നടാനുള്ള കുഴിക്ക് ആഴം അധികം വേണ്ട: ജാതിഗ്രാമത്തിലെ കൃഷിയറിവുകൾ

HIGHLIGHTS
  • ഏറ്റവും നല്ല ജാതിമരങ്ങളുടെ കുരു എടുത്ത് കൂടകളിൽ പാകി തൈയുൽപാദനം
nutmeg-farming
സണ്ണി പേപ്പതിയിൽ
SHARE

കോഴിക്കോട് ജില്ലയില്‍ ജാതിക്കൃഷിയുടെ  ആസ്ഥാനമായ  പൂവാറന്തോട്ടിലെ കർഷകനാണ് ഞാൻ. രണ്ടു പതിറ്റാണ്ടിലേറെയായി ഞങ്ങളുടെ ഗ്രാമത്തിലെ മുഖ്യവരുമാനമാർഗങ്ങളിൽ ഒന്നാണ് ജാതി. മികച്ച നിലവാരമുള്ള കായ്കളും ആദായകരമായ കൃഷിയും പൂവാറന്തോട്ടിലെ ജാതിക്കൃഷിയെ വേറിട്ടതാക്കുന്നു. ശരാശരി 90–95 കായ്കളുണ്ടെങ്കിൽ ഒരു കിലോ തൂക്കം ലഭിക്കുന്ന ജാതിക്കായ്കളാണ് പൂവാറന്തോട്ടിൽ പൊതുവെ കാണപ്പെടുന്നത്. ഇവിടുത്തെ മണ്ണിന്റെ ഘടനയും യോജ്യമായ കാലാവസ്ഥയുമാണ് മികച്ച കായ്കൾ കിട്ടാൻ കാരണം. സാധാരണ ജാതിക്കായ്കളുടെ ഇരട്ടിയോളം വരുന്ന ഇവയുടെ പത്രികൾക്ക് കട്ടി കൂടുതലാണെന്ന (2 ഗ്രാം) സവിശേഷതയുമുണ്ട്.

മലകൾക്കിടയിലായി സമുദ്രനിരപ്പിൽനിന്ന് 2500 അടി ഉയരത്തിലൂള്ള പൂവാറന്തോട്ടിലെ കാലാവസ്ഥ ജാതിക്കൃഷിക്ക് ഏറ്റവും യോജ്യമാണ്. നീർവാർച്ചയും വളക്കൂറുമുള്ള മണ്ണും ഇവിടുത്തെ ജാതിക്കൃഷിയുടെ അനുഗ്രഹമാണ്. 20 വർഷത്തിലേറെ പഴക്കമുള്ള 200 ജാതിമരങ്ങൾ എന്റെ 3.5 ഏക്കർ കൃഷിയിടത്തിലുണ്ട്. ഓരോ മരത്തിൽനിന്നു ശരാശരി 3000 രൂപ ആദായം കിട്ടുന്നു. മറ്റൊരു വിളയും ഇത്രയും മികച്ച ആദായം നൽകുന്നില്ലെന്നതാണ് വാസ്തവം. ജാതിക്ക് ഇടവിളയായി കൊക്കോയും ഞാൻ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ജാതിയുടെ പകുതി ആദായംപോലും അതിൽനിന്നു ലഭിക്കുന്നില്ല. അതേസമയം ജാതിയെക്കാൾ കൂടുതൽ പരിചരണവും അധ്വാനവും വേണ്ടിവരുന്നത്  കൊക്കോയ്ക്കാണ്.

സമീപപ്രദേശങ്ങളിലെ ഏറ്റവും നല്ല ജാതിമരങ്ങളുടെ കുരു എടുത്ത്  കൂടകളിൽ പാകിയാണ് ഞാൻ തൈകളുണ്ടാക്കുന്നത്. മേൽമണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തിൽ കലർത്തിയ മിശ്രിതം  കൂടകളിൽ നിറയ്ക്കുന്നു. ഈ പ്രദേശത്തെ മിക്ക കർഷകർക്കും ബഡ് ചെയ്യാൻ അറിയാം. കൂടകളിൽ പാകുന്ന ജാതിക്കുരു കിളിർത്ത് 3 തട്ടാകുമ്പോൾ കൃഷിയിടത്തിലേക്കു പറിച്ചുനടുന്നു. ജാതിത്തൈകൾക്കായി ഞാൻ അധികം ആഴത്തിൽ കുഴികളെടുക്കാറില്ല. വളക്കൂറുള്ള മേൽമണ്ണിന്റെ പ്രയോജനം ചെടികൾക്കു ലഭിക്കില്ലെന്ന ആശങ്കയാണ് കാരണം. രണ്ടടി ആഴത്തിൽ കുഴികളെടുത്തശേഷം ചാണകപ്പൊടി ചേർത്താണ് തൈകൾ നടുക. പിന്നീട്  എല്ലുപൊടിയും ചാണകപ്പൊടിയും കോഴിവളവും ചവറുകളുമൊക്കെ ആവശ്യാനുസരണം ചുവട്ടിൽ ചേർക്കാൻ മടിക്കാറില്ല. വേണ്ടത്ര പൊട്ടാസ്യം ലഭിക്കുന്നതിനായി രാസവളമായ പൊട്ടാഷ് ജൈവ വളങ്ങളോടൊപ്പം നൽകാറുണ്ട്. ജാതിയുടെ ചുവട്ടിൽ കുമ്മായം വിതറി രണ്ടാഴ്ച കഴിഞ്ഞ ശേഷമേ രാസവളമായാലും ജൈവവളമായാലും നൽകാറുള്ളൂ. മെച്ചപ്പെട്ട കാലാവസ്ഥ ലഭിക്കുന്നതിനാൽ വേനൽക്കാലത്ത് ആഴ്ചയിൽ  ഒരു നന മാത്രമാണ് ജാതിക്കു നൽകാറുള്ളത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവ് കുറയുമെങ്കിലും ബാക്കി 10 മാസങ്ങളിലും വിളവ് തരുന്ന ജാതിത്തോട്ടമാണ് എന്റേത്. ഒന്നിടവിട്ട ദിവസങ്ങളിൽ തോട്ടി ഉപയോഗിച്ച് മരത്തിൽനിന്നു  നേരിട്ട് വിളവെടുക്കുന്ന രീതിയാണിവിടെ. മഴക്കാലത്ത് വിളവെടുത്ത കായ്കളും പത്രികളും കഴുകുന്നു.  കേടുള്ള കായ്കൾ വെള്ളത്തിൽ പൊന്തിക്കിടക്കും. അവ നീക്കം ചെയ്ത ശേഷമാണ് ജാതിക്കുരുവിൽനിന്ന് പത്രി വേർതിരിക്കുക. വർഷകാലത്തു വിളവെടുത്ത ജാതിക്ക ഉണങ്ങുന്നതിനായി എനിക്ക്  ഇലക്ട്രിക് ഡ്രയറും മറ്റൊരു വിറക് ഡ്രയറുമുണ്ട്. ജാതിപത്രി ഇലക്ട്രിക് ഡ്രയറിലും കായ്കൾ വിറക് ഡ്രയറിലുമായാണ് ഉണങ്ങാറുള്ളത്. ഇലക്ട്രിക് ഡ്രയറിൽ പത്രി ഉണങ്ങുന്നതിന് 4 മണിക്കൂർ മാത്രം മതി. വിറക് ഡ്രയറിൽ 200 കിലോ ജാതിക്കായ് ഒരേസമയം ഉണങ്ങാനാകും. വേനൽക്കാലത്ത് ഡ്രയറുകൾ വേണ്ടിവരാറില്ല.   

സൂര്യപ്രകാശത്തിൽ ജാതിപത്രി ഉണങ്ങുന്നതിന് ഒരു ദിവസവും കായ്കളുണങ്ങുന്നതിന് 4 ദിവസവും വേണ്ടിവരും. വലുപ്പമേറിയ ജാതിക്കായ്കളായതിനാൽ നേരിട്ടുള്ള വെയിലേൽക്കുമ്പോൾ അവ പൊട്ടിപ്പോകാറുണ്ട്. ഇതൊഴിവാക്കാനായി അവ തണലത്തു നിരത്തി ജലാംശം കുറഞ്ഞ ശേഷം ഇളംവെയിലിൽ ഉണങ്ങുകയാണ് എന്റെ പതിവ്. ഉണങ്ങിയെടുത്ത ജാതിപത്രിയും കായ്കളും ഒരു മാസത്തിലേറെ സൂക്ഷിക്കാറില്ല. കൂടുതൽ കാലം സൂക്ഷിക്കുമ്പോൾ തൂക്കം കുറയുന്നതിനും കീടാക്രമണമുണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. മേൽത്തരം ജാതിക്കായ തേടി തെക്കൻ ജില്ലകളിൽനിന്നുള്ള കച്ചവടക്കാർ കൃഷിയിടത്തിലെത്തുന്നതിനാൽ വിപണനം എനിക്ക് തലവേദനയായിട്ടില്ല.  

മഹാളിയും കായ് വിണ്ടുകീറലുമാണ് ഇവിടെ ജാതിക്കൃഷിയിലെ മുഖ്യപ്രശ്നങ്ങൾ. മഹാളിക്കെതിരെ കുമിൾനാശിനിയായ ബോർഡോമിശ്രിതം കൃത്യമായി പ്രയോഗിക്കണം. മഴ കൂടുതല‍ുണ്ടെങ്കിൽ കൂടുതൽ തവണ ബോർഡോ മിശ്രിതം തളിക്കേണ്ടിവരും.  സൂക്ഷ്മമൂലകമായ ബോറോണിന്റെ കുറവ് മൂലമാണ് പിഞ്ചു കായ്കൾ വിണ്ടുകീറുന്നത്. ഇതൊഴിവാക്കാൻ ബോറാക്സ് ഇലകളിൽ തളിച്ചു നൽകും.

ഫോൺ: 9495890092

English summary: Nutmeg cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA