കൂണിന്റെ ഔഷധ, പോഷകമേന്മകളെക്കുറിച്ച് ആർക്കും സംശയമില്ല. എങ്കിലും കൂൺ നിത്യാഹാരത്തിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണ്. വീട്ടാവശ്യത്തിന് ഏതാനും ബെഡ്ഡുകൾ ഒരുക്കി കൂൺകൃഷി ചെയ്യുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നു പറയുന്നു മലപ്പുറം ചെറുവായൂർ എടവണ്ണപ്പാറയിലുള്ള കൂൺകർഷകനായ ഷനൂബ് വാഴക്കാട്. ഷനൂബിന്റെ കൂൺ ക്ലാസ് കേട്ടു നോക്കൂ.
കൂൺമഹിമ
പ്രമേഹരോഗികളുടെ ആനന്ദം, ദേവതകളുടെ ആഹാരം എന്നൊക്കെയാണ് കൂണിനുള്ള വിശേഷണങ്ങൾ.വിശിഷ്ടമായ ഈ ഭക്ഷ്യവിഭവം തടമൊരുക്കി എല്ലാ കാലങ്ങളിലും വീടുകളിൽ കൃഷി ചെയ്യാനാവും. കേരളത്തിലെ കാലാവസ്ഥയിൽ പാൽക്കൂണുകളും ചിപ്പിക്കൂണുകളും വിജയകരമായി കൃഷി ചെയ്യാം. 20-30 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവിൽ ചിപ്പിക്കൂൺ മികച്ച വിളവു തരുന്നു. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഉൽപാദിപ്പിക്കാവുന്ന കൂൺ വിളയാണ് ചിപ്പിക്കൂൺ. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് കൃഷിക്ക് കൂടുതൽ അനുയോജ്യമെങ്കിലും അനുകൂല സൗകര്യങ്ങളൊരുക്കി വർഷം മുഴുവൻ ചിപ്പിക്കൂൺ വിളയിക്കാം.
കൃഷിക്ക് ഏറ്റവും യോജ്യമായ മാധ്യമം വൈക്കോലാണ്. ഉണങ്ങിയതും പഴകാത്തതുമായ വൈക്കോൽ വേണം ഉപയോഗിക്കേണ്ടത്. വലിയ ബാരലിലോ മറ്റോ വെള്ളമെടുത്ത് 12 മുതൽ 18 മണിക്കൂർ വെള്ളത്തിൽ മുങ്ങിക്കിടക്കും വിധം വൈക്കോൽ താഴ്ത്തിവയ്ക്കുക. അതിനുശേഷം വെള്ളം വാർന്നു കളഞ്ഞ് വൃത്തിയുള്ള ഷീറ്റിൽ വിരിച്ച് വെയിലിൽ, 50% ഈർപ്പം നിൽക്കും വരെ ഉണക്കുക. ശേഷം പാത്രത്തിൽ വച്ച് ഒരു മണിക്കൂർ നേരം ആവി കയറ്റുക (വിഡിയോ കാണുക). പാത്രത്തിലെ വെള്ളത്തിൽ വൈക്കോൽ നനയാതെ തട്ട് വച്ചാവണം ആവി കയറ്റേണ്ടത്.

ആവി മുകളിലെത്തിയ ശേഷം മുക്കാൽ മണിക്കൂർ കൂടി ആവി കയറ്റുക. ശേഷം തണുക്കാനായി തണലത്ത് വൃത്തിയുള്ള ഷീറ്റിൽ നിരത്തിയിടുക. കയ്യിലിട്ടു പിഴിഞ്ഞാൽ ജലാംശം ഊറിവരാത്ത രീതിയിൽ തണുക്കണം. തുടർന്ന് ഈ വൈക്കോൽ ചുരുട്ടി പ്ലാസ്റ്റിക് കൂടിൽ (അണുനാശനം ചെയ്ത കൂടുകൾ വാങ്ങാം) നിറയ്ക്കാം. നിറയ്ക്കും മുൻപ് കൈകളും അണുനാശനം വരുത്താൻ ശ്രദ്ധിക്കുക. 30 സെ. മീറ്റർ വീതിയും 60 സെ. മീറ്റർ നീളവും 30 ഗേജ് കട്ടിയുമുള്ള പോളിത്തീൻ കവറാണ് ഉപയോഗിക്കേണ്ടത് .
ബെഡിന്റെ അടിഭാഗം വൃത്താകൃതിയിൽ പരന്നിരിക്കുന്ന രീതിയിൽ റബർ ബാൻഡ്കൊണ്ട് കെട്ടിയിരിക്കണം. ചുരുട്ടി വൃത്താകൃതിയിൽ വയ്ക്കുന്ന വൈക്കോലിനു മുകളിലായി അരികുചേർത്ത് വൃത്താകൃതിയിൽ കൂൺവിത്തു വിതറുക. വീണ്ടും വൈക്കോൽ വയ്ക്കുക, കൂൺവിത്തു വിതറുക. ഈ രീതിയിൽ വൈക്കോലും കൂൺവിത്തും കൊണ്ട് പാളികളായി കവർ നിറയ്ക്കുക. ഏറ്റവും മുകളിൽ വിത്ത് വിതറിയിടാം. തുടർന്ന് കൂട് റബർബാൻഡുകൊണ്ട് കെട്ടി അടയ്ക്കുക. വായുസഞ്ചാരത്തിനായി ബെഡിനു ചുറ്റും എല്ലാ ഭാഗത്തുമായി നൂറോളം ചെറു സുഷിരങ്ങൾ ഇടണം.

സ്റ്റെയർകെയ്സിന്റെ അടിഭാഗം പോലെ ഇരുട്ടും തണുപ്പും വായുസഞ്ചാരവുമുള്ള ഭാഗത്ത് ബെഡ് സൂക്ഷിക്കാം. എന്നാൽ വൃത്തിയുള്ള ഇടമാകാൻ ശ്രദ്ധിക്കണം. ചൂടു കൂടുതലുള്ളതിനാൽ അടുക്കളയിലോ, മാലിന്യങ്ങൾ കടക്കാൻ സാധ്യതയുള്ളതിനാൽ കുളിമുറിയിലോ സൂക്ഷിക്കാതിരിക്കുക. 20 ദിവസം പിന്നിടുന്നതോടെ വിളവെടുപ്പെത്തും. 45 ദിവസം മുതൽ 60 ദിവസം വരെ നീളുന്ന വിളവെടുപ്പു കാലത്ത് ഒരു ബെഡിൽനിന്ന് 600 ഗ്രാം മുതൽ ഒന്നര കിലോ വരെ കൂൺ ലഭിക്കാം.
300 ഗ്രാം വരുന്ന ഒരു പായ്ക്കറ്റ് കൂൺവിത്തിന് ശരാശരി 50 രൂപ വിലയുണ്ട്. ഒരു പായ്ക്കറ്റ് രണ്ടു ബെഡിനു തികയും. ഒരു ബെഡിന് ഒന്നര കിലോ വൈക്കോൽ വേണ്ടി വരും. ഇവയ്ക്കൊപ്പം പോളിത്തീൻ കൂടും അണുനാശിനിയുമെല്ലാം ചേർന്നാലും ഒരു ബെഡ് തയാറാക്കാൻ 70 രൂപ മാത്രമാണു ചെലവു വരിക.
ഫോൺ: 9946054455
English summary: A mushroom bed can be prepared at a cost of 70 rupees