മുരിങ്ങയുടെ തടിയിൽനിന്ന് ചുവപ്പു നിറത്തിൽ ദ്രാവകം; പരിഹാരം
Mail This Article
? മുരിങ്ങയിൽ തടിയിൽനിന്നു ചുവപ്പുനിറത്തിൽ കട്ടിയുള്ള ദ്രാവകം വരുന്നു. കായയും പൂവും ഉണ്ടാകുന്നില്ല. ഇലകൊഴിച്ചിലുമുണ്ട്. എന്താണ് പരിഹാരം?
മീര കൃഷ്ണൻ, വട്ടിയൂർക്കാവ്, തിരുവനന്തപുരം
മുരിങ്ങയുടെ തടിയെ ആക്രമിക്കുന്ന തണ്ടുതുരപ്പൻപുഴുവിന്റെ ശല്യമാണ് തടിയിൽനിന്നു ചുവന്ന ദ്രാവകം ഒഴുകുന്നതിനു കാരണം. ചിലപ്പോൾ തടിക്കരികിൽ മരപ്പൊടി കിടക്കുന്നതും കാണാം. കൃത്യ സമയത്തു നിയന്ത്രിക്കാതെ വന്നാൽ മുരിങ്ങ മറിഞ്ഞു വീഴുന്നതിനുപോലും സാധ്യതയുണ്ട്. അതിനാൽ ദ്രാവകം വരുന്ന ദ്വാരങ്ങളിൽ ജൈവ/ രാസ കീടനാശിനികൾകൊണ്ട് കുതിർത്ത പഞ്ഞി നിറച്ചുവയ്ക്കാം. ജൈവ രീതിയിൽ 2 മില്ലി നിംബിസിഡിൻ 50 മില്ലി വെള്ളത്തിലോ ഇപിഎൻ (മിത്രനിമാവിരലായനി) 5 ഗ്രാം, 50 മില്ലി വെള്ളത്തിലോ എടുത്ത് പഞ്ഞിയിൽ കുതിർത്തു ദ്വാരങ്ങളിൽ കുത്തിയിറക്കണം. രണ്ടാഴ്ച കഴിഞ്ഞ് ഇത് ആവർത്തിക്കണം. രാസകീടനാശിനികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു തവണ കഴിഞ്ഞ് 30 ദിവസത്തിനുശേഷം വീണ്ടും ഉപയോഗിച്ചാൽ മതി. ഇതിനായി ക്ലോർപൈറിഫോസ്, അസഫേറ്റ് എന്നിവ ഉപയോഗിക്കാം (അളവ് – 2 മില്ലി – 50 മില്ലി വെള്ളം). ഈ നിയന്ത്രണമാർഗങ്ങൾ അവലംബിച്ചതിനുശേഷം കൃത്യമായി വളപ്രയോഗം നടത്തിയാൽ മികച്ച വിളവ് ലഭിക്കും.