ADVERTISEMENT

ശീതകാല പച്ചക്കറികളുടെ കൃഷിക്കു സമയമായി. കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി (റാഡിഷ്) എന്നിവ ഇപ്പോൾ കൃഷി തുടങ്ങാം. പകൽ കൂടിയ ചൂടും രാത്രിയില്‍ മഞ്ഞും തണുപ്പുമൊക്കെയുള്ള കാലാവസ്ഥയിൽ വളരുന്നവയാണ് ശീതകാല പച്ചക്കറികൾ. ശീതകാലത്തു നന്നായി കൃഷി ചെയ്യാൻ പറ്റിയ വിളയാണ് തക്കാളിയും. വെളുത്തുള്ളിയും സവാളയും പരീക്ഷണക്കൃഷിയായി ചെയ്യാം. ഈ മാസം മുതൽ വേനൽ ആരംഭമായ ജനുവരിവരെ കൃഷി ചെയ്ത് വിളവെടുക്കാം. അടുക്കളത്തോട്ടത്തിൽ ഗ്രോബാഗിലോ, ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.

ഇനങ്ങൾ

വിത്തുകൾ/ തൈകൾ തിരഞ്ഞെടുക്കുമ്പോൾ രോഗ, കീട പ്രതിരോധശേഷിയും ഉയർന്ന ഉല്‍പാദനക്ഷമതയുമുള്ള ഇനമാണെന്ന് ഉറപ്പു വരുത്തണം. തക്കാളിയുടെ വാട്ടരോഗ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ലഭ്യമാണ്. കോളിഫ്ലവർ ഒരു മൂട്ടിൽനിന്ന് 2–3 തവണ വിളവെടുക്കാൻ കഴിയുന്ന സ്നോ വൈറ്റ് പോലെയുള്ള ഇനങ്ങൾ കൃഷി ചെയ്യുക. കേരള കാർഷിക സർവകലാശാലാ ഫാമുകൾ, കൃഷിവകുപ്പിന്റെ ഫാമുകൾ, കൃഷിഭവനുകൾ, വിഎഫ്പിസികെ എന്നിവിടങ്ങളിൽ നല്ലയിനം വിത്തുകളും തൈകളും  ലഭിക്കും. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളും വിത്ത് വിതരണം ചെയ്യുന്നുണ്ട്. കമ്പനിവിത്തുകൾ ഓൺലൈനായും വാങ്ങാം. കമ്പനികളുടെ സൈറ്റുകൾ സന്ദർശിച്ചാൽ ഈ നടീല്‍വസ്തുക്കളുടെ സവിശേഷതകൾ അറിയാം. നമ്മുടെ കാലാവസ്ഥയ്ക്കും  വിപണിക്കും  യോജിച്ചവ തന്നെ വാങ്ങുക.

നടീൽ

നല്ല സൂര്യപ്രകാശം കിട്ടുന്നിടത്താണ് നടേണ്ടത്. കാബേജ്, കോളിഫ്ലവർ, തക്കാളി എന്നിവയുടെ തൈകളാണ് നടേണ്ടത്. മൂന്നു മുതൽ അഞ്ചാഴ്ചവരെ പ്രായമുള്ളതും കരുത്തുറ്റതുമായ തൈകൾ  തിരഞ്ഞെടു ക്കുക. വെളുത്തുള്ളി, സവാള എന്നിവയും തൈകളായിത്തന്നെ വേണം. തൈകൾക്ക് ഒന്നര–രണ്ടു മാസം പ്രായമുണ്ടാവണം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത ലായനിയില്‍ അര മണിക്കൂർ മുക്കിയിട്ടു നടുന്നത് രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയുടെ വിത്തു തന്നെ നടണം. നടുന്നതിനു മുൻപ് സ്യൂഡോമോണാസ് ലായനിയിൽ കുതിർക്കണം.

കാബേജ്, കോളിഫ്ലവർ, തക്കാളി എന്നിവ വാരത്തിലോ, ചാലുകളിലോ, തടങ്ങളിലോ നടുമ്പോൾ 60 സെന്റിമീറ്റർ അകലം നൽകാം. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയ്ക്ക് 45 സെന്റിമീറ്റർ അകലം മതി. ഉള്ളികൾക്ക് 15–20 സെ ന്റിമീറ്റർ അകലം നൽകാം. ഇവയൊക്കെ മണ്ണിൽ നടുമ്പോൾ ഒരു മാസം പ്രായമെത്തിയാൽ ഇടയിളക്കി മണ്ണടുപ്പിച്ചു കൊടുക്കണം. തക്കാളിക്ക് താങ്ങുകൾ നൽകുകയോ ചണനൂലുകൊണ്ട് വാരങ്ങൾക്കു മുകളിൽ വലിച്ചുനീട്ടിക്കെട്ടിയ കമ്പികളിലോ കയറിലോ ശാഖകൾ വലിച്ചു കെട്ടുകയോ ചെയ്യണം. കാബേജ് ഇലകൾ കൂമ്പാതെ വിരിഞ്ഞു വിടരുന്നുവെങ്കിൽ റബർ ബാൻഡ് ഇട്ടു കൊടുക്കാം.

മണ്ണൊരുക്കവും വളപ്രയോഗവും

ശീതകാല പച്ചക്കറിക്കൃഷി ചെയ്യുന്ന മണ്ണിന്റെ അമ്ലത കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സെന്റിന് രണ്ടു മുതൽ രണ്ടര കിലോവരെ  കുമ്മായം ചേർത്ത് കിളച്ചു നനച്ച് 10 ദിവസത്തിനു ശേഷമേ അടിവളങ്ങൾ ചേർക്കാവൂ. ഗ്രോബാഗ്/ചട്ടിയിലെ മണ്ണിൽ 100 ഗ്രാം കുമ്മായവും   തടത്തിൽ 200 ഗ്രാം കുമ്മായവും ചേർത്ത് നനച്ച് 10 ദിവസമെങ്കിലും ഇടണം. ഇങ്ങനെ അമ്ലത നീക്കിയ ശേഷമാവണം അടിവളപ്രയോഗം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം / ട്രൈക്കോഡെർമ കംപോസ്റ്റ് എന്നിവയാണ് അടിവളങ്ങൾ. സെന്റിന് 100 കിലോ ജൈവവളം വേണ്ടിവരും. ഗ്രോബാഗ്/ചട്ടിയിൽ നടീൽമിശ്രിതത്തിലെ മണ്ണിന്റെ തുല്യ അളവിൽ ജൈവവളങ്ങൾ നൽകണം. കൂടാതെ, സസ്യ വളർച്ചയ്ക്ക്  ആവശ്യമായ പോഷകമൂലകങ്ങൾ രാസവളമായോ ജൈവവളമായോ നൽകണം. ഏതു രീതിയിലായാലും പൊട്ടാഷ് വളങ്ങൾ നിർബന്ധമായി നൽകിയാൽ മാത്രമേ നല്ല വിളവുണ്ടാവുകയുള്ളൂ. 19:19:19 എന്ന വളം 5ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഡ്രിപ്പ് രീതിയിലോ പത്രപോഷണരീതിയിലോ 5 ദിവസത്തിലൊരിക്കൽ എന്ന ക്രമത്തിൽ ഒരു മാസം വരെ നല്‍കുക.  തുടർന്ന് 13:0:45 എന്ന വളം ഇതേ അളവിൽ 5 ദിവസത്തിൽ ഒരിക്കൽ എന്ന  ക്രമത്തിൽ നൽകണം.

സമ്പൂർണ എന്ന സൂക്ഷ്മമൂലകക്കൂട്ടു വളം 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് 15 ദിവസത്തിലൊരിക്കൽ  ഇലകളിൽ തളിച്ചു നൽകണം. രണ്ടു വളങ്ങളും ഒരേ സമയം പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 2 ദിവസത്തെ ഇടവേള നൽകുക.

രോഗങ്ങളും കീടങ്ങളും

ശീതകാല പച്ചക്കറികളെ പല രോഗ, കീടങ്ങളും ബാധിക്കാറുണ്ട്. ഫലപ്രദമായ ജൈവ നിയന്ത്രണ മാർഗങ്ങളുമുണ്ട്.  ജൈവ കീടനാശിനികളും മിത്രാണു കൾച്ചറുകളും മാറി മാറി പ്രയോഗിക്കാം.

ഇലതീനിപ്പുഴുക്കളും ബ്ലാക്ക് മോത്തുകളും കോളിഫ്ലവറിന്റെയും കാബേജിന്റെയും ശത്രുക്കളാണ്. തക്കാളിക്കു കായ്കൾ തുരക്കുന്ന പുഴുക്കളാണ് വലിയ ശല്യം. ഇവയ്ക്കെതിരെ വേപ്പധിഷ്ഠിത കീടനാശിനികൾ പ്രയോഗിക്കാം. കീടങ്ങളെ കുടുക്കാന്‍ കെണിവിളകൾ ഒപ്പം കൃഷി ചെയ്യാം.  മഞ്ഞപ്പൂക്കളുണ്ടാകുന്ന ബന്ദി നല്ല കെണിവിളയാണ്. 10 ദിവസത്തിൽ ഒരിക്കൽ ബ്യുവേറിയ കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചു കൊടുക്കുന്നതും കീടനിയന്ത്രണത്തിനു നന്ന്. കാരറ്റിനും ബീറ്റ്റൂട്ടിനും റാഡിഷിനും ഉള്ളിക്കും ഇതുതന്നെ പ്രയോഗിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. കീടനിയന്ത്രണം രൂക്ഷമെങ്കിൽ കൃഷിവിദഗ്ധന്റെ നിർദേശപ്രകാരം രാസ കീടനാശിനി പ്രയോഗിക്കാം.

കറുത്ത അഴുകൽ, തല അഴുകൽ, മൃദുരോമ പൂപ്പൽ എന്നിവയാണ് കാബേജിനും കോളിഫ്ലവറിനും കണ്ടുവരുന്ന പ്രധാന രോഗങ്ങൾ. ബാക്ടീരിയൽ വാട്ടരോഗമാണ് തക്കാളിയുടെ പ്രധാന രോഗം. ഇവയെ പ്രതിരോധിക്കാൻ 10 ദിവസത്തിൽ ഒരിക്കൽ വീതം 20 ഗ്രാം സ്യൂഡോമോണാസ് കൾച്ചർ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊ ടുക്കാം. കാരറ്റിനും ബീറ്റ്റൂട്ടിനും റാഡിഷിനും ഇതുതന്നെ പ്രയോഗിക്കുക. കൂടാതെ, ട്രൈക്കോഡെർമ സമ്പുഷ്ട  കംപോസ്റ്റ് ഇടയ്ക്കിടെ നൽകുന്നതും രോഗങ്ങളെ ചെറുക്കാൻ നന്ന്.  രോഗപ്രതിരോധശേഷിക്ക് നിർദിഷ്ട തോതിൽ പൊട്ടാഷ്  വളവും നൽകണം. 

വിളവെടുപ്പ്

നല്ല കാലാവസ്ഥയെങ്കിൽ 70 മുതൽ 80 ദിവസത്തിനുള്ളിൽ കാബേജും കോളിഫ്ലവറും വിളവെടുക്കാം. കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയ്ക്ക് 90 ദിവസം വേണ്ടിവരും. റാഡിഷ് 60–ാം ദിവസം വിളവെടുക്കാം. സവാളയും  വെളുത്തുള്ളിയും ഇലകൾ മഞ്ഞളിച്ചു തുടങ്ങിയാൽ വിളവെടുക്കാം.

English summary: Growing Vegetables in Winter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT