തെങ്ങിന്റെ പരിപാലനത്തിൽ പൊതുവെ അനുവർത്തിച്ചു വരുന്ന തെറ്റുകൾ, അവയ്ക്കുള്ള തിരുത്തുകൾ

Mail This Article
തെറ്റ്
തൈകളുടെ ഗുണമേന്മ ശ്രദ്ധിക്കാതെ വാങ്ങി നടുന്നു.
ശരി
നല്ല ഉൽപാദനക്ഷമതയുള്ളതും രോഗ, കീടബാധകൾ ഇല്ലാത്തതുമായ നടീൽവസ്തു തന്നെ നോക്കി വാങ്ങുക. ആരോഗ്യമുള്ള മാതൃവൃക്ഷങ്ങളിൽനിന്നും വിത്തുതേങ്ങ ശേഖരിച്ച് സ്വന്തമായിത്തന്നെ പാകി മുളപ്പിച്ച് തൈകളുണ്ടാക്കാം. അതല്ലെങ്കിൽ, അംഗീകൃത നഴ്സറികളിൽനിന്നു മാത്രം വാങ്ങി നടുക. ഒരു വർഷം പ്രായമായ തൈകളാണ് നടേണ്ടത്. നേരത്തേ മുളച്ച്, വേഗത്തിൽ വളർന്ന് കരുത്തു നേടിയ തൈകൾ തിരഞ്ഞെടുക്കുക.
തെറ്റ്
കുറഞ്ഞ സ്ഥലത്ത്, വൃക്ഷവിളകളോടൊപ്പം കൂടുതൽ തെങ്ങുകൾ നട്ടുവളർത്തുന്നു. അങ്ങനെ തെങ്ങ് തണലിൽ ആയിപ്പോവുന്നു.
ശരി
സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നീ പ്രകൃതിവിഭവങ്ങളുടെ ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതിനും പരസ്പരം മത്സരം ഒഴിവാക്കുന്നതിനും രണ്ടു തെങ്ങുകൾക്കിടയിൽ കുറഞ്ഞത് 7.5 മീറ്റർ (25 അടി) അകലം നൽകി നടുക. വളർച്ചഘട്ടം നോക്കി തെങ്ങിന്റെ തലപ്പിനു താഴെ നിൽക്കത്തക്ക വിധത്തിൽ ഇടവിളകൾ നിലനിർത്താം. തോട്ടത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവയുടെ ശിഖരങ്ങൾ കോതി നിർത്തി തെങ്ങോലകളിൽ ദിവസം 8 മണിക്കൂറെങ്കിലും സൂര്യപ്രകാശം ഉറപ്പാക്കുക.
തെറ്റ്
ആവശ്യത്തിന് വലുപ്പമില്ലാത്ത ചെറിയ കുഴികളിൽ തൈകൾ നടുന്നു.
ശരി
തൈ നടാനായി ഒരു മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക, അതിൽ മേൽ മണ്ണ്, ചാണകപ്പൊടി/ കംപോസ്റ്റ്, ജീവാണുവളങ്ങൾ, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ കലർന്ന മിശ്രിതം 60 സെ. മീറ്ററോളം നിറച്ച് അതിനു നടുവിലായി ചെറു കുഴിയെടുത്ത് തൈ നടാം. പശിമരാശി മണ്ണിൽ 0.75 മീറ്ററും ചെങ്കൽ പ്രദേശത്ത് 1.2 മീറ്ററും വലുപ്പമുള്ള കുഴിയാണെടുക്കേണ്ടത്. വെള്ളക്കെട്ടുള്ളിടങ്ങളിൽ, തറനിരപ്പിൽ ചെറിയ കുഴികളിൽ തൈ നട്ട് വളർച്ചയ്ക്കനുസരിച്ച് മണ്ണിട്ട് ഉയർത്താം.
തെറ്റ്
മുറ്റത്തു നിൽക്കുന്ന തെങ്ങുകളുടെ ചുവട്ടിലേക്ക് ചേർത്ത് ടൈൽ പാകുന്നു.
ശരി
തെങ്ങിന്റെ ചുവട്ടിൽ 2 മീറ്റർ ചുറ്റളവിലും 1.5 മീറ്റർ ആഴത്തിലുമായാണ് 80 ശതമാനത്തോളവും വേരുകൾ കാണുക. അതിൽതന്നെ, തടിയിൽനിന്ന് ഒരു മീറ്ററിനും 2 മീറ്ററിനും ഇടയിലായാണ് ജലവും മൂലകങ്ങളും വലിച്ചെടുക്കാൻ പ്രയോജനപ്പെടുത്തുന്ന വേരുകൾ അധികവുമുള്ളത്. അതിനാൽ ചുവട്ടിൽ ടൈൽ വിരിക്കുന്നത് ഒഴിവാക്കുക. കളകളും മറ്റും വളരാതെ പുതയിട്ട് ചുവട് സംര ക്ഷിക്കുകയും ചെയ്യുക.
തെറ്റ്
മണ്ട മറിഞ്ഞ തെങ്ങുകളുടെ തടി വെട്ടി മാറ്റാതെ നിലനിർത്തുന്നു.
ശരി
ചെല്ലിയുടെ ആക്രമണത്തിൽനിന്നു തെങ്ങിനെ സംരക്ഷിക്കാൻ തോട്ടത്തില്‍ ശുചിത്വം അത്യാവശ്യമാണ്. മണ്ട മറിഞ്ഞ തെങ്ങിന്റെ തടിയിലും തോട്ടത്തിലെ മറ്റ് അഴുകിയ ജൈവവസ്തുക്കളിലും കൊമ്പൻചെല്ലി മുട്ടയിട്ട്, കുണ്ടളപുഴുക്കൾ വളർന്ന് ചെല്ലിയുടെ അംഗസംഖ്യ വർധിക്കും. അവശിഷ്ടങ്ങൾ യഥാസമയം നീക്കി തോട്ടത്തില്‍ ശുചിത്വം ഉറപ്പാക്കുക.
English summary: Coconut cultivation practices