ആൺകുട്ടികൾക്കു കരുത്തുണ്ടാകാൻ ചിപ്സ്: ഔഷധവും ആരോഗ്യവും നൽകുന്ന മുരിങ്ങപ്പൂവിഭവങ്ങൾ

HIGHLIGHTS
  • ആൺകുട്ടികൾക്കു കരുത്തുണ്ടാകാനാണത്രേ മുരിങ്ങപ്പൂ ചിപ്സ് നൽകുന്നത്
  • ഒരു കാലത്ത് പുച്ഛത്തോടെ കണ്ടിരുന്ന ചക്കക്കുരു മുരിങ്ങപ്പൂവിന്റെ കൂട്ടുകാരനാണ്
moringa-karshakasree
Image credit: Suman Biswas/iStockPhoto
SHARE

‘മുരിങ്ങ പൂക്കുമ്പോൾ പനമ്പു നീർക്കണം’ എന്നാണു നാട്ടുചൊല്ല്. മകരമെത്തുന്നതോടെയാണു മലയാളക്കരയിൽ മുരിങ്ങ പൂക്കുക. പൂക്കുന്നതത്രയും കായാവില്ല, എന്നാൽ കായ്ക്കുന്നതൊന്നും കൊഴിയുകയുമില്ല; അതാണു മുരിങ്ങയുടെ സവിശേഷത. ഒരു പരിചരണവുമില്ലെങ്കിലും കാലമെത്തുമ്പോൾ മുരിങ്ങ പൂകൊണ്ടു മൂടും. മാമ്പൂവിന്റെ കാര്യത്തിലെന്നപോലെ പൂക്കാലത്തെ മഴക്കാറും ചാറ്റൽമഴയും മുരിങ്ങയുടെ വിളവിനും ഭീഷണി തന്നെ. പക്ഷേ, കൊഴിയുന്ന പൂവിന് അഴകു നൂറാണെന്നാണു പറച്ചിൽ. അതിനാലാണ് മുരിങ്ങച്ചോട്ടിൽ പൂക്കാലത്ത് പനമ്പോ തുണിയോ വിരിച്ച് കൊഴിയുന്ന പൂക്കൾ ശേഖരിക്കുന്നത്.

വെള്ളയും ഇളം മഞ്ഞയും നിറമാർന്ന മുരിങ്ങപ്പൂവിന് ഹൃദ്യമായ സുഗന്ധമുണ്ട്. അവകൊണ്ട് എത്രയെത്ര വിഭവങ്ങളാണെന്നോ മലയാളികൾ ഉണ്ടാക്കുന്നത്. കഞ്ഞിയിൽനിന്നുതന്നെ തുടങ്ങാം. പാൽക്കഞ്ഞിയെന്നു നാം കേട്ടിട്ടുണ്ട്. പക്ഷേ, പൂക്കഞ്ഞിയെപ്പറ്റി അറിയുന്നവർ വിരളം. തവിടുള്ള പൊടിയരികൊണ്ട് കഞ്ഞിവച്ച് അതിൽ ചിരകിയ തേങ്ങയും മുരിങ്ങപ്പൂവും ചേർത്താണു പൂക്കഞ്ഞി തയാറാക്കുക, തിളച്ച കഞ്ഞിയിൽ ഇവയിട്ട് അൽപനേരം അടച്ചു വച്ചിട്ടാണു വിളമ്പേണ്ടത്. അൽപം ഉപ്പല്ലാതെ ഉപദംശം ഒന്നും ഇതിനാവശ്യമില്ല.

അടുത്തതു മുരിങ്ങപ്പൂ ചിപ്സ് ആണ്. പൂവു ശേഖരിച്ച് കഴുകി വൃത്തിയാക്കി ഒരുനാൾ തണലിൽ നിരത്തിയശേഷം നെയ്യിൽ വറുത്താണ് ചിപ്സ് തയാറാക്കുക. ചൂടാറിയശേഷം സ്ഫടികപ്പാത്രങ്ങളിലോ ഭരണികളിലോ സൂക്ഷിക്കാം. ആൺകുട്ടികൾക്കു കരുത്തുണ്ടാകാനാണത്രേ മുരിങ്ങപ്പൂ ചിപ്സ് നൽകുന്നത്. സ്വാദിഷ്ഠമായ മറ്റൊരു മുരിങ്ങപ്പൂ വിഭവമാണു കനൽ തോരൻ അഥവാ ഇലയട. മുരിങ്ങപ്പൂ, ചെറുതായി അരിഞ്ഞ ചുവന്നുള്ളി, നീളത്തിൽ കീറിയ പച്ചമുളക്, കറിവേപ്പിലത്തളിർ , അൽപം മഞ്ഞൾപ്പൊടി, ഉപ്പ്, തേങ്ങ ചിരകിയത് ഇവ നന്നായിളക്കി തളിർവാഴയിലയിൽ പൊതിഞ്ഞ് കനലിൽ ചുട്ടെടുക്കുന്നതാണ് ഈ വിഭവം.

പൂണ്ട് എന്ന നാലുമണി വിഭവവും മുരിങ്ങപ്പൂവിന്റേതായുണ്ട്. ആദ്യം അരി കുതിർത്ത് തേങ്ങയും പച്ചമഞ്ഞളും അയമോദകവും ചേർത്ത് നന്നായരയ്ക്കുന്നു. അതിൽ വറുത്ത എള്ളും ചേർത്ത് ഉപ്പും തളിച്ച് മുരിങ്ങപ്പൂ ഇട്ടിളക്കി അൽപനേരം വച്ചശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരുക. കുംഭം, മീനം മാസങ്ങളിലെ രുചിപ്പെരുമകളിലൊന്നാണിത്.

മീനച്ചൂട് മാനം മുട്ടുമത്രേ. ഇക്കാലത്താണ് ഗ്രാമങ്ങളിലെ കിണറുകൾ വൃത്തിയാക്കുന്നത്. തേവുക എന്നാണ് നാട്ടുഭാഷ്യം. അടിത്തട്ടിലെത്തിയ വെള്ളവും ചെളിയും കോരിക്കളഞ്ഞ് ശുദ്ധജലം കൊണ്ട് കിണർ കഴുകി പച്ചോലകൊണ്ട് കിണർ അടയ്ക്കും. പിറ്റേന്നു രാവിലെ ഉറവ നോക്കും. ഈ വെള്ളത്തിലേക്ക് മരക്കരി അല്ലെങ്കിൽ ചിരട്ടക്കരി വിതറും. ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞ് മുരിങ്ങപ്പൂവ് ചെറിയ വള്ളിക്കുട്ടയിലാക്കി ഈ വെള്ളത്തിലേക്കാഴ്ത്തുന്നു. ഉച്ചയ്ക്കു മുൻപായി ഈ കുട്ട ഉയർത്തിയെടുത്ത് സ്വാദിഷ്ഠമായ മുരിങ്ങപ്പൂപ്പായസം തയാറാക്കും. ശുദ്ധി ചെയ്ത കിണറ്റിൽനിന്ന് ഊറിവരുന്നത് പുതുവെള്ളമത്രേ. ഇത് കോരിയെടുത്ത് പരിപ്പും ശർക്കരയും തേങ്ങാപ്പാലും നെയ്യും ഏലക്കായും മുന്തിരിങ്ങയുമൊക്കെ ചേർത്താണ് മുരിങ്ങപ്പൂപ്പായസം തയാറാക്കുന്നത്.

പോഷകസമൃദ്ധമെങ്കിലും നഗരവാസികൾ ഒരു കാലത്ത് പുച്ഛത്തോടെ കണ്ടിരുന്ന  ചക്കക്കുരു  മുരിങ്ങപ്പൂവിന്റെ കൂട്ടുകാരനാണ്. ചീകിയരിഞ്ഞ ചക്കക്കുരു ഉപ്പു തളിച്ച് വേവിച്ച്, അത് ഇഡ്ഡലിത്തട്ടിൽ നിരത്തി മുരിങ്ങപ്പൂവും തേങ്ങയും പച്ചമുളകും മറ്റു കൂട്ടുകളുമിട്ട് ചെറുതായൊന്ന് ആവി കയറ്റുമ്പോൾ സ്വാദിഷ്ഠമായ കൂട്ടുതോരനാകും. വൈകുന്നേരത്തെ കഞ്ഞിക്ക് ഏറ്റവും പഥ്യമായ വിഭവമാണിത്.

വയലുകളിലൊക്കെ നാടൻ പയർ സമൃദ്ധമായ കാലമാണിത്. പച്ചപ്പയർ മണി പൊളിച്ചെടുത്ത് മുരിങ്ങപ്പൂവും പേരിനു മാത്രം അൽപം മുരിങ്ങയിലയും ചേർത്താണ് പച്ചത്തോരനുണ്ടാക്കുക. വേവിച്ച പയർമണികളോടൊപ്പം മുരിങ്ങപ്പൂ ചേർത്തിളക്കുന്നു. ഇതിലേക്ക് അരിഞ്ഞെടുത്ത ഉള്ളിയും മുരിങ്ങയിലയും ചേർക്കുന്നു. ചതച്ചെടുത്ത തേങ്ങയും പച്ചമുളകും പിന്നാലെ, ഉപ്പും മഞ്ഞളും പാകത്തിനിട്ടിളക്കി കടുകു വറുത്തെടുക്കുമ്പോൾ പച്ചത്തോരൻ റെഡി. കുതിർത്ത ചെറുപയറുകൊണ്ടും ഈ വിഭവം തയാറാക്കാം.

ഇനിയുള്ളത് ത്രിശൂലമാണ്. മുരിങ്ങപ്പൂവ്, മുരിങ്ങയില, നന്നായി വിളഞ്ഞ മുരിങ്ങക്കായിലെ ഉൾ ഭാഗം വേർതിരിച്ചെടുത്തത് എന്നിവകൊണ്ടാണു ത്രിശൂലമുണ്ടാക്കുന്നത്. തേങ്ങയും ഉള്ളിയും വെളുത്തുള്ളിയും മഞ്ഞളുമൊക്കെ ചേർത്തു തയാറാക്കുന്ന ഈ വിഭവം ആവിയിലാണു പുഴുങ്ങി ത്തോർത്തിയെടുക്കുക. പുട്ട്, ഉപ്പുമാവ് ഇവയ്ക്കൊപ്പമാണ് ത്രിശൂലം കഴിക്കുന്നത്. ചുരുക്കത്തിൽ, മീന മാസത്തിലെ രുചിപ്പെരുമയിൽ മുരിങ്ങപ്പൂവിനുള്ള സ്ഥാനം ഉന്നതമാണ്. വൈറ്റമിൻ എ, സി, പൊട്ടാസ്യം, കാത്സ്യം എന്നിവയാൽ സമ്പന്നമാണ് മുരിങ്ങപ്പൂവെന്ന് പൂർവികർക്കറിയുമായിരുന്നില്ല. പക്ഷേ, മുരിങ്ങപ്പൂവ് ആരോഗ്യവർധകമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.

English summary: Healthy food with nutritious moringa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS