടത്തിൽ നിന്നുള്ളതാണ് മാതൃവൃക്ഷമെങ്കിൽ വർഷം ചുരുങ്ങിയത് 80 തേങ്ങ ഉൽപാദനമുള്ളവ കണ്ടെത്തി വിത്തു തേങ്ങ ശേഖരിക്കാം. നനയുള്ള തോട്ടത്തിലേതെങ്കിൽ 100–120 തേങ്ങ വിളവു നൽകുന്നതാവണം. വർഷം കുറഞ്ഞത് 12 കുലകള്‍ ഉൽപാദിപ്പിക്കുന്ന, രോഗബാധയില്ലാത്ത തെങ്ങെന്ന് ഉറപ്പാക്കുകയും വേണം. കുറുകിയ, ബലമുള്ള പൂങ്കുലത്തണ്ടുകളും മടലുകളും, വിടർന്ന 30ൽ അധികം ഓലകളും ഉണ്ടായിരിക്കണം. പൊതിച്ച തേങ്ങയ്ക്ക് 500 ഗ്രാമിനു മേൽ തൂക്കവും ഒരു തേങ്ങയിൽനിന്ന് ശരാശരി 150 ഗ്രാം കൊപ്രയും ലഭിക്കണം.

തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽനിന്ന് ജനുവരി മുതൽ മേയ് വരെ  മാസങ്ങളിൽ വിത്തുതേങ്ങ ശേഖരിക്കാം. അവ വെള്ളം വറ്റാതെ സൂക്ഷിക്കണം. മേയ്–ജൂൺ മാസങ്ങളിൽ കാലവർഷാരംഭത്തോടെ പാകി തൈകൾ ഉണ്ടാക്കാം. നടാനായി ഒരു വർഷം പ്രായമുള്ള കരുത്തുറ്റ തൈകൾ തിരഞ്ഞെടുക്കണം. കുറ ഞ്ഞത് 6 ഓലകള്‍ ഉണ്ടായിരിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നടാനായി ഒന്നര–രണ്ടു വർഷം പ്രായമുള്ള തൈകളാണ് നല്ലത്. പാകി മുളപ്പിച്ച എല്ലാ തൈകളും മികച്ചതാവണമെന്നില്ല. 100 വിത്തുതേങ്ങ പാകിയാൽ അതിൽ ശരാശരി 65 തൈകളേ നല്ല ഗുണമേന്മ കാണിക്കൂ. അവ മാത്രം നടുക.

നല്ല തൈകൾ വാങ്ങാം

തൈകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ല തൈകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽനിന്നു മാത്രം വാങ്ങുക. സംസ്ഥാന കൃഷി വകുപ്പ്, നാളികേര വികസനബോർഡ്, കേരള കാർഷിക സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം തുടങ്ങിയവയാണ് ഗുണമേന്മയുള്ള തെങ്ങിൻതൈകൾ ല ഭ്യമാക്കുന്ന പൊതുമേഖലയിലെ പ്രധാന സ്ഥാപനങ്ങൾ. കർഷകരുടെതന്നെ തോട്ടങ്ങളിലെ ജനിതക മേന്മയുള്ള ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ പ്രയോജനപ്പെടുത്തി തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന വികേന്ദ്രീകൃത കേര നഴ്സറികൾ വിവിധ കേരകർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രവർ ത്തിക്കുന്നുണ്ട്. അത്തരം നഴ്സറികളെയും കർഷകർക്ക് ആശ്രയിക്കാം.

വിലാസം: പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കാസർകോട്. 

ഫോൺ: 9446169695

English summary: Coconut varieties in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT