‘റബറിനെക്കാൾ വരുമാനം നൽകുന്ന വിളയാണ് ജാതി’– കാരണം വ്യക്തമാക്കി കർഷകൻ

HIGHLIGHTS
  • ഒരു ജാതി കൃഷി ചെയ്യുന്നതിന് 2 സെന്റ് സ്ഥലം വേണം
  • കമ്പോളത്തിൽനിന്നു വാങ്ങുന്ന വളങ്ങളൊന്നും ജാതിക്ക് നൽകേണ്ടതില്ല
nutmeg
ഇൻസെറ്റിൽ ജോയി പോത്തനാമല
SHARE

റബറിനെക്കാൾ വരുമാനം നൽകുന്ന വിളയാണ് ജാതി. പതിനഞ്ചോളം ജാതികളിൽനിന്ന് ആദായമെടുക്കുകയും 3 ഏക്കറിൽ പുതുതായി ജാതി നട്ടുവളർത്തുകയും ചെയ്യുന്ന കർഷകൻ എന്ന നിലയിലാണ് ഞാൻ ഇതു പറയുന്നത്. എന്നാൽ മികച്ച തൈകളും പരിചരണവും ഉറപ്പാക്കിയാൽ മാത്രമേ ഇത് സാധ്യമാകൂ.

ജാതിക്കൃഷി ആരംഭിക്കുന്നതിനു മുൻപ് അതത് പ്രദേശത്തെയും അവിടുത്തെ മണ്ണിനെയും മനസ്സിലാക്കണം. ഏതൊരു കൃഷിയിലുമെന്നപോലെ യോജ്യമായ ആവാസവ്യവസ്ഥ ഉറപ്പാക്കിയശേഷമാവണം ജാതി നടേണ്ടത്. മാതൃവൃക്ഷത്തിന്റെ മികവ് കണ്ടു മനസ്സിലാക്കിയശേഷം മാത്രമേ തൈകൾ തിരഞ്ഞെടുക്കാവൂ.  എന്റെ പുരയിടത്തിലെതന്നെ മികച്ച ജാതിമരത്തിൽനിന്ന് ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഞാൻ കൃഷി വിപുലമാക്കാൻ വേണ്ട തൈകൾ കണ്ടെത്തിയത്.

റബറിനെക്കാൾ മെച്ചം ജാതിയാണെന്നു ഞാൻ പറയുന്നതിനു കാരണം വ്യക്തമാക്കാം. രണ്ടടി ഉയരമുള്ള  നല്ല തൈകൾ നട്ടശേഷം മികച്ച  പരിചരണം നൽകിയാൽ മൂന്നാം വർഷം ജാതി പൂവിട്ടുതുടങ്ങും. അഞ്ചാം വർഷം മുതൽ ഒരു മരത്തിൽനിന്നു കുറഞ്ഞത് 500 കായ് ലഭിക്കും. ഒരു കായയ്ക്ക് 4 രൂപ കണക്കാക്കിയാൽ ഒരു മരത്തിൽനിന്നു 2000 രൂപ വരുമാനം പ്രതീക്ഷിക്കാം. പിന്നീട് വർഷംതോറും ഇത് വർധിച്ചുവന്ന് 12 വർഷമാകുമ്പോഴേക്കും ഏതാണ്ട് 18 കിലോ കുരുവും 5 കിലോ പത്രിയും ലഭിക്കും. ഇത്രയും കുരുവിന് 5580 രൂപയും പത്രിക്ക് 10000 രൂപയുമാണ് (നിലവാരമേറിയ ഫ്ലവർ പത്രിയായിരിക്കണം) ഇപ്പോൾ വില. അതായത്, ഒരു ജാതിമരത്തിൽനിന്ന് ഒരു വർഷത്തെ ആകെ വരുമാനം 15,580 രൂപ. 

ഒരു ജാതി കൃഷി ചെയ്യുന്നതിന് 2 സെന്റ് സ്ഥലം വേണം. റബറിന് 0.75 സെന്റ് മതി. ഒരു റബർ മരത്തിൽനിന്ന്  ഒരു വർഷം ശരാശരി 5 കിലോ ഷീ റ്റ് റബറാണ് ലഭിക്കുക. ഇത്രയും റബർഷീറ്റിന് 800 രൂപയാണ് ഇപ്പോഴത്തെ വില. ആറു സെന്റിലെ 8 റബർമരത്തിൽനിന്ന് 6,400 രൂപ മാത്രം കിട്ടുമ്പോൾ 3 ജാതിമരത്തിൽനിന്ന് 46,740 രൂപ കിട്ടുമെന്ന് കണക്ക് വ്യക്തമാക്കുന്നു. ഒരു റബർമരത്തിന്റെ ചുവട്ടിൽ ടാപ്പിങ് വൈദഗ്ധ്യമുള്ളയാൾ കുറഞ്ഞത് 200  തവണ ചെന്നാൽ മാത്രമേ വിളവെടുപ്പ് പൂർത്തിയാകൂ. എന്നാൽ ജാതിക്ക് അത്രയും പരിചരണം ആവശ്യമില്ല.

nutmeg

കമ്പോളത്തിൽനിന്നു വാങ്ങുന്ന വളങ്ങളൊന്നും ജാതിക്ക് നൽകേണ്ടതില്ല. നാടൻപശുവിന്റെ ചാണകവും മൂത്രവും പാലും തൈരും നെയ്യും ചേർത്തു ണ്ടാക്കുന്ന ജൈവക്കൂട്ടുകളും കളകളുടെയും ചവറിന്റെയും കംപോസ്റ്റു മൊക്കെയാണ്  ജാതിക്കു വളമായി വേണ്ടത്.  വർഷത്തിൽ 2 പ്രാവശ്യം ഞാൻ പഞ്ചഗവ്യം ഇലകളിൽ തളിച്ചുകൊടുക്കാറുണ്ട്. ജാതിയുടെ ചുവ‌ട്ടിൽ  പാഴ്ത്തടികൾ വെട്ടിയിട്ടു നൽകുന്ന രീതിയും സ്വീകരിച്ചു വരുന്നു.  ഏലത്തോട്ടങ്ങളിലും മറ്റും മറിഞ്ഞുവീണു ജീർണിച്ച തടികളുടെ സമീപം വിളകൾ നന്നായി വളരുന്നതു കണ്ടപ്പോഴാണ് ഇങ്ങനെ ചെയ്തുതുടങ്ങിയത്. ഇതുവഴി വിളകൾക്ക് യാതൊരു ദോഷവും ഉണ്ടാകുന്നില്ല. തടിയുടെ ഉള്ളിൽ വളരുന്ന പുഴുക്കളും ചിതലുകളും അട്ടകളുമാണ് മണ്ണിന്റെ ഘടനയും  സംതുലിതാവസ്ഥയുമൊക്കെ മെച്ചപ്പെട്ടതായി നിലനിര്‍ത്തുന്നത്. മാത്രമല്ല, പുഴുക്കളുടെയും ചിതലുകളുടെയും ശരീരത്തിൽനിന്നുള്ള പ്രോട്ടീനും മണ്ണിലേക്ക് ചേർക്കപ്പെടുന്നു. ജാതിയുടെ ഇലയിൽ സവിശേഷ തിളക്കമായി കാണുന്നത് ഇവയുടെ സാന്നിധ്യമാണെന്നു ഞാൻ കരുതുന്നു. 

ഒരു ജാതിക്ക് 75 ദിവസത്തെ നന ആവശ്യമുണ്ട്. ഒരു തവണ 250 ലീറ്റർ വരെ വെള്ളം  നൽകണം. പടുതക്കുളമുണ്ടാക്കി മഴവെള്ളം സംഭരിച്ചാൽ മത്സ്യക്കൃഷിയിലൂടെ അധികവരുമാനം കണ്ടെത്താം. കുളത്തിനായി മുടക്കിയ തുകയുടെ പലിശയെങ്കിലും ഇതുവഴി കിട്ടും. ചുരുക്കത്തിൽ വലിയ വരുമാനം നൽകുന്ന വിളയാണ് ജാതി. എങ്കിലും വരും വർഷങ്ങളിൽ ഉൽപാദനം അമിതമായാൽ വിലയിടിയില്ലേയെന്ന് ആശങ്കയുണ്ട്.

ഫോൺ: 9656566571

English summary: Nutmeg cultivation and profit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}