നെല്ലിനു പകരം സൂര്യകാന്തി! കേരളത്തില്‍ വാണിജ്യ സൂര്യകാന്തിക്കൃഷി വിജയിക്കുമോ?
Mail This Article
താന്ന്യം, അന്തിക്കാട് മേഖലയില്‍ വ്യാപിച്ചുകിടക്കുന്ന ശ്രീരാമന്‍ ചിറ പാടശേരത്തില്‍ ഡബിള്‍ കോള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021ല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു ഹെക്ടറില്‍ സൂര്യകാന്തികൃഷി നടത്തിയത്. ഹെക്ടറിന് 10,000 രൂപ സര്‍ക്കാര്‍ സഹായമായി ചെലവഴിച്ചു. ഇവിടെ മാത്രമല്ല ആലപ്പുഴയിലും പാലക്കാടും കര്‍ഷകര്‍ മുന്നോട്ടു വന്നെങ്കിലും കേരളത്തില്‍ ഇതുവരെ എണ്ണ ഉല്‍പാദനം സാധ്യമായിട്ടില്ല.
മറ്റിടങ്ങളില്‍ വേനലില്‍ ഹെക്ടറിന് 2500 കിലോഗ്രാം വരെ വിത്ത് ലഭിക്കുന്നിടത്ത് ഉല്‍പാദനം തീരെ കുറവെങ്കിലും ശ്രീരാമന്‍ചിറയില്‍ കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കൗതുകത്തിനും ഫോട്ടോ ഷൂട്ടിനുമായി നെല്ലിനു പകരം ഒരു പുതിയ വിള തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ പഠനം ആവശ്യമാണ്.
സൂര്യകാന്തിക്കൃഷി കേരളത്തിന് ഒട്ടും പരിചിതമല്ല. ജലസേചനം കുറവുമതി എന്നതും, രോഗങ്ങള്‍ പൊതുവെ ബാധിക്കില്ല എന്നതും അനുകൂല ഘടകങ്ങളാണ്. നാട്ടില്‍ ലഭ്യമായ എക്‌സ്‌പെല്ലര്‍ ഉപയോഗിക്കാമെങ്കിലും എണ്ണയില്‍ അടങ്ങിയ മെഴുകുപദാര്‍ഥം അടിഞ്ഞുകൂട്ടുന്നതിന് 48 മുതല്‍ 72 മണിക്കൂര്‍ വരെ ആവശ്യമാണ്, അല്ലെങ്കില്‍ സങ്കീര്‍ണമായ ശുദ്ധീകരണപ്രക്രിയയിലൂടെ മാത്രമേ എണ്ണ ഭക്ഷ്യയോഗ്യമാക്കാനാകൂ. ഒരു കിലോ എണ്ണ ലഭിക്കുന്നതിന് യന്ത്രശേഷി അനുസരിച്ച് 3 മുതല്‍ 5 വരെ കിലോ വിത്ത് മതിയാകും.
യുക്രെയ്ന്‍, റഷ്യ മുതലായ സൂര്യകാന്തി ഉല്‍പാദകരാജ്യങ്ങളിലെ യുദ്ധം വിപണിയില്‍ സൂര്യകാന്തിയെണ്ണ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എണ്ണ ശുദ്ധീകരിക്കുന്ന വ്യവസായ സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
തുടര്‍ച്ചയായി ഒരേ സ്ഥലത്ത് വിദഗ്ധര്‍ സൂര്യകാന്തിക്കൃഷി നിര്‍ദ്ദേശിക്കുന്നില്ല. ധാരാളം വളം വലിച്ചെടുക്കുന്നതുകൊണ്ട് മൂന്ന് സീസണെങ്കിലും ഇടവേള നല്‍കിയശേഷം കൃഷി ആവര്‍ത്തിക്കുന്നതാണ് നല്ലത്. വേരുകളിലെ അധിക ജലാംശം കൃഷിയെ ബാധിക്കുമെന്നതിനാല്‍ നെല്‍കൃഷിക്ക് ബദലായി സൂര്യകാന്തിക്കൃഷി പ്രായോഗികവുമല്ല.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓയില്‍ സീഡ്സ് റിസര്‍ച്ചിന്റെ (ഐഐഒആര്‍) 'ഇ-തില്‍ഹന്‍' എന്ന മൊബൈല്‍ ആപ്പില്‍ സൂര്യകാന്തിയുടെ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
കേരളത്തില്‍ സൂര്യകാന്തിയുടെ ദേശീയ ഹൈബ്രിഡ് ഇനങ്ങളായ ഡി.ആര്‍.എസ്.എച്ച്-1, എല്‍.എഫ്.എസ്.എച്ച്-171, കെ.ബി.എസ്.എച്ച്-44 എന്നിവ തിരഞ്ഞെടുക്കാമെന്ന് ഐസിഎആര്‍ - ഐഐഒആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജി.ഡി.സതീഷ് കുമാര്‍ പറയുന്നു.
വേനലില്‍ തരിശുഭൂമിയില്‍ സൂര്യകാന്തിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല. എന്നാല്‍ നെല്ലിന്റെ ഉല്‍പാദനം കുറയുന്ന രീതിയില്‍ ഇടവിളകള്‍ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
English summary: Sunflower cultivation in Kerala